9 January 2025, Thursday
KSFE Galaxy Chits Banner 2

ഹോം ഡെലിവറി

നജീബ് കാഞ്ഞിരോട്
January 23, 2022 3:45 am

നേരിയ ചാറ്റൽ മഴയുണ്ടായിട്ടും അവൾ സ്കൂട്ടി നല്ല വേഗതയിൽ തന്നെ ഓടിച്ചു. ഗർഭിണികളായ സ്ത്രീകൾക്ക് നല്ല വിശപ്പുണ്ടാകുമത്രേ. അമ്മയൊക്കെ പറയുന്നത് കേൾക്കാം. ഇതുവരെ ഗർഭിണിയാകാത്തത് കൊണ്ട് ആ വിശപ്പിന്റെ ആഴം മനസ്സിലായിട്ടില്ല. നോവുന്ന ചില ചിന്തകൾ കാരമുള്ളുകൾ പോലെ തുളച്ചു കയറിയപ്പോൾ അവളുടെ കണ്ണുകൾ നനഞ്ഞ് ചാറ്റൽമഴപ്പാറലിനോട് സമന്വയിച്ചു. സ്കൂട്ടിയുടെ പിറകിലുള്ള ചതുരപ്പെട്ടിയിൽ അടുക്കി വെച്ച ബീഫ് ബിരിയാണിയും ചിക്കൻ ഫ്രൈയും ചൂടാറുന്നതിന് മുമ്പ് ആ ചേച്ചിയുടെ വീട്ടിൽ എത്തിക്കണം. അവരുടെ ഭർത്താവിന് ഓർഡർ ചെയ്ത ഭക്ഷണം താമസിച്ചു കൊണ്ട് വരുന്നത് ഇഷ്ടമല്ല. പല ഓർമ്മകളെയും പിന്നിടുന്ന തെരുവുകളിൽ ഉപേക്ഷിച്ചു കൊണ്ട് നല്ല വേഗത്തിൽ കുതിച്ചു പായുന്ന സ്കൂട്ടിയെക്കാൾ സ്പീഡിൽ ചാരുവിന്റെ ചിന്തകളും കുതിച്ചു കൊണ്ടിരുന്നു. 

“ഡെലിവറി ഗേൾ ആയിട്ടൊക്കെ ജോലി ചെയ്യുന്നത് തറവാട്ടിൽ പിറന്ന കുട്ടികൾക്ക് ചേർന്നതല്ല. പ്രത്യേകിച്ച്… ” നഗരത്തിലെ പ്രശസ്തമായ ‘ഹോട്ട് ബിരിയാണി’ റെസ്റ്റോറന്റിൽ ജോലിക്ക് പോകാൻ നേരം മൂത്തമ്മാവനായ രാജൻമാമ അമ്മയോട് പറയുന്നത് കേട്ടെങ്കിലും പട്ടിണിയുടെ മൂർധന്യത്തിലെത്തിയ ഒരു കുടുംബത്തിന്റെ ജീവിതമുരടിപ്പിനെക്കാൾ വലുതായിരുന്നില്ല അഭിമാനം. “അമ്മാവന് ഇത്ര സ്വത്തും പൈസയുമുണ്ടായിട്ട് നമ്മളെ സഹായിച്ചോ? ഉപദേശം കിട്ടുന്നുണ്ട്. ഉപദേശം തിന്നാൽ വിശപ്പ് മാറുമോ? പോകാൻ പറ അമ്മേ… ഞാൻ ഈ ജോലിക്ക് പോകുന്നു.”
മഴപ്പാറ്റൽ മുഖത്തേക്ക് വീഴുന്നതിനിടയിൽ അവളുടെ ചിന്തകൾ കാട് കയറി.
രണ്ട് മാസം കഴിഞ്ഞിരിക്കുന്നു ഈ ജോലിക്ക് കയറിയിട്ട്. നഗരത്തിൽ ഹലാൽ ഭക്ഷണം കിട്ടുന്ന ഏക ഹോട്ടൽ ആണിത്. Halal Food Avail­able എന്ന ബോർഡ് വെച്ചതിന് സോഷ്യൽ മീഡിയയിൽ ഒരുപാട് തെറികൾ കേട്ടിരിക്കുന്നു മുതലാളി. ഹലാൽ എന്നാൽ എല്ലാവർക്കും കഴിക്കാൻ പറ്റുന്നത് എന്നതിനപ്പുറം വേറെന്തെങ്കിലും അർത്ഥം ഉണ്ടെന്ന് തനിക്കിതുവരെ തോന്നിയിട്ടില്ല. നഗരത്തിലെ ഏറ്റവും നല്ല ഭക്ഷണം കിട്ടുന്ന ഹോട്ടലാണ് ‘ഹോട്ട് ബിരിയാണി.’

“ചാരൂ… നീ വേറൊന്നും ചെയ്യണ്ട. ഓർഡർ തരുന്നവർക്ക് കറക്ട് സമയത്തിന് ഫുഡ് എത്തിച്ചു കൊടുക്കുക. ചിലയാളുകൾ ആഹാരം കിട്ടാൻ താമസിച്ചാൽ ചൂടാകും. അത് ശ്രദ്ധിച്ചാൽ മതി.” ആദ്യദിവസം മുതലാളി അൻവർക്ക പറഞ്ഞതങ്ങനെയാണ്. ചിലപ്പോഴെങ്കിലും ട്രാഫിക്കിൽ കുരുങ്ങി ലേറ്റായതിന് പലരുടെയും വായിൽ നിന്ന് കേൾക്കാൻ സുഖമില്ലാത്ത തെറികളും താഴേക്കുള്ള തുറിച്ചു നോട്ടവും നേരിട്ടിട്ടുണ്ട്. സിഗ്നലിൽ വണ്ടി നിർത്തി അലോസരത്തോടെ വാച്ചിൽ നോക്കിയ ചാരുവിൽ അസ്വസ്ഥത പെരുകിക്കൊണ്ടിരുന്നു. ഇപ്പൊ എല്ലാവർക്കും അറബി ഫുഡാണ് പഥ്യം. മന്തി, കബ്സ, കബാബ്, കുബ്ബൂസ്, ഷവായി… ഇനി ബിരിയാണി ജിഹാദെന്നു പറഞ്ഞു അതും വിവാദമാകുമോ ആവോ? അവളുടെ ചുണ്ടിൽ പുച്ഛം കലർന്ന ചിരി തെളിഞ്ഞു.
സ്കൂട്ടി ഗേറ്റിന് പുറത്ത് വെച്ച് നനഞ്ഞ ഗേറ്റ് തുറന്ന് മുറ്റത്തേക്ക് കയറുമ്പോൾ അകത്തു നിന്നുയർന്ന നിലവിളിയിൽ അവൾ ഒരു നിമിഷം നിശ്ചലയായി. ആ ചേച്ചിയുടെ ശബ്ദമാണല്ലോ. ഇടയ്ക്കിടെ വരാറുള്ളതുകൊണ്ട് അവരുടെ സ്വരം തിരിച്ചറിയാം. ഒരു നിമിഷത്തെ നിഷ്ക്രിയത്വത്തിന് ശേഷം അവൾ അകത്തേക്ക് കുതിച്ചു. ഫുഡ് പാക്കറ്റ് സ്വീകരണമുറിയിലെ ടേബിളിലേക്കിട്ട് കൊണ്ട് അവൾ മുറിയിലേക്കോടി. 

ആ കാഴ്ച കണ്ട അവൾ ഒരു നിമിഷം തറഞ്ഞു നിന്നുപോയി. കട്ടിലിൽ കിടന്ന് വേദന കൊണ്ട് പുളയുകയാണ് ചേച്ചി. ബെഡ്ഷീറ്റിൽ ചോര പടർന്നിരിക്കുന്നു. തല ചുറ്റുന്നത് പോലെ തോന്നിയ അവൾ പെട്ടെന്ന് അവരുടെ അടുത്തേയ്ക്ക് ഓടി. “ഏട്ടൻ അപ്പുറത്ത് പോയിരിക്കുവാ… ഏട്ടന്റെ വണ്ടി എടുക്കാൻ എനിക്ക് വയ്യ… ഞാനിപ്പോ ചാവും…” അവരുടെ നിലവിളിയിൽ എന്ത് ചെയ്യാമെന്നറിയാതെ തരിച്ചു നിൽക്കുന്ന അവളോട്, “ഒന്ന് വയർ അമർത്തിപിടിക്കുവോ? ” എന്ന അവരുടെ മുറിഞ്ഞ സ്വരത്തിന്റെ അന്ത്യത്തിൽ ചാരു പെട്ടെന്ന് കൈകൾ കൊണ്ട് വയറ്റിൽ അമർത്തി. ചാരുവിന്റെ നിസ്സഹായതയും അവരുടെ കരച്ചിലും മുഴങ്ങുന്ന ഏതോ നിമിഷത്തിൽ മൂന്നാമതായി പിഞ്ചു കുഞ്ഞിന്റെ നേർത്തൊരു കരച്ചിലും കൂടിക്കലർന്നപ്പോഴേക്കും അയാൾ അകത്തേക്ക് കുതിച്ചെത്തിയിരുന്നു. ‘ഇനി ആശുപത്രിയിലേക്ക് പോകണ്ട. ഡോക്ടറെ ഇങ്ങോട്ട് കൊണ്ടു വന്നാൽ മതി’ യെന്ന ചേച്ചിയുടെ ആശ്വാസം നിറഞ്ഞ സ്വരം കാതിലേക്ക് ചിന്നിവീഴുമ്പോൾ ഒരിക്കലും പ്രസവിക്കാൻ പറ്റില്ലെന്ന ബോധ്യത്തിൽ നിറഞ്ഞ വിഷാദവുമായി പുറത്തേക്ക് നടക്കുന്ന അവളിൽ സ്കൂൾ കാലത്ത് കൂട്ടുകാർ കളിയാക്കി വിളിക്കാറുള്ള ‘ഒമ്പത്… ഒമ്പത്… ’ എന്ന ശബ്ദം നോവായി പടർന്നു കയറി. 

TOP NEWS

January 9, 2025
January 9, 2025
January 9, 2025
January 8, 2025
January 8, 2025
January 8, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.