23 December 2024, Monday
KSFE Galaxy Chits Banner 2

ഹൈദരാബാദും വിശാഖപട്ടണവും ദക്ഷിണേന്ത്യന്‍ നഗരങ്ങളില്‍ മലിനം

Janayugom Webdesk
ന്യൂഡല്‍ഹി
January 28, 2022 10:14 pm

തെലങ്കാനയിലെ ഹൈദരാബാദും ആന്ധ്രാ പ്രദേശിലെ വിശാഖപട്ടണവുമാണ് ദക്ഷിണേന്ത്യന്‍ നഗരങ്ങളില്‍ ഏറ്റവും മലിനമായതെന്ന് റിപ്പോര്‍ട്ട്. ബംഗളുരു, ചെന്നൈ, കൊച്ചി, മംഗളുരു, മൈസുരു, പുതുച്ചേരി, കോയമ്പത്തൂര്‍, അമരാവതി ഉള്‍പ്പെടെ പത്ത് നഗരങ്ങളെ ഉള്‍പ്പെടുത്തി ആഗോള പരിസ്ഥിതി കൂട്ടായ്മയായ ഗ്രീന്‍പീസ് ഇന്ത്യ നടത്തിയ പഠനത്തിന്റേതാണ് കണ്ടെത്തല്‍. മലിനീകരണത്തിന്റെ കാര്യത്തില്‍ ലോകാരോഗ്യ സംഘടനയുടെയും നാഷണല്‍ ആംബിയന്റ് ക്വാളിറ്റി സ്റ്റാന്‍ഡേര്‍ഡ്സി (എന്‍എഎക്യുഎസ്) ന്റെയും പരിധി ഇരു നഗരങ്ങളിലും കവിഞ്ഞു. ഇവിടങ്ങളില്‍ മാരകമായ പര്‍ട്ടിക്കുലേറ്റ് മാറ്റര്‍ 2.5 (പിഎം 2.5) അളവ് ഏഴ് മുതല്‍ എട്ട് വരെയും പിഎം10 ആറ് മുതല്‍ ഏഴ് മടങ്ങും വര്‍ധിച്ചുവെന്നും പഠനം വ്യക്തമാക്കുന്നു. ഡല്‍ഹി പോലുള്ള നഗരങ്ങള്‍ അഭിമുഖീകരിക്കുന്ന വായുമലിനീകരണത്തിന്റെ ആരോഗ്യപരവും സാമ്പത്തികപരവുമായ ദൂഷ്യഫലങ്ങളില്‍ നിന്ന് ദക്ഷിണേന്ത്യന്‍ നഗരങ്ങള്‍ അകലെയല്ലെന്നും ഗ്രീന്‍പീസ് ഇന്ത്യ മുന്നറിയിപ്പ് നല്‍കുന്നു.

ആരോഗ്യത്തിന് വളരെ ഹാനികരമായ വായു മലിനീകരണത്തിന്റെ അളവുകോലാണ് പര്‍ട്ടിക്കുലേറ്റ് മാറ്റര്‍ 2.5, പിഎം10 എന്നത്. പൊടി, പൂമ്പൊടി, കരി തുടങ്ങിയ ജൈവ, അജൈവ കണങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ലോക്ഡൗണില്‍ താരതമ്യേന കുറഞ്ഞ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിരുന്നിട്ടുകൂടി ഹൈദരാബാദിലും വിശാഖപട്ടണത്തും പിഎം 2.5ന്റെയും പിഎം10ന്റെയും തോത് ലോകാരോഗ്യ സംഘടന പുതുക്കി നിശ്ചയിച്ച പരിധി കവിഞ്ഞു. അതേസമയം പഠനത്തിന് വിധേയമാക്കിയ പത്ത് നഗരങ്ങളിലും ലോകാരോഗ്യ സംഘടനയുടെ ക്യൂബിക് മീറ്ററിന് അഞ്ച് മൈക്രോഗ്രാം എന്ന പരിധി (വാര്‍ഷിക ശരാശരി) കവിഞ്ഞപ്പോള്‍ വിശാഖപട്ടണത്ത് എന്‍എഎക്യുഎസിന്റെ ക്യൂബിക് മീറ്ററിന് 40 മൈക്രോഗ്രാം എന്ന പിഎം2.5 പരിധി 50 മൈക്രോഗ്രാം എന്ന അളവിലേക്ക് അടുത്തുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Eng­lish sum­ma­ry :Pol­lu­tion in South Indi­an cities like Hyder­abad and Visakhapatnam

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.