27 December 2024, Friday
KSFE Galaxy Chits Banner 2

Related news

December 20, 2024
December 15, 2024
December 6, 2024
December 3, 2024
September 14, 2024
August 22, 2024
March 7, 2024
March 3, 2024
February 26, 2024
February 26, 2024

കർഷകസമരം ജനാധിപത്യം തിരിച്ചുപിടിക്കാനുള്ള വഴികാട്ടി

Janayugom Webdesk
ന്യൂഡൽഹി
November 24, 2021 10:18 pm

രാജ്യത്ത് അടുത്തകാലത്തായി പ്രതിസന്ധിയിലായിരുന്ന ജനാധിപത്യമൂല്യങ്ങളെ തിരിച്ചുപിടിക്കാനുള്ള വഴികാട്ടിയായി കർഷകപ്രക്ഷോഭമെന്ന് വിലയിരുത്തൽ. എല്ലാതരം എതിർപ്പുകളെയും പ്രലോഭനങ്ങളെയും തൃണവൽഗണിച്ചാണ് ഒരു വർഷം നീണ്ട സമരം നയിച്ച കർഷകർ രാജ്യത്തെ ഭരണകൂടത്തെ അടിയറവു പറയിച്ചത്. ഇപ്പോഴും തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ച തരത്തിലുള്ള പ്രഖ്യാപനത്തിൽ വിശ്വാസമില്ലെന്നും നിയമ നടപടികളായശേഷമേ സമരം പിന്‍വലിക്കൂ എന്നും കർഷകർ പ്രഖ്യാപിച്ചിരിക്കുന്നു. ഇതിലൂടെ ഏതു സമരത്തിനും ഉണ്ടാകേണ്ടത് കൃത്യമായ ലക്ഷ്യബോധവും സമ്പൂർണമായ സമർപ്പണവുമാണെന്ന് കർഷകർ രാഷ്ട്രത്തോടും രാഷ്ട്രീയ നേതൃത്വങ്ങളോടും വിളിച്ചുപറയുന്നു.

മോഡി ഭരണത്തിൽ പ്രതിസന്ധിയിലായ രാജ്യത്തിന്റെ ജനാധിപത്യത്ത തിരികെ കൊണ്ടുവരുന്നതിൽ പുതിയ ദിശാേബാധമാണ് കർഷകർ സംഭാവന ചെയ്തത്. പ്രതിഷേധിക്കുന്ന ഓരോ കർഷകനും തങ്ങൾ എതിർക്കുന്ന മൂന്ന് കാർഷിക നിയമങ്ങളുടെ പ്രത്യയശാസ്ത്രപരമായ പ്രതിലോമാവസ്ഥയെ കുറിച്ച് സമഗ്ര അറിവുണ്ടായിരുന്നു എന്നതാണ് പ്രധാനം. വ്യക്തതയോടെയുള്ള എതിർപ്പിനെ ഇളക്കിമറിക്കാൻ വ്യാജപ്രചരണങ്ങൾക്കോ സമരത്തെ വഴിതിരിച്ചുവിടാനുള്ള ശ്രമത്തിനോ കഴിഞ്ഞില്ല. നിയമത്തെ വെള്ളപൂശാൻ ഭരണകൂടം നടത്തിയ ആശയ പ്രചരണത്തിലെ വ്യാജ സ്വഭാവം കർഷകർക്ക് വ്യക്തമായി മനസ്സിലായിരുന്നു. അതുകൊണ്ടാണ് സർക്കാരും അവരുടെ അടുപ്പക്കാരും നടത്തിയ കുപ്രചരണങ്ങളാൽ കര്‍ഷകഐക്യം തകർക്കപ്പെടാതെ നിലനിന്നത്.

അനുനയം, വിലപേശൽ, ശക്തമായ ആയുധ തന്ത്രങ്ങൾ, പ്രതിഷേധക്കാരെ വിഭജിക്കാനുള്ള ശ്രമം എന്നിങ്ങനെ മുഴുവൻ ചാണക്യ മാർഗങ്ങളിലൂടെയും സമരം പൊളിക്കാൻ ശ്രമം നടന്നു. ഭരണകക്ഷി സംഘടനകളും, ഭരണകൂട ഉപകരണങ്ങളും അഴിച്ചുവിട്ട തെറ്റായ വിവരങ്ങളുടെയും കുപ്രചരണങ്ങളുടെയും മുനയൊടിച്ച്, നിയമങ്ങളുടെ സ്വഭാവവും സത്തയും കർഷകരെ ഓരോ ഘട്ടത്തിലും ബോധ്യപ്പെടുത്താൻ കഴിഞ്ഞത് കർഷക നേതൃത്വത്തിന്റെ അപൂർവ മികവാണ്. ഖലിസ്ഥാനികൾ, ആന്ദോളൻജീവികൾ, മാവോവാദികൾ, തീവ്രവാദികൾ തുടങ്ങിയ വിശേഷണങ്ങളാണ് ഭരണകൂടത്തിനു വേണ്ടി അനുസരണയുള്ള മാധ്യമങ്ങൾ കർഷകർക്ക് നൽകിയത്. എന്നാൽ പ്രദേശം, ജാതി, മതം, ഭാഷ എന്നിവയ്ക്കതീതമായി കർഷകരെ ഐക്യത്തോടെ നിർത്തുന്നതിൽ ഉത്തർപ്രദേശിൽ നിന്നുള്ള നേതാവ് രാകേഷ് ടികായത് ഉജ്ജ്വലമായി വിജയിച്ചു.


ഇതുകൂടി വായിക്കാം;രാഷ്ട്രം ആവശ്യപ്പെടുന്നത് സമഗ്രമായ കാർഷിക നയം


ഒരു ഘട്ടത്തിലും അധികാര മേൽക്കോയ്മക്കെതിരെ അക്രമാസക്തമായ മാർഗങ്ങളിലൂടെ ഉത്തരം നൽകാനുള്ള പ്രലോഭനത്തിന് കർഷക നേതൃത്വം വഴങ്ങിയില്ല. തങ്ങളെ ചോദ്യം ചെയ്യുകയും അവേഹളിക്കുകയും ചെയ്യുന്ന മാധ്യമങ്ങളോട് പോലും പ്രകോപനപരമായ മറുപടി നൽകിയില്ല. ഇങ്ങനെ ഒരു ബഹുജന പ്രസ്ഥാനം എങ്ങനെ കൊണ്ടുനടത്തണം എന്നതിന്റെ ഒരു വസ്തുനിഷ്ഠമായ പാഠമാണ് കർഷകർ രൂപപ്പെടുത്തിയത്. മോഡിസർക്കാർ നടത്തിയ പ്രഖ്യാപനം പോലും തങ്ങളുടെ നയത്തിൽ ആശയപരമായ പിഴവുണ്ട് എന്നല്ല; ആശയവിനിമയത്തിലെ പരാജയം മാത്രമാണ് എന്നായിരുന്നു. സർക്കാരിന്റെ പ്രത്യയശാസ്ത്രപരമായ നിലപാട് രാഷ്ട്രത്തിന്റെ വിഭവങ്ങളുടെ വലതുപക്ഷ കോർപ്പറേറ്റ് വൽകരണമാണ് എന്നത് ഇപ്പോഴും വ്യക്തമാണ്. പഞ്ചാബിലെയും ഉത്തർപ്രദേശിലെയും അസംബ്ലി തെരഞ്ഞെടുപ്പ് ആസന്നമായിരുന്നില്ലെങ്കിൽ ഇപ്പോഴത്തെ അസാധുവാക്കൽ പ്രഖ്യാപനം പോലും വരില്ലായിരുന്നു. ഇത് തിരിച്ചറിഞ്ഞാണ് പാർലമെന്റ് നടപടികൾ പൂർത്തിയാകാതെ സമരം നിർത്തില്ല എന്ന് കർഷകർ പ്രഖ്യാപിച്ചത്. അതോടൊപ്പം സംഘടിത പ്രതിപക്ഷ കക്ഷികൾ കർഷകസമരത്തിൽ നേരിട്ട് ഇടപെടുന്നതിൽ നിന്ന് വിട്ടുനിന്നതും അവർക്കുള്ള ആദരവായി. കർഷകപ്രസ്ഥാനത്തിന്റെ ജനാധിപത്യപരവും പ്രത്യയശാസ്ത്രപരവുമായ സാധ്യതകളും സ്വയംഭരണാധികാരവും തിരിച്ചറിഞ്ഞുള്ള ഈ നിലപാട് വിഷയത്തിലെ രാഷ്ട്രീയനേതൃത്വങ്ങളുടെ സൂക്ഷ്മതയെ സൂചിപ്പിക്കുന്നു. ബഹുജന പ്രസ്ഥാനങ്ങളുടെ ജനകീയ നേതൃത്വം അടയാളപ്പെടുത്തിയ ഈ പുതിയ പക്വതയും ഇന്ത്യയുടെ രാഷ്ട്രീയ സംസ്കാരത്തിന് നല്ല സൂചന നൽകുന്നു.
eng­lish summary;Assessing the peas­ant agi­ta­tion as a guide to reclaim­ing demo­c­ra­t­ic values
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.