2 May 2024, Thursday

Related news

April 23, 2024
March 26, 2024
March 16, 2024
March 6, 2024
December 4, 2023
December 4, 2023
October 14, 2023
September 22, 2023
September 1, 2023
February 21, 2023

കേന്ദ്ര സഹായമില്ല: നഷ്ടം 500 കോടിയിലേക്ക് കൊച്ചി മെട്രോ നഷ്ടത്തിന്റെ പാളത്തില്‍

കെ രംഗനാഥ്
തിരുവനന്തപുരം
September 9, 2021 9:45 pm

കേരളത്തിലെ മെട്രോ റയില്‍ പദ്ധതികളെ അനിശ്ചിതത്വത്തിലാക്കി കൊച്ചി മെട്രോ റയില്‍ കമ്പനി അ‍ഞ്ഞൂറു കോടിയുടെ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നു. ശതകോടികളുടെ നഷ്ടത്തിന്റെ പാളത്തില്‍ കിതയ്ക്കുന്ന കൊച്ചി മെട്രോയുടെ വികസനത്തിന് ഇനി ഫണ്ടു നല്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കിക്കഴിഞ്ഞു. ഈ പശ്ചാത്തലത്തില്‍ തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികളും അവതാളത്തിലായി.
അയലത്തെ ബാംഗ്ലൂര്‍ മെട്രോ റയിലിന്റെ നഷ്ടം 600 കോടിയിലേക്ക് കുതിക്കുന്നു. രാജ്യത്തെ മെട്രോകള്‍ വെള്ളാനകളാവുകയും പൊതു ഖജനാവിനു ബാധ്യതയാവുകയും ചെയ്ത സാഹചര്യത്തില്‍ കേന്ദ്രം മെട്രോ നയംതന്നെ പൊളിച്ചെഴുതുമെന്ന് കേന്ദ്ര നഗരവികസന കാര്യ മന്ത്രി ഹര്‍ദീപ് സിങ് പുരി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്. 10 ലക്ഷത്തിനു മേല്‍ ജനസംഖ്യയുള്ള നഗരങ്ങള്‍ക്ക് മാത്രമേ പുതിയ മെട്രോ റയില്‍ പദ്ധതികള്‍ അനുവദിക്കൂ എന്നും അദ്ദേഹം അറിയിച്ചു.

കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലെ ജനസംഖ്യ പത്തു ലക്ഷത്തിനു താഴെയാണ്. കൊച്ചി മെട്രോയുടെ ആദ്യഘട്ട പ്രയോഗക്ഷമതാ റിപ്പോര്‍ട്ട് ഊതി വീര്‍പ്പിച്ചതാണെന്നും നഷ്ടം മാത്രം കൊയ്യുന്ന കൊച്ചി മെട്രോയ്ക്ക് ഇനി പണം നല്കാനാവില്ലെന്നും നഗരവികസനകാര്യ സഹമന്ത്രി കൗശല്‍ കിഷോര്‍ അറിയിച്ചിരുന്നു. കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം മുതല്‍ ഇന്‍ഫോപാര്‍ക്കുവരെയുള്ള രണ്ടാംഘട്ട വികസനത്തിനാണ് കേന്ദ്രം ഇപ്രകാരം ചുവപ്പുകൊടി കാട്ടിയിരിക്കുന്നത്.

 


ഇതുകൂടി വായിക്കു: കൊച്ചി മെട്രോ രണ്ടാം ഘട്ടം; കേന്ദ്രം മൗനം തുടരുന്നു


 

2017 ജൂണ്‍ 17ന് പ്രവര്‍ത്തനമാരംഭിച്ച കൊച്ചി മെട്രോ 2017–18 സാമ്പത്തിക വര്‍ഷത്തില്‍ വരുത്തിവച്ച നഷ്ടം 167 കോടി രൂപയായിരുന്നത് 2018–19 ല്‍ 281 കോടിയായും 2019–20 ല്‍ 410 കോടിയായും ഉയര്‍ത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 58 ദിവസം കോവിഡ് ലോക്ഡൗണ്‍ മൂലം മെട്രോ അടച്ചുപൂട്ടിയിരുന്നു. ഓടിയ ദിവസങ്ങളില്‍ ശരാശരി 10,000 പേര്‍ മാത്രമായിരുന്നു യാത്രക്കാര്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ചെലവ് 101 കോടി രൂപയായിരുന്നപ്പോഴാണ് നഷ്ടം 500 കോടിയിലേക്ക് കുതിച്ചുയര്‍ന്നത്.
പ്രതിദിനം നാലര ലക്ഷം പേര്‍ കൊച്ചി മെട്രോയില്‍ സഞ്ചരിക്കുമെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലെ പൊട്ടക്കണക്കും കാര്യങ്ങള്‍ അവതാളത്തിലാക്കി.

മെട്രോയുടെ പുതിയ ചെയര്‍മാനായി ചുമതലയേറ്റ മുന്‍ ഡിജിപി ലോക്‌നാഥ് ബഹ്റ പറഞ്ഞത് പ്രതിദിനം 25,000 യാത്രക്കാരെയെങ്കിലും ആകര്‍ഷിക്കാന്‍ സമൂഹ മാധ്യമങ്ങളിലൂടെ ബോധവല്ക്കരണം നടത്തുമെന്നാണ്. കൊച്ചി മെട്രോയുടെ അധോഗതിക്ക് കാരണമായ റിപ്പോര്‍ട്ട് തയ്യാറാക്കിയ ഇ ശ്രീധരന്‍ തന്നെയാണ് കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോകളുടെ റിപ്പോര്‍ട്ടുകളും തയ്യാറാക്കിയിരിക്കുന്നതെന്ന കൗതുകം വേറെ. ശതകോടികളുടെ നഷ്ടത്തിന്റെ പാല്‍ചുരത്താന്‍ അങ്ങനെ തിരുവനന്തപുരം, കോഴിക്കോട് മെട്രോകളും തയ്യാറായിട്ടുണ്ട്.

4,500 കോടിയുടെ തിരിച്ചടവും അനിശ്ചിതത്വത്തില്‍

വരുമാനം പ്രതിദിനം കൂപ്പുകുത്തുകയും നഷ്ടം മാനത്തേക്ക് കുതിക്കുകയും ചെയ്യുന്നതിനിടെ കൊച്ചി മെട്രോ പദ്ധതിക്ക് ചെലവഴിച്ച 4,500 കോടിയില്‍പരം രൂപയുടെ തിരിച്ചടവും അനിശ്ചിതത്വത്തില്‍. ഫ്രഞ്ച് വികസന ഏജന്‍സിയില്‍ നിന്നെടുത്ത 1,500 കോടിയുടെയും കാനറാ ബാങ്ക്, ജില്ലാ സഹകരണ ബാങ്ക് എന്നിവിടങ്ങളില്‍ നിന്നു സമാഹരിച്ച 2,500 കോടിയിലേറെയും രൂപയുടെ തിരിച്ചടവും ഈ വര്‍ഷം മുതലാണ്.

ENGLISH SUMMARY: No cen­tral assis­tance: Kochi Metro los­es Rs 500 crore

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.