23 October 2024, Wednesday
KSFE Galaxy Chits Banner 2

അക്ഷരനക്ഷത്രം കോർത്ത ജപമാലയും കൈയ്യിലേന്തി ഹരിത വൃന്ദാവനത്തിൽ ഹരിമുരളീരവമൂതി പുത്തഞ്ചേരി കടന്നു പോയിട്ട് പന്ത്രണ്ടു വര്‍ഷം

പുളിക്കല്‍ സനില്‍രാഘവന്‍
February 10, 2022 11:22 am

അമ്മമഴക്കാറില്‍ കണ്ണു നിറയിച്ചും. കൈക്കുടന്ന നിറയെ മധുരഗാനങ്ങൾ സമ്മാനിച്ചും മലയാള ചലച്ചിത്രഗാനശാഖയെ പുഴപോലെ ഒഴുകാൻ സഹായിച്ച്. കടന്നു പോയിട്ട് ഫെബ്രുവരി 10 ആയ ഇന്ന് പന്ത്രണ്ടു വര്‍ഷം.. 2010 ഫെബ്രുവരി 10നാണ് ഒരു പാട്ട് മൂളി വിടവാങ്ങിയത്.

ജ്യോതിഷം,വൈദ്യം, വ്യാകരണം തുടങ്ങിയ വിഷയങ്ങളിൽ പണ്ഡിതനായ പരേതരായ പുളിക്കൂൽ കൃഷ്ണപ്പണിക്കരുടേയും കർണാടക സംഗീത വിദൂഷിയായ മീനാക്ഷിയമ്മയുടേയും മകനായി 1961 മേയ് 1 ന് കോഴിക്കോട് ജില്ലയിലെ പുത്തഞ്ചേരിയിൽ ജനനം .സർക്കാർ എ.എൽ .പി.സ്കൂൾ പുത്തഞ്ചേരി, മൊടക്കല്ലൂർ എ.യു.പി.സ്കൂൾ, പാലോറ സെക്കൻ‍ഡറി സ്കൂൾ, ഗവ:ആർട്സ് ആൻഡ് സയൻസ് കോളേജ് കോഴിക്കോട് എന്നിവിടങ്ങളിൽ പഠനം.

പുത്തഞ്ചേരി ഗ്രാമത്തിലെ ബാലസംഘത്തിലെ സജീവ അംഗമായിരുന്ന ഗിരീഷ് ചെറിയ പ്രായത്തിൽ തന്നെ മലയാള സാഹിത്യത്തിലേക്ക് ആകർഷണനായിരുന്നു .പിന്നീട് സാംസ്കാരിക കൂട്ടായ്മയായ ചെന്താരപുത്തഞ്ചേരിയുടെ സജീവ അംഗമായും പ്രവർത്തിച്ചു അന്ന് ചെന്താര കൂട്ടായ്മയുടെ നാടകങ്ങൾ രചിച്ചതും സംവിധാനം ചെയ്തതും ഗിരീഷ് ആയിരുന്നു.പതിനാലാം വയസ്സിൽ ആദ്യ കവിത ചെന്താരയുടെ മോചനം എന്ന മാഗസിനിൽ പ്രസിദ്ധീകരിച്ചു. പഠനകാലത്ത് കോഴിക്കോട് ആകാശവാണി,എച്ച്.എംവി , തരംഗിണിഎന്നീ റെക്കോഡിങ് കമ്പനികൾക്ക് വേണ്ടി ലളിത ഗാനങ്ങൾ എഴുതിക്കൊണ്ടാണ്‌ ഈ രംഗത്തേക്കുള്ള ചുവടുവെപ്പ്.

1992ല്‍ ൽ രഞ്ജിത്തിന്റെ തിരക്കഥയിൽ ജയരാജ് സംവിധാനം ചെയ്ത ജോണിവാക്കർ എന്ന ചിത്രത്തിലെ ശാന്തമീ രാത്രിയില്‍ എന്ന ഗാനം ഏറെ ജനശ്രദ്ധ ഏറ്റുവാങ്ങി . പിന്നീടങ്ങോട്ട് ഗിരീഷ് പുത്തഞ്ചേരിയെന്ന ഗാനരചയിതാവിന്റെ കാലമായിരിരുന്നു അതേ വർഷം തന്നെയായിരുന്നു തലസ്ഥാനത്തിൽ പൂക്കാലം പോയെല്ലോ എന്നു കാറ്റുപറഞ്ഞത് കേട്ട് മലയാളക്കര ഉണർന്നതും.344 ചിത്രങ്ങളിലായി 1600‑ലേറെ ഗാനങ്ങൾ രചിച്ചു .പ്രണയവും വിരഹവും ഭക്തിയും തുടങ്ങീ മനുഷ്യമനസ്സിന്റെ തീവ്രവികാരങ്ങളെ ഭാവതന്മയത്വത്തടെ ഗിരീഷ് വരികളാക്കി. 1993ല്‍ ദേവാസുരത്തില്‍ മനുഷ്യ മനസിനെ കീറി മുറിച്ച് വലിയ ആലോചനയില്‍ എത്തിക്കുന്ന വരികള്‍ എഴുതിയ പുത്തന്‍‍ഞ്ചേരിതന്നെയാണ് മായാമയൂരത്തിലൂടെ കൈക്കുടന്ന നിറയെ പ്രണയത്തിന്റെ മധുരം വിളമ്പി തന്നത്

.
വളരെ ലളിതമായ വരികളിലൂടെ ആശയപ്പൊലിമയുള്ള ഗാനങ്ങളാണ് ആ തൂലിക സമ്മാനിച്ചത്. ഒപ്പം പ്രണയാർദ്രവും. അക്ഷരനക്ഷത്രം കോർത്ത ജപമാല കൈയ്യിലേന്തി അഗ്നിദേവൻ എത്തിയപ്പോൾ പുത്തഞ്ചേരിക്ക് 1995 ലെ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാനതല പുരസ്കാരം ആദ്യമായ് ലഭിച്ചു. എം.ജി രാധാകൃഷ്ണനായിരുന്നു സംഗീതം.നിലാവിന്റെ നീല ഭസ്മക്കുറിയണിഞ്ഞ കാമുകിയെ മലയാളക്കര സ്വപ്നം കണ്ടുതുടങ്ങി, അംഗോപാംഗമായി ചടുല നൃത്തമാടി സൂര്യകിരീടം തച്ചുടച്ച ദേവാസുരം, പോരു നീ വാനിലം ചന്ദ്രലേഖയെന്നു പാടിയ കാശ്മീരം, ഓലചങ്ങാതിയെന്നും ഓമനചങ്ങാതിയെന്നും വിളിച്ച കിന്നരിപ്പുഴയോരം, പഴനിമലമുരുകനെ വിളിച്ച് ചീറിപ്പാഞ്ഞ നരസിംഹം, ഇണക്കമാണോ പിണക്കമോണോ എന്നു ചോദിച്ച അനന്തഭദ്രം പുത്തന്‍ഞ്ചേരി എം ജി കൂട്ടുകെട്ടില്‍ വിരിഞ്ഞതാണ്.

പുത്തഞ്ചേരിയെ ഓർക്കുമ്പോൾ ഒട്ടേറെ ഗാനങ്ങൾ മനസ്സിലേക്കെത്തും. എസ്.പി വെങ്കിടേഷ് — പുത്തഞ്ചേരി കൂട്ടുക്കെട്ടിന്റെ ഒരു പ്രത്യേകതതന്നെയാണ്.1994 ലാണ് മിന്നാരത്തിലൂടെ ചിങ്കാരക്കിന്നാരം പാടി , കുസൃതിയുടെ ചക്കിപൂച്ചയെ സൃഷ്ടിച്ച് നിലാവേ മായുമോ എന്നു ചെല്ലി കിനാവിൽ നോവുമായ് ഒരു വിരഹഗാനവും പിറന്നു. ഒരു ചിത്രത്തിൽ തന്നെ പ്രണയം, വിരഹം, കുസൃതി തുടങ്ങി എല്ലാ ഭാവങ്ങളും നമുക്ക് കാണാന്‍ കഴിയും. ഹിറ്റ്ലര്‍, , കാതിലൊരു കിന്നാരം, പ്രവാചകൻ, ലാളനം, ഗംഗോത്രി, കിലുകിൽ പമ്പരം തുടങ്ങി 130 ഓളം ചിത്രങ്ങളിലായ് ഒരുപിടി മധുരഗാനങ്ങൾ ആ കൂട്ടുകെട്ട് മലയാളിക്ക് സമ്മാനിച്ചു.പുത്തഞ്ചേരിയുടെ അതിമനോഹരമായ വരികൾക്ക് ബേണി ഇഗ്നേഷ്യസ് ടീമിന്റെ സംഗീതം കൂടിച്ചേർന്നപ്പോൾ എല്ലാ ഗാനങ്ങളും സൂപ്പർഹിറ്റായി.

ഇന്നും തേന്മാവിൻ കൊമ്പത്തിലെ ഒരു ഗാനമെങ്കിലും ചുണ്ടിൽ തത്തിക്കളിക്കാറില്ലേ… ഈ കൂട്ടുകെട്ട് തന്നെയാണ് മാനത്തെ കൊട്ടാരത്തിൽ പൂനിലാമഴ പെയ്തിറക്കിയതും പിന്നീട് ചന്ദ്രലേഖയെ താമരപൂവിൽ വാഴുന്ന ദേവിയാക്കിയതും മാനത്തെ ചന്ദിരനൊത്ത മണിമാളിക അവൾക്കായ് തീർത്തു കൊടുത്തതും അമ്മൂമക്കിളിയെ വായാടിയാക്കിയതും. രഥോത്സവത്തിൽ തെച്ചി പൂവുമായെത്തിയതും, ജെയിംസ് ബോണ്ടിൽ മിഴിയോരം ഒരു മോഹമാക്കിയതും. മലയാള സിനിമാഗാനശാഖയെ പുഴപോലെ ശക്തമായി ഒഴുകാൻ സഹായിച്ചു.

എഴുതിയ ഗാനങ്ങൾഎല്ലാം തന്നെ നമ്മുടെയൊക്കെ മനസ്സിൽ പതിഞ്ഞിരിക്കും .ഏതൊരു കുട്ടിക്കും മനസ്സിലാക്കാവുന്ന വരികൾ. അവയ്ക്ക് അനുഗൃഹീതരായ സംഗീത സംവിധായകർ നല്ല നല്ല ഈണങ്ങൾ നൽകി. രവീന്ദ്രൻ മാഷും വിദ്യാസാഗറും എം.എം. ജയചന്ദ്രനുമൊക്കെ പുത്തഞ്ചേരിയെ അനശ്വരനാക്കി നിർത്തുന്നതിൽ മുഖ്യ പങ്കുവഹിച്ചവരാണ്. പൊന്നിൽക്കുളിച്ചു നിന്ന ചന്ദ്രികാ വസന്തമായ് പുഴ കടന്നു മലയാളിയുടെ മനസിൽ കാക്കക്കറുമ്പനായ് ഒരു കൂടുകൂട്ടാൻ പുത്തഞ്ചേരിക്ക് കഴിഞു. അങ്ങനെ ഒരു അവധിക്കാലത്ത് പുലർവെയിൽ വന്നതും രാവിൽ നിലാപക്ഷി പാടിയതും. ചിന്താവിഷ്ടയായ ശ്യാമള ആരോടും മിണ്ടിയില്ലെങ്കിലും മിഴികളിൽ നോക്കിയില്ലെങ്കിലും മനുഷ്യ മനസിനെ സ്പർശിച്ചു.ആറാം തമ്പുരാനിൽ രവീന്ദ്രസംഗീതം കൂടിച്ചേർന്ന് ഹരിമുരളീരവമായി നമ്മെ കുളിരണിയിച്ച ഗാനം. രവീന്ദ്രസംഗീതത്തിന്റെ മാറ്റൊലിയിൽ ഒരുപാട് അനശ്വരഗാനങ്ങൾ പുത്തഞ്ചേരിയുടെ തൂലിക സമ്മാനിച്ചിട്ടുണ്ട്.

മൂവന്തിതാഴ് വരയിൽ വെന്തുരുകുന്ന വിൺസൂര്യനെ വർണ്ണിച്ച്, മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുപോലെ ഹൃദയത്തെ സ്പർശിച്ച കന്മദം, മനസ്സിൻ മണിച്ചിമിഴിൽ ദീനദയാലോ രാമാ പാടിച്ച അരയന്നങ്ങളുടെ വീട്, മനസ്സിൽ മിഥുനമഴ പെയ്യിച്ച നന്ദനം, എന്തേ മുല്ലേ പൂക്കാത്തൂ എന്നു ചോദിച്ച പഞ്ചലോഹം തുടങ്ങി കളഭത്തിനൊപ്പം വടക്കുംനാഥന് മനസും സമർപ്പിച്ച് നീളുന്നു.ഒത്തിരിയൊത്തിരി സ്വപ്നങ്ങളുമായ് പ്രണയവർണ്ണങ്ങൾ എത്തിയപ്പോൾ വിഗ്യാസാഗർ — പുത്തഞ്ചേരി കൂട്ടുകെട്ട് മനസിന്റെ മൺവീണയിൽ ആരോ വിരൽ മീട്ടിയതു പോലെ അനശ്വരമായി.അതേ വർഷം തന്നെയാണ് ഇരുവരുടെയും കൂട്ടുകെട്ടിൽ സമ്മർ ഇൻ ബത്ലഹിമിൽ ചൂളമടിച്ചു നടന്ന ചോലക്കുയിൽ വന്നതും മനസിനെ ആഴത്തിൽ സ്പർശിച്ച് ഒരു രാത്രിയിൽ വിടവാങ്ങിയതും മിഴിയറിയാതെ പ്രായം തമ്മിൽ മോഹം നൽകിയപ്പോഴും മനമുരുകി സൂര്യാങ്കുരം യാത്രയായ് ശുക്രിയ പറഞ്ഞപ്പോഴും ആ കൂട്ടുകെട്ടിന്റെ നിറം മങ്ങിയില്ല.

എത്രയോ ജന്മമായ് കൺമണിയെ കാത്തിരുന്നു ഒടുവിൽ കൃഷ്ണഗുഡിയിലെ ഒരു പ്രണയകാലത്തു കൊണ്ടെത്തിച്ചപ്പോള്‍ 1997–ലെ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്കാരവും പുത്തഞ്ചേരിയെത്തേടിയെത്തി.എക്കാലത്തെയും മികച്ച ഒരു കൂട്ടുകെട്ടിന്റെ തുടക്കമായിരുന്നു അത് .മലയാളമനസിൽ പിന്നെയും പിന്നെയും പടി കടന്നെത്തുന്ന പദനിസ്വനമാകാൻ വിദ്യാസാഗർ പുത്തഞ്ചേരി കൂട്ടുകെട്ടിന് കഴിഞ്ഞു. വെണ്ണിലാകൊമ്പിലേ രാപ്പാടിയെ വിളിച്ചു കേണ ഉസ്താദ്, മണിമുറ്റത്താവണിപന്തൽ സൃഷ്ടിച്ച ഡ്രീംസ്, ധൂം ധൂം ധൂം പാടിയ രാക്കിളിപ്പാട്ട്, മറന്നിട്ടും മനസിൽ തുളുമ്പുന്ന മൗനാനുരാഗത്തിന്റെ രണ്ടാംഭാവം, ചിങ്ങ മാസത്തിൽ കരിമിഴിക്കുരുവിയെ തേടിനടന്ന് മലയാളികളുടെ എല്ലാമെല്ലാമായ മീശമാധവൻ, ചിലമ്പോലിക്കാറ്റിനെ കൂട്ടുപിടിച്ച സി ഐഡി മൂസ, എന്തേ ഇന്നും വന്നില്ലായെന്നു ചോദിച്ചപ്പോൾ വിളിച്ചതെന്തിനു വീണ്ടും എന്ന മറുചോദ്യം എയ്ത ഗ്രാമഫോൺ, ഒരു കുളിർമഴയായെത്തിയ ഡിങ്കിരി പട്ടാളം, തൊട്ടുരുമ്മിയിരുന്നു കടന്നു പോയ രസികൻ, ആലീസ് ഇൻ വണ്ടർലാന്റിൽ മെയ് മാസം ജൂണോട് കൊഞ്ചി ഐ ലവ് യൂ പറഞ്ഞതും, മുന്തിരിപ്പാടത്തേക്കു കൂട്ടിക്കൊണ്ടുപോയ കൊച്ചിരാജാവ്, രാവേറേയായി എന്നറിയിച്ച റോക്ക് ആൻ റോൾ എന്നിങ്ങിനെ ഒരുപിടി മികച്ച മലയാളികള്‍ എന്നും ഓര്‍ക്കുന്ന ഗാനങ്ങള്‍ പുത്തന്‍ഞ്ചേരിയുടെ തൂലികയില്‍ വിടര്‍ന്നതാണ്.ചെമ്മാനം പൂത്തപ്പോൾ എന്തു ഭംഗി നിന്നെ കാണാൻ എന്ന് കണ്ണീർമഴയത്തു ചിരിയുടെ കുടജ്യോതിയുമായ് ജോക്കർ പാടിയപ്പോൾ മോഹൻ സിത്താര— പുത്തഞ്ചേരി കൂട്ടുകെട്ടിനെ നമ്മൾ നെഞ്ചോട് ചേർത്തു, കൂട്ടുകെട്ട് ഒരു നക്ഷത്രത്താരാട്ടായ് വന്നപ്പോൾ നീ എന്റെ പാട്ടിൽ ശ്രീരാഗമായോ എന്നു ചോദിച്ചില്ലേ. ഡിസംബർ എന്ന ചിത്രത്തിൽ ജാസി ഗിഫ്റ്റിനെ കൂട്ടു പിടിച്ച് സ്നേഹത്തുമ്പീ ഞാനില്ലേ കൂടെയെന്ന് പാടി.
ജൂണിലെ നിലാമഴയിൽ പ്രിയനേ വിളിച്ചുരുകുന്ന ഗാനങ്ങൾ തുടങ്ങി പ്രണയാർദ്രമായ ഒരുപിടി മധുരഗാനങ്ങൾ എം. ജയചന്ദ്രൻ — പുത്തഞ്ചേരി കൂട്ടുക്കെട്ട് മലയാളിത്തത്തിനു സമ്മാനിച്ചു.

അമ്മ മഴക്കാറിന്റെ കണ്ണു നിറച്ച മാടമ്പിയും, നെഞ്ചിലെ കുഞ്ഞു മൺവിളക്കൂതി വിരഹത്തിന്റെ വിറയാർന്ന വരികളുമായെത്തിയ ബാലേട്ടനും, കൂവരം കിളി പൈതൽ ചാന്തു തൊട്ട് ബനാറസിൽ ചിറകുവിരിച്ചതും , ഇവർ വിവാഹിതരായപ്പോൾ പാടാൻ പാട്ടിലൊരു പെണ്ണുണ്ടായതുമെല്ലാം ഈ കൂട്ടുകെട്ടിൽ നിന്നാണ്.എന്തു പറഞ്ഞാലും നീ ഞങ്ങളുടേതു തന്നെയന്ന് നമ്മൾ ഒന്നടങ്കം പറഞ്ഞത് ഇളയരാജയുമായ് ഒന്നിച്ച് അച്ചുവിന്റെ അമ്മ വന്നപ്പോഴല്ലേ… മനസിനക്കരെയിൽ മറക്കുടയാൽ മുഖം മറച്ചു വന്ന് മെല്ലെ ഒന്നു പാടി തഴുകി ഉറക്കിയതും ഇളയരാജ— പുത്തഞ്ചേരി കൂട്ടുകെട്ടു തന്നെയാണ്.പൊന്മുടിപ്പുഴയയോരത്ത് ഒരു ചിരി കണ്ടാൽ അതു മതിയെന്നും , ആറ്റിൻകരയോരത്ത് ചാറ്റൽ മഴ പാടി വന്നപ്പോൾ ഇത് സംഗീതത്തിന്റെ അടിപൊളി രസതന്ത്രം തന്നെയെന്ന് നമ്മൾ പറഞ്ഞു കൈയ്യടിച്ചു. മലയാളമനസിൽ വിളക്കുവെച്ച ഗൃഹാതുരതയുടെ ഓർമകൾ സമ്മാനിച്ച മേഘം സൃഷ്ടിക്കപ്പെട്ടത് ഔസേപ്പച്ചൻ—പുത്തഞ്ചേരി കൂട്ടുകെട്ടിലാണ്. വാവാവോ പാടി വാവയ്ക്ക് ഉമ്മകൾ സമ്മാനിക്കാൻ അപ്പൂന്റെ വീട് കാരണമായപ്പോൾ താമരനൂലിനാൽ മെല്ലെ പ്രണയിനിയെ തൊട്ടുവിളിക്കാൻ മുല്ലവെളളിയും തേന്മാവും പറഞ്ഞുതന്നു.ആകാശദീപങ്ങളെ സാക്ഷി നിർത്തി അക്ഷരനക്ഷത്രം കോർത്ത ജപമാലയും കൈയ്യിലേന്തി സംഗീതത്തിന്റെ ഹരിത വൃന്ദാവനത്തിൽ ഹരിമുരളീരവമൂതി ഓടിനടന്ന് മലയാളിക്ക് കൈക്കുടന്ന നിറയെ മധുരഗാനങ്ങൾ സമ്മാനിച്ച അതുല്യപ്രതിഭയായ ഗിരീഷ് പുത്തന്‍‍‍ഞ്ചേരി 7 തവണ സംസ്ഥാന സർക്കാറിന്റെ ഏറ്റവും മികച്ച ചലച്ചിത്ര ഗാനരചയിതാവിനുള്ള അവാർഡ് കരസ്ഥമാക്കി .

പുനരധിവാസത്തിൽ അക്ഷരത്തിന്റെ കനകമുന്തിരിമണികൾ കോർത്തപ്പോൾ 1999ലും, . ആകാശദീപങ്ങളെ സാക്ഷിയാക്കി രാവണപ്രഭു എത്തിയപ്പോൾ 2001ലും സംസ്ഥാന അവാർഡ്. തുടർന്ന് നന്ദനം, ഗൗരീശങ്കരം, കഥാവിശേഷൻ എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾ യഥാക്രമം 2002, 2003, 2004 വർഷങ്ങളിലെ സംസ്ഥാന അവാർഡ് നേടി.മേലേപറമ്പിൽ ആൺ‌വീട് എന്ന ചിത്രത്തിന്‌ കഥയും, വടക്കുനാഥൻ,പല്ലാവൂർ ദേവനാരായണൻ, കിന്നരിപ്പുഴയോരം എന്നീ ചിത്രങ്ങൾക്ക് തിരക്കഥയും രചിച്ചു. അവസാനകാലത്ത് സ്വന്തം തിരക്കഥയിൽ രാമൻ പോലിസ് എന്ന പേരിൽ മോഹൻലാലിനെ നായകനാക്കി ഒരു ചിത്രം സം‌വിധാനം ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു .പുത്തന്‍ഞ്ചേരി ലാളിത്യത്തിന്റെ ലോലഭാവത്തിൽ കാവ്യഗുണമുള്ള എത്രയോ എത്രയോ മധുരഗാനങ്ങൾ രചിച്ച ഗിരീഷ് പുത്തഞ്ചേരി എന്ന ഗാനരചയിതാവിന് പ്രണയം മധുമഴയായി പൊഴിയുന്ന ആ ആത്മബന്ധം നന്നായി അറിയാമായിരുന്നു.

മലയാളത്തിലെ ജനപ്രിയ ചലച്ചിത്രഗാന രചയിതാവും, കവിയും, തിരക്കഥാകൃത്തുമായിരുന്നു ഗിരീഷ് പുത്തഞ്ചേരി. പാട്ടെഴുത്തിന്റെ പുത്തൻ വഴിയിൽ പലരുമെത്തിയെങ്കിലും പുത്തഞ്ചേരിയുടെ ഭാവഗാനങ്ങൾ മലയാളികൾ വല്ലാതെ കൊതിക്കുന്നിണ്ടിപ്പോഴും. മോഹൻലാലിനെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യണമെന്മോഹം സഫലമാകുന്നതിനു മുൻപേ അദ്ദേഹം വിടപറ‍ഞ്ഞു. പക്ഷേ, പുത്തഞ്ചേരിയുടെ ഒരു ഗാനമെങ്കിലും മൂളാതെ മലയാളിക്ക് ഒരു ദിവസം പൂർത്തിയാക്കാൻ കഴിയുമോ? സൂര്യകിരീടമോ ഹരിമുരളീരവമോ പിന്നെയും പിന്നെയുമോ പാടാത്തൊരാൾ ഉണ്ടാകുമോ, ഫെബ്രുവരി പത്തുകൾ ഇനിയും വരും. അതൊന്നുമോർക്കാതെ മലയാളി പുത്തഞ്ചേരിയുടെ വരികൾ പാടിക്കൊണ്ടിരിക്കും..അദ്ദേഹത്തിന്‍റെ ഭൗതിക ശരീരം മാത്രമേ നമ്മെ വിട്ടു പിരിഞ്ഞിട്ടിള്ളു.അദ്ദേഹം സമ്മാനിച്ച ഗാനസുഗന്ധം ഇപ്പോഴും ഇവിടെയൊക്കെത്തന്നെയുണ്ട്. ഗിരീഷ് പുത്തഞ്ചേരിക്കു മരണമില്ല. മറന്നിട്ടും മനസിൽ തുളുമ്പുന്ന മൗനാനുരാഗം പോലെ.മനസിൽ കുളിരുകോരുന്ന ഗ്രാമഫോൺ പോലെ… ഒരേ കടലിൽ നീറുന്ന പ്രണയസന്ധ്യയുടെ വിരഹവേദന പോലെ.ഒരു യാത്രാമൊഴി പറഞ്ഞകന്നെങ്കിലും ഹൃദയം തഴുകി ഉണർത്തുന്ന പാട്ടുകൾ സമ്മാനിച്ച അദ്ദേഹം പിന്നെയും പിന്നെയും നമ്മുടെ മനസിൽ പടികടന്നെത്തുന്ന പദനിസ്വനമാകും.ഒപ്പം കൈകുടന്ന നിലാവുപോലെ

Eng­lish Sumam­ry: Twelve years have passed since Harimu­raleer­ava­moothi ​​Puthenchery passed away in Haritha Vrin­da­van with a rosary with a star on it.

You may also like this video:

TOP NEWS

October 23, 2024
October 23, 2024
October 23, 2024
October 22, 2024
October 22, 2024
October 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.