ഇന്ത്യയെ ലക്ഷ്യംവച്ചുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പാകിസ്ഥാന്‍ പിന്തുണ നല്‍കുന്നുണ്ടെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ റിപ്പോര്‍ട്ട്. ഇന്ത്യക്കെതിരെ യുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ പാകിസ്ഥാനില്‍ തുടരുകയാണെന്നും സര്‍ക്കാര്‍ ഇതിനെതിരായി നടപടികള്‍ സ്വീകരിക്കുന്നില്ലെന്നുമാണ് റിപ്പോര്‍ട്ടിലെ ആരോപണം. ജെയ് ഷെ ഇ മുഹമ്മദ് സ്ഥാപകനും ആഗോള ഭീകരനായി യുഎന്‍ പ്രഖ്യാപിച്ച മസൂദ് അസ് ഹര്‍ , 2008 ലെ മുംബെെ ഭീകരാക്രമണത്തിന്റെ ആസൂത്രകരിലൊരാളായ സാജിദ് മിര്‍ എന്നിവര്‍ പാകിസ്ഥാനില്‍ സ്വതന്ത്രരായി തുടരുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രാദേശികമായി നിരവധി ഭീകരവാദ സംഘടനകള്‍ പാകിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു.
അഫ്ഗാനിസ്ഥാനെ ലക്ഷ്യം വച്ചുള്ള അഫ്ഗാന്‍ താലിബാന്‍, ഹഖാനി നെറ്റ് വര്‍ക്ക്, ഇന്ത്യയെ ലക്ഷ്യമിട്ടുള്ള ലക്ഷ്കര്‍ ഇ ത്വയ്ബ, അനുബന്ധ സംഘടനകള്‍, ജെയ്ഷെ ഇ മുഹമ്മദ് എന്നീ തീവ്രവാദ സംഘടനകളും പാകിസ്ഥാനില്‍ നിന്നുതന്നെയാണ് പ്രവര്‍ത്തിക്കുന്നത്. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കാതെ പാക് സര്‍ക്കാര്‍ ഇവര്‍ക്ക് പരോക്ഷമായ പിന്തുണ നല്‍കുകയാണെന്നും ബ്ലിങ്കന്‍ പറഞ്ഞു. ഫിനാഷ്യന്‍ ടാസ്ക് ഫോഴ്സിന്റെ (എഫ്എടിഎഫ്) കർമ്മ പദ്ധതികൾ പൂര്‍ത്തിയാക്കുന്നതില്‍ കഴിഞ്ഞ വര്‍ഷം പാകിസ്ഥാന്‍ പുരോഗതി നേടിയിരുന്നെങ്കിലും ഇപ്പോഴുള്ള പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എഫ്എടിഎഫിന്റെ ഗ്രേ പട്ടികയില്‍ ഉള്‍പ്പെട്ട രാജ്യമാണ് പാകിസ്ഥാന്‍.
ഭീകരവാദ സംഘടനയായ ഇസ്‍ലാമിക് സ്റ്റേറ്റില്‍ 66 ഇ ന്ത്യന്‍ വംശജരായ പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 2020 മുതല്‍ വിദേശീയരായ ഭീകരവാദ പ്രവര്‍ത്തകരെ ഇന്ത്യയിലേക്ക് അയക്കുന്നില്ലെന്നും സൂചിപ്പിക്കുന്നുണ്ട്.
ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ തടയുന്നതില്‍ ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ടെന്നും റിപ്പോർട്ട് പരാമര്‍ശിക്കുന്നു. പൗരന്‍മാര്‍ക്ക് രാജ്യന്തര വിമാനയാത്രകള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്ന യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ (യുഎന്‍എസ്‍സിആര്‍ 2309) പ്രമേയത്തിന് ഇന്ത്യ യുഎസുമായി സഹകരിക്കുന്നുണ്ടെന്നും ബ്ലിങ്കന്‍ പറഞ്ഞു.
English Summary:Pakistan supports terrorist activities against India: US
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.