23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

August 23, 2024
July 11, 2024
April 9, 2024
January 9, 2024
December 19, 2023
December 7, 2023
October 11, 2023
September 14, 2023
August 18, 2023
August 11, 2023

യാഥാര്‍ത്ഥ്യങ്ങളെ നിരാകരിക്കുന്ന സിഎജി റിപ്പോര്‍ട്ട്

Janayugom Webdesk
November 13, 2021 4:54 am

കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍‍ ജനറല്‍ (സിഎജി) ഭരണഘടനാനുസൃതം കേരള നിയമസഭയില്‍ സമര്‍പ്പിച്ച ‘കേരളത്തിലെ പ്രളയങ്ങള്‍ — മുന്നൊരുക്കവും പ്രതിരോധവും’ എന്ന റിപ്പോര്‍ട്ടും സംസ്ഥാന സമ്പദ്‌വ്യവസ്ഥയെ കുറിച്ചുള്ള റിപ്പോര്‍ട്ടും ഭരണ‑രാഷ്ട്രീയ വൃത്തങ്ങളിലും മാധ്യമങ്ങളിലും സജീവ ചര്‍ച്ചാവിഷയം ആവുക തികച്ചും സ്വാഭാവികമാണ്. അവയിലെ ഉള്ളടക്കം ദൈനംദിന രാഷ്ട്രീയ വ്യവഹാരത്തില്‍ പ്രതിപക്ഷത്തിനും ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിനെ ഏതു കാര്യത്തിലും പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ അനുസ്യൂതം പ്രവര്‍ത്തിച്ചുപോരുന്ന മാധ്യമങ്ങള്‍ക്കും വീണുകിട്ടിയ അവസരം കൂടിയാണ്. ലോകത്തെ ആകെ ഗ്രസിച്ചിരിക്കുന്നതും സാധാരണ ജനജീവിതത്തെ താറുമാറാക്കുന്നതുമായ കാലാവസ്ഥാ വ്യതിയാനവും അതിന്റെ ഫലമായുള്ള ദുരന്തപൂര്‍ണമായ പ്രത്യാഘാതങ്ങളും കേരളത്തിനു മാത്രം ബാധകമായ പ്രതിഭാസമല്ല, അത് ലോകമെമ്പാടും രാഷ്ട്രങ്ങളുടെയും ഭരണകൂടങ്ങളുടെയും ജനതകളുടെയും ഉറക്കം കെടുത്തുന്ന അഭൂതപൂര്‍വമായ വെല്ലുവിളിയായി മാറിയിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തെ ഫലപ്രദമായി നേരിടാനും അവയുടെ പ്രത്യാഘാതത്തെ ലഘൂകരിക്കാനുമുള്ള മാര്‍ഗങ്ങള്‍ ആരാഞ്ഞുകൊണ്ടാണ് ലോക രാഷ്ട്രങ്ങളുടെ പ്രതിനിധികള്‍ സ്കോട്ട്‌ലന്‍ഡിലെ ഗ്ലാസ്ഗോയില്‍ സമ്മേളിച്ചത്. സിഎജിയുടെ റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്ന പ്രളയം കേരളത്തിനുമേല്‍ നിപതിച്ചത് തീര്‍ത്തും അപ്രതീക്ഷിതമായാണെന്ന വസ്തുത അവരും പ്രതിപക്ഷ വിമര്‍ശകരും ഓര്‍ക്കണം. ആ പ്രളയത്തെ ഒരു നൂറ്റാണ്ടിനുള്ളില്‍ സംഭവിക്കുന്ന പ്രകൃതി ദുരന്തം എന്നതിനപ്പുറം കാലാവസ്ഥാ വ്യതിയാനം കേരളത്തിന്റെ ആവാസവ്യവസ്ഥയ്ക്കുമേല്‍ ഏല്പിക്കുന്ന, ഒരുപക്ഷെ ഒഴിവാക്കാനാവാത്ത, പ്രത്യാഘാതമായി കാണാന്‍ പൊതുസമൂഹത്തിനോ അത്തരത്തില്‍ മുന്നറിയിപ്പു നല്കാന്‍ ശാസ്ത്ര സമൂഹത്തിനോ അന്ന് കഴിഞ്ഞിരുന്നില്ല എന്നത് സിഎജി അടക്കം വിമര്‍ശകര്‍ വിസ്മരിച്ചുകൂട.

 


ഇതുകൂടി വായിക്കൂ: യാഥാര്‍ത്ഥ്യങ്ങളെ അവഗണിക്കുന്ന ഗ്ലാസ്ഗോ ഉച്ചകോടി വൃഥാവ്യായാമം


 

2020 മാര്‍ച്ചില്‍ അവസാനിച്ച വര്‍ഷത്തെ സംസ്ഥാന സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ച ഓഡിറ്റിങ് റിപ്പോര്‍ട്ടാണ് മറ്റൊരു ചര്‍ച്ചാവിഷയം. ഇത്തവണയും കടുത്ത വിഭവ ദൗര്‍ലഭ്യത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്റെ വികസനം ലക്ഷ്യമാക്കി രൂപീകരിച്ച കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡി(കിഫ്ബി)ന്റെ പ്രവര്‍ത്തനമാണ് സിഎജിയുടെ വിമര്‍ശനത്തിന് പ്രധാനമായും വിധേയമാകുന്നത്. കഴിഞ്ഞ സിഎജി റിപ്പോര്‍ട്ടിന്റെ ആവര്‍ത്തനം തന്നെയാണ് ഇത്തവണയും തുടരുന്നത്. അതു സംബന്ധിച്ച് കേരള നിയമസഭ പാസാക്കിയ പ്രമേയം കണ്ടില്ലെന്നു നടിച്ചുകൊണ്ടുള്ള തുടര്‍വിമര്‍ശനത്തിന്റെ ഉദ്ദേശശുദ്ധിയില്‍ ആര്‍ക്കെങ്കിലും സംശയം തോന്നിയാല്‍ അവരെ കുറ്റപ്പെടുത്താന്‍ ആവില്ല. കേരളം ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ ചട്ടക്കൂടില്‍, അതാതുകാലത്തെ കേന്ദ്രഭരണകൂടങ്ങള്‍ ആവിഷ്കരിച്ച് നടപ്പാക്കുന്ന സാമ്പത്തിക നയപരിപാടികള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥമായ സംസ്ഥാനമാണ്. സംസ്ഥാനത്തെ ജനങ്ങളുടെ ജീവിതനിലവാരത്തിനും ആവശ്യങ്ങള്‍ക്കും ആശയാഭിലാഷങ്ങള്‍ക്കും അനുസൃതമായി വികസനം ഉറപ്പുവരുത്താന്‍ അപര്യാപ്തമായ വിഭവശേഷിയാണ് കിഫ്ബി പോലുള്ള നൂതന ആശയങ്ങളും സംവിധാനങ്ങളും നിര്‍ബന്ധിതമാക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നയപരിപാടികളെ നയിക്കുന്നത് ഐഎംഎഫും ലോകബാങ്കും ഉള്‍പ്പെടെയുള്ള ആഗോളമൂലധന നിയന്ത്രിത ധനകാര്യസ്ഥാപനങ്ങളാണ്. അവയുടെ തിട്ടൂരങ്ങള്‍ക്ക് അനുസൃതമായ നിബന്ധനകള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമാണ് കേരളത്തിന്റെ സമ്പദ്ഘടനയും വികസന വ്യവഹാരങ്ങളും. അവിടെയാണ് റിസര്‍വ് ബാങ്കിന്റെ അംഗീകാരത്തോടും നിയന്ത്രണത്തിലും പ്രവര്‍ത്തിക്കുന്ന കിഫ്ബിയുടെ അസ്തിത്വം.

 


ഇതുകൂടി വായിക്കൂ: ഭാവി ലോകത്തിനുവേണ്ടി ഗ്ലാസ്ഗോ തെരുവില്‍ അമ്മമാരുടെ പ്രതിഷേധം


 

സിഎജിയുടെ വിമര്‍ശനങ്ങള്‍ തുറന്ന മനസോടെ അംഗീകരിക്കാനും ആവശ്യമായ ഗതി സംശോധനക്കും സംസ്ഥാനം ശ്രമിക്കേണ്ടതുണ്ട്‍. എന്നാല്‍ സംസ്ഥാനത്തിന്റെ പരിമിതികളെയും നേട്ടങ്ങളെയും പരിശ്രമങ്ങളെയും അപ്പാടെ അവഗണിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും പിന്നില്‍ കേന്ദ്ര ഭരണകൂടത്തിന്റെ രാഷ്ട്രീയ താല്പര്യങ്ങളുടെ അവഗണിക്കാനാവാത്ത സാന്നിധ്യം സംശയിക്കേണ്ടതുണ്ട്. എല്‍ കെ അഡ്വാനി അടക്കം ദേശീയ രാഷ്ട്രീയ നേതാക്ക‍ളും പാര്‍ലമെന്റ് അംഗങ്ങളും സിഎജിയുടെ നിയമനം സംബന്ധിച്ച് ഉന്നയിച്ചുപോന്നിട്ടുള്ള വിമര്‍ശനങ്ങളും നിര്‍ദ്ദേശങ്ങളും പ്രതിപക്ഷ വിമര്‍ശകര്‍ ഇത്തരുണത്തില്‍ ഓര്‍ത്തെടുക്കുന്നത് നന്നായിരിക്കും. ഭരണഘടനാ സ്ഥാപനങ്ങളെ ഒന്നൊഴിയാതെ കളിപ്പാവകളാക്കി മാറ്റാന്‍ യത്നിക്കുന്ന ഫാസിസ്റ്റ് പ്രവണതയാണ് കേന്ദ്രഭരണം കയ്യാളുന്നതെന്നും വിസ്മരിച്ചുകൂട.

TOP NEWS

November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.