3 May 2024, Friday

Related news

May 3, 2024
May 3, 2024
May 3, 2024
May 2, 2024
May 1, 2024
May 1, 2024
April 29, 2024
April 29, 2024
April 29, 2024
April 28, 2024

അനില്‍കുമാറിനു പിന്നാലെ ആരൊക്കെ ; ആശങ്കയില്‍ കോണ്‍ഗ്രസ്

പുളിക്കല്‍ സനില്‍രാഘവന്‍
September 15, 2021 1:04 pm

കെപിസിസി അദ്ധ്യക്ഷൻ കെ. സുധാകരൻ കേരളത്തിലെ കോൺഗ്രസിനെ സെമികേഡർ ആക്കുവാനുള്ള ശ്രമത്തിനിടയിൽ പാർട്ടിയിൽ നിന്നും നേതാക്കളും, പ്രവർത്തകരും കൊഴിഞ്ഞു പോകുന്നു. സംസ്ഥാന കോൺഗ്രസ് രാഷ്ട്രീയത്തെ ഞെട്ടിച്ചുകൊണ്ടായിരുന്നു കെപി അനിൽ കുമാർ കോൺഗ്രസിൽ നിന്നും പുറത്തേക്ക് പോയത്. ഡിസിസി പ്രസിഡന്റുമാരെ പ്രഖ്യാപിച്ചതിന് പിന്നാലെയുണ്ടായ തമ്മിലടിയുടെയും കൂട്ടപ്പൊരിച്ചലിന്റെയും ബാക്കി ഭാഗമാണ് അനിൽകുമാറിന്റെ പുറത്തുപോക്ക്. എന്നാൽ കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ഏഴ് മാസത്തിനിടെ പാർട്ടി വിടുന്ന ഏഴാമത്തെ മുതിർന്ന നേതാവാണ് അനിൽ കുമാർ. നിയമസഭ തിരഞ്ഞെടുപ്പിനും മുമ്പും ശേഷവുമായി ഏഴോളം കോൺഗ്രസ് നേതാക്കളാണ് പാർട്ടിവിട്ടത്. സംസ്ഥാനത്തെ നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് പാർട്ടിവിട്ട നേതാവായിരുന്നു പിസി ചാക്കോ. ദേശീയ തലത്തിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട എഐസിസി വക്താവായിരുന്നു പിസി ചാക്കോ. എന്നാൽ ദേശീയ- സംസ്ഥാന നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് അദ്ദേഹം കോൺഗ്രസിന്റെ പടിയിറങ്ങുകയായിരുന്നു. തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി പ്രഖ്യാപനം പുറത്തുവന്നതിന് പിന്നാലെ തലമുണ്ഡനം ചെയ്ത പ്രതിഷേധിച്ച ലതിക സുഭാഷും കോൺഗ്രസിനോട് വിടപറഞ്ഞു.

 


ഇത് കൂടി വായുക്കുക:കോണ്‍ഗ്രസ് വിട്ടു, കെപിഅനില്‍കുമാര്‍ സിപിഎമ്മിൽ


 

ലതികക്ക് പിന്തുണയുമായി മഹിള കോൺഗ്രസ് വിവിധ ജില്ലകളിൽ പ്രതിഷേധം അറിയിച്ചിരുന്നു. മഹിളാ കോൺഗ്രസിൻറെ ജനറൽസെക്രട്ടറി ഉൾപ്പെടെ ലതീകാ സുഭാഷിൻറെ പിന്നാലെ നിന്നു. നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കെപിസിസി ജനറൽ സെക്രട്ടറിയായിരുന്ന പി എം സുരേഷ് ബാബു കോൺഗ്രസ് വിടുന്നത്. . രാജ്യത്തെ ജനാധിപത്യവും മതേതരത്വവും ഏറ്റവും അപകടകരമായ അവസ്ഥയിൽ കൂടി കടന്നു പോകുന്ന അവസ്ഥയിൽ പോലും ഒരു ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കാൻ പോലും പറ്റാത്തഒരു സ്ഥിരം പ്രസിഡന്റനെ തിരഞ്ഞെടുക്കാൻ പോലും പറ്റാത്ത വിധം തകർന്ന ദേശീയ നേതൃത്വത്തിൽ വിശ്വസിച്ചു ഇനിയും സമയം കളയണോ എന്നായിരുന്നു അദ്ദേഹം കോൺഗ്രസ് വിട്ടതിന് പിന്നാലെ നൽകിയ വിശദീകരണം. ഡിസിസി പട്ടിക പുറത്തുവന്നതിന് പിന്നാലെ സംസ്ഥാന രാഷ്ട്രീയം ഉറ്റുനോക്കിയ നേതാവായിരുന്നു പാലക്കാട് മുൻ ഡിസിസി പ്രസിഡന്റ് എ വി ഗോപിനാഥ്. അദ്ദേഹം ഇപ്പോൾ കോൺഗ്രസിൽ നിന്ന് പുറത്തുനിൽക്കുകയാണ്. അദ്ദേഹം പിണറായി വിജയനെ പുകഴ്ത്തി സംസാരിച്ചത് വലിയ ശ്രദ്ധ നേടിയിരുന്നു. അനിൽ കുമാറിന് മുൻപെ കോൺഗ്രസ് വിട്ട നേതാവാണ് പി എസ് പ്രശാന്ത്. നെടുമങ്ങാട് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച പ്രശാന്ത് പുറത്തെത്തിയതിന് പിന്നാലെ ഡിസിസി അധ്യക്ഷനായ പാലോട് രവിക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. കൂടാതെ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനെതിരെ രൂക്ഷമായ വിമർശനമാണ് അദ്ദേഹം ഉന്നയിച്ചത്. ഇപ്പോഴത്തെ സംഘടനയിലെ പ്രശ്നങ്ങൾക്ക് കാരണം കെസി ആണെന്നും അദ്ദേഹം പുതിയ ഗ്രൂപ്പുണ്ടാക്കാൻ ശ്രമിക്കുന്നു എന്ന അടക്കമുള്ള ആരോപണങ്ങൾ പിഎസ് പ്രശാന്ത് ഉന്നയിച്ചിരുന്നു. വരുംദിവസങ്ങളിൽ കൂടുതൽ നേതാക്കളും പ്രവർത്തകരും വിട്ടുപോകുമെന്ന സൂചന ചെറുതായല്ല അലട്ടുന്നത്. വെറുമൊരു കോൺഗ്രസ് പ്രവർത്തകനിൽ ഒതുങ്ങുന്നയാളല്ല കെ പി അനിൽകുമാർ. കെപിസിസി പ്രസിഡന്റ് കഴിഞ്ഞാൽ ദീർഘനാൾ തൊട്ടടുത്ത സ്ഥാനത്തിരുന്ന സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയാണ്. അഞ്ചുവർഷം യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്. നാല് കെപിസിസി പ്രസിഡന്റുമാർക്കു കീഴിൽ ജനറൽ സെക്രട്ടറി. നേതൃനിരയിൽ ദശാബ്ദങ്ങളോളം പ്രവർത്തിച്ചാണ് അനിൽകുമാറിന്റെ പടിയിറക്കം. ഡിസിസി പ്രസിഡന്റ് പട്ടികയുടെ പേരിൽ ഉമ്മൻചാണ്ടിയും ചെന്നിത്തലയും ഇടഞ്ഞപ്പോൾ കണ്ണുരുട്ടിയ ഹൈക്കമാൻഡിനെയും അച്ചടക്കവാൾ വീശിയ കെ സുധാകരനെയും വെല്ലുവിളിച്ചാണ് അനിൽകുമാർ കോൺഗ്രസ് വിട്ടത്. വാർത്താസമ്മേളനത്തിൽ അദ്ദേഹം ഉയർത്തിയ ചോദ്യങ്ങൾ നേതൃത്വത്തിന്റെ മുട്ട് വിറപ്പിക്കുന്നതാണ്.

 


ഇത് കൂടി വായുക്കുക:കോണ്‍ഗ്രസ് വിട്ടു, കെപിഅനില്‍കുമാര്‍ സിപിഎമ്മിൽ


വരുംദിവസങ്ങളിൽ കൂടുതൽ കാര്യങ്ങൾ തുറന്നുപറയുമെന്ന വെളിപ്പെടുത്തൽ പകരുന്ന ഭീതി ചെറുതല്ല. സംഘപരിവാറിന്റെ മനസ്സുള്ള സുധാകരൻ കോൺഗ്രസിനെ എങ്ങനെ നയിക്കുമെന്ന അനിൽകുമാറിന്റെ ചോദ്യത്തിന് മറുപടി പറയാൻ സുധാകരനോ, കോൺഗ്രസ് നേതൃത്വത്തിനോ കഴിഞ്ഞിട്ടില്ല. കോൺഗ്രസിനെ ‘സെമി കേഡർ’ രീതിയിലാക്കുമെന്ന സുധാകരന്റെ അവകാശവാദവും അനിൽകുമാർ പൊളിച്ചടുക്കി. പ്രവർത്തിക്കാൻ ‘കേഡർ പാർടി’യുള്ളപ്പോൾ എന്തിന് സെമി കേഡർ ആകണമെന്നാണ് അനിൽകുമാർ ചോദിക്കുന്നത്. ഡിസിസി പുനഃസംഘടനയെച്ചൊല്ലി ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ഉയർത്തിയ പോരാട്ടം അവസാനിച്ച് ഗ്രൂപ്പുകൾ ഇല്ലാതായെന്നും കോൺഗ്രസിന് സുന്ദരകാലം വന്നെന്നും വാഴ്ത്തിയവർക്കും ഞെട്ടലുളവാക്കുന്നതാണ് പുതിയ പൊട്ടിത്തെറി. കെപിസിസി സെക്രട്ടറിക്കു പിന്നാലെ ജനറൽ സെക്രട്ടറിയും കോൺഗ്രസിനോട് വിടപറഞ്ഞിരിക്കുന്നുആത്മാഭിമാനത്തോടെയുള്ള പൊതുപ്രവർത്തനം ആഗ്രഹിക്കുന്നതായി അനിൽകുമാറിന്റെ വാക്കുകൾ ശ്രദ്ധേയമാണ്. മറ്റ് സംസ്ഥാനങ്ങളിൽ കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് ചേക്കേറുമ്പോൾ കേരളത്തിൽ അവർ എൽഡിഎഫ് നേതൃത്വത്തിലുള്ള മതേതരചേരിയിൽ അണിനിരക്കുകയാണ്. പുകഞ്ഞ കൊള്ളി പുറത്ത്, ടാങ്ക് നിറഞ്ഞാൽ തുളുമ്പും എന്നൊക്കെ വിശദീകരിക്കുമ്പോഴും കെ സുധാകരൻ അടക്കമുള്ള നേതാക്കൾ അഭിപ്രായപ്പെട്ടെങ്കിലും കോൺഗ്രസ് നേതാക്കൾ ആകെ വെപ്രാളത്തിലാണ്. ഇനി ആര് എന്നാണ് നേതാക്കൾ പരസ്പരം ചോദിക്കുന്നത്. രാജ്യത്തെ ജനാധിപത്യത്തിനും, മതേതരത്വത്തിനും ഭീഷിണി നേരിടുന്ന ഈ കാലത്ത് കോൺഗ്രസ് കൈയ്യും കെട്ടി നോക്കി നിൽക്കുകയാണെന്ന അനിൽകുമാറിൻറെ അഭിപ്രായം ദേശീയതലത്തിൽ കോൺഗ്രസ് ദുർബലമായിതിൻറെ പ്രതിഫലനമാണ്. അതുപോലെ സുധാകരൻ സംഘപരിവാർ മനസുള്ളയാളാണെന്ന അനിൽകുമാറിൻറെ പ്രസ്ഥാവനക്ക് മറുപടി പറയുവാനും കോൺഗ്രസ് നേതൃത്വത്തിന് കഴിയുന്നില്ല. അനിൽകുമാർ കേരളത്തിലെ കോൺഗ്രസിൻറെ സംഘടനാ ജനറൽ സെക്രട്ടറിയായിരുന്നു. അതിനാൽ അദ്ദേഹത്തിൻറെ വാക്കുകൾക്ക് ഏറെ പ്രാധാന്യമേറുന്നു. കൂടക്കിടന്നവനേ രാപ്പനി അറിയുള്ളു എന്ന ചൊല്ല് എത്രയോ അന്വർത്ഥമാണ്.
eng­lish summary;political analy­sis about the res­ig­na­tion of anil kumar and the clash­es in congress
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.