അതിസമ്പന്നരുടെയും പ്രശസ്ത വ്യക്തികളും നികുതി വെട്ടിപ്പിനും അനധികൃത സമ്പാദ്യം സൂക്ഷിക്കുന്നതിനും വിദേശ രാജ്യങ്ങളിലെ രഹസ്യ സങ്കേതങ്ങളെ ഉപയോഗിക്കുന്നതിന്റെ വാര്‍ത്തകള്‍ക്ക് പുതുമയില്ലാതായിരിക്കുന്നു, പ്രത്യേകിച്ച് ഇന്ത്യയെ സംബന്ധിച്ച്. സ്വിസ് ബാങ്ക് ഇടപാടുകള്‍, പാരഡൈസ് പേപ്പേഴ്സ്, പനാമ പേപ്പേഴ്സ് എന്നിങ്ങനെ പേരുകളില്‍ അത്തരം അനധികൃത നിക്ഷേപങ്ങള്‍ സംബന്ധിച്ച നിരവധി വെളിപ്പെടുത്തലുകള്‍ ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട്. അവയില്‍ ഒടുവിലത്തേതാണ് പന്‍ഡോറ പേപ്പേഴ്സ്. 150 മാധ്യമസ്ഥാപനങ്ങളിലെ 700ലധികം മാധ്യമ പ്രവര്‍ത്തകരടങ്ങിയ സംഘം 117 രാജ്യങ്ങളില്‍ നിന്ന് സമാഹരിച്ച വിവരങ്ങള്‍ അടങ്ങിയ രേഖകള്‍ പരിശോധിച്ച് തയാറാക്കിയ പന്‍ഡോറ പേപ്പേഴ്സിലെ വിവരങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലാണ് പുറത്തുവന്നത്. ഒളിച്ചുവയ്ക്കപ്പെട്ട സമ്പാദ്യം, നികുതി വെട്ടിപ്പ്, അനധികൃത പണമിടപാട് എന്നിവ നടത്തിയ ആയിരക്കണക്കിന് വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങള്‍ അടങ്ങിയ 1.20 ലക്ഷം രേഖകളാണ് പന്‍ഡോറ പേപ്പേഴ്സിലുള്ളത്.
വാഷിങ്ടണ്‍ ആസ്ഥാനമായുള്ള അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റ്സ്(ഐസിഐജെ) ആണ് പനാമ, മൊണാകോ, സ്വിറ്റ്സര്‍ലന്‍ഡ്, കേയ്‌മാന്‍ ദ്വീപുകള്‍ തുടങ്ങിയ ഇടങ്ങളിലെ രഹസ്യ നിക്ഷേപങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഫയലുകള്‍ സമാഹരിച്ചത്. ഇന്ത്യയില്‍ നിന്ന് 380 പേരാണ് പട്ടികയിലുള്ളതെന്നാണ് വാര്‍ത്തകളിലുള്ളത്. ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ മുന്നിലുള്ള അനില്‍ അംബാനി, ബാങ്ക് തട്ടിപ്പ് നടത്തി നാടുവിട്ട നീരവ് മോഡിയുടെ സഹോദരി പുര്‍വി മേത്ത, ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, ബയോകോണ്‍ സ്ഥാപക കിരണ്‍ മജുംദാര്‍ ഷായുടെ ഭര്‍ത്താവ് ബ്രിട്ടീഷ് പൗരനായ ജോണ്‍ മെക്കല്ലം മാര്‍ഷല്‍ ഷാ, കോര്‍പറേറ്റ് ഇടനിലക്കാരി നിര റാഡിയ, കോക്സ് ആന്റ് കിങ്സിന്റെ അജിത് കേര്‍ക്കര്‍ തുടങ്ങി 380 ല്‍ 60 പ്രമുഖ വ്യക്തികളുടെ പേരുകളാണ് ഇന്ത്യക്കാരുടേതായി പുറത്തുവന്നിരിക്കുന്നത്. യുകെയിലെ കോടതി പാപ്പരാണെന്ന് പ്രഖ്യാപിച്ച അനില്‍ അംബാനിയുടെ പേരില്‍ 18 കമ്പനികളാണ് വിദേശ രാജ്യങ്ങളില്‍ ഉള്ളത്. 130 കോടി അമേരിക്കന്‍ ഡോളറിന് തുല്യമായ നിക്ഷേപം ഈ കമ്പനികളുടെ പേരില്‍ സൈപ്രസ്, ജേഴ്സി, തുടങ്ങിയകേന്ദ്രങ്ങളില്‍ ഉണ്ടെന്നാണ് പന്‍ഡോറ പേപ്പേഴ്സിലുള്ളത്. മൗറീഷ്യസ് ആസ്ഥാനമായുള്ള ഗ്ലെന്‍ടെക് ഇന്റര്‍നാഷണലില്‍ ജോണ്‍ മെക്കല്ലത്തിന് 99 ശതമാനം ഉടമസ്ഥതയുണ്ട്. ഓഹരി ഇടപാടുകളില്‍ നിന്ന് വിലക്കപ്പെട്ടിട്ടുള്ള കുനാല്‍ കശ്യപിന് ന്യൂസിലന്‍ഡിലാണ് നിക്ഷേപം. അജിത് കേക്കര്‍ക്കും വിദേശത്താണ് നിക്ഷേപമുള്ളത്. സാമ്പത്തിക കുറ്റകൃത്യത്തിന് അറസ്റ്റിലായ ഇദ്ദേഹം എട്ട് വിദേശ സംരംഭങ്ങളിലാണ് നിക്ഷേപം നടത്തിയിട്ടുള്ളത്. ബാങ്ക് തട്ടിപ്പ് നടത്തിയശേഷം രാജ്യം വിടുന്നതിന് തൊട്ടുമുമ്പാണ് നീരവ് മോഡിയുടെസഹോദരി ട്രസ്റ്റ് രൂപീകരിച്ച് വിദേശ നിക്ഷേപം നടത്തിയിരിക്കുന്നത്.
ലോകത്താകെയുള്ള 90 രാജ്യങ്ങളിലെ ഭരണാധികാരികളും രാഷ്ട്രീയ നേതാക്കളുമായ 330 പേരുകള്‍ പട്ടികയിലുണ്ടെന്ന് വ്യക്തമാക്കപ്പെട്ടിട്ടുണ്ടെങ്കിലും അവരില്‍ പ്രമുഖരുടെ പേരുകളേ പുറത്തുവന്നിട്ടുള്ളൂ. പുറത്തുവരാത്തവയില്‍ ഇന്ത്യയില്‍ നിന്നുള്ള ആറ് പ്രമുഖരുണ്ടെന്നും വിവരമുണ്ട്. പന്‍ഡോറ പേപ്പേഴ്സ് സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ പുറത്തുവന്നപ്പോള്‍തന്നെ വിവിധ രാജ്യങ്ങള്‍ അതാതിടങ്ങളിലെ പരാമര്‍ശിത വ്യക്തികളെ സംബന്ധിച്ച അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. തൊട്ടുപിന്നാലെ ഇന്ത്യയും അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രത്യക്ഷ നികുതി ബോര്‍ഡ് ചെയര്‍മാന്റെ നേതൃത്വത്തിലുള്ള ഒരു സമിതിയാണ് ഇത് സംബന്ധിച്ച് അന്വേഷണം നടത്തുകയെന്നും അന്വേഷണത്തിനുശേഷം ഉചിതമായ നിയമ നടപടിയുണ്ടാകുമെന്നും കേന്ദ്ര ധനകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു.
നേരത്തെയുണ്ടായ വെളിപ്പെടുത്തലുകളുടെ ഘട്ടത്തിലും ഇതേ നിലപാടാണ് കേന്ദ്രസര്‍ക്കാരുകള്‍ പ്രഖ്യാപിച്ചിരുന്നത്. സ്വിസ് ബാങ്ക് അക്കൗണ്ടുകള്‍ സംബന്ധിച്ചായാലും പനാമ, പാരഡൈസ് പേപ്പറുകളിലെ വെളിപ്പെടുത്തലുകളുടെ ഘട്ടത്തിലും പല്ലവി ആവര്‍ത്തിക്കപ്പെട്ടിരുന്നു. പക്ഷേ തുടര്‍നടപടികള്‍ ഇപ്പോഴും ദുരൂഹമാണ്. ബിജെപി കേന്ദ്രത്തില്‍ അധികാരത്തിലെത്തുന്നതിന് മുമ്പ് ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങളില്‍ പ്രധാനപ്പെട്ടത് വിദേശ രാജ്യങ്ങളിലെ കള്ളപ്പണ നിക്ഷേപവും അനധികൃത പണമിടപാടുകളും കണ്ടെത്തി ഇന്ത്യയിലെത്തിക്കുമെന്നായിരുന്നു. എന്നാല്‍ അതുണ്ടായില്ല. കൂടാതെ ഓരോ തവണ പുറത്തുവന്ന പട്ടികയിലും ബിജെപിയുമായി ബന്ധപ്പെട്ട പേരുകള്‍ ഉള്‍പ്പെടുന്നതാണ് കാണാന്‍ സാധിച്ചത്. ബിജെപി അധികാരത്തിലെത്തിയതിന് ശേഷം കൂടുതല്‍ വിദേശ നിക്ഷേപമുണ്ടായെന്നാണ് മനസിലാക്കേണ്ടത്. നീരവ് മോഡി രാജ്യം വിടുന്നതിന് മുമ്പാണ് സഹോദരിയുടെ വിദേശ നിക്ഷേപമെന്നത് അതാണ് വ്യക്തമാക്കുന്നത്. ഇന്ത്യയില്‍ തട്ടിപ്പ് നടത്തിയ കുറ്റവാളികള്‍ക്ക് വിദേശത്തേയ്ക്ക് രക്ഷപ്പെടുന്നതിന് അവസരമൊരുക്കിയതിന്റെയും ഉദാഹരണങ്ങള്‍ നിരവധിയാണ്. ഇവിടെ അന്വേഷണം പ്രഖ്യാപിച്ചുവെങ്കിലും വ്യത്യസ്തമായ എന്തെങ്കിലും സംഭവിക്കുമെന്ന് പ്രതീക്ഷിക്കാനാവില്ല. കാരണം നേരത്തെ പ്രഖ്യാപിച്ച അന്വേഷണങ്ങള്‍ പാതിവഴിയിലായതിന് വിവരങ്ങള്‍ കൃത്യമായി സമാഹരിക്കാനാവുന്നില്ലെന്നുള്‍പ്പെടെ വിദേശ രാജ്യങ്ങളിലെ നിയമവ്യവസ്ഥയെ പഴിക്കുകയായിരുന്നു ഭരണാധികാരികള്‍ ചെയ്തത്. എങ്കിലും തങ്ങളുടെ നിലപാടിന്റെ ദൃഢതയും സത്യസന്ധതയും പ്രകടിപ്പിക്കുവാനെങ്കിലും അന്വേഷണം നടത്തി തെറ്റുചെയ്തവരെ കണ്ടെത്തി ശിക്ഷിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാവണമെന്നാണ് ജനങ്ങളുടെ ആവശ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.