27 March 2024, Wednesday

Related news

February 26, 2024
January 5, 2024
November 19, 2023
November 1, 2023
November 1, 2023
September 14, 2023
August 9, 2023
June 28, 2023
April 25, 2023
April 10, 2023

കൈത്തറി നെയ്ത്തും കൊളാരാടൻ പെരുമയും !

ഓഗസ്റ്റ് ഏഴ്- ഇന്ന് ദേശീയ കൈത്തറി ദിനം
ദിവാകരൻ ചോമ്പാല
August 7, 2022 10:47 am

ബ്രിട്ടീഷ് ഭരണത്തിനെതിരെ ഇന്ത്യയിൽ രൂപീകൃതമായ ബഹുജന മുന്നേറ്റമാണ് സ്വദേശി പ്രസ്ഥാനം . ബ്രിട്ടീഷ് ഉൽപ്പന്നങ്ങൾ ബഹിഷ്‌ക്കരിക്കുക പകരം ഇന്ത്യൻനിർമ്മിത വസ്‌തുക്കളുടെ ഉൽപ്പാദനവും ഉപയോഗവും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യവുമായി 1905 ഓഗസ്റ്റ് ഏഴിനാണ് കൊൽക്കത്തയിൽ ശുഭാരംഭം കുറിച്ചതാണ് സ്വദേശിപ്രസ്ഥാനം . സ്വദേശി പ്രസ്ഥാനത്തിന്റെ ഓർമ്മ പുതുക്കുന്നതോടൊപ്പം ആഗസ്‌ത്‌ 7 കൈത്തറി ദിനമായി ആചരിക്കാനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി 2015 ഓഗസ്റ്റ് ഏഴിന് ചെന്നൈയിൽ വെച്ച് ആദ്യത്തെ കൈത്തറി ദിനാചരണത്തിന് തുടക്കം കുറിക്കുകയുണ്ടായി . കൈത്തറിവ്യവസായത്തെ തകർച്ചയിൽ നിന്നുമുയർത്തുക പ്രോത്സാഹിപ്പിക്കുക പരമ്പരാഗത നെയ്ത്തുതൊഴിലാളികളുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരണം നടത്തുക തുടങ്ങിയ കാര്യങ്ങൾക്ക് മുൻ‌തൂക്കം നൽകിക്കൊണ്ടുള്ള കർമ്മ പദ്ധതി . മൂല്യ വർദ്ധിത കൈത്തറി ഉൽപ്പന്നങ്ങളെ ദേശീയ അന്തർദ്ദേശീയതലത്തിൽ ബ്രാൻഡ് ചെയ്യുന്ന പദ്ധതിയുടെ ലോഗോ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ അടുത്തകാലത്ത് നിർവ്വഹിക്കുകയുമുണ്ടായി . ചോമ്പാലിലെയും പരിസരപ്രദേശങ്ങളിലെയും ഒരു കൂട്ടം ആളുകൾ കാർഷിക മേഖല കഴിഞ്ഞാൽ ഉപജീവനമാർഗ്ഗം എന്നനിലയിൽ സ്വീകരിച്ച മറ്റൊരു തൊഴിൽ മേഖലയായിരുന്നു ഏറെ പഴക്കമുള്ള പരമ്പരാഗത ചെറുകിട വ്യവസായമായ കൈത്തറിത്തുണി നെയ്ത്ത്.


ഇതുകൂടി വായിക്കൂ: നൂൽ ലഭിക്കുന്നില്ല: കൈത്തറി മേഖല സ്തംഭനത്തിലേക്ക്


കുഴിത്തറികളിലായിരുന്നു ആദ്യകാലങ്ങളിൽ ഇവിടുത്തെ നെയ്ത്ത് . കൈത്തറിത്തുണി എന്നപേര് കേൾക്കുമ്പോൾ ആദ്യം മനസ്സിലോടിയെത്തുക നെയ്ത് മഗ്ഗത്തിലൂടെ ഇടത്തോട്ടും വലത്തോട്ടും ഓടുന്നു ഓടത്തിന്റെ താളാത്മകമായ പ്രത്യേകശബ്ദം . ചെറു പ്രായത്തിലെ കണ്ട് വളർന്ന ചോമ്പാലയിലെ കൊളരാട് തെരുവിൻറെ പഴയകാല ചിത്രങ്ങളിലെ ചില വിശേഷങ്ങൾ .ഏകദേശം എഴുപതിലേറെ വർഷങ്ങൾക്ക് മുൻപുള്ള ചില ഓർമ്മക്കാഴ്ചകൾ . ഇന്നത്തേപ്പോലെ വാഹനഗതാഗതമോ റോഡ് സൗകര്യങ്ങളോ ഇലക്ട്രിക്ക് ലൈറ്റുകളോ ഒന്നുമില്ലാത്ത കൊളരാട് തെരുവിന്റെ ചിത്രം ഞാൻ മറന്നിട്ടില്ല . മണൽപ്പരപ്പുള്ള അശേഷം ചരൽക്കെട്ടില്ലാത്ത ഭൂപ്രകൃതി .പറമ്പുകൾക്കു ചുറ്റും കിളച്ചുറപ്പിച്ച ഉയരംകുറഞ്ഞ തിണ്ടുകൾ . ആദ്യത്തെ മഴച്ചാറൽ മണ്ണിൽ വീണാൽ മതി .പാതിമുക്കാലും തിണ്ടുകൾ ഇടിഞ്ഞുപോയിരിക്കും . അതിരുകൾക്ക് അടയാളമിട്ടപോലെ നേരിയ മുള്ളുകളുള്ള കള്ളിമുൾച്ചെടി തിണ്ടുകളിൽ പലേടങ്ങളിലും വെച്ചുപിടിപ്പിച്ചിരിക്കും .ചിലേടങ്ങളിൽ ശീമക്കൊന്നയും മുള്ളുകളുള്ള ഒറോപ്പ ക്കൈതയും . കോളാമ്പിച്ചെടി .വീട്ടുമുറ്റങ്ങളിൽ അവരപ്പന്തൽ .ഇടവഴികളിലൂടെ നടക്കുമ്പോൾ ബ്ലീച്ചിംഗ് പൗഡറിൻറെ ഗന്ധമായിരിക്കും മൂക്കിലടിക്കുക . ചിലവീടുകളിൽ കരിങ്കോഴികളെയും ആടുകളെയും വളർത്തിയിരുന്നു . ക്ഷേത്രപരിസരത്തിൻറെ പരിശുദ്ധിയിൽ സദാ ശ്രദ്ധാലുക്കൾ . കുഴിത്തറികളും അത്യാവശ്യം ചിലേടങ്ങളിൽ മഗ്ഗങ്ങളും നെയ്ത്ത് ശാലകളും നല്ലിചുറ്റൽ കേന്ദ്രങ്ങളും പാവ് ചുറ്റൽകേന്ദ്രങ്ങളും എല്ലാം ചേർന്ന വേറിട്ടൊരിടം .ഇടവഴികളിലെല്ലാം ഓരം ചേർന്ന് ചായം മുക്കിയ നൂലുകൾ മുളംതണ്ടിൽ ഉണങ്ങാനിട്ടിരിക്കും , തലമുറകളിൽ നിന്നും തലമുറകളിലൂടെ പകർന്നുകിട്ടിയ പഴമയുടെ പാരമ്പര്യം അശേഷം കൈവിടാതെ , നൂലിഴകളിൽ ജീവിതം നെയ്തെടുത്തുകൊണ്ട് ഇവിടെ ജീവിച്ചവർ . കൊളരാട് ശാലിയകുടുംബകൂട്ടായ്‌മ . വസ്ത്രനിർമ്മാണം തൊഴിലാക്കിയവരാണ് ശാലിയർ. സാരി അഥവാ ചേലയുടെ നിർമ്മാണമറിയുന്നതുകൊണ്ടാവാം ചാലിയർ എന്നവിളിപ്പേരും ഇവർക്ക് സ്വന്തം . കോളനി അടിസ്ഥാനത്തിൽ അഥവാ തെരുവ് ജീവിതം ഇഷ്ട്ടപ്പെടുന്നവരായിരുന്നു ഇക്കൂട്ടർ .നെയ്ത്തുശാലകളും അതിനു ചുറ്റും പാർപ്പിടങ്ങളും ഏറെ അകലെയല്ലാതെ ആരാധനക്കായി ക്ഷേത്രങ്ങളും ക്ഷേത്രമുറ്റങ്ങളിൽ അരയാൽമരവും തറകെട്ടി നട്ടുവളർത്തുന്നതുമെല്ലാം ഇവരുടെ വിശ്വാസത്തിൻറെ ‚ജീവിതരീതിയുടെ ഭാഗം . പഴയകാലഘട്ടങ്ങളിൽ ഇവരിൽ ഒരു വിഭാഗം വലംകൈ ( വലങ്ക ) മറ്റൊരുവിഭാഗം ഇടംകൈ (ഇടങ്ക ) എന്നപേരിലുമാണറിയപ്പെട്ടതെന്ന് ചില പ്രായക്കൂടുതലുള്ള ആളുകൾ പറയുന്നു . ക്ഷേത്രാരാധനക്കായി വലങ്കേരു വിഭാഗം ഗണപതിയേയും ഇടങ്കേരു വിഭാഗം ഭഗവതിയേയുമാണ് പ്രതിഷ്ട്ടിച്ചിരുന്നതെന്നറിയുന്നു.

ആ നിലയിൽ ചോമ്പാൽ കൊളരാട് ഗണപതിക്ഷേത്രത്തിന്റെ ചുറ്റുപാടും കേന്ദ്രമായി നെയ്ത്ത് തൊഴിലുമായി കാലങ്ങൾക്ക് മുൻപേ കുടിപാർത്ത ശാലിയ സമുദായക്കാർ വലങ്കേരു വിഭാഗഗത്തിലാവാനാണ് സാധ്യതയേറെ .നെയ്ത്തും അനുബന്ധ തൊഴിലുകളുമായി കാലം കഴിച്ച ഒരു കൂട്ടം ദുർബ്ബല വിഭാഗത്തിൻറെ ആവാസകേന്ദ്രം കൂടിയായിരുന്നു കൊളരാട് തെരുവും പരിസരപ്രദേശങ്ങളും . സംഘടിക്കാനും ശക്തരാവാനും ഒന്നിനും നേരമില്ലാതെ രാപ്പകൽ അദ്ധ്വാനിക്കാൻ മാത്രമറിയാവുന്ന ”കൊളരാടൻ കൂട്ടായ്‌മ ”. ഓട് മേഞ്ഞ വീടുകൾ നന്നേ വിരളം. ചെറിയ ചെറിയ കുടിലുകൾ പോലുള്ള വീടുകൾ .ഇടവഴികളോട് വളരെ അടുത്ത വീട്ടുമുറ്റങ്ങൾ . വീടിന്റെ മുൻവശത്തെ ചാണകം മെഴുകിയ ചെറിയ കോലായികളിൽ ഇരുവശങ്ങളിലും നല്ലി ചുറ്റാനുള്ള ചക്രങ്ങളുമായി പാതിരാത്രിയിലും റാന്തൽ വിളക്കിൻറെ വെളിച്ചത്തിൽ സ്ത്രീകൾ ജോലി ചെയ്‌തുകൊണ്ടിരിക്കും. ചിലനേരങ്ങളിൽ കൈക്കുഞ്ഞുങ്ങളെ മടിയിൽ കിടത്തി മുലയൂട്ടിക്കൊണ്ട് രണ്ടു കൈകളും ഉപയോഗിച്ച് നല്ലിചുറ്റുന്നതുമെല്ലാം ഇവിടുത്തെ പതിവ് കാഴ്ച്ചകൾ . ആണുങ്ങൾ അതാതിടങ്ങളിലും അയലത്തുമായുള്ള നെയ്ത്ത് തറികളിൽ തുണി നെയ്ത്തിലും അനുബന്ധമായ മറ്റു തൊഴിലുകളിലും ഏർപ്പെട്ടവർ . ചായം മുക്കലും പാവ് ചുറ്റലുമായി മറ്റു ചിലർ. ഇക്കൂട്ടരിൽ ബഹുഭൂരിഭാഗം പുരുഷന്മാരും സ്ത്രീകളും മിക്കവാറും ഏറെക്കുറെ നല്ല വെളുത്തു തുടുത്ത നിറത്തിലുള്ളവർ .സ്ത്രീകളിൽ പലരും സവർണ്ണജാതിക്കാരിലും സുന്ദരികൾ . ഇവരുടെ പൂർവ്വീകന്മാർ ഏത് ഗോത്രക്കാരെന്നോ എവിടെനിന്നെത്തിയെന്നോ വ്യക്തമല്ല . കാസർഗോഡ് ഭാഗത്ത് ശാലിയരെ ദേവാംഗരെന്നാണ് വിളിക്കുക .ഉത്തര കേരളത്തിലെ ശാലിയസമുദായത്തിൽ പെട്ടവർ വിഷുദിവസം വൈകുന്നേരം നടത്തുന്ന ചപ്പക്കെട്ട് അനുഷ്ട്ടാനപരമമായ ഒരാഘോഷമായാണ് ഇപ്പോഴും തുടരുന്നത് . പല കുടുംബങ്ങളും അറിയപ്പെട്ടിരുന്നതാവട്ടെ രസകരമായ ചില പേരുകളിൽ .എലിമ്പൻ ‚നമ്പിടി,പൈങ്കി .പുകയില .കിടക്ക ‚പൂണൂൽ ‚തെക്കൻ ‚വടക്കൻ ‚മുരിക്കൻ , പാലയാടാൻ അങ്ങിനെ നീളുന്ന ഒരുപാട് പേരുകൾ. അക്കാലത്തെ ഇവിടുത്തെ തെരുവിലെ ചില പ്രമുഖന്മാർ .കതിരൂ ശങ്കരൻ , ആറ്റോടി പൈതൽ, കല്ലാടൻ നാരായണൻ ‚കല്ലാടൻ കണാരൻ, പി .ചാത്തു ‚മടപ്പറമ്പത്ത് ഗോവിന്ദൻ , കെ. പൈതൽ ‚കിഴക്കെ ആലാച്യത്ത് കെ .എ.നാരായണൻ ‚പൈങ്കി കേളു ‚പി കെ നാരായണൻ തുടങ്ങിയ എത്രയോ പേർ .ഇവരിൽ കെ .പൈതൽ ജനസമ്മതനും അഴിയൂർ പഞ്ചായത്ത് പ്രസിഡണ്ടും കൂടിയായിരുന്നു . ചുറ്റുപാടിൽ ചെറുതും അത്യാവശ്യം വലുതുമായ ചായക്കടകൾ .പത്തുപതിനൊന്നു മണിയാവും പത്രമെത്താൻ .മാതൃഭൂമി കിട്ടൻ എന്നൊരാളാണ് അക്കാലങ്ങളിൽ നടന്നുകൊണ്ട് പത്രവിതരണം ചെയ്‌തിരുന്നത്‌ . ഓപി യുടെ പീടിക ‚കിഴക്കേടത്ത് ബാലൻ മാസ്റ്ററുടെ പീടിക , ജയശ്രീസ് തുടങ്ങിയ കടകൾ .പിൽക്കാലങ്ങളിൽ അവിടെത്തന്നെ ചെറിയ വായനശാല. ഈ കടകളിൽ നിന്ന് ദേശാഭിമാനിയും മാതൃഭൂമിയും വായിച്ച് വളർന്നവരിൽ പലരും പ്രാദേശിക രാഷ്ട്രീയ നേതാക്കളും പിൽക്കാലങ്ങളിൽ സംസ്ഥാന പദവികളിലടക്കം രാഷ്ട്രീയ പ്രാധാന്യമുള്ള നിലയിലെത്തിയവരുമുണ്ട് . അവകാശങ്ങൾക്ക് വേണ്ടി വിലപേശാനറിയാതിരുന്ന പഴയകാലങ്ങളിൽ ഇവിടുത്തെ നെയ്ത്തുതൊഴിലാളികളിൽ സംഘടനാബോധം ഊട്ടിയുറപ്പിക്കുന്നതോടൊപ്പം അവരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാൻ മുന്നിട്ടിറങ്ങിയ നേതാക്കന്മാരിൽ ഏറെ പ്രമുഖനായിരുന്നു സി പി എം ജില്ലാസെക്രട്ടറി കൂടിയായ എം ദാസൻ . കൂട്ടത്തിൽ കുടുംബാംഗത്തെ പ്പോലുള്ള അദ്ദേഹത്തിന്റെ വേർപാടിന്റെ നൊമ്പരം കാലമേറെയായിട്ടും വിട്ടുമാറാത്തവരാണ് ഇവിടുത്തെ നെയ്തു തൊഴിലാളികൾ .പട്ടിയാട്ട് കേളപ്പൻ ‚തോട്ടക്കണ്ടി അച്യുതൻ ‚പൂണൂൽ നാരായണൻ മാഷ് ‚ഇ എം ദയാനന്ദൻ കൊടക്കാട്ട് നാണു അങ്ങിനെ നീളുന്ന എത്രയോ പേരുടെ കൂട്ടായ്‌മയും പ്രോത്സാഹനവും നേതൃത്വവും ഇവിടുത്തെ നെയ്ത്ത് തൊഴിലാളികളുടെ നെയ്ത്തു വ്യവസായത്തിൻറെ വളർച്ചയുടെ മുഖ്യ പോഷകഘടകങ്ങൾ .

ശാലിയസമുദായക്കാരിൽ പ്രമാണിമായവരെയാണ് ചെട്ടിയാർ എന്ന് വിളിക്കാറുള്ളത് . ഓർമ്മവെച്ച നാൾ മുതൽ കാണുന്നത് മുക്കാളിയിലെ സാമാന്യം വലിയ തുണിക്കട പി കെ നാരായണൻ ചെട്ടിയാരുടേത് . രണ്ടാം ക്ലാസ്സിലും മൂന്നാം ക്ലാസ്സിലുമെല്ലാം പഠിക്കുന്ന കാലത്ത് വള്ളിനിക്കർ തുന്നാനുള്ള തുണി പി കെ നാരായണൻ ചെട്ടിയാരുടെ തുണിക്കടയിൽ നിന്നാണ് അച്ഛൻ എനിക്ക് വാങ്ങിത്തരാറുള്ളത് .ബിന്നി അരവിന്ദ് തുടങ്ങിയവ മികച്ച മില്ലുകൾ .ഷർട്ടിന്റെ തുണിയിൽ മികച്ചത് പോപ്‌ളിൻ .പി കെ നാരായൺ ചെട്ടിയാരുടെ പാരമ്പര്യം നിലനിർത്തിക്കൊണ്ട് മകൻ പി കെ രാമചന്ദ്രനാണ് ഇന്ന് മുക്കാളിയിലെ പ്രമുഖ വസ്ത്രവ്യാപാരി. അതിനും ഏറെ മുൻപ് ഒരുനൂറ്റാണ്ടിനുമപ്പുറം എന്റെ അച്ഛന്റെ അച്ഛൻ മുക്കാളിയിൽ തുണിക്കച്ചവടം നടത്തിയിരുന്നതായി ഞാൻ പറഞ്ഞുകേട്ടിട്ടുണ്ട്. അക്കാലത്ത് എന്റെ മുത്തശ്ശൻ തുണിക്കടയിലുപയോഗിച്ച സാമാന്യം വലിയ ചില്ലലമാരമകളും മേശയും തിരുശേഷിപ്പുപോലെ ഞങ്ങളുടെ വീടുകളിലിന്നുമുണ്ട് . ആ നിലയിൽ തുണിക്കച്ചവടം ചെട്ടിയാർമാർ മാത്രമായിരുന്നില്ല പണ്ടുനടത്തിയതെന്നുവേണം കരുതാൻ . രണ്ടുകാലിനും ജന്മനാ സ്വാധീനമില്ലെങ്കിലും ചുറ്റുപാടിലുള്ള ജനങ്ങൾക്കുവേണ്ടി പൊതുകാര്യപ്രസക്തൻ എന്നനിലയിൽ നിഷ്ക്കാമകർമ്മം ചെയ്‌തുകൊണ്ട് ജീവിതത്തിന്റെ ബഹുഭൂരിഭാഗം സമയവും സേവനത്തിനായി നീക്കിവെച്ച വേറിട്ട രാഷ്ട്രീയക്കാരനായിരുന്നു കൊളരാട് തെരുവിലെ കെ എ നാരായണൻ എന്ന മഹാമനസ്‌കൻ .നിസ്വാർത്ഥൻ . ചോമ്പാൽ സർവ്വീസ് കോ ഓപ് ബാങ്ക് പ്രസിഡണ്ട് ‚അഴിയൂർ ഗ്രാമപഞ്ചായത്ത് മെമ്പർ തുടങ്ങി എത്രയോ പദവികൾ . ചോമ്പാലയിൽ ഒരു സഹകരണ ആശുപത്രി അദ്ദേഹത്തിന്റെ സ്വപ്‌നമായിരുന്നു . കോ ഓപ് സ്റ്റോറും. .സ്ഥാപനങ്ങൾ നിലനിർത്താൻ വേണ്ടപ്പെട്ടവരോടും ഉദാരമതികളോടുമെല്ലാം വ്യക്തിപരമായി കൈനീട്ടി കടം വാങ്ങാൻപോലും മടിയില്ലാത്ത ശുദ്ധാത്മാവായ ശ്രീ . കെ .എ .നാരായണൻ ഓർമ്മയായിട്ടേറെയായി . ശിരസ്സ് നമിച്ചുകൊണ്ടേ അദ്ദേഹത്തെപ്പോലുള്ള സാമൂഹ്യപ്രവർത്തകരെ നമുക്ക് ഓർമ്മിക്കാനാവൂ . ഒന്നും പഠിക്കാനാവാത്തവർ ടൈപ്പ്റൈറ്ററിംഗ്‌ പഠിക്കാൻ പോവുക എന്ന നിലയിലായിരുന്നു പഴയ കാലങ്ങളിൽ ഇവിടുത്തെ പലരും കൊളരാട് തെരുവിൽ നെയ്ത്തു പഠിക്കാൻ പോയിരുന്നത് . പത്താം തരാം പാസ്സയാൽ അടുത്തൊന്നും അക്കാലങ്ങളിൽ കോളേജില്ലാത്തതുകൊണ്ടാവാം പലരും നെയ്തു തൊഴിൽ അഭ്യസിക്കാൻ കൊളരാട് തെരുവിലെത്തും .ഏറെക്കഴിഞ്ഞാണ് മറ്റപ്പള്ളിയിൽ കോളേജ് തുടങ്ങിയത് . ഇവിടുത്തെ നെയ്‌ത്തുശാലകളിൽ തുടക്കാരായെത്തിയവരിൽ പലരും പിൽക്കാലങ്ങളിൽ സജീവരാഷ്ട്രീയപ്രവർത്തകരായി മാറുകയും പ്രാദേശികനേതൃത്വനിരയിൽനിന്നും ഒരുപാടുയരങ്ങളിലേയ്ക്ക് അടിവെച്ചടിവെച്ച് കടന്നുപോകുകയുമുണ്ടായിട്ടുണ്ട് .


ഇതുകൂടി വായിക്കൂ: കൈത്തറിയോട് കേന്ദ്രത്തിന് അവഗണന


കൂനൻ ചാത്തു മേസ്‌തിരി യെപ്പോലുള്ള ഒരുപാട് നെയ്ത്ത് വിദഗ്ദ്ധന്മാരുടെ കീഴിൽ നെയ്ത്തു തൊഴിൽ ശീലിച്ചവരാണ് ഇവിടെ ഇന്നുള്ള നെയ്ത്തു തൊഴിലാളികളിൽ പലരും. നൂൽ പുഴുങ്ങുക ‚ബ്ലീച്ച് ചെയ്യുക ‚ചായം മുക്കി ഉണക്കുക , പാവിന്‌ പിരിച്ചുകൂട്ടുക ‚പാവുകൂട്ടുക ‚പാവ് ചുറ്റുക ‚കഞ്ഞി മുക്കുക ‚തുണി മുറിക്കുക ‚തുണി മടക്കുക തുടങ്ങിയ നിരവധി പേരുകളിലായിരുന്നു നെയ്ത്തുമായി ബന്ധപ്പെട്ട ജോലികളുടെ തരം തിരിവുകൾ അക്കാലങ്ങളിൽ അറിയപ്പെട്ടിരുന്നത് . നെയ്ത്ത് തറിക്ക് ഇവിടുത്തുകാർ മഗ്ഗം എന്നാണു പറയുക . മഗ്ഗത്തിന്റെ ഇരിപ്പു പടിയിലിരുന്നാൽ രണ്ട് കാൽ പാദങ്ങൾ കൊണ്ട് ചവുട്ടി നിയന്ത്രിക്കാൻ പാകത്തിൽ കുറെ മരത്തണ്ടുകൾ ചരടിലുറപ്പിച്ചിരിക്കും . ഈ മരത്തണ്ടുകളിൽ മാറി മാറി ചവുട്ടിത്താഴ്ത്തുന്നതിനനുസരിച്ച് അച്ചിൽ കോർത്ത പാവ് അഥവാ നൂലടുക്കുകൾ ആവശ്യാനുസരണം വിടർന്നുയരും . ഈ വിടവിലൂടെയായിരിക്കും ദ്രുതഗതിയിൽ ഓടം കടന്നുപോവുക . രണ്ടറ്റവും സൂചിപോലെ കൂർത്ത മുനയുള്ള പിച്ചളക്കെട്ടുള്ള മരത്തിലാണ് ഓടം നിർമ്മിക്കുക .അതിവേഗതയിൽ വരുന്ന ഓടം കൈവെള്ളയിൽ ഒതുക്കിപ്പിടിക്കുന്നതിൽ അശേഷം ശ്രദ്ധ മാറിയാൽ കൈപ്പത്തി തുളഞ്ഞുപോകും തീർച്ച . തുണിയിലെ ഡിസൈനുകൾക്കനുസരിച്ച് നൂലിന്റെ നിറത്തിലും ഓടത്തിന്റെ എണ്ണത്തിലും മാറ്റമുണ്ടാകും .ഓടം വെക്കുന്ന സ്ഥലത്തിന് പക്ഷിപ്പലക എന്നാണ് പറയുക . തുണി വലിഞ്ഞുപോകാതിരിക്കാൻ ഉറപ്പിക്കുന്ന ഉപകരണത്തിനാണ് ഇവിടുത്തുകാർ ”കമ്പർപട്ട ” എന്ന് പറയുന്നത്. ഒരു പാവ് മഗ്ഗത്തിൽ കയറ്റാൻ ചുരുങ്ങിയത് അഞ്ചാളുടെ കൂട്ടായ്‌മ വേണം . നേരത്തെ നെയ്‌ത് അവസാനിപ്പിച്ച തുണിയുടെ അറ്റത്താണ് പുതുതായി പിരിച്ച് കൂട്ടുക . തോണ്ടി എന്ന സൂചി പോലുള്ള ഒരുപകരണംകൊണ്ടാണ് അച്ചിലൂടെ നൂൽ വലിച്ചെടുക്കുക . കോപ്പാങ്കണ്ടി അച്യുതൻ എന്നൊരാളായിരുന്നു ഈ തൊഴിലിൽ എന്റെ അറിവിൽ പെട്ട വിദഗ്ധൻ. കാൽ ചവുട്ടിയായി മിനിമം രണ്ടെണ്ണം .ഡിസൈൻ കൂടുന്നതിനനുസരിച്ച് നാലും ആറും വരെയൊക്കെയാവും ചവുട്ടിൻറെ എണ്ണം . കുഴിത്തറി നെയ്ത്ത് ശീലിച്ചിരുന്ന കേരളത്തിലെ നെയ്ത്ത് തൊഴിലാളികൾക്ക് 1852 ൽ ജർമ്മനിയിൽ നിന്നും ഇവിടെയെത്തിയ ജർമ്മൻ മിഷണറിമാരിലൂടെയാണ് ജർമ്മനയിൽ അക്കാലത്ത് പ്രചാരത്തിലുള്ള ഫ്രെയിം ലൂമുകളും വീലോട് കൂടിയ ഷട്ടിലുകളും ഉപയോഗിക്കാൻ പഠിക്കാനിടയായത് . 1852 കാലഘട്ടങ്ങളിൽ സ്വിറ്റ്‌സർലൻഡിൽ നിന്നും കേരളത്തിലെത്തിയ ബാസൽ മിഷ്യൻകാർ കണ്ണൂരിലെ ബർണശ്ശേരിയിൽ നെയ്ത്തുശാല സ്ഥാപിച്ചതോടെയാണ് കണ്ണൂരിൽ നെയ്‌ത്തുവ്യവസായം വേരോടിത്തുടങ്ങിയത് .തിറകളുടെ നാടായ കണ്ണൂർ തറികളുടെ നാടായതുമങ്ങിനെ . പിൽക്കാലങ്ങളിൽ ചൂരിക്കാടൻ ആറോൺ എന്ന പ്രമുഖ വ്യക്തി നൂറ്റി മുപ്പത്തിഒന്ന് വർഷങ്ങൾക്ക് മുൻപ് ”സി ആറോൺ ആന്റ് സൺസ് ” എന്നപേരിൽ കണ്ണൂരിൽ ആരംഭിച്ച ഇടത്തരം കൈത്തറി നെയ്ത്തുശാല പിൽക്കാലത്ത് അദ്ദേഹത്തിൻറെ മകൻ സാമുവൽ ആറോൺ പാപ്പിനിശ്ശേരിയിൽ കുറേക്കൂടി വിപുലമായ തോതിൽ ആരംഭിച്ചതോടെ കൈത്തറി വ്യവസായം കണ്ണൂരിൽ ആഴത്തിൽ വേരോടുകയായിരുന്നു .

ഇന്ത്യയുടെ നാനാഭാഗങ്ങളിലേയ്ക്കും കൈത്തറിത്തുണിത്തരങ്ങൾ കയറ്റിഅയക്കുവാനുള്ള സൗകര്യം മുൻ നിർത്തി കണ്ണൂരിലെ ചിറക്കൽ എന്നസ്ഥലത്ത് എത്രയോ മുൻപ് തന്നെ റെയിൽവേസ്റ്റേഷൻ സ്ഥാപിക്കുകയുമുണ്ടായി . കൊളരാട്തെരുവിലും പരിസരങ്ങളിലുമുണ്ടായിരുന്നു എണ്ണമറ്റ നെയ്ത്ത് തൊഴിലാളികൾക്ക് താങ്ങും തണലും മാർഗ്ഗദർശിയുമായി പുരോഗതിയുടെ അത്യുന്നതങ്ങളിലേയ്ക്ക് കൈപിടിച്ചുയർത്തിയ മഹാനായ ഒരു മനുഷ്യസ്നേഹി ‚പരോപകാരിയായ സാമൂഹ്യപ്രവർത്തകൻ,ഗാന്ധിയൻ ഇവിടെ ഉണ്ടായിരുന്നു . അഖിലേന്ത്യാ കൈത്തറി ബോർഡ് ചെയർമാൻ കൂടിയായിരുന്ന ശ്രീ .പി .ചാത്തു എന്ന ചോമ്പാലക്കാരൻ .കല്ലാമല സ്‌കൂളിന്റെ മാനേജർ കൂടിയായിരുന്നു അദ്ദേഹം .അഴിയൂർ ഗ്രാമപഞ്ചായത്തിന്റെ പ്രസിഡണ്ടും . പഴയകാലങ്ങളിൽ പ്രദേശത്തെ ഒട്ടുമുക്കാൽ പൊതുപരിപാടികളിലും അദ്ധ്യക്ഷ പദവി അലങ്കരിച്ചിരുന്നതും അക്കാലത്തെ വിദ്യാസമ്പന്നനും സാംസ്ക്കാരിക പ്രവർത്തകനുമായ ശ്രീ .പി ചാത്തു തന്നെ . പഴയകാലങ്ങളിൽ ഇംഗ്ളീഷ് പരിജ്ഞാനമുള്ള പ്രദേശത്തെ വിരലിലെണ്ണാവുന്ന വ്യക്തികളിൽ ഒരാളായിരുന്ന ഇദ്ദേഹം പല പ്രസംഗവേദികളിലും ഇംഗ്ളീഷിൽ പ്രസംഗിക്കുന്നവർക്ക് ഇദ്ദേഹം തർജ്ജമചെയ്‌തു കൊടുക്കുന്നതും എന്റെ കുട്ടിക്കാലത്ത് ഞാൻ കണ്ടിട്ടുണ്ട് . കൊളരാട് തെരുവിലെ നെയ്ത്തുതൊഴിലാളികളുടെ ജീവിതത്തിൽ സമൂലമായ മാറ്റങ്ങളോടെ അത്യുന്നത തലങ്ങളിലെത്തിക്കാൻ ശ്രീ .പി ചാത്തു ചെയ്ത സേവനങ്ങൾ വിസ്‌മരിക്കാനാവാത്തതാണ് . അഖിലേന്ത്യാ കൈത്തറി ബോർഡ് ചെയർമാൻ പദവിയിൽ നിന്നുകൊണ്ട് കേരളത്തിലെ കൈത്തറി വ്യവസായത്തെ പുരോഗതിയിലേക്ക് നയിക്കാൻ ശ്രീ .പി ചാത്തു ചെയ്ത സേവനങ്ങൾ അക്കമിട്ട് നിരത്താനേറെ. . കോറത്തുണി നിർമ്മാണം ‚അതിനും പുറമെ വിദേശങ്ങളിലേക്കുള്ള ക്രയിപ്പ് തുണികളുടെ നിർമ്മാണവും കയറ്റുമതിയും ആരംഭിച്ചതോടെ കൊളരാട് തെരുവിന്റെ ശനിദശ തീരുകയായിരുന്നു . ഇരുന്നേടത്തുനിന്നും എണീറ്റാലെന്നപോലെയാണ് കൊളരാട് തെരുവിന്റെ പിന്നീടുള്ള പുരോഗതി. തെരുവിൻറെ ഹൃദയം എന്ന് പറയാവുന്ന കൊളരാട് ഗണപതി ക്ഷേത്രവും മുഖം മിനുക്കിയ നിലയിൽ .ഒരുപാട് മാറ്റങ്ങൾ ഇവിടുത്തെ ഗണപതി ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം പഴയകാലങ്ങളിൽ ഏറെ പ്രസിദ്ധമായിരുന്നു .ശിവരാത്രി കാലത്ത് ഇവിടെനടക്കുന്ന അഷ്ടദിക്ക്പാലകർക്കായുള്ള വിശേഷാൽ പൂജയും ഏറെ പ്രധാനപ്പെട്ടതാണ് . 8 ദിക്കിലുമുള്ള ദിശാപാലകർക്ക് ഒരു കാൽ പാദം ഇടവിട്ടാണ് നിവേദ്യങ്ങൾക്കായി ഇലവെയ്ക്കുക . ചുറ്റോട് ചുറ്റും ഇതേ തോതിൽ ഇല നിരത്തിയിരിക്കും .ഒരു ചുറ്റിന് ഒരു നിവേദ്യം എന്ന നിലയിൽ 5 ചുറ്റിലുമായി അഞ്ചുതരം നിവേദ്യങ്ങൾ .ഇതാണിവിടുത്തെ രീതി .

 

കൊളരാട് തെരുവിലെ ഗണപതി ക്ഷേത്രത്തിലെ ഉത്സവം ഈ ഗ്രാമത്തിൻറെ മഹോത്സവം കൂടിയായിരുന്നു ‚ക്ഷേത്രപരിസരത്ത് അതിവിശാലമായ ചുറ്റുപാടില്ലെങ്കിലും ആയിരക്കണക്കിന് ആളുകൾ അവിടെയുമിവിടെയുമൊക്കെയായി അലോസരങ്ങളില്ലാതെ ഉത്സവ പരിപാടികളിൽ പങ്കെടുക്കുന്നതും ഇവിടുത്തെ പതിവ് . തിരുമുമ്പിൽ ചാത്തുചെട്ടിയാർ എന്ന കോമരം കയ്യിലെ കൈ വാളുകൊണ്ട് സ്വന്തം ശിരസ്സിൽ ചെറുതായി വെട്ടുന്നതും നെറ്റിയിൽ ചോരത്തുള്ളികൾ ഒലിച്ചിറങ്ങുന്നതും ഉത്സവകാലത്ത് അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട് ‚ചോര വരുമ്പോൾ മഞ്ഞൾ പൊടി വാരി തലയിൽ തൂവും .അത്രതന്നെ .എല്ലാം വിശ്വാസത്തിന്റെ ഭാഗം . കാലം മാറി .ഓലമേഞ്ഞ വീടുകൾ ഈ തെരുവിലെങ്ങും കാണാനില്ലാത്ത നില .ഒരു പ്രദേശത്തിന്റെ വികസനം ഇവിടെ തുടങ്ങുന്നു. കൊളരാട് തെരുവിന് അലങ്കാരമായി കോൺക്രീറ്റ് വീടുകളും ബഹുനില മാളികകളും. അലങ്കാരച്ചമയങ്ങളോടെയുള്ള ചുറ്റുമതിലുകൾ .ഡിഷ് ആന്റിനയുറപ്പിച്ച രമ്യഹർമ്യങ്ങൾ !പൂന്തോട്ടങ്ങൾ ചുറ്റുപാടുകൾ ഇരുചകവാഹനങ്ങൾ . വിലകൂടിയ കാറുകൾ പുതപ്പിച്ച് നിർത്തിയ വീട്ടുമുറ്റങ്ങൾ ‚ശീതീകരിച്ച വീടകങ്ങൾ !. കൊളരാട് തെരുവിലെ ഒട്ടുമുക്കാൽ വീടുകളിലുള്ളവരും വിദ്യാഭ്യാസത്തിലും സാംസ്‌കാരിക ഔന്നത്യത്തിലും രാഷ്ട്രീയ സാംസ്‌ക്കാരിക രംഗങ്ങളിലും ഏറെമുന്നിൽ. സമ്പന്നതയുടെ അതിപ്രസരത്തിലും പോയകാലത്തിൻറെ ഓർമ്മകളായവിറക്കുന്നവരേറെയുള്ള പ്രദേശമാണിതെന്ന് അഭിമാനപൂർവ്വം പറയാതെ വയ്യ. പണ്ടത്തെ കുടിലുകളിൽ കഴിഞ്ഞ പല വീട്ടമ്മമാരും മക്കളുടെ സൗകര്യാർത്ഥം നഗരങ്ങളിൽ ഫ്‌ളാറ്റമ്മമാരായും കഴിയുന്നു . നഗരമാണോ നാട്ടുമ്പുറമാണോ എന്ന് വേർതിരിച്ചറിയാനാവാത്ത വളർച്ചയുടെ തുടക്കം . ഭാഗ്യഷോടതി അടിച്ചല്ല ഈ വളർച്ച ഉണ്ടായത് . ഇവരുടെ പൂർവ്വീകന്മാർ രാവും പകലും ഊണുമുറക്കവുമില്ലാതെ നെയ്ത്ത് മഗ്ഗത്തിൽ നെഞ്ചിട്ടടിച്ചും വിയത്തൊലിച്ച് കൈതളർന്നും പട്ടിണികിടന്നും ധൂർത്ത് ഒഴിവാക്കിയും നേടിയെടുത്ത തൊഴിൽ സംസ്ക്കാരം ദുർവ്വിനിയോഗം ചെയ്യാതെ നിലനിർത്തിയ യുവതലമുറ ഇവിടെ ഉണ്ടെന്ന് പറയുന്നതാവും കൂടുതൽ ശരി. കോട്ടൺ നൈറ്റികളും അണ്ടർ സ്കേർട്ടും നിർമ്മിച്ച് വിപണികണ്ടെത്തിയ ഈ തെരുവിലെ മിടുക്കന്മാരായ ചെറുപ്പക്കാർ ഫാക്ടറി ഉടമകളുടെ നിലവാരത്തിൽ എത്തിനിൽക്കുന്നതും കൊളരാടിൻറെ നാട്ടുപെരുമ ! . യൂറോപ്പിലും അമേരിക്കയിലും കയറ്റുമതി ചെയ്തിരുന്ന ‘ക്രെയിപ്പ് ’ എന്ന തുണിക്കും നന്ദി പറയാം . ഒപ്പം കൊളരാടിൻറെ വളർച്ചക്കും ഉയർച്ചക്കും മാറ്റങ്ങൾക്കും മുന്നിട്ടിറങ്ങി പ്രവർത്തിച്ച വിജയം നേടിയ ശ്രീ .പി .ചാത്തു എന്ന മനുഷ്യസ്നേഹിയെക്കൂടി കൃതജ്ഞതാപൂർവ്വം നമുക്ക് സ്‌മരിക്കാം . കൊളരാട് തെരുവിന്റെ പഴയ കാലഘട്ടത്തിലെ നവോത്ഥാന നായകനായ പി ചാത്തുവിന് അർഹിക്കുന്ന തോതിൽ ഒരു സ്‌മാരകം ഇവിടെ ഇല്ലാതെ പോയത് ഖേദകരം എന്ന് പറയാതെ വയ്യ. കൊളരാട് തെരുവിനെ പുതിയ തലമുറക്കാർ ”പി .ചാത്തുനഗർ ” എന്നാക്കുമെങ്കിൽ ഏറെ നല്ലത് . നന്മയുടെ നേർക്ക് വെറുതെ വിരൽ ചൂണ്ടിയെന്നു മാത്രം . നിയമങ്ങൾ ഭേദഗതികൾ തുടങ്ങിയവ ആസൂത്രണം ചെയ്യുന്നതിനോളം തന്നെ പ്രാധാന്യവും പരിഗണനയും അത് നടപ്പിലാക്കുന്ന കാര്യത്തിലും സർക്കാർ കാണിക്കുമെങ്കിൽ ഏറെ നല്ലത് . സർക്കാർ ഓഫീസുകളിലെ ജീവനക്കാർ ആഴ്ച്ചയിലൊരിക്കൽ കൈത്തറി ഖാധി വസ്ത്രങ്ങൾ ധരിക്കണമെന്ന നിയമം കടലാസ്സിൽ മാത്രം ഒതുങ്ങിനിൽക്കുന്നു .ആരെ ഭയന്നാണാവോ ഈ നിയമം ദുർബ്ബലപ്പെട്ടുപോയത് ?.

 

 

മാസ്ക്ക് ധരിക്കണമെന്നപോലെതന്നെ ഈ നിയമവും കർശനമാക്കുവാൻ സർക്കാർ നടപടികളെടുക്കുമെങ്കിൽ ലക്ഷക്കണക്കിന് നെയ്ത്ത് തൊഴിലാളികൾക്ക് അത് ഏറെ ആശ്വാസമാകും തീർച്ച . കമ്യുണിസ്റ് പാർട്ടിയുടെ വളർച്ചയുടെയും വികാസത്തിൻറെയും കാലഘട്ടം മുതൽ കർഷകത്തൊഴിലാളികളും നെയ്ത്ത് തൊഴിലാളികളുമായിരുന്നു ജാഥകളിലും സമരമുഖത്തും മുൻ നിരയിലുണ്ടായിരുന്നതെന്നും വിസ്‌മരിക്കാനാവാത്ത സത്യം . നൂറ്റാണ്ടുകളുടെ ചരിത്രപാരമ്പര്യമുള്ള കൈത്തറിക്കുമുണ്ട് പറയാനേറെ കഥകൾ . ഇന്ത്യയിലും വിദേശരാജ്യങ്ങളിലും ഏറെ പ്രിയങ്കരമായ കൈത്തറി വസ്ത്രങ്ങളുടെ നിർമ്മാണ മേഖലകളിൽ ഏറെ പ്രസിദ്ധമായ സ്ഥലമാണ് നെയ്യാറ്റിൻകരക്കടുത്തുള്ള ബാലരാമപുരം . .തിരുവിതാംകൂർ മഹാരാജാവായിരുന്ന അവിട്ടം തിരുനാൾ ബാലരാമവർമ്മയുടെ ഭരണകാലത്താണ് ഈ സ്ഥലം കൈത്തറി നിർമ്മാണ മേഖലയായി മാറിയത് . തമിഴ് നാട്ടിൽ നിന്നും വിദഗ്ധരായ നെയ്ത്തുകാരെ തിരഞ്ഞുപിടിച്ച് ഇവിടെ കുടിപാർപ്പിച്ചു . ക്രമേണ ഈ തൊഴിലറിയാവുന്നവർ കുടുംബസമേതം ഇവിടെ എത്തിച്ചേരുകയും ഏറെ താമസമില്ലാതെ തന്നെ ഈ പ്രദേശം നെയ്ത്തുകാരുടെ ഒരു കോളനിയായി മാറുകയുമായിരുന്നു . കാലാന്തരത്തിൽ ബാലരാമവർമ്മ മഹാരാജാവിന്റെ സ്‌മരണക്കായി ഈ സ്ഥലത്തിന് ബാലരാമപുരം എന്ന പേരുമിട്ട് . ഇതുപോലെ മറ്റൊരു പ്രസിദ്ധമായ പേരാണ് കൂത്താമ്പുള്ളി . അഞ്ഞൂറ് വർഷങ്ങൾക്ക് മുൻപ് കൊച്ചി രാജവംശത്തിന് വിശിഷ്ഠ വസ്ത്രങ്ങൾ നെയ്തെടുക്കാൻ കർണ്ണാടകയിൽ നിന്നുമെത്തിയ നെയ്ത്തു തൊഴിലാളികളുടെ പിൻമുറക്കാരാണത്രെ കൂത്താമ്പുള്ളിയിൽ ഇന്നുകാണുന്ന എണ്ണമറ്റ ബ്രാഹ്മണ കുടുംബങ്ങൾ . മികവിൽ മികച്ച നിലയിൽ ഇവിടെ നിന്നും കൈത്തറി സാരികൾ നെയ്തെടുക്കുന്നകാഴ്ച ആരെയും വിസ്‌മയിപ്പിക്കും. കോലത്തിരി രാജവംശത്തിൻറെ ഇടപെടലുകളിലൂടെയാണ് കണ്ണൂർ ഭാഗത്ത് കൈത്തറിവ്യവസായത്തിന് തുടക്കമായതെന്നും കേൾക്കുന്നു .മറ്റൊരു പേരാണ് ചേന്ദമംഗലം . കസവുകട ‚ഹാൻടെക്സ് ‚ഹാൻവീവ് .കരാൽകട കൈത്തറി വസ്ത്രവിതരണരംഗത്തെ പ്രമുഖ സ്ഥാപനങ്ങൾ .കൈത്തറിയാണെന്ന് കരുതി നിസ്സാര വിലയ്ക്ക് കിട്ടുമെന്ന് കരുതരുത് .ഈ അടുത്ത് എനിക്കുടുക്കാൻ തലശ്ശേരിയിലെ കസവ് കടയിൽ നിന്നും ഒരിടത്തരം മുണ്ട് വാങ്ങിയത് 1200 രൂപ കൊടുത്തുകൊണ്ട് .പണ്ടുകാലങ്ങളിൽ വാരക്ക് ആറ് രൂപ കൊടുത്താൽ ഒന്നാം തരം മല്ലു മുണ്ട് കിട്ടുമായിരുന്നു .എം എസ് വൈറ്റ് എന്നൊരിനം വേറെയും . കാലം മാറി .കഥ മാറി . ബാലരാമപുരത്തിനും കൂത്താമ്പുള്ളിക്കും ചേന്ദമംഗലത്തിനും കണ്ണൂരിനുമൊപ്പം കൈത്തറിത്തുണി നിർമ്മാണ രംഗത്ത് ചോമ്പാലയും ഒരടി മുൻപേ എന്ന നിലയിൽ ഇടംപിടിച്ചതായാണ് സമീപകാല വാർത്തകൾ സാക്ഷ്യപ്പെടുത്തുന്നത് . വടകര താലൂക്കിലെ ചോമ്പാലയിലെ കുഞ്ഞിപ്പള്ളിക്കടുത്ത് ചിറയിൽപീടികയിലെ കേരള ഹാൻഡ്‌ലൂം വീവേഴ്‌സ് കോ ഓപ് സൊസൈറ്റിയുടെ കൈത്തറി ഉല്പന്നങ്ങൾക്കാണ് ആഘോഷസമയങ്ങളിൽ ആവശ്യക്കാരേറെ.ഓൺലൈനിലും അല്ലാതെയും അന്വേഷണങ്ങൾ വേറെയും . .ചിറയിൽ പീടികയിലെ റയിലോരത്ത് സ്ഥിതി ചെയ്യുന്ന അതിവിപുലമായ കൈത്തറി നിർമ്മാണ ശാലയോട് ചേർന്ന് പ്രവർത്തിക്കുന്ന കേരള ഹാൻഡ്‌ലൂം വീവേഴ്‌സ് കോ ഓപ് സൊസൈറ്റിയുടെ ആധുനീകരിച്ച ഷോറൂമിലും കൈത്തറിത്തുണികൾ വാങ്ങാനെത്തുന്നവരുടെ തിരക്കനുഭവപ്പെടുന്നതായാണ് കാണുന്നത്. പരമ്പരാഗത രീതിയിലുള്ള കൈത്തറി നിർമ്മാണരീതിയിൽ നിന്നും കാലാനുസൃതമായ മാറ്റങ്ങളോടെ വൈവിദ്ധ്യവൽക്കരണത്തോടെയുള്ള നിർമ്മാണരീതിയും ഗുണനിലവാരവും കൊണ്ടുതന്നെയാവാം ഇവിടുത്തെ ഉൽപ്പന്നങ്ങൾക്ക് ഏറെ കാലമായി ആവശ്യക്കേറുന്നതും അംഗീകാരങ്ങൾ ലഭിക്കുന്നതും.

ഇന്ത്യയിലെ പ്രമുഖ ഷർട്ട് നിർമ്മാതാക്കളായ ചില കമ്പനികൾ നമ്മുടെ നാട്ടിലെ മികച്ച കൈത്തറിത്തുണികൾ ആസിഡ് വാഷ് പോലുള്ള നിരവധി സാങ്കേതിക പരിപാടികളിലൂടെ രൂപവും ഭാവവും മാറ്റി ബ്രാൻഡഡ് ഷർട്ടുകളായി രണ്ടായിരത്തി അഞ്ഞൂറിലധികം രൂപ വിലയിട്ട് വിൽക്കുന്നുണ്ടെന്നതും മറ്റൊരു പരമാർത്ഥം . ഇന്ത്യയിലെ പ്രമുഖ വസ്ത്രനിർമ്മാണ സ്ഥാപനമായ റെയ്‌മണ്ടിലെ പ്രസിദ്ധ ഡിസൈൻ മാനേജരും മലയാളിയുമായ മീരാഹരിദാസ്‌ ഈ സ്ഥാപനത്തിനായി രൂപകൽപ്പന നിർവ്വഹിച്ച കൈത്തറി ചുരിദാറുകൾക്കും മറ്റ്‌ തുണിത്തരങ്ങൾക്കും ദേശീയവും അന്തർദ്ദേശീയവുമായ തോതിൽ വ്യാപകമായ തോതിൽ ഓൺലൈൻ വ്യാപാരം നടന്നുവരുന്നതായും അറിയുന്നു .ഓണം സീസണിലും മറ്റും റിബേറ്റും നല്കിവരുന്നതായി കാണുന്നു . മീറ്ററിന് 650 മുതൽ 700 രൂപവരെ വിലയുള്ള ലിനൻ ഷർട്ടിങ്ങുകൾക്കാണ് ഇവിടെ അടുത്തകാലത്ത് ആവശ്യക്കാരേറെ. മറ്റു കോട്ടൺ തുണിത്തരങ്ങളുടെ വിപുലമായ ശേഖരം തന്നെയാണിവിടുത്തെ മറ്റൊരു കാഴ്ച ! . കൊളരാട് തെരു കേന്ദ്രമായി ദീർഘകാലമായി പ്രവർത്തിച്ചുവരുന്ന മറ്റൊരു വൻ സ്ഥാപനമാണ് ചോമ്പാൽ വീവേഴ്‌സ് കോ ഓപ് സൊസൈറ്റി .മുക്കാളിയിൽ ഈ സ്ഥാപനത്തിൻെറ വിൽപ്പനശാലയുമുണ്ട് .കേരളത്തിലെ പ്രമുഖനഗരങ്ങളിലെല്ലാം എക്സിബിഷ്യൻ നടക്കുമ്പോൾ ചോമ്പാൽ കോ ഓപ് സൊസൈറ്റിയുടെ തുണിത്തരങ്ങളുടെപ്രദർശനത്തിനും വിൽപ്പനക്കുമായി സ്ഥാപിക്കുന്ന സ്റ്റാളുകളിൽ സ്ഥിരമായിക്കാണാറുള്ള കേളോത്ത് ഭാസ്‌കരൻ ഇന്നും ഇവിടെ ജീവിച്ചിരിപ്പുണ്ട് . തട്ടോളിക്കരയിലെ പ്രമുഖ മർമ്മ വിദഗ്ധനായിരുന്ന കുന്നമ്പത്ത്നാരായണക്കുറുപ്പിന് അക്കാലത്ത് കെ .എൻ .കെ .ട്രേഡേഴ്‌സ് എന്നപേരിൽ പലേടങ്ങളിലായി പ്രദേശത്ത് നെയ്ത്ത് ശാലകളുണ്ടായിരുന്നു .മുൻ എം എൽ എ എം കെ പ്രേംനാഥിൻറെ അച്ഛനായിരുന്നു കുന്നമ്പത്ത് നാരായണക്കുറുപ്പ് . സാമുവൽ ആറോൺ കമ്പനിയിൽ നിന്നുമായിരുന്നു ഇവിടുത്തേക്കുള്ള നെയ്ത്തിനാവശ്യമായ പാവ് എടുക്കുക . കെ എൻ കെ ട്രേഡേഴ്‌സ് എന്ന ഈ കമ്പനി വടക്കേ മുക്കാളിക്കടത്തുള്ള സി ആർ പി ക്യാമ്പിനടുത്ത് . രാമൻ നായർ എന്നൊരാളായിരുന്നു നാരായണക്കുറുപ്പിന്റെ അന്നത്തെ മാനേജർ . എന്റെ അച്ഛന്റെ അനുജനായ മീത്തലെ ഒളവിൽ കണാരൻ റൈറ്റർ , മേപ്പാടി രാമോട്ടി റൈറ്റർ തുടങ്ങിയവരൊക്കെയായിരുന്നു മറ്റു ഓഫീസ് ജീവനക്കാർ .ഇവരാരുമിന്നില്ല. നാരായണക്കുറുപ്പിന്റെ നിയന്ത്രണത്തിൽ കുന്നമ്പത്ത് മാത്രമല്ല തട്ടോളിക്കര തിരൂകൊയിലോത്ത് വീടിനടുത്ത് പനയുള്ള പറമ്പത്ത് കണ്ണൻ എന്ന ആളുടെ ചായക്കട ഉണ്ടായിരുന്ന പറമ്പിലും നെയ്ത്തുശാല പണ്ടുണ്ടായിരുന്നത്രെ. കെ .എൻ .കെ .എന്ന നെയ്ത് ശാലയുടെ പ്രവർത്തനം നിലച്ചതോടെ പ്രസ്തുത സ്ഥാപനത്തിലെ എണ്ണമറ്റ തൊഴിലാളികളുടെയും കൂടി ഉന്നമനത്തിനായാണ് ചിറയിൽ പീടികയിൽ കേരള ഹാൻഡ്‌ലൂം വീവേഴ്‌സ് കോ ഓപ് സൊസൈറ്റി എന്ന സ്ഥാപനത്തിനു തുടക്കമായതെന്നും പറഞ്ഞുകേൾക്കുന്നു . അറുപത്തിഒന്ന് വർഷൾക്ക് മുൻപ് അന്നത്തെ കേരള മുഖ്യയായിരുന്ന ശ്രീ .പട്ടം താണുപിള്ളയായിരുന്നു ഈ സ്ഥാപനത്തിന്റെ ഉത്‌ഘാടനം നിർവ്വഹിച്ചിരുന്നത് . എണ്ണമറ്റ തൊഴിലാളികൾ ജോലിചെയ്യുന്ന ചോമ്പാലയിലെ പ്രമുഖ സ്ഥാപനമാണ് കേരള ഹാൻഡ്‌ലൂം വീവേഴ്‌സ് കോ ഓപ് സൊസൈറ്റി . ഒന്നര ഏക്കറിലധികം ഭൂവിസ്ത്രുതിൽ വിന്യസിച്ചുകിടക്കുന്ന നെയ്ത്ത് ശാലയും അനുബന്ധ സൗകര്യങ്ങളും വിൽപ്പനകേന്ദ്രവും .പഴയകാലത്ത് ഇതിനാവശ്യാമായ ഭൂമിക്ക് വിലയായി നൽകിയത് എത്രയാണെന്നറിയാമോ ? മൊത്തം നൂറു രൂപ മാത്രമാണത്രെ ! അവിടെ ജോലിചെയ്തിരുന്ന ഗോവിന്ദൻ മേസ്‌തിരി പണ്ടെപ്പോഴോ എന്നോട് പറഞ്ഞ ഓർമ്മ .അതിൻറെ രേഖകൾ ഒരുപക്ഷെ സൊസൈറ്റിയിൽ .കാണുമായിരിക്കാം .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.