രാജ്യം ഞെട്ടിയ സംഭവമായിരുന്നു ഒക്ടോബര്‍ മൂന്നിന് ലഖിംപുര്‍ ഖേരിയില്‍ നടന്നത്. കേന്ദ്ര ഭരണത്തിന്റെ ഒത്താശയോടെ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ മൂടിവയ്ക്കുവാന്‍ ശ്രമിച്ച പ്രസ്തുത സംഭവത്തില്‍ കര്‍ഷകരുടെ കൊലപാതകം ആസൂത്രിത ഗൂഢാലോചനയുടെ ഫലമായിരുന്നുവെന്ന് സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കണ്ടെത്തിയിരിക്കുകയാണ്. ഡല്‍ഹി അതിര്‍ത്തികളിലും രാജ്യത്തിന്റെ പല ഭാഗങ്ങളിലും കര്‍ഷകര്‍ നടത്തിവന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി നടന്ന മാര്‍ച്ചിനു നേരെ വാഹനം ഓടിച്ചു കയറ്റിയ സംഭവത്തില്‍ എട്ടുപേരാണ് കൊല്ലപ്പെട്ടത്. മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നും താങ്ങുവില നിയമത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു കര്‍ഷക മാര്‍ച്ച്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും വിവിധ രൂപങ്ങളില്‍ നടന്നുവന്ന കര്‍ഷക പ്രതിഷേധത്തിന്റെ ഭാഗമായി മുന്‍കൂട്ടി പ്രഖ്യാപിച്ചായിരുന്നു നൂറുകണക്കിന് കര്‍ഷകര്‍ പങ്കെടുത്ത മാര്‍ച്ച് നടന്നത്. മാര്‍ച്ച് കടന്നുപോകുന്നതിനിടെ എത്തിയ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ വാഹനവ്യൂഹത്തില്‍ നിന്ന് മകന്‍ ആശിഷ് മിശ്രയുടെ നേതൃത്വത്തില്‍ ചില വാഹനങ്ങള്‍ മാര്‍ച്ചിന് ഇടയിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു. സംഭവം രാജ്യത്താകെ വന്‍ പ്രതിഷേധത്തിന് തിരികൊളുത്തി. എന്നാല്‍ കേസന്വേഷണം നടത്തേണ്ട ഉത്തര്‍ പ്രദേശ് പൊലീസ് തികച്ചും നിസംഗവും കുറ്റാരോപിതരെ സംരക്ഷിക്കുന്നതുമായ സമീപനമായിരുന്നു സ്വീകരിച്ചത്. കേസെടുക്കുന്നതിന് കാലവിളംബം വരുത്തിയ പൊലീസ് പിന്നീട് പ്രതികളെ അറസ്റ്റ് ചെയ്യുന്നതില്‍ വിമുഖത കാട്ടുകയും ചെയ്തു. കേന്ദ്രമന്ത്രി സ്ഥലത്തുപോലും ഉണ്ടായിരുന്നില്ലെന്നും യാദൃച്ഛികമായി സംഭവിച്ചതാണ് അപകടമെന്നും വരുത്തുന്നതിനുള്ള ബോധപൂര്‍വമായ ശ്രമവും സംസ്ഥാന സര്‍ക്കാരില്‍ നിന്നുണ്ടായി. ഈ സാഹചര്യത്തിലാണ് പരമോന്നത കോടതി വിഷയത്തി ല്‍ ഇടപെടുന്ന സാഹചര്യമുണ്ടായത്. സംഭവത്തിനെതിരെ രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങളും സുപ്രീംകോടതിയുടെ ഇടപെടലിന് പ്രേരകമായി. സം ഭവത്തില്‍ സിബി ഐ അന്വേഷണം ആവശ്യപ്പെട്ട് ലഭിച്ച കത്ത് സ്വമേധയാ ഹര്‍ജിയായി പരിഗണിച്ച സുപ്രീം കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് സംഭവത്തെ ലഘൂകരിക്കുവാനും കുറ്റാരോപിതരെ രക്ഷിക്കുന്നതിനുമുള്ള യുപി സര്‍ക്കാരിന്റെ ശ്രമങ്ങള്‍ നടക്കാതെ പോകുകയായിരുന്നു. അന്വേഷണത്തിന്റെ മെല്ലെപ്പോക്കിനെ നിശിതമായാണ് പരമോന്നത കോടതി വിമര്‍ശിച്ചത്. വസ്തുതാ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് പലതവണ ആശ്യപ്പെട്ടിട്ടും പൊലീസ് അതിന് സന്നദ്ധമായില്ല. അവ്യക്തവും വസ്തുതകള്‍ വളച്ചൊടിക്കുന്നതുമായ ഭാഗിക റിപ്പോര്‍ട്ടാണ് സമര്‍പ്പിക്കപ്പെട്ടത്.
ഈ സാഹചര്യത്തിലാണ് പരമോന്നത കോടതി സുപ്രധാനമായ നിലപാടുകള്‍ എടുത്തതും കേസന്വേഷണം കൃത്യമായി നടത്തുന്നതിനുള്ള നടപടികള്‍ നിര്‍ദ്ദേശിച്ചതും. എന്നിട്ടും യുപി സര്‍ക്കാര്‍ ഉദാസീന സമീപനം തുടര്‍ന്നപ്പോള്‍ വിരമിച്ച ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുവാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. യുപിക്കു പുറത്തുള്ള വിരമിച്ച ജഡ്ജിയെ നിയോഗിക്കുവാനും സുപ്രീം കോടതി തീരുമാനിച്ചു. യഥാര്‍ത്ഥത്തില്‍ പരമോന്നത കോടതിയുടെ ഭാഗത്തുനിന്നുണ്ടായ ഇത്തരമൊരു നടപടി ആദിത്യനാഥിന്റെ മുഖത്തേറ്റ കനത്ത പ്രഹരത്തിന് സമാനമായിരുന്നു. അങ്ങനെയൊരു നിലപാട് സുപ്രീം കോടതിയില്‍ നിന്നുണ്ടായതുകൊണ്ടാണ് പ്രത്യേക അന്വേഷണ സംഘമുണ്ടായത്. അതുതന്നെ കോടതി മേല്‍നോട്ടത്തിലായതിനാലാണ് സംഭവത്തിന് പിന്നില്‍ ആസൂത്രിത ഗൂഢാലോചന ഉണ്ടായിരുന്നുവെന്ന് കണ്ടെത്തിയിരിക്കുന്നത്. നേരത്തെ കുറ്റാരോപിതര്‍ക്കെതിരെ ചുമത്തിയ വകുപ്പുകള്‍ക്കൊപ്പം വധശ്രമം, മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കല്‍, ഗൂഢാലോചന നടത്തി കൂട്ടംചേര്‍ന്ന് അക്രമം നടത്തല്‍ എന്നിവയും ചേര്‍ക്കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ എസ്ഐടി അപേക്ഷ നല്കുകയും അത് അനുവദിക്കുകയും ചെയ്തിരിക്കുകയാണ്. യാദൃച്ഛികമായി സംഭവിച്ചതാണെന്ന ബിജെപിയുടെയും അങ്ങനെയാണെന്ന് വരുത്തിത്തീര്‍ക്കുവാനുള്ള ആദിത്യനാഥ് സര്‍ക്കാരിന്റെയും ശ്രമങ്ങളാണ് പാളിപ്പോയിരിക്കുന്നത്. സംഭവം നടന്ന ഘട്ടത്തില്‍തന്നെ ഇത് ആസൂത്രിതമായി നടന്നതാണെന്ന് കര്‍ഷക സംഘടനകളും മറ്റും വ്യക്തമാക്കിയിരുന്നതാണ്. തനിക്കോ മകനോ സംഭവത്തില്‍ പങ്കില്ലെന്നായിരുന്നു ആദ്യഘട്ടത്തില്‍ കേന്ദ്രമന്ത്രി അജയ് മിശ്ര വാദിച്ചിരുന്നത്. താനും തന്റെ വാഹനവും സംഭവ സ്ഥലത്തുപോലുമുണ്ടായിരുന്നില്ലെന്ന് സ്ഥാപിക്കുന്നതിനും ശ്രമമുണ്ടായി. പക്ഷേ പരമോന്നത കോടതിയുടെ ഇടപെടലും തുടര്‍ന്ന് നടന്ന പ്രത്യേക സംഘത്തിന്റെ അന്വേഷണവും മകന്‍ ആശിഷ് മിശ്രയുടെ മാത്രമല്ല അജയ് മിശ്രയുടെ കൂടി പങ്കിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ആസൂത്രിത ഗൂഢാലോചന നടന്നുവെന്ന കണ്ടെത്തല്‍ അതിന്റെ തെളിവാണ്. ഭരണസ്വാധീനമുപയോഗിച്ച് മൂടിവയ്ക്കുവാന്‍ ശ്രമിച്ച വസ്തുതകളില്‍ ചിലതാണ് കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടന്നതുകൊണ്ടുമാത്രം പുറത്തുവന്നിരിക്കുന്നത്. പുതിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ മന്ത്രി അജയ് മിശ്ര സ്ഥാനത്തു തുടരുന്നത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. സുതാര്യവും നിഷ്പക്ഷവുമായ അന്വേഷണവും തുടര്‍ നടപടികളും ഉണ്ടാകുന്നത് ഉറപ്പുവരുത്തുവാന്‍ അദ്ദേഹം സ്വയം മാറുന്നില്ലെങ്കില്‍ മാറ്റുന്നതിന് കേന്ദ്ര സര്‍ക്കാര്‍ സന്നദ്ധമാകണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.