26 June 2024, Wednesday
KSFE Galaxy Chits

Related news

June 23, 2024
June 20, 2024
March 31, 2024
October 13, 2023
May 26, 2023
May 23, 2023
May 23, 2023
May 23, 2023
May 16, 2023
May 7, 2023

സിവില്‍ സര്‍വീസ് പരീക്ഷയില്‍ മാറ്റങ്ങള്‍ അനിവാര്യമോ

Janayugom Webdesk
October 4, 2021 4:58 pm

ഇന്ത്യയുടെ ഉരുക്കുചട്ടക്കൂടായ സിവില്‍ സര്‍വീസ് ഒരു സ്വപ്നം പോലെ കൊണ്ടുനടക്കുന്ന നിരവധി ആളുകള്‍ നമുക്കിടയില്‍ത്തന്നെയുണ്ട്. വ്യക്തമായ കാഴ്ചപ്പാടും പഠിക്കാനുള്ള മനസും പിന്നെ ശരിയായ ലക്ഷ്യബോധവുമുള്ള ഏതൊരു ആപ്‌സിരന്റിനും സിവില്‍ സര്‍വീസ് അകലെയുള്ള സ്വപ്നമാകാറില്ല. എന്നിരുന്നാലും സിവില്‍ സര്‍വന്റ് ലക്ഷ്യം വെച്ച് ഹൈസ്‌കൂള്‍ മുതല്‍ രാപകലില്ലാതെ പഠിക്കുന്നവര്‍ക്ക് പ്രിലിമിനറി എക്‌സാം പോലും വില്ലനാവാറുണ്ട്. പരീക്ഷാ രീതികളില്‍ നിലനിന്നുപോരുന്ന രീതി സിവില്‍ സര്‍വീസസ് മോഹങ്ങളെ അകറ്റുന്നുവെന്ന് ഈ അടുത്ത് ചില വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഓരോ വര്‍ഷവും സിവില്‍ സര്‍വീസ് പരീക്ഷക്കായി ഒരുപാട് പേര്‍ തയ്യാറെടുക്കുന്നുണ്ടെങ്കിലും എക്‌സാമിനേഷന്‍ പാറ്റേണ്‍ പ്രകാരം അപേക്ഷിക്കുന്നവരില്‍ നിന്നും ഏകദേശം 0.15 ശതമാനം പേര്‍ മാത്രമാണ് ലക്ഷ്യത്തിലെത്തുന്നത്. സിവില്‍ സര്‍വീസ് പരീക്ഷയില്‍ പുതിയ മാറ്റങ്ങള്‍ അനിവാര്യമെന്ന അഭിപ്രായം ദ പ്രിന്റിന് നല്‍കിയ ലേഖനത്തില്‍ പങ്കുവച്ചിരിക്കുകയാണ് മധ്യപ്രദേശ് കേഡര്‍ ഐഎഎസ് ഓഫീസര്‍ പ്രിയങ്കാ മിശ്രയും, അഹമ്മദാബാദ് ഐഐഎം ഗവേഷണ വിദ്യാര്‍ത്ഥി വിനായക് കിഷോറും. പ്രിലിംസ്, മെയ്ന്‍സ് തുടര്‍ന്ന് ഇന്റര്‍വ്യൂ എന്നിങ്ങനെ വിവിധ സ്റ്റേജുകളിലായാണ് നിലവില്‍ ഐഎഎസ് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കാനായി യുപിഎസ്സി സംഘടിപ്പിക്കുന്ന പരീക്ഷകള്‍. ഈ രീതിക്ക് പ്രായോഗികമായൊരു ബദല്‍ സംവിധാനമാണ് ഇവര്‍ മുന്നോട്ട് വയ്ക്കുന്നത്. 

പല തവണയായി പ്രിലിംസില്‍ യോഗ്യത നേടിയിട്ടും അവസാന ഘട്ടങ്ങളില്‍ പുറത്താക്കപ്പെടുന്നവര്‍ക്ക് വീണ്ടും പ്രിലിംസിനായി തയ്യാറെടുക്കുമ്പോളുണ്ടാകുന്ന മാനസിക, ശാരീരിക പ്രശ്‌നങ്ങളും വലുതാണ്.
നിലവിലുള്ള എക്‌സാമിനേഷന്‍ സിസ്റ്റം അര്‍ഹതപ്പെട്ട ഔരുപാട് പേര്‍ക്ക് അവസാനഘട്ട പരീക്ഷകളിലേക്കെത്തുമ്പോഴേക്കും അവസരം നഷ്ടപ്പെടുന്നതിനും തുടര്‍ന്ന് അടുത്ത തവണ വരെ കാത്തിരുന്ന് പരീക്ഷകളുടെ ആദ്യഘട്ടം മുതല്‍ ഒരിക്കല്‍ കൂടി പരിശ്രമിക്കേണ്ടതായും വരുന്നു, ഇത് ഉദ്യോഗാര്‍ത്ഥികളുടെ ജീവിതരീതിയില്‍ വലിയമാറ്റമാണ് ഉണ്ടാക്കുന്നത്. ഐഎഎസ് എന്ന സ്വപ്നത്തെ പിന്തുടരുന്ന ഓരോ ഉദ്യോഗാര്‍ത്ഥികളും തങ്ങളുടെ ജീവിതത്തിലെ പ്രധാനമായൊരു കാലഘട്ടമാണ് ഇതിനായി നീക്കിവക്കുന്നത്. വളരെ ടൈറ്റ് ഷെഡ്യൂളുകളില്‍ കോച്ചിംഗ് ക്ലാസിനും, റിവിഷനുമായി മറ്റ് സാമൂഹിക ചുറ്റുപാടില്‍ നിന്നും ഒറ്റപ്പെട്ട്, സുഹൃദ് ബന്ധങ്ങള്‍ക്കും കുടുംബ ബന്ധങ്ങള്‍ക്കും സമയം കണ്ടെത്താനാകാതെ എക്‌സാമിനേഷനു വേണ്ടി തയ്യാറെടുക്കുന്ന ലക്ഷക്കണക്കിനാളുകളാണ് ഓരോ തവണയും അവഗണിക്കപ്പെടുന്നത്. 

യുപിഎസ്സി വെബ്‌സൈറ്റില്‍ നിന്നും ലഭിച്ച കണക്ക് പ്രകാരം 2018ല്‍ 10.6 ലക്ഷം പേരാണ് ഐഎഎസ് പരീക്ഷയ്ക്കായി അപേക്ഷിച്ചത്, ഇതില്‍ അഞ്ച് ലക്ഷം പേര്‍ എക്‌സാമെഴുതിയതില്‍ നിന്നും 10,000 പേരാണ് മെയ്ന്‍സിന് യോഗ്യത നേടിയത്. എന്നാല്‍ അതില്‍ നിന്നും 1992 പേരാണ് പേര്‍സണാലിറ്റി ടെസ്റ്റിനായി തിരഞ്ഞെടുക്കപ്പെട്ടത്. തുടര്‍ന്ന് 759 പേര്‍ മാത്രമാണ് രാജ്യത്തെ വിവിധ ഔദ്യോഗിക പദവികളിലെത്തിച്ചേര്‍ന്നത്. ആകെ പരീക്ഷയെഴുതിയവരുമായി താരതമ്യം ചെയ്താല്‍ വിജയശതമാനം 0.15 ശതമാനമാണെന്നത് ഉദ്യോഗാര്‍ത്ഥികളെ സംബന്ധിച്ച് അസാധ്യമെന്നോണം കുറവാണ്. അപേക്ഷകളുടെ എണ്ണം അതിവേഗം ഉയരാന്‍ തുടങ്ങിയപ്പോള്‍, ഗൗരവമില്ലാത്ത ഉദ്യോഗാര്‍ത്ഥികളെ ഫില്‍ട്ടര്‍ ചെയ്യാന്‍ കഴിയുന്ന ഒരു പരീക്ഷ എന്ന നിലയില്‍ കോത്താരി റിപ്പോര്‍ട്ടിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് പ്രാഥമിക പരീക്ഷ ആരംഭിച്ചത്. എന്നാലും, ഈ ഉദ്ദേശ്യങ്ങള്‍ നിറവേറ്റാന്‍ ഇതിലും മികച്ച മാര്‍ഗ്ഗമുണ്ടെന്ന് ലേഖനത്തില്‍ പറയുന്നു. നിലവിലുള്ള പ്രിലിമിനറി പരീക്ഷക്ക് പകരം പുതിയ സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ എക്‌സാം നടത്താനാണ് ഇവര്‍ നിര്‍ദേശിക്കുന്നത്. സിഎസ്എഫ് പരീക്ഷ നടത്തുന്നതിനുള്ള ഉത്തരവ് പുതുതായി രൂപീകരിച്ച നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്ക് കൈമാറാന്‍ കഴിയും, ഇതിലൂടെ രാജ്യത്തുടനീളമുള്ള നിയുക്ത കേന്ദ്രങ്ങളില്‍ കുറഞ്ഞ ചെലവില്‍ വര്‍ഷത്തില്‍ രണ്ടുതവണ ഓണ്‍ലൈന്‍ പരീക്ഷ നടത്താനും സഹായകമാകും. 

സിവില്‍ സര്‍വീസുകള്‍ക്കായി തയ്യാറെടുക്കുന്നത് ഇടത്തരം അല്ലെങ്കില്‍ താഴ്ന്ന വരുമാനമുള്ള ഏതൊരു വ്യക്തിക്കും വളരെ ചെലവേറിയ കാര്യമാണ്. കോച്ചിംഗ് ക്ലാസുകള്‍, മെറ്റീരിയലുകള്‍/ടെക്‌നോളജി, സ്റ്റഡി ഗ്രൂപ്പുകള്‍ എന്നിവയും ഡല്‍ഹി പോലുള്ള ചെലവേറിയ നഗരങ്ങളിലെ അപ്പാര്‍ട്ട്‌മെന്റുകള്‍/ലോഡ്ജുകള്‍ക്കായി ഗണ്യമായ തുക വാടകയിനത്തില്‍ ചെലവഴിക്കുന്നതും ഇതില്‍ ഉള്‍പ്പെടുന്നു. വര്‍ഷങ്ങള്‍ കഴിയുന്തോറും ഓരോ പരാജയപ്പെട്ട ശ്രമത്തിലും ഉത്കണ്ഠകളും വര്‍ദ്ധിക്കുന്നതിനനുസരിച്ച്, തയ്യാറെടുപ്പുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദം ഏതാണ്ട് ക്രമാതീതമായി വളരുന്നു. പുതിയ സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ എക്‌സാം നടത്തുക വഴി ഏതെങ്കിലും ഒരു വര്‍ഷത്തില്‍ പരീക്ഷയെഴുതുന്ന ഏതൊരു ഉദ്യോഗാര്‍ത്ഥിക്കും തുടര്‍ന്നുള്ള മെയിന്‍ പരീക്ഷകള്‍ക്കായി കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും തന്റെ സ്‌കോര്‍ നിലനിര്‍ത്താനോ അല്ലെങ്കില്‍ തുടര്‍ന്നുള്ള സിഎസ്എഫ് റൗണ്ടുകളില്‍ വീണ്ടും സ്‌കോര്‍ മെച്ചപ്പെടുത്താനോ ഉള്ള ഓപ്ഷന്‍ ഉണ്ടായിരിക്കും. ഇന്ത്യയില്‍, ഐസിഎഐ നടത്തുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി പരീക്ഷ ഈ സംവിധാനം ഇതിനകം പരീക്ഷിച്ചു വിജയിച്ചതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. സ്വകാര്യ മേഖലയില്‍, ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് അടുത്തിടെ സമാനമായി ത്രൈമാസ ദേശീയ യോഗ്യതാ ടെസ്റ്റ് നടത്തുന്നുണ്ട്, ഇതിലെ സ്‌കോര്‍ രണ്ട് വര്‍ഷത്തേക്ക് നില നിര്‍ത്തും.

മനസിനിഷ്ടപ്പെട്ട ജോലി എത്തിപ്പിടിക്കുന്നതിലേക്കായി ഒരു ചവിട്ടുപടി മാത്രമാണ് സിവില്‍ സര്‍വീസ് എക്സാം. എന്നാല്‍ ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ പ്രായം ത്യജിക്കാന്‍ ധൈര്യമുള്ളവര്‍ക്കുള്ള ഒരു ജോലി മാത്രമായി സിവില്‍ സര്‍വീസ് മാറുകയാണെന്ന് ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കപ്പെടുന്നു. ചുരുക്കത്തില്‍ ഏതൊരു മത്സര പരീക്ഷയെയും പോലെ മാനസിക സമ്മര്‍ദ്ദം നല്‍കിയും ധനച്ചെലവുണ്ടാക്കിയുമുള്ള ഭാഗ്യപരീക്ഷണമായി സിവില്‍ സര്‍വീസ് പരീക്ഷ മാറിയിരിക്കുകയാണെന്നാണ് വിദഗ്ധരുടെ വിമര്‍ശനങ്ങള്‍.

Eng­lish Sum­ma­ry: Sug­ges­tion for changes in civ­il ser­vice examination

You may like this video also

TOP NEWS

June 26, 2024
June 26, 2024
June 26, 2024
June 26, 2024
June 26, 2024
June 26, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.