“ഒരു പുസ്‌തകം വായിച്ചു കഴിഞ്ഞശേഷവും അത് ഹൃദയത്തോട് സംവദിക്കുന്നതായും, അതിലെ ആശയങ്ങള്‍ നമ്മുടെ മനസില്‍ അനുരണനം ചെയ്യുന്നതായും, വീണ്ടും വായിക്കാന്‍ തോന്നുകയും ചെയ്‌താല്‍ തീര്‍ച്ചയായും അതൊരു നല്ല പുസ്‌തകമായിരിക്കും.”
നല്ല പുസ്‌തകങ്ങളെക്കുറിച്ച് ഇംഗ്ലീഷ് സാഹിത്യകാരനായ ജെ ഡി സാലഞ്‌ജറുടെ അഭിപ്രായം ഇതായിരുന്നു. ഇത്തരം പുസ്‌തകങ്ങള്‍ വീണ്ടും വായിക്കാനും സൂക്ഷിക്കാനും കഴിയുകയെന്നത് ഇന്ന് അപൂര്‍വസുന്ദരമായ സാംസ്‌കാരികാനുഭവം.
നോവല്‍, കഥ, ബാലസാഹിത്യമേഖലകളിലായി മുപ്പതിലധികം പുസ്‌തകങ്ങള്‍ രചിച്ച ഏഴംകുളം മോഹന്‍കുമാറിന്റെ ‘തോട്ടേനെ ഞാന്‍ വിരലുകൊണ്ട്’ എന്ന പുസ്‌തകം ഈ അനുഭവമുണര്‍ത്തുന്നു. ഓര്‍മ്മകള്‍, കാഴ്‌ചകള്‍, നിരീക്ഷണങ്ങള്‍ എന്നിവ അടങ്ങിയ പുസ്‌തകം ചിന്തിപ്പിക്കാനും ചിരിക്കാനും ആകുലതയുണര്‍ത്താനും പ്രേരകമാകുന്നു.
ഓര്‍മ്മക്കുറിപ്പുകളാണ് ആദ്യഭാഗം. ‘ബസ്സില്‍ വിയര്‍ത്തും, കോപം കണ്ടുരുകിയും’ എന്ന ഓര്‍മ്മക്കുറിപ്പ് രസകരമാണ്. മനോരമ വാരികയില്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന ‘മണ്‍കുടം’ എന്ന ബാലനോവല്‍ വായിച്ച് ഹരംകൊണ്ട ഒരു കൂട്ടം വിദ്യാര്‍ത്ഥിനികള്‍ എഴുത്തുകാരനെ ബസ്സില്‍ വച്ച് കണ്ടുമുട്ടുകയും അതിന്റെ അനന്തരഭാഗങ്ങളെക്കുറിച്ച് ആവര്‍ത്തിച്ച് ചോദിച്ച് വീര്‍പ്പുമുട്ടിച്ചതും, അവര്‍ക്കിടയില്‍പ്പെട്ട് വിയര്‍ത്തുപോയതുമായ അനുഭവം ‘വായനയുടെ ഒരു പൂക്കാലകാലത്തെകൂടി’ പ്രത്യക്ഷവല്‍ക്കരിക്കുന്നു.
സിനിമാ തിയ്യേറ്ററില്‍ പോയി ഏറ്റവും കുറഞ്ഞ ക്ലാസുകളിലിരുന്ന് സിനിമ കണ്ടിരുന്ന ബാല്യകാലകുതൂഹലവും, സ്‌കൂള്‍ വിട്ടുവരുമ്പോള്‍ ചന്തയില്‍ നിന്ന് മടങ്ങുന്ന കാളവണ്ടിയില്‍ കയറി കൂട്ടുകാര്‍ക്കൊപ്പം വീട്ടിലേക്കു പോകുന്നതും, സിനിമപാട്ടുകള്‍ പാടിയാഘോഷിച്ച് പുരകെട്ടിമേഞ്ഞുകൊണ്ടിരുന്ന ചെറുപ്പക്കാരന്‍ അതിന്റെ ഹരത്തിനിടയില്‍ താഴെപതിച്ചത് കണ്ടുനിന്നതും, രാഷ്‌ട്രീയ ശക്തിപ്രകടനത്തില്‍പ്പെട്ടുപോയ പാവപ്പെട്ട നിസ്സഹായയായ ഒരു സ്‌ത്രീയുടെ ദയനീയതയും ഒക്കെ ദൃശ്യചാരുതയുള്ള സര്‍ഗ്ഗാത്മക ഭാഷയില്‍ രേഖപ്പെടുത്തുമ്പോള്‍ വായനക്കാര്‍ക്കും അത് ഹൃദ്യമായനുഭവപ്പെടുന്നു.
ട്യൂട്ടോറിയല്‍ അദ്ധ്യാപകനായിരുന്നകാലത്ത് സാഹിത്യത്തോടുള്ള അദമ്യമായ പ്രണയപാരവശ്യം കൊണ്ട് ഒരു കൈയ്യെഴുത്ത് മാസിക പ്രസിദ്ധപ്പെടുത്തിയതും അടുത്ത സ്‌കൂളില്‍ ആനിവേഴ്‌സറിവേളയില്‍ ഉദ്‌ഘാടനത്തിനെത്തിയ പ്രശസ്‌ത ഹാസ്യസാഹിത്യകാരനായ വേളൂര്‍ കൃഷ്‌ണന്‍കുട്ടിയെ കാണിച്ച് അഭിപ്രായക്കുറിപ്പ് എഴുതി വാങ്ങാന്‍ പോയപ്പോള്‍ അതില്‍ ഒരു കഥയില്‍ കുട്ടികളുടെ രചനയ്‌ക്കിണങ്ങാത്ത ഭാഗം കണ്ടെത്തി വായിച്ച് പൊട്ടിച്ചിരിച്ച് അത് ചൂണ്ടിക്കാട്ടി തിരുത്താനാവശ്യപ്പെട്ടതുമായ അനുഭവം വായനക്കാരെയും ചിരിപ്പിക്കും.
സമൂഹത്തിലെ അസ്വാഭാവികതകളും, നെറികേടുകളും, സാമൂഹ്യവിരുദ്ധതയും നിരീക്ഷിച്ച് വിമര്‍ശന പരിഹാസത്തോടെ അത് പകര്‍ത്തിക്കാട്ടുകയും ചെയ്യുകയാണ് ‘കാഴ്‌ചകള്‍— നിരീക്ഷണങ്ങ’ളില്‍. അനാരോഗ്യകരമായ സൗമൂഹ്യഗതിക്രമത്തില്‍ തകിടം മറിയുന്ന അവസ്ഥകള്‍ ആത്മരോഷത്തോടെയും ഹാസ്യത്മകമായും ചിത്രീകരിക്കുമ്പോള്‍ അത് അകംപൊള്ളുന്ന അനുഭവമാകുന്നു.
‘നാടുകാണാത്ത കുട്ടികള്‍’ എന്ന നിരീക്ഷണ ലേഖനത്തിലെ ഒരു ഭാഗം ഇങ്ങനെ “അമിതലാളനയേറ്റ് വിശപ്പറിയാതെ, ഭാരം ചുമക്കാതെ ജീവിത ദുരിതങ്ങളോ സാമ്പത്തിക പരാധീനതകളോ കൂടാതെ സുഖസൗകര്യങ്ങളില്‍ ഭ്രമിച്ചു കഴിയുകയാണ് പുതിയ കുട്ടികള്‍. മറ്റുള്ളവരുടെ വിശപ്പ് എന്തെന്നറിയില്ല, ദുരിതങ്ങളും പ്രതിസന്ധികളും വേദനയുമറിയില്ല. ആവശ്യപ്പെടുന്നതെല്ലാം കഷ്‌ടതകള്‍ സഹിച്ചും മാതാപിതാക്കള്‍ വാങ്ങി നല്‍കും. തന്‍മൂലം ചെറിയ പ്രശ്‌നങ്ങളെപ്പോലും അതിജീവിക്കേണ്ടി വരുമ്പോള്‍ അവര്‍ തന്റേടമില്ലാതെ തളരുന്നു.…”
‘ധാര്‍മ്മികരോഷത്തിന്റെ ഇരട്ടമുഖം’ എന്ന കുറിപ്പില്‍ നിന്ന്, “ഓട്ടോറിക്ഷാക്കൂലി ഒന്നോ രണ്ടോ രൂപ കൂടിയെന്നു തോന്നിയാല്‍ വഴക്കിടുന്ന നമ്മള്‍ സിനിമ തിയ്യേറ്ററിലും ഹോട്ടലുകളിലും കയറുമ്പോള്‍ വാങ്ങിയ തുകയ്‌ക്ക് അനുസരിച്ചുള്ള സൗകര്യങ്ങള്‍ അവിടെയുണ്ടോ എന്ന് നോക്കാറില്ല. ഏത് മേഖലയിലായാലും ഒരാളുടെ ധാര്‍മ്മികരോഷം തിളയ്‌ക്കുന്നത് താഴെത്തട്ടിലുള്ളവരുടെ മേലാകും.”
മൂന്നാമതൊരാളായി മാറിനിന്ന് വിമര്‍ശനപരിഹാസങ്ങളുന്നയിച്ച് ധാര്‍മ്മിക വക്താവാകുകയല്ല, താനും ഈ സമൂഹത്തിന്റെ ഭാഗഭാക്കുതന്നെയാണെന്ന് എഴുത്തുകാരന്‍ സാക്ഷ്യപ്പെടുത്തുന്നു. ജീവിതത്തില്‍ അത്രയൊന്നും ശ്രദ്ധിക്കാതെ പോകുന്ന ചെറിയ കാര്യങ്ങളുടെ വ്യാപ്‌തി എത്രയോ അനന്തമാണെന്ന് ലേഖനങ്ങള്‍ ബോധ്യപ്പെടുത്തുന്നു.
ഭാഷയുടെ ലളിത സുഭഗതയും ആര്‍ദ്രതയും, ഹാസ്യാത്മകപ്രതിപാദ്യവും ഈ പുസ്‌തക വായന ഹൃദ്യാത്മകമാക്കുന്നു.
തൊട്ടേനെ ഞാന്‍ വിരലുകൊണ്ട്
(ഓര്‍മ്മകള്‍— കാഴ്‌ചകള്‍ നിരീക്ഷണങ്ങള്‍)
- ഏഴംകുളം മോഹന്‍കുമാര്‍
സൈന്ധവബുക്‌സ്
വില: 110 രൂപ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.