രാജ്യത്തെ ഒമിക്രോണ്‍ കേസുകള്‍ 300 പിന്നിട്ട സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി അടിയന്തര അവലോകന യോഗം വിളിച്ചു. വര്‍ധിച്ചു വരുന്ന കോവിഡ് കേസുകളും പുതിയ കോവിഡ് വകഭേദമായ ഒമിക്രോണിന്റെ വ്യാപനവും സ്വീകരിക്കേണ്ട മുന്‍ കരുതലുകളും തയ്യാറെടുപ്പുകളുമാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം വിലയിരുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 7,495 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ടു ചെയ്തത്. ഇതില്‍ മൂന്നൂറിലധികം കേസുകള്‍ ഒമിക്രോണ്‍ വകഭേദമാണെന്നതാണ് ആശങ്ക.
കോവിഡ് വാക്സിനേഷന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതു സംബന്ധിച്ചും നിലവിലെ സാഹചര്യങ്ങളും യോഗം വിലയിരുത്തി. കേന്ദ്ര ആരോഗ്യ വകുപ്പ് സെക്രട്ടറി രാജേഷ് ഭൂഷണ്‍, ബന്ധപ്പെട്ട സര്‍ക്കാര്‍ ഉന്നത ഉദ്യോഗസ്ഥര്‍, നിതി ആയോഗ് അംഗങ്ങള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. നിലവിലെ സാഹചര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. രോഗവ്യാപനം തടയാന്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കേണ്ടതിന്റെ ആവശ്യകതയും രോഗവ്യാപനം പരിധിവിട്ടാല്‍ അവ മറികടക്കാനുള്ള മുന്‍കരുതലുകളും യോഗം വിലയിരുത്തി.
രാജ്യത്ത് കോവിഡ് ഡെല്‍റ്റ തരംഗം അവസാനിക്കും മുമ്പേയാണ് പുതിയ കോവിഡ് വകഭേദമായ ഒമിക്രോണ്‍ വ്യാപനം ആരംഭിച്ചിരിക്കുന്നത്. ഡെല്‍റ്റ വകഭേദത്തെക്കാള്‍ മൂന്നിരട്ടി വ്യാപന ശക്തിയുള്ളതാണ് ഒമിക്രോണ്‍ വകഭേദം എന്നാണ് ഇതുവരെയുള്ള പഠനങ്ങളില്‍ വ്യക്തമായിരിക്കുന്നത്. ഇതാണ് പുതിയ ആശങ്ക സൃഷ്ടിച്ചിരിക്കുന്നതും. അസംബ്ലി തെരഞ്ഞെടുപ്പുകള്‍ ആസന്നമായിരിക്കുന്ന സംസ്ഥാനങ്ങളോട് വാക്‌സിനേഷന്‍ നടപടികള്‍ വേഗത്തിലാക്കാന്‍ കേന്ദ്രം നിര്‍ദേശം നല്‍കി. വാക്‌സിനേഷന്‍ നടപടികള്‍ പുരോഗമിക്കാത്ത മേഖലകളിലും കോവിഡ് കേസുകള്‍ ഏറ്റവും കുറവു റിപ്പോര്‍ട്ട് ചെയ്ത മേഖലകളിലുമാണ് രോഗം കൂടുതല്‍ വ്യാപകമാകാന്‍ സാധ്യതയെന്നും കേന്ദ്രം നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നു. ഈ മേഖലകളില്‍ വാക്‌സിനേഷന് കൂടുതല്‍ ശ്രദ്ധ നല്‍കണമെന്ന നിര്‍ദേശവും കേന്ദ്രം സംസ്ഥാനങ്ങള്‍ക്കു നല്‍കി.
ക്രിസ്മസ്-ന്യൂ ഇയര്‍ ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ കരുതല്‍ വേണം. മുന്‍കരുതലുകള്‍ പാലിക്കുന്നതില്‍ സംസ്ഥാനങ്ങള്‍ വീഴ്ച വരുത്തരുത്. ആവശ്യമെങ്കില്‍ ക്ലസ്റ്റര്‍ തിരിച്ചുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്‍ വിളിച്ചു ചേര്‍ത്ത സംസ്ഥാന ആരോഗ്യ വകുപ്പ് സെക്രട്ടറിമാര്‍ ഉള്‍പ്പെടെയുള്ളവരുടെ യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തില്‍ അധികമാകുകയോ ഓക്‌സിജന്‍ ബെഡ്ഡുകള്‍ 40 ശതമാനത്തില്‍ അധികം രോഗികളെക്കൊണ്ട് നിറയുകയോ ചെയ്യുന്ന സാഹചര്യത്തില്‍ പ്രാദേശിക കണ്ടെയ്ന്റ്‌മെന്റ് സോണുകള്‍ പോലുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും രാജേഷ് ഭൂഷന്‍ സംസ്ഥാനങ്ങളോടു നിര്‍ദേശിച്ചു.
നിയന്ത്രണങ്ങള്‍ 14 ദിവസം ദൈര്‍ഘ്യമുള്ളതാകണം. ഇതിനിടെ ചില സംസ്ഥാനങ്ങളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. മധ്യപ്രദേശില്‍ രാത്രി 11 മുതല്‍ രാവിലെ അഞ്ച് വരെ രാത്രികാല കര്‍ഫ്യൂ എര്‍പ്പെടുത്തി. കോവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തില്‍ കോവിഡ് ചികിത്സയ്ക്കായി മാറ്റിവച്ച ചികിത്സാ സൗകര്യങ്ങള്‍ പല സംസ്ഥാനങ്ങളും ഒഴിവാക്കിയിരുന്നു. ആവശ്യമുണ്ടായാല്‍ ഇത്തരം ചികിത്സാ സംവിധാനങ്ങള്‍ പുനഃസ്ഥാപിക്കാന്‍ സംസ്ഥാനങ്ങള്‍ ആക്ഷന്‍ പ്ലാനുകള്‍ തയ്യാറാക്കണം. ഡോക്ടര്‍മാരുടെയും ആംബുലന്‍സുകളുടെയും ലഭ്യതയും സംസ്ഥാനങ്ങള്‍ ഉറപ്പു വരുത്തണമെന്നും രാവിലെ ചേര്‍ന്ന യോഗത്തില്‍ കേന്ദ്രം സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു.
ENGLISH SUMMARY:Omicron 300 passed; Reserve proposal for states
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.