23 December 2024, Monday
KSFE Galaxy Chits Banner 2

കേരളവികസനവും കേന്ദ്ര സമീപനവും

അഡ്വ. കെ പ്രകാശ്ബാബു
January 15, 2022 6:00 am

ഐക്യകേരളപിറവിയ്ക്കുശേഷം സംസ്ഥാനത്ത് രൂപം കൊണ്ട എല്ലാ സർക്കാരുകളുടെയും പൊതു സമീപനം ”വികസന പ്രവർത്തനങ്ങളിൽ രാഷ്ട്രീയം പാടില്ല” എന്നതായിരുന്നു. കക്ഷി രാഷ്ട്രീയാതിപ്രസരം ഇല്ലാത്തതാണ് കേരള വികസനത്തിന്റെ സമീപനം എന്നത് ഇടതുപക്ഷവും വലതുപക്ഷവും പൊതുവിൽ അംഗീകരിച്ചിട്ടുള്ള നയമാണ്. എന്നാൽ ഇന്ന് ബിജെപി നയിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സർക്കാരുകൾ നിർദേശിക്കുന്നതും നടപ്പിലാക്കുന്നതുമായ വിവിധ പദ്ധതികളിൽ രാഷ്ട്രീയം കണ്ടെത്തുകയും ”സംഘിരാഷ്ട്രീയ”വുമായി പൊരുത്തപ്പെടുന്നതല്ലെങ്കിൽ രാഷ്ട്രീയ ഇടപെടലുകളിൽക്കൂടി ബിജെപി ഇതര സംസ്ഥാന സർക്കാരുകളുടെ വികസന അജണ്ടയെ തകിടം മറിക്കുകയുമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇന്ത്യൻ ഭരണഘടനയെ തന്നെ മാനിക്കാത്ത ഒരു പ്രസ്ഥാനം ഫെഡറൽ തത്വങ്ങളെ ലംഘിക്കുന്നതിൽ അതിശയം തോന്നേണ്ടുന്ന കാര്യമില്ലായെങ്കിലും സംസ്ഥാനങ്ങളെ വീർപ്പുമുട്ടിക്കുന്ന നിലപാടുകളിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറിയില്ലെങ്കിൽ രാജ്യം ഒരു ഭരണ പ്രതിസന്ധിയിലേക്കായിരിക്കും എത്തിപ്പെടുക. കേരളത്തിന്റെ സഹകരണ മേഖലയെ പാടെ തകർക്കുന്ന ചില തീരുമാനങ്ങൾ കേന്ദ്രസർക്കാർ റിസർവ് ബാങ്കിനെക്കൊണ്ട് എടുപ്പിച്ചു. ബാങ്കിങ് റഗുലേഷൻ ആക്ടിലെ ഭേദഗതികളുടെ മറവിൽ സഹകരണ ബാങ്കുകളുടെ നടുവൊടിക്കുന്നതിനാണ് ബാങ്ക്, ബാങ്കിങ്, ബാങ്കർ എന്നീ വാക്കുകൾ വായ്പാ സഹകരണ സ്ഥാപനങ്ങൾ ഉപയോഗിക്കാൻ പാടില്ലായെന്ന് വിലക്കുന്നത്. സഹകരണ സ്ഥാപനങ്ങളിലെ അംഗങ്ങളിൽ നിന്നു മാത്രമേ നിക്ഷേപം സ്വീകരിക്കാവൂ എന്നതും നിക്ഷേപം പിൻവലിക്കുന്നതിന് ”ചെക്ക് ലീഫുകൾ” ഉപയോഗിക്കാൻ പാടില്ലായെന്നതും ബാങ്കിങ് ബിസിനസിനെ വളരെ പ്രതികൂലമായി ബാധിക്കുന്നതാണ് എന്ന് എല്ലാവർക്കുമറിയാം. പ്രൊഫ. വൈദ്യനാഥൻ കമ്മിഷന്റെയും പ്രകാശ്ബക്ഷി കമ്മിറ്റിയുടെയും റിപ്പോർട്ടുകൾ കേന്ദ്രത്തിന്റെ കയ്യിലെ ഉപകരണങ്ങളുമായി. കേരളത്തിന്റെ ഗ്രാമീണ സമ്പദ്ഘടനാ വികസനത്തെ പുറകോട്ടടിക്കുന്നതിനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. കേരളത്തിൽ കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും യോജിച്ചാണ് ഇതിനെതിരെ രംഗത്തിറങ്ങിയത്. സംസ്ഥാനങ്ങൾ നടപ്പിലാക്കുന്ന വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളിൽ കേന്ദ്ര വിഹിതം കുറയ്ക്കുകയും സംസ്ഥാന വിഹിതം വർധിപ്പിക്കുകയും ചെയ്യുന്നതിന് നിതി ആയോഗ് നിർദേശിച്ചു. മുൻ റിസർവ് ബാങ്ക് ഗവർണറായ വൈ വി റെഡ്ഡി ചെയർമാനായ 14-ാം കേന്ദ്ര ധനകാര്യ കമ്മിഷന്റെ ശുപാർശ പ്രകാരം എല്ലാ കേന്ദ്ര സഹായ പദ്ധതികളുടെയും കേന്ദ്ര‑സംസ്ഥാന വിഹിതം 60:40 എന്ന അനുപാതത്തിൽ നിശ്ചയിച്ചു. കോർ (പ്രധാനം) ഗണത്തിൽപ്പെടുന്ന നിരവധി പദ്ധതികൾക്ക് 80 ശതമാനം, 75 ശതമാനം കേന്ദ്രവിഹിതം കിട്ടിയിരുന്നതാണ് ഇപ്പോൾ 60 ശതമാനമായി കുറയുന്നത്. സംസ്ഥാന വിഹിതം 25 ശതമാനവും 20 ശതമാനവും ഉണ്ടായിരുന്നതാണ് 40 ശതമാനമായി വർധിക്കുന്നത്. ഈ അനുപാതത്തിൽ വന്ന മാറ്റം കൊണ്ടുമാത്രം പ്ലാനിങ് ബോർഡിന്റെ കണക്കനുസരിച്ച് 2015–16 സാമ്പത്തിക വർഷം 1806 കോടി രൂപയുടെ അധികബാധ്യത സംസ്ഥാന സർക്കാരിനുണ്ടായി. 2016–17 ൽ സംസ്ഥാന വിഹിതത്തിൽ വന്ന വര്‍ധനവ് മുൻ വർഷത്തെ അപേക്ഷിച്ച് 110 ശതമാനമായും 2017–18 ൽ 129 ശതമാനമായും ഉയർന്നു. കേരള സംസ്ഥാനത്തെ സാമ്പത്തികമായി വീർപ്പുമുട്ടിക്കുക മാത്രമല്ല സാമ്പത്തിക ഫെഡറലിസം തന്നെ തകർക്കുന്ന സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നത്. ”ഒരു രാജ്യം ഒരു നികുതി” എന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടുവന്ന ‘ചരക്ക് സേവന നികുതി’ (ജിഎസ്‌ടി) സംസ്ഥാന വരുമാനത്തിൽ കനത്ത നഷ്ടമാണ് വരുത്തിക്കൊണ്ടിരിക്കുന്നത്. എന്നുമാത്രമല്ല രാജ്യം പിന്തുടരുന്ന സാമ്പത്തിക ഫെഡറൽ വ്യവസ്ഥയ്ക്ക് വിരുദ്ധവുമാണ് ഈ നികുതി. ജിഎസ്‌ടി നിയമം അനുസരിച്ച് സംസ്ഥാനങ്ങൾക്ക് ഉണ്ടാകുന്ന നഷ്ടം അഞ്ചുവർഷത്തേക്ക് കേന്ദ്രം പരിഹരിക്കും. അതിനായി പ്രത്യേക സാമ്പത്തിക പദ്ധതിയും പ്രഖ്യാപിച്ചു. അതനുസരിച്ച് 2017–18 മുതൽ 2021 ഒക്ടോബർ വരെ കേന്ദ്രം കേരളത്തിനു തരേണ്ട ജിഎസ്‌ടി നഷ്ട പരിഹാര കുടിശിക ഏകദേശം 4467 കോടി രൂപയാണ്. ഇത് സംസ്ഥാനത്തിന് അർഹതപ്പെട്ട വിഹിതമാണ്.


ഇതുകൂടി വായിക്കാം; ഉപഭോക്തൃ കമ്മിഷനുകളുടെ അധികാര പരിധി കുറയ്ക്കല്‍


പക്ഷെ കേന്ദ്ര സർക്കാർ അത് പൂർണമായി നല്കി സംസ്ഥാനത്തെ സഹായിക്കുന്നതിനു പകരം സാമ്പത്തികമായി ഞെരുക്കുകയാണ്. കേരളത്തിന് പ്രത്യേക റയിൽവേ സോൺ അനുവദിക്കണമെന്ന നമ്മുടെ നിരന്തരമായ ആവശ്യം കേന്ദ്രം അവഗണിക്കുകയാണ്. മുൻ കേന്ദ്രസര്‍ക്കാര്‍ കേരളത്തിനു വാഗ്ദാനം ചെയ്ത പാലക്കാട്, കഞ്ചിക്കോട് കോച്ച് ഫാക്ടറിയും, ചേർത്തല വാഗൺ നിർമ്മാണ ഫാക്ടറിയും ഇപ്പോൾ വെള്ളത്തിൽ വരച്ച വരകളായി മാഞ്ഞു. 550 കോടി രൂപ മുതൽ മുടക്കു പ്രതീക്ഷിച്ചിരുന്ന കഞ്ചിക്കോട് കോച്ച് ഫാക്ടറി അകാല മൃത്യു വരിച്ചു. ചേർത്തലയിൽ ആട്ടോകാസ്റ്റ് ലിമിറ്റഡിന്റെയും സ്റ്റീൽ ഇൻഡസ്ട്രീസ് കേരളയുടെയും ആസ്തി ഉപയോഗപ്പെടുത്തിയാണ് ചേർത്തലയിലെ വാഗൺ നിർമ്മാണ ഫാക്ടറിക്ക് ആലോചന നടത്തിയത്. 85 കോടിരൂപ ആണ് റയിൽവേ മന്ത്രാലയം ഈ പദ്ധതിക്കായി നീക്കി വച്ചത്. ചേർത്തലയിൽ കേന്ദ്ര‑സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ കേരള റയിൽ കംപോണന്റ്സ് ലിമിറ്റഡ് രൂപീകരിക്കുന്നതിനുള്ള ധാരണാപത്രവും അന്ന് ഒപ്പിട്ടു. പക്ഷെ കേരളത്തിന്റെ ഈ സ്വപ്ന പദ്ധതിയിൽ നിന്ന് കേന്ദ്ര സര്‍ക്കാരും റയിൽവേ മന്ത്രാലയവും ഏകപക്ഷീയമായി പിൻവാങ്ങി. 2020 ജൂണിൽ കൂടിയ സംസ്ഥാന മന്ത്രിസഭായോഗം തത്വത്തിൽ അംഗീകരിച്ച കേന്ദ്ര‑സംസ്ഥാന‑സംയുക്ത റയിൽവേ പദ്ധതിയാണ് സിൽവർ ലൈൻ അഥവാ സെമി ഹൈസ്പീഡ് റയിൽ കോറി ഡോർ. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ എൽഡിഎഫ് പ്രസിദ്ധീകരിച്ച റയിൽവേ-വ്യോമഗതാഗതം എന്ന ഐറ്റത്തിൽ ഉൾപ്പെടുത്തിയ ഒരു പദ്ധതിയാണിത്. ”അറുപതിനായിരം കോടി രൂപയുടെ സിൽവർ ലൈൻ സെമി ഹൈസ്പീഡ് റയിൽ പദ്ധതി കേരള റയിൽ ഡവലപ്മെന്റ് കോർപറേഷൻ എന്ന കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭം വഴിയാണ് നടപ്പാക്കുന്നത്. പരിസ്ഥിതി പഠനവും ആവശ്യമായ അനുമതികളും വാങ്ങി പദ്ധതിയുടെ ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിക്കും. ” ഇതാണ് പ്രകടനപത്രികയിലെ എൽഡിഎഫ് വാഗ്ദാനം. പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങൾക്കുണ്ടാകുന്ന പാരിസ്ഥിതികവും സാമൂഹ്യവും സാങ്കേതികവുമായ ചില ആശങ്കകൾ ദൂരീകരിക്കേണ്ടുന്നത് ആവശ്യമാണ്. ജനപക്ഷത്തു നില്ക്കുന്ന ഒരു സര്‍ക്കാര്‍ അതിനുള്ള നടപടികൾ കൈക്കൊള്ളും. 2016 ൽ ജനങ്ങൾക്ക് നൽകിയ 600 വാഗ്ദാനങ്ങളിൽ 570 ഉം നടപ്പാക്കിയ എൽഡിഎഫ് സർക്കാർ 2021 ലെ 900 വാഗ്ദാനങ്ങളിൽ 900 ഉം നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. അതിനിടയിലാണ് കെ-റയിൽ എന്ന കേരള റയിൽ ഡലവപ്മെന്റ് കോർപറേഷനിൽ നിന്നും കേന്ദ്ര സർക്കാരും റയിൽവേ മന്ത്രാലയവും ഏകപക്ഷീയമായി പിൻവാങ്ങിയത്. ഇവിടെയാണ് ബിജെപിയുടെ സങ്കുചിത രാഷ്ട്രീയ മനസ് പ്രകടമാകുന്നത്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവല്ക്കരിക്കാൻ തീരുമാനിച്ചപ്പോൾ സംസ്ഥാന സർക്കാർ അത് കേരളത്തിന് വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ടു. അന്ന് കേന്ദ്രം പറഞ്ഞത് നിങ്ങളും മറ്റുള്ളവരെപ്പോലെ ലേലത്തിൽ പങ്കെടുക്കാനാണ്. പ്രതിഷേധമുണ്ടായിരുന്നെങ്കിലും കേരള സർക്കാർ ലേലത്തിൽ പങ്കെടുത്തു. വിമാനത്താവളം പ്രധാനമന്ത്രിയുടെ ഉറ്റതോഴനായ ഗൗതം അഡാനി കൊണ്ടുപോയി. കേരളത്തിന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ബിജെപി ഇതര സംസ്ഥാന സര്‍ക്കാരുകളോട് കാണിക്കുന്ന വിവേചനത്തിന്റെ തോത് ഏറ്റവും ഉയർന്നു നില്ക്കുന്നത് ഇടതുപക്ഷ സർക്കാരിനോടാണ് എന്നത് ആർക്കുമറിയാവുന്ന വസ്തുതയുമാണ്. അതിന്റെ കൂടി ഭാഗമായാണ് തിരുവനന്തപുരത്തുണ്ടായിരുന്ന ”റയിൽവേ റിക്രൂട്ട്മെന്റ് ബോർഡ്” നിർത്തൽ ചെയ്ത് ഓഫീസും ജീവനക്കാരെയും ചെന്നൈയിലേക്ക് മാറ്റുന്നതിന് റയിൽവേ തീരുമാനിച്ചത്. ഡൽഹിയിലെ ഓൾ ഇന്ത്യാ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ (എയിംസ്) ഒരു കേന്ദ്രം കേരളത്തിൽ ആരംഭിക്കുന്നതിനും തടസം നില്ക്കുന്നത് ഇവിടുത്തെ ബിജെപി നേതൃത്വമാണ്. കേരള സർക്കാർ ജനസമക്ഷം അവതരിപ്പിക്കുന്ന ”വികസിത കേരളം” എന്ന ലക്ഷ്യത്തിലേക്കുള്ള എല്ലാ നൂതന ആശയങ്ങളും ദീർഘ വീക്ഷണത്തോടെയുള്ള നൂതന പദ്ധതികളും മുടക്കുന്നതിന് ബിജെപി നേതൃത്വം ബോധപൂർവം ശ്രമിക്കുകയാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരേണ്ടത് സംസ്ഥാന താല്പര്യങ്ങൾ സംരക്ഷിക്കാൻ അനിവാര്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.