24 November 2024, Sunday
KSFE Galaxy Chits Banner 2

തരംമാറുന്നവരെ കരുതുക

Janayugom Webdesk
August 14, 2021 5:39 am

അധികാര പരിധിയുടെ അങ്ങേയറ്റത്ത് ഉണ്ടാകുന്ന അതിരുവിട്ട ഓരോ അനക്കത്തിലും കുലുങ്ങിത്തരിക്കുന്നത് എപ്പോഴും ഭരണകേന്ദ്രമായിരിക്കും. അതിന്റെ അലയൊലികൾ കെട്ടടങ്ങാനും കാലമേറെ കടക്കണം. പതിയിരിക്കുന്ന ആ അപകടങ്ങൾ പ്രകടമായി തന്നെ എപ്പോഴും മുന്നിലുണ്ട്. കാണാക്കാശിനായി മനുഷ്യരെപ്പിഴിയുന്ന മാരീചന്മാര്‍ വട്ടമിടുന്നത് അധികാരങ്ങള്‍ക്കു ചുറ്റുമായിരിക്കും. പല രൂപത്തിലും വേഷത്തിലുമെത്തുന്ന ആ അവതാരങ്ങളെ ഭരണ സംവിധാനങ്ങളുടെ ലക്ഷ്മണരേഖയെ മറികടക്കാൻ മനസറിയാതെപോലും അവസരമൊരുക്കരുത്. അത്തരം പാളിച്ചകളുടെ ഭവിഷ്യത്തുകൾ ഏതുവിധമെന്നതിന്റെ മുൻ അനുഭവങ്ങൾ മാറിമാറി വന്ന ഓരോ സർക്കാരുകൾക്കും മുന്നിലുണ്ട്. ഇത്തരത്തിലുള്ള അവതാരപ്പിറവികളിലൊന്നാണ്, കുറച്ചുവർഷങ്ങളായി കേരളത്തിന്റെ പല കേന്ദ്രങ്ങളിലും പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന ഭൂമി തരംമാറ്റിക്കൊടുക്കപ്പെടും എന്ന പരസ്യ ബോർഡുകൾ. എളുപ്പത്തിൽ കാര്യം സാധിക്കുന്നതിന് വഴിവിട്ട ഇത്തരം അവതാരങ്ങളെ സമീപിക്കുന്നവർ മാത്രമല്ല, ഈ ദല്ലാളന്മാർ ഉപയോഗിക്കുന്ന ഉദ്യോഗസ്ഥരും സമൂഹത്തിന് വിനയായി മാറുകയാണ്. നിയമം മൂലം ഇത്തരം ഇടനിലക്കാരെ നിയന്ത്രിക്കേണ്ടത് ഉത്തരവാദിത്തമായി സർക്കാർ ഏറ്റെടുക്കണം. ഉദ്യോഗസ്ഥരും ഇക്കാര്യത്തിൽ ജാഗ്രത കാണിക്കണം.

സർക്കാർ ജീവനക്കാരുടെ പ്രബല സംഘടനയായ ജോയിന്റ് കൗൺസിൽ ഈ വിഷയം ചൂണ്ടിക്കാട്ടി നൽകിയ മുന്നറിയിപ്പ് മാതൃകാപരമാണ്. സർക്കാർ ഓഫീസുകളിൽ ഏജന്റുമാരെ അനുവദിക്കരുത്, ജീവനക്കാർ ഇവരെ ഒഴിവാക്കണം. ജീവനക്കാരെ വിറ്റ് പണം സമ്പാദിക്കുന്ന ഇവരെ കരുതിയിരിക്കണം. വില്പനയ്ക്ക് സ്വയം തയാറായി, ഓഫീസ് പ്രവർത്തനങ്ങളിൽ ഇടനിലക്കാർക്ക് പ്രോത്സാഹനം നൽകുന്ന സഹപ്രവർത്തകരെ തുറന്നുകാട്ടാൻ സത്യസന്ധരായ ജീവനക്കാർ തയാറാകണമെന്ന ജോയിന്റ് കൗൺസിലിന്റെ സന്ദേശം സർവീസ് മേഖല മാത്രമല്ല, ജനങ്ങളും മനസിൽ വരിക്കണം. ജീവനക്കാരെ എന്നപോലെ സാധാരണക്കാരെയും ഈ അവതാരങ്ങ­ൾ വിറ്റ് പണം കീശയിലാക്കുകയാണ്. ആർടിഒ, സബ് രജിസ്ട്രാർ, പൊതുമരാമത്ത് അടക്കമുള്ള മുഴുവൻ സ­ർക്കാർ ഓഫീസുകളിലും അഴിമതിക്കാരും ഇടനിലക്കാരും ഒന്ന് ഒതുങ്ങിയിട്ടുണ്ട്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തെ മന്ത്രിമാർ ഇ­ക്കാര്യത്തിൽ കാ­ണിച്ച കർക്കശനിലപാട് പിന്മുറക്കാരും തു­ടരുന്നു എന്ന വസ്തുത വിസ്മരിക്കുന്നില്ല. ഈയടുത്ത് പതിനാല് ജില്ലകളിലെയും റവന്യു ഡിവിഷണൽ ഓ­ഫീസുകളിൽ (ആർഡി­ഒ) റവന്യുവകുപ്പ് മ­ന്ത്രി കെ രാജന്റെ നി­ർദ്ദേശാനുസരണം നടന്ന മിന്നൽ പരിശോധന അ­തിനുദാഹരണമാണ്. ഭൂമി തരംമാറ്റം സംബന്ധിച്ച ആക്ഷേപങ്ങൾക്ക് അറുതിവരുത്തുക തന്നെയാണ്, റവന്യു മന്ത്രിയുടെയും വകുപ്പിന്റെയും ലക്ഷ്യമായിരുന്നത്. സംസ്ഥാനത്തെ 27 റവന്യു ഡിവിഷണല്‍ ഓഫീസുകളിലാണ് കളക്ടര്‍മാരുടെയും എഡിഎമ്മുമാരുടെയും നേതൃത്വത്തില്‍ ‘ഓപ്പറേഷന്‍ ക്ലീന്‍’ എന്ന പേരില്‍ പരിശോധിച്ചത്. ഫെബ്രുവരി 25ന് മുമ്പ് ലഭിച്ച അപേക്ഷകളും പുതുക്കിയ സര്‍ക്കുലര്‍ ഇറക്കിയ ശേഷം ലഭിച്ച അപേക്ഷകളും വേര്‍തിരിക്കാന്‍ പ്രത്യേകം നിര്‍ദ്ദേശം നല്‍കിയിരുന്നു.

പുതിയ സര്‍ക്കുലര്‍ പ്രകാരവും 25 സെന്റുവരെ തരംമാറ്റല്‍ സൗജന്യമാണ്. സര്‍ക്കുലറില്‍ പറയുന്ന കാലയളവിനുമുമ്പ് അപേക്ഷിച്ചവര്‍ ആര്‍ഡിഒ ഓഫീസുകളിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് തീയതിയില്‍ കൃത്രിമം നടത്തുന്നു എന്ന ആക്ഷേപമുയര്‍ന്നു. ഫോര്‍ട്ട് കൊച്ചിയിലെ ആര്‍ഡിഒ ഓഫീസില്‍ ഭൂമി തരംമാറ്റുന്നതിന് ഉദ്യോഗസ്ഥന്‍ പണം ആവശ്യപ്പെട്ട സംഭവം അരങ്ങേറിയതും മന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ആ ഓഫീസിലെ മുഴുവന്‍ ജീവനക്കാരെയും കൂട്ടത്തോടെ സ്ഥലം മാറ്റുകയും ചെയ്തു. തുടര്‍ന്നാണ് എല്ലാ ആര്‍ഡിഒകളിലും മിന്നല്‍ പരിശോധനയ്ക്ക് നിര്‍ദ്ദേശം നല്‍കിയതും. എന്നാല്‍ ഇടനിലക്കാര്‍ക്കെതിരെയോ പണം ആവശ്യപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയോ ആരും നേരിട്ട് പരാതികള്‍ നല്‍കുന്നില്ലെന്നത് ആരോഗ്യകരമായി കാണാനാവില്ല. നേരത്തെ ഇ ചന്ദ്രശേഖരന്‍ റവന്യുവകുപ്പ് മന്ത്രിയായിരിക്കെയാണ് 25 സെന്റുവരെ തരംമാറ്റുന്ന നടപടി സൗജന്യമാക്കിയതും അതിനുമുകളിലുള്ളവയുടെ ഫീസ് ഏകീകരിച്ചതും.

2017 ഡിസംബര്‍ 30ന് മുമ്പ് നികത്തിയ ഭൂമിക്കാണ് ഈ ആനുകൂല്യം കഴിഞ്ഞ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. 25നു മുകളില്‍ ഒരേക്കര്‍ വരെയുള്ള ഭൂമിക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ വ്യത്യാസമില്ലാതെ അടിസ്ഥാനവിലയുടെ 10 ശതമാനവും ഒരേക്കറിന് മുകളില്‍ 20 ശതമാനവുമാണ് ഏകീകരിച്ച ഫീസ്. നേരത്തെ 10 മുതല്‍‍ 50 ശതമാനം വരെ ഗ്രാമ‑നഗര വ്യത്യാസത്തില്‍ തോന്നുംപടിയായിരുന്നു ഫീസ്. ഹൈക്കോടതിയുടെ ഇടപെടല്‍കൂടി മാനിച്ചാണ് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ഫീസ് ഏകീകരിച്ചത്. ഇങ്ങനെ സര്‍ക്കാര്‍ നേരിട്ട് സൗജന്യവും സൗകര്യവും ചെയ്തുകൊണ്ടിരിക്കെയാണ്, വഴിവിട്ട രീതിയില്‍ ഇടനിലക്കാര്‍ അഴിമതിയെ പ്രോത്സാഹിപ്പിക്കുന്നതും ആവശ്യക്കാരുടെ പണം പിഴിയുന്നതും. അത്തരക്കാരെയും കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥരെയും കൂച്ചുവിലങ്ങിടണം. നിയമത്തിന്റെ ഏറ്റവും ഉയര്‍ന്ന ശിക്ഷതന്നെ ഇക്കാര്യത്തില്‍ അവര്‍ക്കെതിരെ പ്രയോഗിക്കാനും കഴിയണം. നിലവില്‍ ഭൂമി തരംമാറ്റല്‍ സംബന്ധിച്ച അപേക്ഷകള്‍ കുന്നോളമാണ്. തണ്ണീര്‍ത്തട ചട്ടങ്ങളുടെ ഭേദഗതി വിജ്ഞാപനവും പുതിയതും പഴയതുമായ സര്‍ക്കുലറുകളിലെ സമയക്രമവും അപേക്ഷകളുടെ തീര്‍പ്പിനെ ബാധിച്ചിട്ടുണ്ടോ എന്ന പരിശോധന അനിവാര്യമാണ്. പ്രത്യേക അദാലത്തുകള്‍ വഴി വകുപ്പ് നേരിട്ട് പരിഹാരങ്ങള്‍ കാണുന്നത് ഇടനിലക്കാരുടെ കടന്നുകയറ്റത്തെ നിയന്ത്രിക്കാനും ഇടപാടുകാര്‍ക്ക് ആശ്വാസമേകുവാനും കഴിയും.

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.