27 May 2024, Monday

Related news

May 18, 2024
May 12, 2024
May 6, 2024
March 13, 2024
March 12, 2024
March 4, 2024
February 19, 2024
January 1, 2024
December 27, 2023
December 25, 2023

കോവിഡിന് ശേഷം ആഗോള ആയുര്‍ദൈര്‍ഘ്യത്തില്‍ ഇടിവ്

Janayugom Webdesk
ലണ്ടന്‍
March 12, 2024 7:09 pm

കോവിഡ് മഹാമാരിക്ക് ശേഷം ശരാശരി ആഗോള ആയുര്‍ദൈര്‍ഘ്യത്തില്‍ കുറവ് രേഖപ്പെടുത്തിയതായി ലാന്‍സെറ്റ് പഠനം. 2019–2021 വര്‍ഷങ്ങള്‍ക്കിടയില്‍ 1.6 വര്‍ഷത്തിന്റെ ഇടിവാണ് ആഗോള ആയുര്‍ദൈര്‍ഘ്യത്തിലുണ്ടായത്. മുന്‍ വര്‍ഷങ്ങളിലുണ്ടായ വളര്‍ച്ചയെ പിന്തള്ളിയാണ് കോവിഡ് കാലത്തിന് ശേഷം കുത്തനെയുള്ള ഇടിവ് രേഖപ്പെടുത്തിയത്. കോവിഡ് മഹാമാരി പിടികൂടിയ രണ്ട് വര്‍ഷത്തെ ജനസംഖ്യാപരമായ പ്രവണതകള്‍ പൂര്‍ണമായും വിലയിരുത്തി നടത്തിയ ആദ്യത്തെ പഠനമാണിത്. ലോകമെമ്പാടുമുള്ള ആരോഗ്യ സംവിധാനങ്ങള്‍, സമ്പദ്‌വ്യവസ്ഥ, സമൂഹങ്ങള്‍ തുടങ്ങിയവ ആയുര്‍ദൈര്‍ഘ്യത്തെ സ്വാധീനിക്കുന്നതായും പഠനത്തിന് നേതൃത്വം നല്‍കിയ ഗവേഷകര്‍ വ്യക്തമാക്കുന്നു. 

ലോക ജനസംഖ്യയ്ക്ക് പ്രായമായിക്കൊണ്ടിരിക്കുകയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. കോവിഡ് കാലഘട്ടത്തില്‍ 84 ശതമാനം രാജ്യങ്ങളിലെയും ആയുര്‍ദൈര്‍ഘ്യത്തിന് ഇടിവ് സംഭവിച്ചുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മെക്സിക്കോ, പെറു, ബൊളീവിയ തുടങ്ങിയ രാജ്യങ്ങളിലാണ് കുത്തനെയുള്ള ഇടിവ് രേഖപ്പെടുത്തിയത്. 2020–21 വര്‍ഷങ്ങളില്‍ പ്രായപൂര്‍ത്തിയായവര്‍ക്കിടയിലുള്ള മരണനിരക്കും വര്‍ധിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. മുന്‍ വര്‍ഷങ്ങളില്‍ രേഖപ്പെടുത്തിയിരുന്ന ഗണ്യമായ വര്‍ധനയെ മറികടന്നാണ് ഇത്. 

കുട്ടികളുടെ മരണനിരക്ക് കോവിഡ് സമയത്തും കുറവ് തന്നെയാണ് രേഖപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഏതാനും വര്‍ഷങ്ങളായി ലോകത്ത് മരിക്കുന്ന കുട്ടികളുടെ എണ്ണം കുറഞ്ഞുവരികയായിരുന്നു. മുൻ വർഷങ്ങളെക്കാള്‍ വളരെ സാവധാനത്തിലാണെങ്കിലും, 2019 നെ അപേക്ഷിച്ച് 2021 ൽ അഞ്ച് വയസിന് താഴെയുള്ള കുട്ടികളിൽ അര ദശലക്ഷം മരണങ്ങൾ കുറവാണെന്നും പഠനത്തില്‍ പറയുന്നു. പ്രദേശിക അടിസ്ഥാനത്തില്‍ ഇത് വ്യത്യാസപ്പെടുന്നുണ്ടെന്നും ലാന്‍സെറ്റിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ലോകത്ത് മരിക്കുന്ന ഓരോ നാല് കുട്ടികളില്‍ ഒരാള്‍ ദക്ഷിണ ഏഷ്യയിലും രണ്ട് പേര്‍ സബ് സഹാറന്‍ ആഫ്രിക്കയിലുമാണെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു. 

കോവിഡ് മഹാമാരിയെ തുടര്‍ന്ന് ആഗോള ആരോഗ്യമേഖലയില്‍ വന്ന മാറ്റങ്ങള്‍ അപഗ്രഥിക്കുന്നതിനും ഭാവിയിലെ ദീര്‍ഘകാല പ്രവണതകളെ മനസിലാക്കാനും ഇതുസംബന്ധിച്ച വിവരങ്ങള്‍ പ്രയോജനപ്പെടുമെന്ന് ഗവേഷകര്‍ വ്യക്തമാക്കി. ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്സ് ആന്റ് ഇവാലുവേഷന്‍ (ഐഎച്ച്എംഇ), വാഷിങ്ടണ്‍ സര്‍വകലാശാല എന്നിവയ്ക്കൊപ്പം ചേര്‍ന്നാണ് പഠനം നടത്തിയത്. 2021ല്‍ യുഎസ് നടത്തിയ ഗ്ലോബല്‍ ബര്‍ഡെന്‍ ഫോര്‍ ഡിസീസസ് സ്റ്റ‍ഡിയിലെ വിവരങ്ങളും പഠനത്തിന് ഉപയോഗിച്ചിട്ടുണ്ട്. 

കോവിഡിനെ തുടര്‍ന്നുണ്ടായ അധിക മരണനിരക്ക്, ആയുര്‍ദൈര്‍ഘ്യം, ജനസംഖ്യ എന്നിവ കണക്കാക്കുമ്പോള്‍ 15 വയസിന് മുകളില്‍ പ്രായമുള്ള പുരുഷന്മാരില്‍ 22 ശതമാനവും സ്ത്രീകളില്‍ 17 ശതമാനവും വര്‍ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2020–21 വര്‍ഷങ്ങളില്‍ ആകെ 13.1 കോടിയാളുകളാണ് വിവിധ കാരണങ്ങളെ തുടര്‍ന്ന് മരിച്ചത്. ഇതില്‍ 1.6 കോടി കുട്ടികള്‍ നേരിട്ട് കോവിഡ് ബാധിച്ചോ കോവിഡ് ബാധമൂലമുണ്ടായ സാമൂഹിക, സാമ്പത്തിക മാറ്റം മൂലമോ ആണെന്ന് പഠനത്തില്‍ പറയുന്നു. 

Eng­lish Summary:Decline in glob­al life expectan­cy after covid
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.