19 May 2024, Sunday

Related news

May 19, 2024
May 12, 2024
May 11, 2024
May 10, 2024
May 9, 2024
May 6, 2024
May 5, 2024
May 4, 2024
May 3, 2024
May 1, 2024

സുഡാനിലെ പൊരുതുന്ന ജനതയ്ക്കൊപ്പം

Janayugom Webdesk
October 29, 2021 5:00 am

വടക്കു കിഴക്കന്‍ ആഫ്രിക്കയിലെ സുഡാന്‍ എന്ന രാജ്യം സൈനിക അട്ടിമറിയുടെ പേരില്‍ വീണ്ടും ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്. ഈ വര്‍ഷം ജനാധിപത്യത്തെ അട്ടിമറിച്ച് സൈന്യം ഭരണം പിടിക്കുന്ന രണ്ടാമത്തെ രാജ്യമായിരിക്കുകയാണ് സുഡാന്‍. കഴിഞ്ഞ ഫെബ്രുവരിയിലാണ് മ്യാന്മറില്‍ നേതാക്കളെ തടവിലാക്കിയ ശേഷം ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിച്ച് സൈന്യം ഭരണം പിടിച്ചത്. ഇതിനെതിരായ ജനകീയ പ്രക്ഷോഭങ്ങളില്‍ നൂറുകണക്കിന് പേരാണ് കൊല്ലപ്പെട്ടത്. ഇപ്പോഴും അവസാനിക്കാത്ത പ്രതിഷേധം തുടരുകയുമാണ്. മ്യാന്മറിലെ അട്ടിമറിക്കെതിരെ ലോകരാഷ്ട്രങ്ങളാകെ രംഗത്തുവന്നിരുന്നുവെങ്കിലും സുഡാനിലും സമാന രീതിയിലുള്ള അട്ടിമറിയാണ് സംഭവിച്ചിരിക്കുന്നത്. 


സുഡാന്‍ പ്രധാനമന്ത്രി അബ്ദുള്ള ഹംദോക്ക്, വ്യവസായ മന്ത്രി ഇബ്രാഹിം അല്‍ ഷെയ്ക്ക്, തലസ്ഥാനമായ ഖാര്‍ത്തുമിന്റെ ഗവര്‍ണര്‍ അയ്മാന്‍ ഖാലിദ് തുടങ്ങിയവരെ തട്ടിക്കൊണ്ടുപോയി തടവിലാക്കി. വാര്‍ത്താവിനിമയ മന്ത്രി ഹംസ ബലൗള്‍, പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ഫൈസല്‍ മുഹമ്മദ് സലേഷ്, സുഡാന്‍സോവറിന്‍ കൗണ്‍സില്‍ വക്താവ് മുഹമ്മദ് അല്‍ഫിക്കി സുലിമാന്‍ തുടങ്ങി ഭരണ — ഉദ്യോഗസ്ഥതലത്തിലുള്ള പ്രമുഖരെ കസ്റ്റഡിയിലെടുക്കുകയും ചെയ്ത ശേഷമായിരുന്നു സൈന്യം ഭരണം പിടിച്ചതായി പ്രഖ്യാപിച്ചത്. ഇതില്‍ പ്രധാനമന്ത്രി അബ്ദുള്ള ഹംദോക്കിനെ കഴിഞ്ഞ ദിവസം വിട്ടയച്ചിരുന്നു. അധികാരം പിടിച്ചതിനുശേഷം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ശക്തമായ ജനകീയ പ്രക്ഷോഭമാണ് സുഡാന്‍ ഗ്രാമ — നഗരങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്നത്. വിവിധ സ്ഥലങ്ങളില്‍ പ്രക്ഷോഭകര്‍ക്കുനേരെയുണ്ടായ വെടിവയ്പില്‍ പത്തിലധികം പേരാണ് മരിച്ചത്. 

ലോകരാജ്യങ്ങളാകെ സംഭവത്തെ അപലപിച്ച് രംഗത്തെത്തുകയും സാമ്പത്തിക സഹായങ്ങള്‍ മരവിപ്പിക്കുകയും ചെയ്തിരിക്കുകയാണ്. ലോകബാങ്ക്, യുഎസ് (അതിന്റെ 700 ദശലക്ഷം ഡോളറിന്റെ സഹായപദ്ധതി) എന്നിവ സാമ്പത്തിക പദ്ധതികള്‍ മരവിപ്പിച്ചു. ആഫ്രിക്കന്‍ യൂണിയന്‍ സുഡാനെ സഖ്യത്തില്‍ നിന്ന് ഒഴിവാക്കി. ഇവയെല്ലാം സുഡാന്റെ സാമ്പത്തിക സ്ഥിതി ഗുരുതരമാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 

സൈനിക അട്ടിമറിയും ജനാധിപത്യത്തിനായുള്ള പ്രക്ഷോഭങ്ങളും സു ഡാന്റെ വര്‍ത്തമാനകാ ല ചരിത്രത്തിന്റെ ഭാഗമാണ്. 1956 ല്‍ സ്വതന്ത്രരാഷ്ട്രമായ സുഡാനില്‍ 1969 ല്‍ ആദ്യ അട്ടിമറി നടന്നു. രാഷ്ട്രീയ നേതാക്കളെ സ്ഥാന ഭ്രഷ്ടരാക്കിയും പാര്‍ലമെന്റ് പിരിച്ചുവിട്ടും ഗഫാര്‍ നിമേറി പ്രധാനമന്ത്രിയായി അവരോധിതനായി. ഭരണ നേതൃത്വത്തിലുണ്ടായ ഭിന്നതയെതുടര്‍ന്ന് 1971ല്‍ വീണ്ടുമൊരു അട്ടിമറിക്ക് സുഡാന്‍ സാക്ഷിയായി. അതിന് ദിവസങ്ങളുടെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ രാജ്യം ആഭ്യന്തര യുദ്ധത്തിലേക്ക് വീണു. ഇരുപതു വര്‍ഷത്തോളം രാജ്യം ആഭ്യന്തര സംഘര്‍ഷത്തിലായിരുന്നു. 1989 ജൂണിലാണ് വീണ്ടും സൈനിക അട്ടിമറി നടക്കുന്നത്. കേണല്‍ ഒമര്‍ അല്‍ ബഷീറിന്റെ നേതൃത്വത്തില്‍ ഭരണം പിടിച്ചെടുത്ത സൈന്യം രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കുകയും രാജ്യത്ത് ഇസ്‌ലാമിക നിയമ വ്യവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു. തന്നെ അനുകൂലിക്കാത്ത ഉന്നത സൈനിക ഉദ്യോഗസ്ഥരെ ഒഴിവാക്കിയുള്ള ശുദ്ധീകരണവും വധശിക്ഷയും നടപ്പിലാക്കിയ ഒമര്‍ അല്‍ ബഷീര്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കൊപ്പം സ്വതന്ത്രമാധ്യമങ്ങളെയും വിവിധ സംഘടനകളെയും നിരോധിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടേതുള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളെയും മാധ്യമപ്രവര്‍ത്തകരെയും ജയിലില്‍ അടയ്ക്കുകയും ചെയ്തു. എങ്കിലും ജനാധിപത്യ പുനഃസ്ഥാപനത്തിനായുളള പ്രക്ഷോഭങ്ങള്‍ സുഡാനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉള്‍പ്പെടെയുള്ള പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ രാജ്യത്താകെ ശക്തമായി തുടര്‍ന്നുകൊണ്ടിരുന്നു. അവശ്യ സാധനങ്ങള്‍ക്കുള്‍പ്പെടെ സൈനിക ഭരണത്തിന്‍ കീഴില്‍ വിലക്കയറ്റവും പണപ്പെരുപ്പവും കുതിച്ചുയര്‍ന്നതോടെ 2018ല്‍ ജനകീയ പ്രക്ഷോഭം രൂക്ഷമായി.

ജനാധിപത്യ പുനഃസ്ഥാപനത്തിനുവേണ്ടിയും ജനജീവിതം ദുഃസഹമായ സാഹചര്യങ്ങള്‍ക്കെതിരെയും സുഡാനീസ് സായുധ സേനാ ആസ്ഥാനത്തിന് മുന്നില്‍ വന്‍ജനക്കൂട്ടം സമരമിരുന്നു. അതേതുടര്‍ന്ന് സൈനിക ഇടപെടലുണ്ടാവുകയും ഒമര്‍ അല്‍ ബഷീര്‍ സ്ഥാനഭ്രഷ്ടനാക്കപ്പെടുകയുമായിരുന്നു. 2019ല്‍ സൈന്യവും പ്രക്ഷോഭകരും തമ്മിലുള്ള ധാരണയെതുടര്‍ന്ന് അബ്ദുള്ള ഹംദോക്കിന്റെ നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാര്‍ അധികാരത്തിലെത്തുകയായിരുന്നു. 2023ല്‍ തെരഞ്ഞെടുപ്പിലൂടെ ജനാധിപത്യസര്‍ക്കാര്‍ രൂപീകരിക്കുകയെന്ന ധാരണയോടെയും ലക്ഷ്യത്തോടെയുമായിരുന്നു പ്രസ്തുതസര്‍ക്കാര്‍ മുന്നോട്ടുപോയത്. അതിനിടയിലാണ് സുഡാനില്‍ അര്‍ധ ജനാധിപത്യസര്‍ക്കാരിനെ അട്ടിമറിച്ച് സൈന്യം വീണ്ടും ഭരണം പിടിച്ചിരിക്കുന്നത്. മുതലാളിത്ത — മതാധിഷ്ഠിത രാജ്യങ്ങളില്‍ പോലും ജനാധിപത്യവും മനുഷ്യാവകാശങ്ങളും പൗരസ്വാതന്ത്ര്യവും സാമൂഹ്യ മുന്നേറ്റത്തിന്റെ അടിസ്ഥാന ഘടകങ്ങളായി രൂപപ്പെട്ടുകഴിഞ്ഞിരിക്കുന്ന കാലത്താണ് സൈനിക അട്ടിമറിയിലൂടെ സുഡാന്‍ ഏകാധിപത്യത്തിന്റെ വഴിയിലേയ്ക്ക് മാറിയിരിക്കുന്നത്. അതിനെതിരെ അവിടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉള്‍പ്പെടെ ആഹ്വാനം ചെയ്തു നടന്നുകൊണ്ടിരിക്കുന്ന ജനാധിപത്യ പുനഃസ്ഥാപനത്തിനായുള്ള പ്രക്ഷോഭങ്ങള്‍ക്ക് ലോകത്താകെ നിന്ന് ഐക്യദാര്‍ഢ്യം ലഭിക്കുന്നുണ്ട്. സ്വേച്ഛാധിപത്യവും സൈനികാധിപത്യവും പരിഷ്കൃത പൗരസമൂഹത്തിന്റെ പുതിയകാലത്തിന് യോജിച്ചതല്ലെന്നത് നമ്മുടെ അനുഭവമാണ്. അതുകൊണ്ടുതന്നെ സുഡാനിലെ പൊരുതുന്ന ജനതയ്ക്കൊപ്പം തന്നെയാണ് നാം നിലയുറപ്പിക്കേണ്ടത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.