June 1, 2023 Thursday

Related news

May 27, 2023
April 2, 2023
March 18, 2023
March 16, 2023
March 13, 2023
February 23, 2023
February 12, 2023
January 19, 2023
January 4, 2023
December 18, 2022

രാഷ്ട്രം ആവശ്യപ്പെടുന്നത് സമഗ്രമായ കാർഷിക നയം

പ്രത്യേക ലേഖകന്‍
ന്യൂഡൽഹി
November 21, 2021 9:49 pm

ഒരുവർഷത്തെ രാജ്യവ്യാപക പ്രതിഷേധത്തിനൊടുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് റദ്ദാക്കേണ്ടി വന്ന വിവാദ കാർഷിക നിയമങ്ങൾക്ക് പകരം കർഷകർക്ക് യഥാർത്ഥത്തിൽ പ്രയോജനം ചെയ്യുന്ന പരിഷ്കാരങ്ങൾ ആസൂത്രണം ചെയ്യണമെന്ന് വിദഗ്ധർ. പതിറ്റാണ്ടുകളായി, കാർഷിക വരുമാനത്തിൽ കുറഞ്ഞ വളർച്ചാ നിരക്കിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. ഈ മേഖലയിൽ ജോലി ചെയ്യുന്നതാകട്ടെ ദേശീയ തൊഴിൽ ശക്തിയുടെ 40 ശതമാനവും. അതുകൊണ്ട് സാമ്പത്തികവും സാമൂഹികവും പാരിസ്ഥിതികവുമായ പരിഷ്കാരങ്ങൾ അടിയന്തരമായും ഇന്ത്യൻ കർഷകർക്ക് ആവശ്യമാണെന്ന് കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ സർവകലാശാലയിൽ പരിസ്ഥിതി ഗവേഷകനായ ബൽഷർ സിംഗ് സിദ്ദു എഴുതുന്നു.

മൂന്ന് വിവാദ കാർഷിക നിയമങ്ങൾ ചരിത്രത്തിന്റെ താളുകളിലേക്ക് തരംതാഴ്ത്തപ്പെട്ടു കഴിഞ്ഞു. എങ്കിലും ഈ നിയമങ്ങൾ നടപ്പിലാക്കിയതെന്തിന് എന്ന് മോഡി വിശദീകരിച്ച കാർഷിക പ്രശ്നങ്ങൾ ഇപ്പോഴും സജീവമാണ്. പല പ്രധാന വിളകളുടെയും ദേശീയവിള ശരാശരി യൂറോപ്പ്, യുഎസ്, ബ്രസീൽ, ചൈന എന്നിവയിലേതിനേക്കാൾ വളരെ കുറവാണ്. രാജ്യത്തെ കാർഷികവൃത്തി പകുതിയും ഇപ്പോഴും മഴയെ ആശ്രയിച്ചാണ്. ഇതുമൂലം അസ്ഥിരമായ കാലാവസ്ഥയ്ക്കും കാലാവസ്ഥാ ദുരന്തത്തിനും കർഷകർ ഇരയാകുന്നു. ആവശ്യത്തിലധികം വളം ഉപയോഗിക്കുന്നത് പണനഷ്ടത്തോടൊപ്പം വായു, മണ്ണ്, ജലം എന്നിവയുടെ മലിനീകരണത്തിലേക്കും നയിക്കുന്നു. സുസ്ഥിരമല്ലാത്ത കൃഷിരീതികൾ കാരണം രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ മേഖല ഭൂഗർഭജല ശോഷണത്തിന്റെ ആഗോള ഹോട്ട്സ്പോട്ടായി മാറിയെന്നും പരാതിയുണ്ട്.


ഇതുംകൂടി വായിക്കാം;കർഷകര്‍ മുന്നോട്ട്; കേന്ദ്രം പ്രതിരോധത്തിൽ


കൃഷി കൂടുതൽ ലാഭകരമാക്കുന്നതിന് കാർഷികവിദ്യാഭ്യാസം, പരിശീലനം, വായ്പാ ലഭ്യത, മെച്ചപ്പെട്ട വിത്തുകൾ, ജലസേചനം, കാർഷിക ഉപകരണങ്ങൾ എന്നിവയുൾപ്പെടെ മേഖലയിൽ വലിയ നിക്ഷേപം നടത്തണം. കർഷക സഹകരണ സംഘങ്ങളിലൂടെയും മൂല്യവർധിത സേവനങ്ങളിലൂടെയും ഉല്പാദനശേഷി വർധിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നയങ്ങളുണ്ടാകേണ്ടതും പ്രധാനമാണ്. പാക്കേജ്, പ്രോസസ്സിങ്ങ്, ധാന്യം ഉണക്കാനും സംഭരിക്കാനുമുള്ള സൗകര്യം, കർഷക കുടുംബങ്ങൾക്ക് വൈദഗ്ധ്യം വികസിപ്പിക്കുന്നതിനുമുള്ള തൊഴിലധിഷ്ഠിത കോഴ്സുകൾ എന്നിവ പദ്ധതിയിലുണ്ടാകണമെന്നും ബൽഷർ സിംഗ് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ കൃഷി കേന്ദ്രീകൃതമായി നിയന്ത്രിക്കാൻ കഴിയാത്തവിധം വൈവിധ്യമാർന്നതാണ് എന്നതും പരിഗണിക്കണം. അതിനുസരിച്ച നയവും നിയമവുമാണുണ്ടാകേണ്ടത്. അനിയന്ത്രിതമായി ഭൂഗർഭജലവും വൈദ്യുതിയും ഉപയോഗിക്കുന്ന അശാസ്ത്രീയമായ നെൽക്കൃഷിയിൽ നിന്ന് പഞ്ചാബും ഹരിയാനയും പോലുള്ള സംസ്ഥാനങ്ങൾ മാറേണ്ടതുണ്ട്. സർക്കാർ സബ്സിഡിയും സംഭരണവും വഴി നെല്‍ക്കൃഷി ചെയ്യാനാണ് ഇവിടുത്തെ കർഷകർ താല്പര്യപ്പെടുന്നത്. ചെറുകിട, ഇടത്തരം കർഷകരുടെ വരുമാനത്തിൽ കുറവുണ്ടാകാത്തവിധം ചോളമോ നാടൻ ധാന്യങ്ങളോ പോലുള്ള ജല ഉപയോഗം കുറഞ്ഞ വിളകളിലേക്ക് മാറാൻ പ്രേരിപ്പിക്കണം.

കൃത്യമായ കാലാവസ്ഥാ മുന്നറിയിപ്പ്, കീടരോഗ നിർണയം, വിജ്ഞാന വ്യാപനം, വില കണ്ടെത്തൽ സംവിധാനങ്ങൾ തുടങ്ങിയവയിലൂടെ ഡാറ്റാധിഷ്ഠിത കൃഷി ശക്തിപ്പെടുത്തുന്നതിനുള്ള നയമുണ്ടാകണം. അതേസമയം രൂപീകരിക്കപ്പെടുന്ന നയങ്ങൾ ദശലക്ഷക്കണക്കിന് പൗരന്മാരെ ബാധിക്കുമെന്ന പരാതിയുയർന്നാൽ അവരുടെ സംഘടനകളെ ചർച്ചക്ക് ക്ഷണിക്കുന്നത് ധാർമ്മികമായ അനിവാര്യത മാത്രമല്ല, ഇപ്പോൾ ഉണ്ടായതു പോലുള്ള തിരിച്ചടി ഒഴിവാക്കുന്നതിന് അത്യന്താപേക്ഷിതവുമാണെന്ന് ബൽഷർ സിംഗ് സിദ്ദു ചൂണ്ടിക്കാട്ടുന്നു.
eng­lish summary;The nation demands a com­pre­hen­sive agri­cul­tur­al policy
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.