23 December 2024, Monday
KSFE Galaxy Chits Banner 2

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമം: ആഭ്യന്തര പരാതി സമിതിയെന്ന നിബന്ധന പാലിക്കപ്പെടുന്നില്ല

Janayugom Webdesk
കോഴിക്കോട്
January 14, 2022 11:00 pm

തൊഴിലിടങ്ങളിൽ സ്ത്രീകൾക്കെതിരായുണ്ടാകുന്ന ലൈംഗികാതിക്രമങ്ങൾ തടയുന്നതിന് ഓരോ സ്ഥാപനത്തിലും ആഭ്യന്തര പരാതി സമിതി (ഇന്റേണൽ കംപ്ലെയിന്റ് കമ്മിറ്റി) ഉണ്ടായിരിക്കണമെന്ന നിബന്ധന പാലിക്കപ്പെടുന്നില്ല. തൊഴിലിടങ്ങളിൽ സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ (തടയലും നിരോധിക്കലും പരിഹാരവും) ആക്ട് 2013 പ്രകാരം പത്തും അതിൽ കൂടുതലും ജീവനക്കാർ ജോലി ചെയ്യുന്ന എല്ലാ സർക്കാർ, അർധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലും ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റി ഉണ്ടായിരിക്കണമെന്നാണ് നിയമം. എന്നാൽ ഭൂരിഭാഗം സ്വകാര്യ സ്ഥാപനങ്ങളും ഇത് പാലിക്കുന്നില്ല. സ്ഥാപനത്തിലെ ജീവനക്കാരുടെ പരാതി പരിഹരിക്കാനുള്ള അവസരമൊരുക്കാൻ തൊഴിലുടമകൾക്കും മാനേജ്മെന്റിനും ബാധ്യതയുണ്ടെന്ന് സംസ്ഥാന വനിതാ കമ്മിഷൻ വ്യക്തമാക്കി. എന്നാൽ ഇന്റേണൽ കംപ്ലെയിന്റ് കമ്മിറ്റി ഉണ്ടായിരിക്കണമെന്ന നിബന്ധന പാലിക്കപ്പെടുന്നില്ലെന്നും കമ്മിഷൻ വിലയിരുത്തി.

പത്തിൽ താഴെ ജീവനക്കാരുള്ള തൊഴിലിടങ്ങളിൽ ലഭ്യമാകുന്ന പരാതികൾ ഏഴു ദിവസത്തിനുള്ളിൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ രൂപീകരിച്ചിട്ടുള്ള ജില്ലാതല ലോക്കൽ കംപ്ലെയിന്റ് കമ്മിറ്റിക്ക് കൈമാറണം എന്നാണ് വ്യവസ്ഥ. തൊഴിലിടങ്ങളിൽ കമ്മിറ്റി രൂപീകരിച്ച് അംഗങ്ങളുടെ വിവരങ്ങൾ രേഖപ്പെടുത്തിയ ബോർഡ് അതത് സ്ഥാപനങ്ങളുടെ മുമ്പിൽ പ്രദർശിപ്പിക്കാനും നിർദേശമുണ്ട്. ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്ന തൊഴിൽ മേധാവിക്കെതിരെ അമ്പതിനായിരം രൂപ വരെ പിഴ ഈടാക്കാനും വ്യവസ്ഥയുണ്ടെന്നിരിക്കെയാണ് ഇപ്പോഴും നിബന്ധനകൾ പാലിക്കാതെ പോകുന്നത്.

ഇന്റേണൽ കമ്മിറ്റികൾ രൂപീകരിച്ചെന്ന് ഉറപ്പ് വരുത്താൻ വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ നേരത്തെ സംസ്ഥാന വ്യാപകമായി പരിശോധനകൾ നടന്നിരുന്നു. കമ്മിറ്റി രൂപീകരിക്കുന്നതിന് വീഴ്ച വരുത്തിയ സ്ഥാപന മേധാവികൾക്കെതിരെ നിയമ നടപടി സ്വീകരിച്ചിരുന്നു. എന്നാൽ പരിശോധനകൾ കുറഞ്ഞതോടെ സ്ഥിതിഗതികൾ താളം തെറ്റിയ നിലയാണുള്ളതെന്ന് ആക്ഷേപം ശക്തമായിട്ടുണ്ട്. തൊഴിലിടങ്ങളിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമം തടയാനുള്ള നിയമത്തിന്റെ പരിധിയിൽ സിനിമാ മേഖലയും ഉൾപ്പെടും. എന്നാൽ മേഖലയിൽ ഇന്റേണൽ കംപ്ലെയിന്റ് കമ്മിറ്റി രൂപീകരിക്കുമെന്ന പ്രഖ്യാപനവും യാഥാർത്ഥ്യമായിട്ടില്ല.

നിലവിലെ നിയമങ്ങളുടെ പരിരക്ഷ ഉറപ്പുവരുത്താൻ നടപടിയുണ്ടാകണമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം ഇന്റേണൽ കംപ്ലെയിന്റ് കമ്മിറ്റികൾ ശക്തമാക്കണമെന്നും കോഴിക്കോട് ജില്ലയിൽ നടന്ന മെഗാ അദാലത്തിൽ പരാതികൾ പരിഗണിച്ച ശേഷം സംസ്ഥാന വനിതാ കമ്മിഷൻ ചെയർപേഴ്സൺ അഡ്വ. പി സതീദേവി വ്യക്തമാക്കി. യുവതലമുറ പ്രണയബന്ധത്തിലെ വ്യക്തിസ്വാതന്ത്ര്യത്തെക്കുറിച്ച് അജ്ഞരാകുന്നുവെന്നും അവർ പറഞ്ഞു.

Eng­lish sum­ma­ry: Sex­u­al harass­ment of women in the work­place: The require­ment of an inter­nal griev­ance com­mit­tee is not being met

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.