22 December 2024, Sunday
KSFE Galaxy Chits Banner 2

കരുതിയിരിക്കുക; നേതാജിയും കുരുക്കില്‍

സുരേന്ദ്രന്‍ കുത്തന്നൂര്‍
January 17, 2022 4:00 am

രാജ്യത്ത് റിപ്പബ്ലിക് ദിനാഘോഷം ഇനി മുതല്‍ ജനുവരി 23ന് തുടങ്ങുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നു. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം കൂടി ഉള്‍പ്പെടുത്തിയാണിതെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. കയ്യടിക്കാന്‍ വരട്ടെ, ചരിത്രം വക്രീകരിക്കാനുള്ള സംഘപരിവാര്‍ അജണ്ടയെ കരുതിയിരിക്കണമെന്ന മുന്നറിയിപ്പാണിത്. രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യത്തിന്റെയും പുരോഗതിയുടെയും തീണ്ടാപ്പാടകലെപ്പോലും ഇല്ലാതിരുന്നവര്‍ സ്വാതന്ത്ര്യസമര ചരിത്രത്തിന്റെയും സമരനേതാക്കളുടെയും പിതൃത്വമേറ്റെടുത്ത് കപടചരിത്രനിര്‍മ്മിതി നടത്തുന്നതിന്റെ ഏറ്റവും പുതിയ നീക്കം മാത്രമാണിത്. 1897 ജനുവരി 23നാണ് സുഭാഷ്ചന്ദ്രബോസിന്റെ ജനനം. നേതാജിയുടെ ജന്മദിനം പരാക്രം ദിവസായി ആഘോഷിക്കുമെന്ന് മോഡി സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. നേതാജിയുടെ ജന്മവാർഷിക ദിനം ദേശസ്നേഹദിനമായി ആചരിക്കണമെന്ന് നരസിംഹറാവു പ്രധാനമന്ത്രിയായിരുന്നപ്പോൾ തീരുമാനിച്ചെങ്കിലും അത് നടപ്പിലായില്ല. 1997ൽ നേതാജിയുടെ ജന്മശതാബ്ദി വാർഷികാചരണത്തോടനുബന്ധിച്ചാണ് ദേശസ്നേഹദിനമായി ആചരിക്കാൻ തീരുമാനിച്ചത്. നേതാജിയുടെ പേരിൽ നാണയം, തപാൽ സ്റ്റാമ്പ് എന്നിവ പുറത്തിറക്കണമെന്ന തീരുമാനം നടപ്പായെങ്കിലും ദേശസ്നേഹദിനമെന്ന തീരുമാനം നടപ്പായില്ല. അതിനെയാണ് സംഘപരിവാര്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് പരാക്രംദിവസ് ആക്കിയത്. റിപ്പബ്ലിക് ദിനാഘോഷവുമായി ജന്മദിനത്തെ ബന്ധിപ്പിച്ചുകൊണ്ട് കാവിയുടെ നിരയിലേക്ക് നേതാജിയെ പ്രതിഷ്ഠിക്കാനാണ് പദ്ധതി. സർദാർ വല്ലഭായ് പട്ടേലിനെയെന്ന പോലെ തന്നെ സുഭാഷ് ചന്ദ്ര ബോസിനെയും രാഷ്ട്രീയമായി ഏറ്റെടുക്കാനുള്ള ശ്രമങ്ങൾ 2014ൽ മോഡി സർക്കാർ അധികാരത്തിൽ വന്നപ്പോൾ തന്നെ തുടങ്ങി. 2015 ൽ സർക്കാർ നേതാജിയുമായി ബന്ധപ്പെട്ട രേഖകൾ പരസ്യമാക്കിയതും ഇതിന്റെ ഭാഗമായിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമായിരുന്നു 2018 ല്‍ ഐഎൻഎയുടെ ആസാദ് ഹിന്ദ് സര്‍ക്കാര്‍ നിലവിൽ വന്നതിന്റെ 75ാം വാർഷികാഘോഷ പരിപാടിയിൽ നരേന്ദ്ര മോഡിയുടെ പ്രസംഗം. സുഭാഷ് ചന്ദ്ര ബോസിന്റെ ഐഎൻഎ തൊപ്പി ധരിച്ചുകൊണ്ടുള്ള പ്രസംഗത്തില്‍ നേതാജിയെയും സർദാർ പട്ടേലിനെയും അംബേദ്കറെയും ഒരു കുടുംബത്തിന്റെ താല്പര്യം സംരക്ഷിക്കുന്നതിനായി കോൺഗ്രസ് ഒതുക്കിയെന്ന് മോഡി ആരോപിച്ചു. തന്റെ സർക്കാർ ഇതിൽ മാറ്റം വരുത്തുകയാണെന്ന് മോഡി അവകാശപ്പെട്ടു. ആസാദ് ഹിന്ദ് ഫൗജ് അംഗങ്ങൾ ബ്രിട്ടീഷ് കോടതിയുടെ വിചാരണ നേരിട്ട ചെങ്കോട്ടയിലെ ബാരക്കിൽ ഇതുമായി ബന്ധപ്പെട്ട മ്യൂസിയം സ്ഥാപിക്കും. സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയെ നയിച്ചവർ ബ്രിട്ടീഷ് നയങ്ങൾ തന്നെയാണ് പിന്തുടർന്നതെന്നും ബ്രിട്ടീഷ് കണ്ണടയിലൂടെയാണ് അവർ കാര്യങ്ങളെ കണ്ടതെന്നും വിദ്യാഭ്യാസ നയങ്ങളാണ് ഇതിൽ പ്രധാനമെന്നും മോഡി പറഞ്ഞിരുന്നു. വിദ്യാഭ്യാസരംഗത്തെ കാവിവല്കരണത്തിന് അവിടെയാണ് മോഡി വിത്തിട്ടത്. ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ച് എന്ന കേന്ദ്രസർക്കാർ സ്ഥാപനം, സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികാഘോഷവുമായി ബന്ധപ്പെട്ട് തയാറാക്കിയ ഡിജിറ്റൽ പോസ്റ്ററിൽനിന്ന് ഇന്ത്യയുടെ ആദ്യപ്രധാനമന്ത്രിയും രാഷ്ട്രശില്പിയുമായ ജവാഹർലാൽ നെഹ്രുവിന്റെയും ഹിന്ദു-മുസ്‍ലിം ഐക്യത്തിന്റെ ശക്തനായ വക്താവും ദേശീയപ്രസ്ഥാനത്തിന്റെ സാരഥിയും ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസമന്ത്രിയുമായ മൗലാനാ അബുൾകലാം ആസാദിന്റെയും ചിത്രം ഒഴിവാക്കിയത് വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു. സ്വാതന്ത്ര്യം എന്ന വാക്കും ഇന്ത്യയെന്ന ദേശരാഷ്ട്രത്തിന്റെ ജനാധിപത്യചരിത്രവും ഓർമ്മിക്കുമ്പോൾ ഇന്ത്യക്കാരന്റെ മനസിൽ ആദ്യം കടന്നുവരുന്ന ചിത്രങ്ങളിൽ ഗാന്ധിജിയും നെഹ്രുവും പട്ടേലും ആസാദും നേതാജിയും ഉറപ്പായുമുണ്ടാകും. കഴിഞ്ഞ മാർച്ചിൽ സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവത്തിന്റെ ഭാഗമായി വാർത്താവിതരണ പ്രക്ഷേപണവകുപ്പ് നടത്താന്‍ പദ്ധതിയിട്ട ചിത്രപ്രദർശനത്തിന്റെ പട്ടികയിലുണ്ടായിരുന്നത് ഗാന്ധിജിയും പട്ടേലും സുഭാഷ്ചന്ദ്രബോസും മാത്രമായിരുന്നു. നെഹ്രുവും ആസാദുംമാത്രം ഒഴിവാക്കപ്പെട്ടു. തങ്ങൾക്ക് അനഭിമതരായ നേതാക്കളെ ഇന്ത്യൻജനതയുടെ പൊതുഭാവനയിൽനിന്ന് മായ്ച്ചുകളയാനുള്ള സംഘടിതമായ രാഷ്ട്രീയാജണ്ടയുടെ ഭാഗമാണിതെന്ന് ചരിത്രമറിയാവുന്ന ഏതൊരാൾക്കും മനസിലാകും. ചിലരെ മാറ്റി ചിലരെ പകരംവച്ച് അനുകൂല ചരിത്രം ഉണ്ടാക്കാനുള്ള ഹിന്ദുത്വ വിഘടനവാദികളുടെ ശ്രമത്തെ തടയുകതന്നെ വേണം. പട്ടേലിനെയും നെഹ്രുവിനെയും നായകനും പ്രതിനായകനുമായി അവതരിപ്പിച്ചുകൊണ്ട് ഇന്ത്യൻ റിപ്പബ്ലിക്കിന്റെ വസ്തുതാവിരുദ്ധമായ സമാന്തരചരിത്രം ശൂന്യതയിൽനിന്ന് സൃഷ്ടിക്കാനാണ് എല്ലാ തെരഞ്ഞെടുപ്പുവേളയിലും സംഘപരിവാര്‍ ശ്രമിച്ചത്.


ഇതുകൂടി വായിക്കാം; ഭരണകൂടവും മതവും ഇന്ത്യയിൽ


രാജസ്ഥാനിലെ മുൻ ബിജെപി സർക്കാർ ആറാംക്ലാസിലെയും ഒമ്പതാം ക്ലാസിലെയും പാഠപുസ്തകങ്ങളിൽനിന്ന് നെഹ്രുവിനെക്കുറിച്ചുള്ള ഭാഗങ്ങൾ എടുത്തുകളഞ്ഞു. 2017 ൽ ക്വിറ്റിന്ത്യാസമരത്തിന്റെയും ഇന്ത്യൻ നാഷണൽ ആർമിയുടെയും എഴുപത്തഞ്ചാം വാർഷികത്തോടനുബന്ധിച്ച് നാഷണൽ ആർക്കൈവ്സ് നടത്തിയ പ്രദർശനത്തിൽനിന്ന് നെഹ്രുവിനെമാത്രം സമർത്ഥമായി ഒഴിവാക്കി. നെഹ്രുവിനെപ്പോലെ തമസ്കരിക്കപ്പെട്ട മറ്റൊരു ദേശീയനേതാവാണ് മൗലാന ആസാദ്. ഹിന്ദുരാഷ്ട്രത്തിന്റെ ശക്തനായ വക്താവായിരുന്ന സവർക്കർ ഐസിഎച്ച് ആറിന്റെ പോസ്റ്ററിൽ സ്ഥാനംപിടിച്ചപ്പോൾ, ഹിന്ദു-മുസ്‍ലിം ഐക്യത്തിന്റെയും സ്വാതന്ത്ര്യസമരത്തിന്റെയും മുൻനിരപ്പോരാളിയായിരുന്ന ആസാദ് തഴയപ്പെട്ടു. ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന ആസാദിന്റെ ജന്മദിനമായ നവംബർ 11, ദേശീയ വിദ്യാഭ്യാസദിനമായി 2008 മുതൽ ആഘോഷിച്ചുവരുന്നുണ്ട്. ഡൽഹിയിലെ ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റിക്ക് (ജെഎൻയു) സുഭാഷ്ചന്ദ്രബോസ് യൂണിവേഴ്സിറ്റി എന്ന് പേരുമാറ്റം വേണമെന്ന് ആവശ്യപ്പെടുന്ന ബിജെപി നേതാക്കൾ ഈ ദിനവും മാറ്റാന്‍ അധികനാള്‍ വേണ്ടി വരില്ല. ഇന്ത്യയുടെ പൊതുവായ പൈതൃകത്തിന് ഹിന്ദുക്കളും മുസ്‍ലിങ്ങളും ക്രിസ്ത്യാനികളും അതുപോലെ മറ്റെല്ലാ ജനവിഭാഗങ്ങളും ഒരുപോലെ അവകാശികളാണെന്നും അപരത്വം ഒരു മിത്താണെന്നും അസന്ദിഗ്ധമായി പ്രഖ്യാപിച്ച നേതാവായിരുന്നു ആസാദ്. കൊളോണിയൽ അടിമത്തത്തിൽ നിന്നും ഇന്ത്യക്കാരെ മോചിപ്പിക്കാൻ ജീവൻ ത്യജിച്ച ധീരനായ ദേശസ്നേഹിയായിരുന്നു നേതാജി. അദ്ദേഹത്തെ ഒരു ഹിന്ദു നേതാവ് മാത്രമാക്കി ചുരുക്കി അപമാനിക്കുകയാണ് സംഘപരിവാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. നേതാജി സ്വന്തം ജീവിതം ത്യജിച്ചത് ഏതു മൂല്യങ്ങൾക്കു വേണ്ടിയാണോ, ഏതു തരം രാഷ്ട്രത്തിനു വേണ്ടിയായിരുന്നോ, അവയെല്ലാം അട്ടിമറിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കാഴ്ചയാണ് നമുക്കു മുമ്പിൽ അരങ്ങേറുന്നത്. രാജ്യത്തെ വർഗീയമായി വിഭജിക്കാൻ ശ്രമിക്കുന്ന ശക്തികൾ നേതാജിയുടെ രാഷ്ട്രീയ ജീവിതത്തെ വക്രീകരിച്ചുകൊണ്ട് അദ്ദേഹത്തെക്കുറിച്ച് ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പടർത്തുന്നു. ജീവിതത്തിലുടനീളം നേതാജി വർഗീയ രാഷ്ട്രീയത്തെ ശക്തമായി വിമർശിക്കുകയും ചെറുക്കുകയും ചെയ്തിരുന്നു. 1935 ൽ എഴുതിയ ‘ഇന്ത്യൻ സ്ട്രഗിൾ’ എന്ന പുസ്തകത്തിൽ ഹിന്ദുത്വ വർഗീയവാദത്തോടുള്ള തന്റെ എതിർപ്പ് രൂക്ഷമായി വ്യക്തമാക്കിയിട്ടുണ്ട്. ‘ഹിന്ദു മഹാസഭയിൽ, ഭൂരിഭാഗം ആളുകളും രാഷ്ട്രീയ പ്രവർത്തനത്തിൽ ഇടപെടാൻ ഭയമുള്ളവരും, സുരക്ഷിതമായ ഒരു ഇടം തിരയുന്നവരുമാണ്. ഹിന്ദുക്കൾക്കും മുസ്‍ലിങ്ങൾക്കും ഇടയിലുള്ള വിഭാഗീയ പ്രവർത്തനങ്ങൾ വർഗീയ സംഘർഷം മൂർച്ഛിപ്പിക്കുന്നു. ദേശീയ പ്രസ്ഥാനത്തെ ദുർബലപ്പെടുത്താൻ ആഗ്രഹിക്കുന്ന ശക്തികൾക്ക് ഈ വർഗീയ സംഘർഷങ്ങൾ ഗുണകരമാകുന്നു’. ഇങ്ങനെ സ്വന്തം അഭിപ്രായം കൃത്യമായി രേഖപ്പെടുത്തിയ സുഭാഷ് ചന്ദ്രബോസിനെയാണ് ഹിന്ദു വർഗീയവാദിയാക്കി അവതരിപ്പിക്കാൻ ചിലർ ശ്രമിക്കുന്നത്. അന്നത്തെ കോൺഗ്രസിനകത്ത് ഒരു ഇടതുപക്ഷ വിപ്ലവം നടക്കണമെന്നും കോൺഗ്രസ് സാധാരണക്കാരന്റെ പ്രശ്നങ്ങൾ ഏറ്റെടുക്കേണ്ട പാർട്ടി ആയി മാറണമെന്നും നേതാജി ആഗ്രഹിച്ചിരുന്നു. ഇന്ത്യൻ സ്ട്രഗിളിൽ തന്നെ അദ്ദേഹം എഴുതി- ‘കർഷകരും, തൊഴിലാളികളും ഉൾപ്പെടെയുള്ള ബഹുജനത്തിന്റെ താല്പര്യങ്ങളാണ്, മറിച്ച്, മുതലാളിമാരുടെയും ജന്മിമാരുടെയും പലിശയ്ക്ക് പണം കടംകൊടുക്കുന്നവരുടേയും സ്ഥാപിത താല്പര്യങ്ങളല്ല സംരക്ഷിക്കേണ്ടത്’. സോവിയറ്റ് മാതൃകയിൽ ഇന്ത്യയിലെ കാർഷിക വ്യാവസായിക മേഖലകളെ മാറ്റിയെടുക്കണമെന്നും അദ്ദേഹം വിശദമാക്കുന്നുണ്ട്. രണ്ടുതവണ കോൺഗ്രസ് പ്രസിഡന്റായിരുന്നു സുഭാഷ്ചന്ദ്രബോസ്. ആദ്യം ഏകകണ്ഠമായി തെരഞ്ഞെടുക്കപ്പെട്ടെങ്കില്‍ പിന്നീട് മഹാത്മാഗാന്ധിയുടെ സ്ഥാനാർഥിയെ തോല്പിച്ച പ്രസിഡന്റായിരുന്നു അദ്ദേഹം. എന്നാൽ നേതാജിയുടെ ജന്മവാർഷിക ദിനം ആചരിക്കുന്നതിൽ കോൺഗ്രസ് വേണ്ടരീതിയിൽ മുൻകൈ എടുക്കുന്നില്ല. ദേശാഭിമാനത്തിനും ദേശസ്നേഹത്തിനും പുതിയ പരിഭാഷകളുണ്ടാക്കുന്ന ഈ വർത്തമാനകാലത്ത് നേതാജിയെപ്പോലുള്ളവരുടെ ജീവിതവും ചരിത്രവും സംഭാവനകളും പുതിയ തലമുറയെ ബോധ്യപ്പെടുത്തിക്കൊടുക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. ഉത്തരവാദപ്പെട്ടവര്‍ അത് മറക്കുന്നതിനിടെ സ്വാതന്ത്ര്യസമരത്തിന് വേണ്ടി എല്ലാം സമർപ്പിച്ച ആളുകളെ സംഘപരിവാർ തട്ടിയെടുത്തുകൊണ്ടിരിക്കുകയാണ്. സർദാർ വല്ലഭായ് പട്ടേലിന് ശേഷം സുഭാഷ് ചന്ദ്ര ബോസിനെയായിരിക്കും അവർ കൈക്കലാക്കാന്‍ പോകുന്നത്. മതേതര സമൂഹം മനസിലാക്കേണ്ടതാണ് ഇത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.