23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

August 30, 2024
August 8, 2024
July 20, 2024
June 14, 2024
May 18, 2024
May 12, 2024
May 6, 2024
April 3, 2024
March 13, 2024
March 12, 2024

കോവിഡ് സുനാമി ആരോഗ്യസംവിധാനത്തെ തകര്‍ക്കും: ലോകാരോഗ്യസംഘടന

Janayugom Webdesk
ജനീവ
December 30, 2021 9:19 pm

വരാനിരിക്കുന്ന കോവിഡ് സുനാമി ആഗോളതലത്തിലുള്ള ആരോഗ്യസംവിധാനങ്ങളെ താറുമാറാക്കുമെന്ന് ലോകാരോഗ്യസംഘടന മേധാവി ടെ­ഡ്രോസ് അഥാനോം ഗബ്രിയേസസ്. കഴിഞ്ഞ രണ്ടാഴ്ചയായി ലോകത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. ഒമിക്രോണിന്റെ തീവ്രവ്യാപനശേഷിയെ തുടര്‍ന്ന് അമേരിക്ക, ഫ്രാന്‍സ്, ഡെന്മാര്‍ക്ക് തുടങ്ങിയ രാജ്യങ്ങളിലെല്ലാം കോവിഡ് കേസുകളില്‍ റെക്കോര്‍ഡ് വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ഏഴുദിവസത്തിനുള്ളില്‍ 65.5 ലക്ഷം ആളുകള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. 

2020 മാര്‍ച്ചിന് ലോകാരോഗ്യസംഘടന കോവിഡിനെ മഹാമാരിയായി പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായാണ് കോവിഡ് കേസുകളില്‍ ഇത്രയധികം വര്‍ധന റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന് നിരവധി രാജ്യങ്ങളില്‍ രണ്ടാം തവണയും പുതുവത്സരാഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഒമിക്രോണ്‍ വ്യാപനം വലിയതോതില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഡെല്‍റ്റ വ്യാപിച്ച സമയം കൊണ്ട് ഒമിക്രോണ്‍ കോവിഡ് കേസുകളുടെ സുനാമി തന്നെ സൃഷ്ടിച്ചേക്കുമെന്നും ടെഡ്രോസ് അഥാനോം ഗബ്രിയേസസ് പറഞ്ഞു. കോവിഡ് കേസുകള്‍ വര്‍‍ധിച്ചുവരുന്നത് ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുമേല്‍ സമ്മര്‍ദ്ദം ഇരട്ടിയാക്കുകയും ആരോഗ്യസംവിധാനങ്ങള്‍ താറുമാറാകുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യൂറോപ്പിലാണ് നിലവില്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിവിധ രാജ്യങ്ങള്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ നിന്ന് പതുക്കെ പുറത്തുകടക്കുന്നതിനിടെയാണ് വീണ്ടും കോവിഡ് കേസുകളില്‍ വര്‍ധന റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അമേരിക്കയിലെ ആശുപത്രികള്‍ നിറഞ്ഞുകവിഞ്ഞ അവസ്ഥയിലാണ്. കഴിഞ്ഞ ഒരാഴ്ചത്തെ ശരാശരി പുതിയ കോവിഡ് ബാധിതരുടെ എണ്ണം 2,65,427 ആണെന്നാണ് ജോണ്‍സ് ഹോപ്കിന്‍സിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 

നിലവിലെ കോവിഡ് വ്യാപനം മഞ്ഞുമലയുടെ അറ്റം മാത്രമാണെന്ന് ഹാര്‍വാഡിലെ എപ്പിഡെമിയോളജിസ്റ്റും ഇമ്യൂണോളജിസ്റ്റുമായ മിഖായേല്‍ മിന ട്വീറ്റ് ചെയ്തു. യഥാര്‍ത്ഥ കോവിഡ് കേസുകള്‍ ഇതിനേക്കാള്‍ ഏറെ വലുതായിരിക്കുമെന്നും പരിശോധനാ കിറ്റുകളുടെ ക്ഷാമംമൂലമാണ് യഥാര്‍ത്ഥ കണക്കുകള്‍ പുറത്തുവരാത്തതെന്നും അവര്‍ ട്വീറ്റ് ചെയ്തു. ഫ്രാന്‍സില്‍ രണ്ടു ലക്ഷത്തിലധികമാണ് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം. ക്രിസ്മസ് ദിനത്തില്‍ റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ ഇരട്ടിയാണിത്. കര്‍ശന നിയന്ത്രണങ്ങളാണ് ഫ്രാന്‍സില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡെന്മാര്‍ക്ക്, പോര്‍ച്ചുഗല്‍, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിലെല്ലാം കോവിഡ് കേസുകളില്‍ അപ്രതീക്ഷിത വര്‍ധന റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

ENGLISH SUMMARY:Covid tsuna­mi to destroy health sys­tem: WHO
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.