23 December 2024, Monday
KSFE Galaxy Chits Banner 2

കൈത്തറിയോട് കേന്ദ്രത്തിന് അവഗണന

ബേബി ആലുവ
കൊച്ചി
December 15, 2021 10:45 pm

കേന്ദ്ര സർക്കാരിന്റെ നയവൈകല്യം കൈത്തറി മേഖലയിലെ പ്രശ്നങ്ങൾ രൂക്ഷമാക്കുന്നു. ലഭിച്ചു കൊണ്ടിരുന്ന ആനുകൂല്യങ്ങൾ ഒന്നിനു പിന്നാലെ ഒന്നായി ഇല്ലാതാകുന്നതിനു പുറമെ, പുതിയ ഭാരങ്ങൾ മേഖലയിൽ അടിച്ചേൽപ്പിക്കുകയുമാണ്. കൈത്തറി ഉല്പന്നങ്ങളുടെ കയറ്റുമതിയിൽ സംഭവിച്ച ഇടിവുമൂലം മേഖല വലിയ തിരിച്ചടി നേരിടുമ്പോൾ, അടുത്ത വർഷം ആദ്യം മുതൽ 1,000 രൂപ വില വരുന്ന വസ്ത്രങ്ങളുടെ ചരക്കു സേവന നികുതി (ജിഎസ്‌ടി) അഞ്ചു ശതമാനത്തിൽ നിന്നു 12 ശതമാനമായി ഉയർത്താനുള്ള തീരുമാനം വലിയ ആശങ്കയാണ് ഉണ്ടാക്കിയിട്ടുള്ളത്. നൂൽ സൊസൈറ്റികളുടെ പ്രവർത്തനത്തിനു നേരത്തേ നൽകിയിരുന്ന വിറ്റുവരവിന്റെ രണ്ടര ശതമാനം കമ്മീഷൻ എന്നത്, പ്രതിമാസം 15,000 രൂപ എന്നു കേന്ദ്രം തിരുത്തിയതോടെ അതും സംഘങ്ങളെ വലയ്ക്കുന്നതായി. 

നാഷണൽ ഹാന്‍ഡ്‌ലൂം ഡെവലപ്മെന്റ് കോർപറേഷൻ (എൻഎച്ച്ഡിസി) വഴി സഹകരണ സംഘങ്ങൾക്കു നൽകി വന്ന നൂലിനും ചായത്തിനും മറ്റും വില വർധിച്ചതും മേഖലയുടെ നിലനിൽപ്പിനു ഭീഷണിയായി. കേരളത്തിനു കിട്ടിയിരുന്ന നൂലിന്റെ അളവ് മൂന്നു വർഷത്തിനിടെ മൂന്നിലൊന്നായാണ് കുറഞ്ഞത്. 2017 — 18 ൽ എൻഎച്ച്ഡിസിയിൽ നിന്നു 151ലക്ഷം കിലോ നൂൽ കിട്ടിയിടത്ത് 2020 — 21 ആയപ്പോൾ 52 ലക്ഷം കിലോയായി കുത്തനെ കുറഞ്ഞു.
നിലവിൽ ലഭിക്കുന്ന ഇത്തരം വസ്തുക്കളുടെ അളവ് പരിമിതമായതിനാൽ പുറത്തു നിന്നു വാങ്ങാമെന്നു വച്ചാൽ അതിന് അനുമതിയുമില്ല. ഉല്പാദനവും വിപണനവും പ്രോത്സാഹിപ്പിക്കുന്നതിന് നേരത്തേ നൽകിയിരുന്ന മറ്റു പല ആനുകൂല്യങ്ങളും നിർത്തലാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്തത് മേഖലയെ അപ്പാടെ മാന്ദ്യത്തിലാക്കിയിരിക്കുകയാണ്. ഇതിനൊക്കെപ്പുറമെ, കണ്ണൂരിൽ പ്രവർത്തിച്ചിരുന്ന എൻഎച്ച്ഡിസിയുടെ റീജിയണൽ ഓഫിസ് ബംഗളുരുവിലേക്കു മാറ്റിയതും കൈത്തറി മേഖലയ്ക്കു വിനയായിരിക്കുകയാണ്. 

ക്രിസ്മസ്, ഓണം, വിഷു എന്നീ വിശേഷാവസരങ്ങളിൽ കൈത്തറിവസ്ത്രങ്ങളുടെ വില്പനയ്ക്കു സംസ്ഥാന സർക്കാർ നൽകുന്ന റിബേറ്റിന്റെ ബലത്തിലാണ് നെയ്ത്ത് സഹകരണ സംഘങ്ങളും ഹാന്റ് വീവ്, ഹാന്റ് ടെക്സ് എന്നീ സ്ഥാപനങ്ങളും പിടിച്ചു നില്‍ക്കുന്നത്. സ്കൂൾ കുട്ടികൾക്കായി യൂണിഫോം തുണികൾ ഉല്പാദിപ്പിക്കുന്നതും ഈ പരമ്പരാഗത മേഖലയ്ക്ക് ഒരു കൈത്താങ്ങാണ്. സംസ്ഥാനത്ത് കയർ മേഖല കഴിഞ്ഞാൽ രണ്ടാം സ്ഥാനത്തായിരുന്ന കൈത്തറി മേഖലയിൽ വില്പന മുൻവർഷങ്ങളെ അപേക്ഷിച്ച് 80 ശതമാനത്തോളം കുറവാണ് അനുഭവപ്പെടുന്നത്. ദേശീയ കൈത്തറി ദിനത്തിൽ പതിവുള്ള ആശംസാ സന്ദേശത്തിലേക്ക് ഒതുങ്ങിപ്പോയിരിക്കുന്നു ഈ മേഖലയെക്കുറിച്ചുള്ള കേന്ദ്രത്തിന്റെ കരുതൽ എന്നാണ് ഈ രംഗത്തെ തൊഴിലാളി സംഘടനകളുടെ അഭിപ്രായം. 

ENGLISH SUMMARY:Neglect of hand­loom center
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.