24 December 2024, Tuesday
KSFE Galaxy Chits Banner 2

ചലച്ചിത്ര താരം കോട്ടയം പ്രദീപ് അന്തരിച്ചു

Janayugom Webdesk
തിരുവനന്തപുരം
February 17, 2022 8:06 am

നടന്‍ കോട്ടയം പ്രദീപ് (61) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പുലര്‍ച്ചെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തിച്ച് ഒരു മണിക്കൂറിനുള്ളില്‍ മരണം സംഭവിച്ചു. കൊവിഡ് ടെസ്റ്റിനു ശേഷം അദ്ദേഹത്തിന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരും. കോട്ടയം കുമാരനല്ലൂരാണ് വീട്. ജനിച്ചതും വളര്‍ന്നതും കോട്ടയം തിരുവാതുക്കലാണ്.
ഐവി ശശി സംവിധാനം ചെയ്ത 2001ല്‍ പുറത്തിറങ്ങിയ ‘ഈ നാട് ഇന്നലെ വരെ’ എന്ന ചിത്രത്തിലൂടെയാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റായി കരിയര്‍ ആരംഭിച്ച പ്രദീപ് അഭിനയ രംഗത്തെത്തുന്നത്. വിണ്ണൈ താണ്ടി വരുവായ, കുഞ്ഞി രാമായണം, ഒരു വടക്കന്‍ സെല്‍ഫി തുടങ്ങി നൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
സ്‌കൂളും കോളജുമൊക്കെ കോട്ടയത്തായിരുന്നു. വളരെ ചുരുങ്ങിയ സിനിമകള്‍ കൊണ്ട് ജനസ്വീകാര്യത നേടിയ നടനായിരുന്നു കോട്ടയം പ്രദീപ്. നാടകങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. എന്‍ എന്‍ പിള്ളയുടെ ഈശ്വരന്‍ അറസ്റ്റില്‍ എന്ന നാടകത്തില്‍ ബാലതാരമായി അഭിനയിച്ചാണ് അദ്ദേഹം അരങ്ങിലെത്തുന്നത്. കോളജില്‍ വച്ചും അദ്ദേഹം ഒട്ടേറെ നാടകങ്ങളില്‍ അഭിനയിച്ചു. കേരളത്തിലെ പല വേദികളില്‍ അദ്ദേഹം ഏകാംഗ നാടകങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. നാടകത്തിലൂടെയാണ് അദ്ദേഹം സിനിമയിലെത്തുന്നത്. അവസ്ഥാന്തരങ്ങള്‍ എന്ന ടെലിഫിലിമില്‍ ബാലതാരത്തെ ആവശ്യമുണ്ട് എന്ന് കണ്ട് മകനെയും കൂട്ടി സെറ്റിലെത്തിയപ്പോഴാണ് അദ്ദേഹത്തിന് സിനിമയില്‍ അവസരം ലഭിക്കുന്നത്.

കോട്ടയം പ്രദീപിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. സ്വതസിദ്ധമായ ശൈലിയിലൂടെ ചെറു കഥാപാത്രങ്ങളെപ്പോലും പ്രേക്ഷക മനസില്‍ തിളക്കത്തോടെ കുടിയിരുത്തിയ നടനാണ് കോട്ടയം പ്രദീപെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. കുടുംബത്തിന്റെയും അദ്ദേഹത്തിന് പ്രിയപ്പെട്ടവരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും മുഖ്യമന്ത്രി ഫേസ് ബുക്കില്‍ കുറിച്ചു.

Eng­lish sum­ma­ry; Film star Kot­tayam Pradeep has passed away
You may also like this video;

TOP NEWS

December 24, 2024
December 24, 2024
December 24, 2024
December 24, 2024
December 24, 2024
December 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.