കരുതലിന്റെ കരംപിടിച്ച് വാവ സുരേഷ് തിരികെ ജീവിതത്തിലേക്ക് എത്തുന്നു. കോട്ടയം മെഡിക്കൽ കോളജിലെ ഒരു സംഘം ഡോക്ടർമാരുടെയും നഴ്സുമാരടക്കമുള്ള ജീവനക്കാരുടെയും സ്നേഹവും കരുതലും ഏറ്റുവാങ്ങിയാണ് വാവ സുരേഷ് തിരികെയെത്തുന്നത്. ചലച്ചിത്ര താരങ്ങളടക്കം നിരവധി പേരാണ് പ്രാർഥനകളും നേർച്ചകളുമായി സുരേഷ് ജീവിതത്തിലേക്ക് മടങ്ങിവരുന്നതും കാത്തിരുന്നത്. പലവട്ടം പാമ്പുകടിയേറ്റ് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ള വാവ സുരേഷ് അതിനെയെല്ലാം മറികടന്ന് ജീവിതം തിരിച്ചുപിടിക്കുന്നതിന് മലയാളികള്‍ സാക്ഷികളായിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇത്തവണയും സുരേഷ് തിരികെയെത്തുമെന്ന പ്രതീക്ഷകളും വിഫലമായില്ല.
തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് കോട്ടയം കുറിച്ചിയിൽ പാമ്പിനെ പിടിക്കാനെത്തിയ അദ്ദേഹത്തിന് മൂർഖന്റെ കടിയേൽക്കുന്നത്. തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലും ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്റെ ജീവൻ തിരികെ പിടിക്കാൻ മെഡിക്കൽ കോളജിലെ ഡോക്ടർമാർ ഊണും ഉറക്കവുമുപേക്ഷിച്ച് കൂടെ നിന്നു. തുടർന്ന് വ്യാഴാഴ്ചയോടെ വെന്റിലേറ്ററിൽ നിന്നും മാറ്റിയ അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി ഇന്നലെ സാധാരണ നിലയിലേക്കെത്തി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മെഡിക്കൽ ക്രിട്ടിക്കൽ കെയർ ഐ സി യുവിൽ കഴിഞ്ഞിരുന്ന അദ്ദേഹത്തെ ഇന്നലെ ഐസിയുവിൽ നിന്നും തൊട്ടടുത്ത മുറിയിലേക്ക് മാറ്റി.
ഡോക്ടർമാരുടെ ചോദ്യങ്ങളോട് കൃത്യമായി പ്രതികരിച്ചു തുടങ്ങിയ അദ്ദേഹം ഓർമ്മശക്തിയും സംസാരശേഷിയും പൂർണ്ണമായും വീണ്ടെടുത്തുവെന്നും ആഹാരം നൽകിത്തുടങ്ങിയെന്നും ഡോക്ടർമാർ അറിയിച്ചു. ആന്റിബയോട്ടിക് ഉൾപ്പെടെയുളള മരുന്നുകൾ ഇപ്പോഴും നൽകുന്നുണ്ട്. കടിച്ച പാമ്പിനെ പിടികൂടിയ ശേഷമാണ് വാവ തന്നെ ആശുപത്രിയിൽ എത്തിക്കാൻ കൂടെയുള്ളവരോട് ആവശ്യപ്പെടുന്നത്. കോട്ടയം മെഡിക്കൽകോളജായിരുന്നു ലക്ഷ്യമെങ്കിലും പാതി വഴി പിന്നിട്ടപ്പോൾ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് അദ്ദേഹത്തിന്റെ ബോധം മറഞ്ഞു. തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇവിടെയെത്തിയപ്പോൾ അദ്ദേഹത്തിന്റെ ഹൃദയമിടിപ്പ് 20 ശതമാനം മാത്രമായിരുന്നു. പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം ഐസിയുവിലേക്ക് മാറ്റിയെങ്കിലും രക്തം കട്ടപിടിക്കുന്ന അവസ്ഥ തുടർന്നതിനാൽ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജിൽ എത്തിക്കുകയായിരുന്നു. മൂർഖന്റെ വിഷം തലച്ചോറിനെയും നാഡീ വ്യവസ്ഥകളെയുമാണ് ബാധിക്കാറുള്ളത്. ഹൃദയാഘാതത്തെ തുടർന്ന് തലച്ചോറിലെ ഓക്സിജന്റെ അളവ് കുറഞ്ഞതും പാമ്പിൻ വിഷവും തലച്ചോറിന്റെയും പേശികളുടെയും പ്രവർത്തനത്തെ ബാധിച്ചു. അടുത്തദിവസം പുലർച്ചയോടെ ജീവിതത്തിലേക്ക് തിരികെ വരുമെന്ന് പ്രതീക്ഷ നൽകിയ സുരേഷ് പലവട്ടം അപകടസന്ധിയിലേക്ക് മാറി. ഓരോ ഘട്ടത്തിലും ആന്റിവെനം ഡോസുകൾ മാറ്റി നൽകിയും മറ്റും ഡോക്ടർമാർ കൂടെ നിന്നു. ഹൃദ്രോഗവിഭാഗം, മെഡിസിൻവിഭാഗം, തീവ്രപരിചരണവിഭാഗം, ന്യൂറോ- സർജറി വിഭാഗം തുടങ്ങി എല്ലാ വിഭാഗത്തിലെയും തലവൻമാരുടെ സംഘം വാവ സുരേഷിന്റെ ജീവിതം തിരികെ പിടിക്കാൻ കൂടെ നിന്നു.
ബുധനാഴ്ച ഉച്ചയോടെ ജീവിതത്തിലേക്ക് അദ്ദേഹം തിരികെയെത്തുന്നതിന്റെ ശുഭസൂചനകൾ ലഭിച്ചു തുടങ്ങി. പേശികളുടെ ബലം വർദ്ധിപ്പിക്കാൻ ഫിസിയോ തെറാപ്പിയും ന്യൂട്രീഷൻ ചികിത്സയും ആന്റിബയോട്ടിക്കുകൾക്കൊപ്പം ആരംഭിച്ചിരുന്നു. വ്യാഴാഴ്ച വെന്റിലേറ്ററിൽ നിന്നും ഐസിയുവിലേക്കും ഇന്നലെ ഐസിയുവിൽ നിന്നും തൊട്ടടുത്ത മുറിയിലേക്കും മാറ്റിയ അദ്ദേഹം അപകടസന്ധി തരണം ചെയ്തു കഴിഞ്ഞുവെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടി.
ആശുപത്രി സൂപ്രണ്ട് ഡോ ടി കെ ജയകുമാറിനൊപ്പം ഹൃദ്രോഗവിഭാഗം മേധാവി ഡോ വി എൽ ജയപ്രകാശ്, മെഡിസിൻ വിഭാഗം മേധാവി ഡോ സംഘമിത്ര, തവ്രപരിചരണ വിഭാഗം ഡെപ്യൂട്ടി സൂപ്രണ്ട് ഡോ രതീഷ് കുമാർ, ന്യൂറോ സർജറി വിഭാഗം മേധാവി ഡോ പി കെ ബാലകൃഷ്ണൻ, ന്യൂറോ മെഡിസിൻ വിഭാഗം മേധാവ് ഡോ അനുരാജ് എന്നിവരാണ് സുരേഷിനെ ചികിത്സിക്കുന്ന സംഘത്തിലുള്ളത്.
ENGLISH SUMMARY:with the hand of care Vava Suresh comes to life
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.