തൊഴില്‍ സംരക്ഷണം ഉറപ്പു വരുത്തി കശുവണ്ടി വ്യവസായം ആധുനികവല്‍ക്കരിക്കുന്നതിനും വൈവിധ്യവല്‍ക്കരിക്കുന്നതിനും മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നു. വ്യവസായ മന്ത്രി പി രാജീവ്, ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കശുവണ്ടി മേഖലയിലെ പ്രശ്നങ്ങളും സാധ്യതകളും ചർച്ച ചെയ്യുന്നതിന് വിളിച്ചു ചേർത്ത വ്യവസായി സംഘടനകളുടെയും തൊഴിലാളി സംഘടനകളുടെയും യോഗത്തിലാണ് തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിൽ വ്യവസായത്തെ ശക്തിപ്പെടുത്താൻ ആവശ്യമായ സാമ്പത്തിക ഇടപെടൽ സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകും.
ഇറക്കുമതി ചുങ്കം കശുവണ്ടി വ്യവസായത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ഉല്പാദന ചെലവ് ഇരട്ടിയിലധികമാണ്.
ആധുനികവൽക്കരണം നടപ്പിലാക്കാത്തതാണ് ഇതിനു പ്രധാന കാരണം. മാർക്കറ്റിങ്ങിലും മൂല്യവർദ്ധിത ഉല്പന്നങ്ങളുടെ കാര്യത്തിലും ഇനിയും ഒരുപാട് മുന്നോട്ട് പോകേണ്ടതുണ്ട്. ഇതെല്ലാം പരിഹരിക്കുന്നതിനായിരിക്കും മാസ്റ്റർ പ്ലാനിൽ പ്രധാന പരിഗണന നൽകുക. പ്രൊഫഷണൽ ഏജൻസികളുടെ സഹായവും ഇതിനായി തേടും. കശുവണ്ടി കോർപറേഷന്റെയും കാപ്പക്സിന്റെയും മേൽനോട്ട ചുമതല റിയാബിന് നൽകും. രണ്ടു സ്ഥാപനങ്ങളുടെ കീഴിലുള്ള ഫാക്ടറികളിലും ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ഒരു ദിവസം പോലും തൊഴിൽ നഷ്ടപ്പെട്ടില്ലെന്ന് ചെയർമാന്മാർ അറിയിച്ചു. കുറഞ്ഞ വിലക്ക് ഗുണമേന്മയുള്ള കശുവണ്ടി അന്താരാഷ്ട്ര കമ്പോളത്തിൽ ലഭിക്കുന്ന അവസരത്തിൽ അത് വാങ്ങാൻ ശ്രമിക്കണമെന്ന് കാഷ്യു ബോർഡിന് നിർദേശം നൽകി. സർക്കാരിന്റെ കൂടി സാന്നിധ്യത്തിലുണ്ടാക്കിയ ഒറ്റ തവണ തീർപ്പാക്കലിലെ വ്യവസ്ഥകൾ ചില ബാങ്കുകൾ നടപ്പിലാക്കുന്നില്ലെന്ന പരാതി വ്യവസായികൾ ഉന്നയിച്ചു. ഇക്കാര്യത്തിൽ ഇടപ്പെടാമെന്ന് മന്ത്രിമാർ ഉറപ്പു നൽകി.
സംസ്ഥാനത്തെ ചെറുകിട കശുവണ്ടി വ്യവസായങ്ങൾക്ക് പ്രതികൂലമാകുന്ന വിധത്തിൽ ബാങ്കുകളുടെ ഭാഗത്ത് നിന്നുണ്ടാകുന്ന നടപടികൾ ലഘൂകരിക്കാൻ ശ്രമിക്കും. സ്വകാര്യ കശുവണ്ടി വ്യവസായത്തിന് കൈത്താങ്ങായി പുതിയ പുനരുദ്ധാരണ പാക്കേജ് സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 10 കോടി രൂപ വരെയുള്ള വായ്പകളുടെ പലിശ എഴുതിത്തള്ളാനും രണ്ട് കോടി വരെയുള്ള വായ്പകൾക്ക് 50 ശതമാനം നൽകിയും രണ്ടു കോടി മുതൽ 10 കോടി വരെയുള്ള വായ്പകൾക്ക് 60 ശതമാനം വരെ നൽകിയും വൺ ടൈം സെറ്റിൽമെന്റ് നൽകാനും പാക്കേജ് പ്രകാരം സഹായം നൽകുന്നുണ്ട്. കശുവണ്ടി കോർപറേഷൻ, കാപ്പക്സ് എന്നിവയുടെ പ്രവർത്തനം വിലയിരുത്താനായി വ്യവസായ മന്ത്രി പി രാജീവ്, പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ എന്നിവർ പങ്കെടുത്ത അവലോകന യോഗവും ചേർന്നു.
english summary; Master plan for modernization In Cashew industry
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.