സംസ്ഥാനത്തെ 29 പൊതുകലാലയങ്ങളിലെ പദ്ധതികൾ ഈ മാസം നാടിനു സമർപ്പിക്കും. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഫണ്ട് ഉപയോഗിച്ചുള്ള രാഷ്ട്രീയ ഉച്ചതാർ ശിക്ഷ അഭിയാൻ(റൂസ) പദ്ധതിയുടെ ഭാഗമായി നിർമിച്ച കെട്ടിടങ്ങളാണ് ഉദ്ഘാടനം ചെയ്യുന്നത്. സർക്കാരിന്റെ നൂറു ദിന പദ്ധതിയുടെ ഭാഗമായിട്ടാണ് ഉദ്ഘാടനം. കലാലയങ്ങളുടെ മുഖഛായ മാറ്റുന്ന വികസന പ്രവൃത്തികളിൽ സർക്കാർ കോളജുകൾക്കു പുറമേ ഇതാദ്യമായി സർക്കാർ എയ്ഡഡ് കോളജുകൾക്കും സഹായം ലഭ്യമാക്കുന്നത്.
പൊതുകലാലയങ്ങളിൽ അക്കാദമിക് സൗകര്യങ്ങളും പശ്ചാത്തല സൗകര്യങ്ങളും വിപുലീകരിക്കുന്നതിന് രണ്ടു ഘട്ടങ്ങളിലായി 568 കോടി രൂപയാണ് റൂസ പദ്ധതി പ്രകാരം ചെലവാക്കുന്നത്. ഇതിൽ 227 കോടി രൂപ സംസ്ഥാന സർക്കാരിന്റെ വിഹിതമാണ്. ആദ്യ ഘട്ടത്തിൽ 194 കോടിയും രണ്ടാം ഘട്ടത്തിൽ 374 കോടിയുമാണ് ചെലവാക്കുന്നത്. ഗവേഷണ നിലവാരം ഉയർത്തൽ, സ്വയംഭരണ കോളജുകളുടെ മികവുകൂട്ടൽ, മോഡൽ കോളജുകൾ ആരംഭിക്കൽ, കലാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം എന്നീ നാലു ഘടകങ്ങൾ ഉൾപ്പെടുന്ന രണ്ടാം ഘട്ടത്തിൽപ്പെടുത്തിയാണ് 29 കോളജുകളിലെ പ്രവൃത്തികൾ ഉദ്ഘാടനം ചെയ്യുന്നത്. 122 സ്ഥാപനങ്ങളിലാണ് നിലവിൽ പശ്ചാത്തല സൗകര്യ വികസനം നടക്കുന്നത്.
നിർമാണം പൂർത്തിയായ കോളജുകളിൽ ആധുനിക ഗവേഷണ സൗകര്യങ്ങളോടുകൂടിയ പ്രത്യേക ബ്ലോക്കുകൾ, പുതുതലമുറ ലാബ് സൗകര്യങ്ങൾ, പുതിയ ക്ലാസ് മുറികൾ, ലൈബ്രറി കെട്ടിടങ്ങൾ, ജിം സൗകര്യങ്ങളോടുകൂടിയ കായിക വികസന പദ്ധതികൾ, സ്പോർസ് ഗ്യാലറികൾ, സെമിനാർ ഹാളുകൾ, ഓഡിറ്റോറിയങ്ങൾ, പെൺകുട്ടികൾക്കായുള്ള പ്രത്യേക സൗകര്യങ്ങൾ, ശുചിമുറികൾ, കുടിവെള്ള വിതരണ സംവിധാനങ്ങൾ, വിശ്രമ മുറികൾ തുടങ്ങിയവ ഇവിടങ്ങളിൽ സജ്ജമാക്കിയിട്ടുണ്ട്.
ആറു സർവകലാശാലകൾക്ക് 20 കോടി രൂപ വീതവും 22 സർക്കാർ കോളജുകൾക്ക് രണ്ടു കോടി രൂപ വീതവും ഒന്നാം ഘട്ടത്തിൽ നൽകിയിരുന്നു. സർവകലാശാലകളിലേയും കോളജുകളിലേയും പശ്ചാത്തല സൗകര്യ വികസനം, നിലവിലുള്ള കലാലയങ്ങളെ മോഡൽ കോളജുകളാക്കി മാറ്റൽ, പെൺകുട്ടികൾക്കും ഭിന്നശേഷി വിഭാഗങ്ങൾക്കും പ്രത്യേക സൗകര്യങ്ങൾ ലഭ്യമാക്കുന്ന തുല്യതാ സംരംഭങ്ങൾ, അധ്യാപക ഗുണമോ വർധനവിനുള്ള പരിശീലന പരിപാടികൾ, അന്തർദേശിയ ദേശീയ സെമിനാറുകളും ശിൽപ്പശാലകളും എന്നിവയ്ക്കുള്ള ആറു ഘടകങ്ങൾ ഉൾപ്പെട്ടതായിരുന്നു ഒന്നാം ഘട്ടം.
തിരുവനന്തപുരം ഗവൺമെന്റ് ആർട്സ് കോളജ്, പേരാമ്പ്ര സികെജിഎം ഗവൺമെന്റ് കോളജ്, തൃശൂർ പുല്ലൂറ്റ് കെകെടിഎം ഗവൺമെന്റ് കോളജ് എന്നിവിടങ്ങളാണ് അടിസ്ഥാന സൗകര്യ വികസനം പൂർത്തിയായ സർക്കാർ കോളജുകൾ. കൊല്ലം ടികെഎം കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ്, കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജ്, ചങ്ങനാശേരി സെന്റ് ബർക്മാൻസ് കോളജ്, പാലാ അൽഫോൻസ കോളജ്, കോട്ടയം അരുവിത്തറ സെന്റ് ജോർജ് കോളജ്, കോട്ടയം ബസേലിയോസ് കോളജ്, കുട്ടിക്കാനം മരിയൻ കോളജ്, ഇടുക്കി രാജകുമാരി എൻ.എസ്.എസ്. കോളജ്, എറണാകുളം സെന്റ് തെരേസാസ് കോളജ്, കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജ്, തേവര സേക്രട്ട് ഹാർട്ട് കോളജ്, അങ്കമാലി മോണിങ് സ്റ്റാർ ഹോം സയൻസ് കോളജ്, തൃശൂർ മാള കാർമൽ കോളജ്, തൃശൂർ സെന്റ് മേരീസ് കോളജ്, ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളജ്, പാലക്കാട് മേഴ്സി കോളജ്, ഒറ്റപ്പാലം എൻഎസ്എസ് ട്രെയിനിങ് കോളജ്, മലപ്പുറം സുല്ലുമുസ്ലാം സയൻസ് കോളജ്, മഞ്ചേരി കെഎഎച്ച്എം യൂണിറ്റി വിമൻസ് കോളജ്, മലപ്പുറം വളാഞ്ചേരി എംഇഎസ്‍കെവിഎം കോളജ്, മലപ്പുറം തിരൂരങ്ങാടി പിഎസ്എംഒ കോളജ്, ഫറോക് കോളജ്, വയനാട് പഴശിരാജ കോളജ്, മാനന്തവാടി മേരിമാത ആർട്സ് ആൻഡ് സയൻസ് കോളജ്, സുൽത്താൻബത്തേരി സെന്റ് മേരീസ് കോളജ്, കാസർകോട് കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജ് എന്നിവിടങ്ങളാണ് വികസന പദ്ധതികൾ പൂർത്തിയായ കോളജുകൾ. 28ന് തൃശൂർ സെന്റ് മേരീസ് കോളജ്, ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളജ്, പുല്ലൂറ്റ് കെകെടിഎം കോളജ്, മാള കാർമൽ കോളജ് എന്നിവിടങ്ങളിലെ ഉദ്ഘാടന പരിപാടി നടക്കും. മറ്റ് കോളജുകളിലെ വരും ദിവസങ്ങളില്‍ നടക്കും.
English Summary: Development plans for 29 colleges will be submitted
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.