14 November 2024, Thursday
KSFE Galaxy Chits Banner 2

സംഘടിത കുറ്റകൃത്യങ്ങള്‍ക്കെതിരെ കര്‍ശനനടപടി തുടരും; രാത്രികാല പട്രോളിങും ഹൈവേ പോലീസ് സേവനവും ശക്തിപ്പെടുത്തും

Janayugom Webdesk
തിരുവനന്തപുരം
January 24, 2022 6:05 pm

സംഘടിതകുറ്റകൃത്യങ്ങള്‍ തടയുന്നതിന് കൂടുതല്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ജില്ലാ പോലീസ് മേധാവിമാരോട് ആവശ്യപ്പെട്ടു. മയക്കുമരുന്ന്, സ്വര്‍ണ്ണം, അനധികൃത മദ്യം, മണ്ണ് എന്നിവയുടെ കടത്ത് തടയുന്നതിന് പ്രത്യേക സംഘങ്ങള്‍ക്ക് രൂപം നല്‍കണം. ആഴ്ചയില്‍ രണ്ട് തവണയെങ്കിലും ഇത്തരം സംഘങ്ങളുടെ പ്രവര്‍ത്തനം ജില്ലാ പോലീസ് മേധാവിമാര്‍ നേരിട്ട് നിരീക്ഷിക്കണം. ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ പോലീസ് മേധാവിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുണ്ടകള്‍ക്കെതിരെയുള്ള നടപടികള്‍ കര്‍ശനമായി തുടരണം. ഗുണ്ടാനിയമപ്രകാരവും ക്രിമിനല്‍ നടപടി ചട്ടപ്രകാരവും ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. വാറണ്ട് നടപ്പാക്കാന്‍ മുന്‍ഗണന നല്‍കണം.

എല്ലാ ജില്ലകളിലും രാത്രികാല പട്രോളിങ് ശക്തിപ്പെടുത്തണം. വാഹനങ്ങളിലും നടന്നുമുള്ള പട്രോളിങിന് മുന്‍ഗണന നല്‍കണം. അതിരാവിലെ ബസ് സ്റ്റാന്‍റുകളിലും റെയില്‍വേ സ്റ്റേഷനുകളിലും പട്രോളിങ് സംഘം പരിശോധന നടത്തണം. പൊതുസ്ഥലങ്ങളില്‍ വൈകുന്നേരങ്ങളിലുള്ള പോലീസ് പട്രോളിങ് ശക്തമാക്കണം. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യം പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ വൈകുന്നേരങ്ങളില്‍ ഉറപ്പാക്കണം. മയക്കുമരുന്ന് മാഫിയയ്ക്കെതിരെ നിര്‍ദാക്ഷിണ്യം നടപടി സ്വീകരിക്കണം. ചെറുതും വലുതുമായ എല്ലാത്തരം മയക്കുമരുന്നു കേസുകളും പിടികൂടി നിയമനടപടികള്‍ക്ക് വിധേയമാക്കണം. ജനമൈത്രി ബീറ്റ് സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കണം. കമ്മ്യൂണിറ്റി പോലീസിംഗ് സംവിധാനം ഉപയോഗിച്ചുള്ള രാത്രികാല പട്രോളിങ്, വിവരശേഖരണം എന്നിവ ഫലപ്രദമായി നടപ്പിലാക്കണം.

വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിന് അടിയന്തിരനടപടി വേണം. മദ്യപിച്ചുള്ള ഡ്രൈവിംഗ് കണ്ടെത്തുന്നതിന് പരിശോധന പുനരാരംഭിക്കണം. അമിതവേഗം, അലക്ഷ്യമായ ഡ്രൈവിംഗ് മുതലായവ പരിശോധിച്ച് നിയമാനുസൃത നടപടി സ്വീകരിക്കണം. ഹൈവേ പോലീസിന്‍റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കണം. ഇവയുടെ പ്രവര്‍ത്തനം ജില്ലാ പോലീസ് മേധാവിമാര്‍ ദിവസേന നിരീക്ഷിക്കണം. റോഡപകടങ്ങള്‍ കുറയ്ക്കുന്നതിലായിരിക്കണം ഹൈവേ പോലീസ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം തടയുന്നതിനായി നടപ്പാക്കിയ പിങ്ക് പ്രൊട്ടക്ഷന്‍ പദ്ധതി കൂടുതല്‍ കാര്യക്ഷമമാക്കണം. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം തടയുന്നതിന് നിലവിലുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി നടപ്പിലാക്കണം. പോക്സോ കേസ് അന്വേഷണത്തില്‍ യാതൊരു വിധത്തിലുമുള്ള അമാന്തവും പാടില്ലെന്നും സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചു.
eng­lish summary;Anil Kant to take more effec­tive mea­sures to curb orga­nized crime
You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.