24 November 2024, Sunday
KSFE Galaxy Chits Banner 2

ബാലറാം എന്ന കമ്യൂണിസ്റ്റ്

ടി കെ വിനോദൻ
November 22, 2021 2:00 am

കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ കേരള ഘടകം ഒന്നടങ്കം കമ്യൂണിസ്റ്റു പാർട്ടിയായി മാറുന്ന ചരിത്രപ്രധാനമായ സമ്മേളനം കണ്ണൂരിൽ പിണറായിയിലെ പാറപ്രം എന്ന സ്ഥലത്ത് സംഘടിപ്പിക്കുന്നതിൽ മുഖ്യപങ്കു വഹിച്ചത് ആ നാട്ടുകാരൻ കൂടിയായ എൻ ഇ ബാലറാമാണ്. കേരളത്തിലെ കമ്യൂണിസ്റ്റു പാർട്ടിയുടെ സ്ഥാപകനേതാക്കളിൽ ഒരാൾ എന്ന നിലയിൽ ചരിത്രത്തിൽ ഇടം നേടുമ്പോൾ അദ്ദേഹത്തിന് കഷ്ടിച്ച് 20 വയസ്സ് തികഞ്ഞിട്ടേയുള്ളൂ. കമ്യൂണിസ്റ്റു പാർട്ടിയുടെ ഭാഗമായി മാറുക എന്നത്, കോൺഗ്രസിന്റെയും പിന്നീട് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെയും പ്രവർത്തകൻ എന്ന നിലയിൽ സ്വാതന്ത്ര്യ സമരത്തിന്റെ പടയാളിയും സോഷ്യലിസ്റ്റ് ആശയങ്ങളുടെ പ്രചാരകനുമായി മാറിയിരുന്ന ബാലറാമിന്റെ സ്വാഭാവികമായ പരിണാമമായിരുന്നു. വളരെ കുട്ടിക്കാലത്തുതന്നെ ദേശീയ പ്രസ്ഥാനത്തിലൂടെ സ്വാതന്ത്ര്യസമരത്തിന്റെ മുൻനിരയിലെത്തുകയും കോൺഗ്രസിനുള്ളിലെ ഇടതുപക്ഷത്തിന്റെ ഭാഗമായി പ്രവർത്തിക്കുകയും ചെയ്ത ബാലറാം തുടർന്നിങ്ങോട്ട് കേരളത്തെ മാറ്റിത്തീർത്ത എല്ലാ മുന്നേറ്റങ്ങളുടെയും നേതൃത്വത്തിലുണ്ടായിരുന്നു. കൗമാരം കഴിയും മുൻപേ കേരളത്തിലെ കമ്യൂണിസ്റ്റു പാർട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളായി മാറിയ ബാലറാം 1994 ൽ മരണമടയുമ്പോൾ പാർട്ടിയുടെ എറ്റവും ഉയർന്ന ഘടകമായ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും രാജ്യസഭയിലെ സി പി ഐ ഗ്രൂപ്പ് നേതാവുമായിരുന്നു.

സമകാലിക ചരിത്രത്തെയും ചരിത്ര വ്യക്തിത്വങ്ങളെയും സമഗ്രമായി മനസ്സിലാക്കാൻ കഴിയുന്ന കൃതികൾ മലയാളത്തിൽ വളരെ കുറവാണ്. മരണം കഴിഞ്ഞ് കാൽ നൂറ്റാണ്ടിനുശേഷവും ബാലറാമിനെ സമഗ്രമായി മനസ്സിലാക്കാൻ സഹായിക്കുന്ന ഒരു കൃതിയുണ്ടായിട്ടില്ല. ആ കുറവ് ഒരളവുവരെ പരിഹരിക്കാനുള്ള ശ്രമമാണ് ഗീതാ നസീറിന്റെ ‘ബാലറാം എന്ന മനുഷ്യൻ’ എന്ന പുസ്തകം. ഗ്രന്ഥകാരി ആവർത്തിച്ചു പറയുന്നതുപോലെ, ഒരു മകൾ പിതാവിന് സമർപ്പിക്കുന്ന സ്മരണാഞ്ജലിയല്ല ഈ കൃതി. ബാലറാമിന്റെ രാഷ്ട്രീയത്തെ പിന്തുടർന്ന, പിൻതലമുറയിലെ പൊതുപ്രവർത്തകയും രാഷ്ടീയവിദ്യാർത്ഥിയുമായ ഒരു കമ്യൂണിസ്റ്റുകാരി തനിക്കു വഴികാട്ടിയായിരുന്ന നേതാവിനെ ചരിത്ര പശ്ചാത്തലത്തിൽ മനസ്സിലാക്കാനും വിലയിരുത്താനും ശ്രമിക്കുകയാണ് ഇവിടെ. 
വെറുമൊരു രാഷ്ട്രീയനേതാവ് മാത്രമായിരുന്നില്ല എൻ ഇ ബാലറാം. തത്വചിന്തയിലും ചരിത്രത്തിലും കലയിലും സാഹിത്യത്തിലും ശാസ്ത്രവിജ്ഞാനത്തിലും അഗാധമായ താല്പര്യം പുലർത്തിയ ധിഷണാശാലി എന്ന നിലയിൽ പല അടരുകളുള്ളതായിരുന്നു ആ വ്യക്തിത്വം. 248 പേജുകളുള്ള ഒരു പുസ്തകത്തിൽ ബാലറാമിന്റെ ബഹുമുഖ വ്യക്തിത്വത്തെ പൂർണമായി അവതരിപ്പിക്കുക അസാധ്യമാണ്. എങ്കിലും ആ മഹാവ്യക്തിത്വത്തെക്കുറിച്ച് കൂടുതൽ പഠിക്കാനും മനസ്സിലാക്കാനും പ്രേരണ നല്കുന്നു എന്നതാണ്, പല നിലയ്ക്കും ബലറാമിന്റെ വ്യക്തിത്വ സവിശേഷതകൾ തിരിച്ചറിയാൻ സഹായിക്കുന്ന ഈ കൃതിയുടെ സംഭാവന. വ്യത്യസ്തമായ നിരവധി ഘട്ടങ്ങളുള്ള വൈവിധ്യപൂർണവും സംഭവബഹുലവുമായ രാഷ്ട്രീയജീവിതമായിരുന്നു ബാലറാമിന്റേത്. 1930കളുടെ മധ്യംമുതൽ 50കളുടെ മധ്യംവരെ നീളുന്ന, കൊടിയ യാതനകളും ക്രൂരമർദ്ദനങ്ങളും നേരിട്ടുകൊണ്ട് നടത്തിയ സാഹസികമായ സമരങ്ങളുടെ രണ്ടു പതിറ്റാണ്ടുകൾ. പിന്നീട് പാർട്ടിയുടെ ഭിന്നിപ്പിൽ കലാശിച്ച രൂക്ഷമായ ഉൾപ്പാർട്ടിസമരങ്ങളുടെ ഒരു പതിറ്റാണ്ട്.

പിളർപ്പിനുശേഷം ആക്രമണങ്ങളെയും അസത്യപ്രചരണങ്ങളെയും നേരിട്ടുകൊണ്ട് പാർട്ടിയെ പുനഃസംഘടിപ്പിക്കാനുള്ള കഠിനയത്നങ്ങളുടെ കാലം. 1960കളുടെ ഒടുവിൽ തുടങ്ങി ഒരു പതിറ്റാണ്ടുകാലം, ജനാധിപത്യ സംവിധാനങ്ങളെ ജനന്മയ്ക്കുവേണ്ടി പ്രയോജനപ്പെടുത്തി വികസനത്തിന്റെ നേട്ടം സാധാരണ ജനങ്ങളിലെത്തിക്കാൻ നിരന്തരപരിശ്രമം നടത്തിയ ഐക്യമുന്നണി പരീക്ഷണത്തിന്റെ ഘട്ടം. 70കളുടെ അവസാനത്തോടെ തുടങ്ങി, ദേശീയതലത്തിൽ ഇടതുപക്ഷ ശക്തികളുടെ ഐക്യം വളർത്താനും പാർട്ടിയുടെ സാമൂഹിക അടിത്തറ വിപുലപ്പെടുത്താനും നടത്തിയ, മരണംവരെ തുടർന്ന വിശ്രമമില്ലാത്ത പ്രവർത്തനങ്ങളുടെ കാലം.    ഈ വ്യത്യസ്ത ഘട്ടങ്ങളെ കൃത്യമായി പിന്തുടരുകയും വസ്തുനിഷ്ഠമായി രേഖപ്പെടുത്തുകയും ചെയ്യാൻ ഗീതാ നസീറിന് കഴിഞ്ഞിട്ടുണ്ട്. 1930കൾ മുതൽ 50കൾ വരെ നീളുന്ന തീക്ഷ്ണമായ പോരാട്ടങ്ങളുടെ കാലം രേഖപ്പെടുത്തുക എന്നത് കഠിനമായ വെല്ലുവിളിയാണ്. പോലീസിന്റെയും ഭരണകൂടത്തിന്റെ ഒറ്റുകാരുടെയും നിരന്തരമായ ആക്രമണങ്ങളെ നേരിട്ടുകൊണ്ടുള്ള ഒളിവുകാലജീവിതത്തിലെ രേഖകൾ മിക്കവാറും എല്ലാംതന്നെ നഷ്ടപ്പെട്ടുപോയി. ആ കാലത്ത് ബാലറാമുമായി അടുത്തു ബന്ധപ്പെടുകയും ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിക്കുകയും ചെയ്ത വളരെ കുറച്ചുപേർ മാത്രമേ ജീവിച്ചിരിക്കാൻ സാധ്യതയുള്ളൂ. ബാലറാമുമായി ബന്ധമുണ്ടായിരുന്ന ജീവിച്ചിരിക്കുന്ന എല്ലാവരെയും നേരിൽകണ്ട് വിവരങ്ങൾ ശേഖരിക്കാൻ ഗീതാ നസീർ ശ്രമിച്ചിട്ടുണ്ട്. നേരിൽകണ്ടു സംസാരിച്ചവർ പറഞ്ഞ അനുഭവങ്ങൾ ഹൃദയസ്പർശിയാണ്.

പാർട്ടി ഭിന്നിപ്പിൽ മറുപക്ഷത്തുനിന്ന ഒരു സഖാവ് ആ കാലത്ത് ബാലറാമിനോട് ചെയ്ത ക്രൂരതകൾ ഓർത്ത് പൊട്ടിക്കരഞ്ഞത് പുസ്തകത്തിൽ വിവരിക്കുന്നു. ഗ്രന്ഥകാരിയുമായുള്ള ആ കൂടിക്കാഴ്ച കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ പുഞ്ചയിൽ നാണു എന്ന ആ സഖാവ് മരണമടഞ്ഞു. ബാലറാമിനെ ഒളിവിൽ പാർപ്പിച്ച പ്രിയ സഖാവ് സി എച്ച് ഗോപാലൻ നായരുടെ മകൻ പ്രഭാകരൻ കടാങ്കോട്, ബാലറാമിന്റെ ഒളിവുജീവിതത്തിലെ യാതനകളെക്കുറിച്ച് തന്റെ അച്ഛനിലൂടെ കേട്ടറിഞ്ഞ വിവരങ്ങൾ ഗീതാ നസീറുമായി പങ്കു വച്ചത് പുസ്തകത്തിലുണ്ട്.      മലബാറിൽ കമ്യൂണിസ്റ്റു പാർട്ടി അജയ്യ ശക്തിയായി മാറിയതിനു പിന്നിലെ കടുത്ത ത്യാഗങ്ങളുടെയും കൊടിയ യാതനകളുടെയും വേദനിപ്പിക്കുന്നതെങ്കിലും മിഴിവുറ്റ നിരവധി ചിത്രങ്ങൾ ഈ കൃതി നല്കുന്നു. ബാലറാമിന്റെ പാണ്ഡിത്യത്തെയും ബൗദ്ധിക സംഭാവനകളെയുംകുറിച്ച് സമഗ്രമായ ഒരു ചിത്രം നല്കുക എളുപ്പമുള്ള കാര്യമല്ല. എങ്കിലും ബാലറാമിന്റെ ധൈഷണികപ്രഭാവം എന്തായിരുന്നു എന്ന വ്യക്തമായ സൂചന നല്കാൻ ഗീതാ നസീറിനു കഴിയുന്നു. ഒളിവിലും ജയിലിലും ഉൾപ്പെടെ തികച്ചും പ്രയാസകരമായ സാഹചര്യങ്ങളിലും വായന ഒഴിയാവ്രതമായിരുന്നു ബാലറാമിന്. ജയിലിൽവച്ച് തയ്യാറാക്കിയ ദീർഘമായ പഠനങ്ങൾ പലതും നഷ്ടപ്പെട്ടുപോയി. പുതിയ കാര്യങ്ങൾ മനസ്സിലാക്കാനും അറിവു നേടാനുമുള്ള ഒടുങ്ങാത്ത ത്വര അവസാന നിമിഷംവരെ ബാലറാമിൽ നിറഞ്ഞുനിന്നു.

ഏതു ബഹളത്തിനിടയിലും ഗഹനമായ പുസ്തകങ്ങൾ ഏകാഗ്രതയോടെ വായിക്കാനുളള അസാമാന്യമായ കഴിവുണ്ടായിരുന്നു അദ്ദേഹത്തിന്. രാഷ്ട്രീയം, സാഹിത്യം, തത്വചിന്ത എന്നു തുടങ്ങി ബാലറാം രചിച്ച വ്യത്യസ്തമായ ഗ്രന്ഥങ്ങളെക്കുറിച്ച് ലഘുവായ വിവരണം ഗീതാ നസീർ നല്കുന്നു. ഒരു മകൾ പിതാവിന് നല്കുന്ന സ്മരണാഞ്ജലിയായി ഈ കൃതിയെ കാണേണ്ടതില്ല എന്ന് ഗ്രന്ഥകാരി പറയുമ്പോഴും മകൾ എന്ന നിലയിൽ ബാലറാമിനെ ഏറ്റവും അടുത്തറിയാൻ കഴിഞ്ഞു എന്നത് മറ്റാർക്കുമറിയാത്ത ബാലറാമിന്റെ നിരവധി സവിശേഷതകൾ വരച്ചുകാട്ടാൻ ഗീതാ നസീറിനെ സഹായിച്ചിട്ടുണ്ട്. മകളും പിതാവും എന്ന ബന്ധം നല്കുന്ന ആർദ്രത ഈ പുസ്തകത്തിന് ഒരു അധിക മാനം നല്കുന്നു. ബാലറാമിന്റെ ത്യാഗനിർഭരമായ ജീവിതത്തെയും കമ്യൂണിസ്റ്റ് പാർട്ടിയുടെ ഉജ്വലമായ ഒരു കാലഘട്ടത്തെയും വസ്തുനിഷ്ഠമായി രേഖപ്പെടുത്തുന്ന കൃതി എന്ന നിലയിൽ ഗീതാ നസീറിന്റെ ‘ബാലറാം എന്ന മനുഷ്യൻ’ മലയാളത്തിലെ ജീവചരിത്രശാഖയ്ക്കും സമകാലിക ചരിത്രവിജ്ഞാനീയത്തിനും നല്കുന്ന സംഭാവന ഒട്ടും ചെറുതല്ല.

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 23, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.