23 December 2024, Monday
KSFE Galaxy Chits Banner 2

ഓര്‍മ്മയില്‍ ഉറക്കമുണരുന്ന മൂന്നു ചിത്രങ്ങള്‍

ദേവിക
വാതിൽപ്പഴുതിലൂടെ
February 28, 2022 5:12 am

ലയാളി ഒരു പ്രത്യേക ജനുസാണ്, യുദ്ധമെന്തന്നറിയാത്ത ഭാഗ്യവാന്മാര്‍. യുദ്ധദൃശ്യങ്ങളെ സാകൂതം വീക്ഷിക്കുന്നവര്‍. ചൈനയും പാകിസ്ഥാനുമായും ഇന്ത്യ നിരവധി യുദ്ധങ്ങള്‍ നടത്തിയപ്പോഴും നമ്മള്‍ യുദ്ധരംഗങ്ങള്‍ വായിച്ചും കണ്ടുമറിഞ്ഞു‍. ഏറ്റവും ഒടുവില്‍ നടന്ന ബംഗ്ലാദേശ് യുദ്ധത്തിനിടയിലും നമ്മള്‍ യുദ്ധം ആസ്വദിക്കുകയായിരുന്നു. യുദ്ധം കേരളത്തിലേക്ക് എത്തില്ലെന്ന ബോധ്യത്തില്‍. അന്ന് നമ്മുടെ തലസ്ഥാനം കേന്ദ്രീകരിച്ച് ദക്ഷിണ വ്യോമ കമാന്‍ഡുമില്ലായിരുന്നു. അതുകൊണ്ടുതന്നെ യുദ്ധവിമാനങ്ങളുടെ മൂളിപ്പറക്കലും നമ്മുടെ തലയ്ക്കുമേല്‍ ഇല്ലായിരുന്നു. ഒരു ദിവസം നാലഞ്ച് മിഗ് യുദ്ധവിമാനങ്ങള്‍ കേരളത്തിന്റെ തെക്കുവടക്ക് ചീറിപ്പറന്നു. അതോടെ കേരളവും യുദ്ധാവസ്ഥയിലായി എന്ന സര്‍വത്ര സംഭ്രാന്തിയായി മലയാളികള്‍ക്ക്. യുദ്ധകുതുകികളെങ്കിലും പേടിത്തൊണ്ടന്മാരായ നമ്മള്‍ക്ക് ഉക്രെയ്ന്‍ യുദ്ധത്തോടും അതേ മാനസിക ഭാവമാണ്. കീവ് വീണോ, ചെര്‍‍ണോബില്‍ ആണവനിലയം തകര്‍ത്തോ എന്നൊക്കെയാണ് ആദ്യം നമുക്കറിയേണ്ടത്.


ഇതുകൂടി വായിക്കൂ: വിജയിക്കാനാവാത്ത യുദ്ധം: പ്രതീക്ഷ നല്കുന്ന തിരിച്ചറിവ്


യുദ്ധങ്ങള്‍ ദുഃഖമാണ്, കൂട്ട പലായനങ്ങളാണ്, കൂട്ടക്കുരുതികളാണ്, മനുഷ്യനിര്‍മ്മിത ദുരിതസാഗരമാണ് എന്ന് മലയാളി ഇനിയും പഠിച്ചിട്ടില്ല. അതുകൊണ്ടാണല്ലോ നമ്മുടെ യുദ്ധവിരുദ്ധ, സമാധാന പ്രസ്ഥാനങ്ങള്‍ സംഘടിപ്പിക്കുന്ന യോഗങ്ങളെക്കാള്‍ രാഷ്ട്രീയ കൊലകളുടെ അനുശോചന യോഗങ്ങളില്‍ നാം ഇടിച്ചുകയറുന്നതും മുതലക്കണ്ണീര്‍ വാര്‍ക്കുന്നതും! ഉക്രെയ്ന്‍ യുദ്ധം നടക്കുമ്പോള്‍ ചില ചിത്രങ്ങള്‍ ഓര്‍മ്മയില്‍ ഉണര്‍ന്നുവരുന്നു. 1945 ല്‍ രണ്ടാം ലോക മഹായുദ്ധകാലത്ത് ജപ്പാനിലെ നാഗസാക്കിയിലും ഹിരോഷിമയിലും അമേരിക്കന്‍ വിമാനങ്ങള്‍ അണുബോംബിടുന്നു. ആയിരങ്ങള്‍ വെന്തുമരിക്കുന്നു. ഇതിനിടെ നാഗസാക്കിയിലെ ബോംബാക്രമണത്തില്‍ മരിച്ച കുഞ്ഞനുജത്തിയുടെ മൃതശരീരം മുതുകത്ത് ഒരു ഭാണ്ഡത്തില്‍ പേറി ശവസംസ്കാരത്തിനായി സിമിത്തേരിയില്‍ ഊഴം കാത്തുനില്ക്കുന്ന ഒരു പിഞ്ചു ബാലന്റെ ചിത്രം ജേ ഓഡോണല്‍ പകര്‍ത്തിയത് ലോക മനഃസാക്ഷിയുടെ ഒരു നോവായി. ആ ബാലന്റെ കണ്ണുകളില്‍ കണ്ണീരില്ല. കരയാതിരിക്കാന്‍ അവന്‍ ചുണ്ടുകള്‍ കടിച്ചുപിടിച്ചു. ചുണ്ടുമുറിഞ്ഞ് രക്തത്തുള്ളികള്‍ പ്രവഹിക്കുന്നു. യുദ്ധത്തോടുള്ള രോഷത്തിന്റെ ചെഞ്ചോര. അവന്റെ മനസിലെ ദുഃഖത്തിന്റെയും വിയോഗവ്യഥയുടെയും യുദ്ധം കവര്‍ന്നെടുത്ത മാതാപിതാക്കളുടെ വിയോഗവ്യഥയുടെയും കടലിരമ്പമായിരുന്നു ആ പിഞ്ചുബാലന്റെ മനസില്‍.
ഐതിഹാസികമായ വിയറ്റ്നാം യുദ്ധകാലത്ത് യുഎസ് പട്ടാളം കമ്മ്യൂണിസ്റ്റ് ഉന്മൂലനത്തിന്റെ ഭാഗമായി ആ രാജ്യത്തിന്റെ തലങ്ങും വിലങ്ങും വിഷബോംബുകള്‍ വര്‍ഷിക്കുന്നു. മൈലായ് പട്ടണത്തില്‍ നാപ്പാം ബോംബുകള്‍ വര്‍ഷിക്കുന്നതിനിടെ വെന്തുപൊള്ളിയ ശരീരവുമായി പ്രാണരക്ഷാര്‍ത്ഥം പരക്കം പായുന്ന ആബാലവൃദ്ധം ജനങ്ങള്‍. ഇവര്‍ക്കിടയില്‍ പൊള്ളിയടര്‍ന്ന ശരീരവുമായി ഓടുന്ന കിംഫുക് എന്ന കുരുന്നു ബാലികയുടെ ചിത്രമെടുത്ത് നിക് വുട് എന്ന ഫോട്ടോഗ്രാഫര്‍. യു എസ് സാമ്രാജ്യത്വത്തിനെതിരായ രോഷാഗ്നി പടര്‍ത്തിയ ദുരന്തചിത്രം. നാണംകെട്ട് യു എസ് പട പിന്‍വാങ്ങിയപ്പോള്‍ കമ്മ്യൂണിസത്തിനും വിയറ്റ്നാമിനും ഹോചിമിന്റെ നേതൃത്വത്തില്‍ നടന്ന വിജയാഘോഷത്തില്‍ ഈ പെണ്‍കൊടിയുടെ ചിത്രമുള്ള പ്ലക്കാര്‍ഡുകളാണ് വിയറ്റ്നാമുകാര്‍ വഹിച്ചിരുന്നത്. ചിത്രം മാറ്റിമറിച്ച ആ ചിത്രത്തിലെ ബാലിക ഇന്ന് ഒരു വൃദ്ധയായി മക്കളും പേരക്കുട്ടികള്‍ക്കുമൊപ്പം കാനഡയില്‍ കഴിയുന്നു. യുദ്ധങ്ങള്‍ മഹാ പലായനങ്ങളുടെ കഥകളാണ് നമുക്കു പറഞ്ഞുതരുന്നത്. മധ്യപൂര്‍വദേശത്തെ ആക്രമിച്ചു കീഴ്പ്പെടുത്താന്‍ യു എസ് നടത്തിയ അധിനിവേശത്തിനിടെ ലക്ഷങ്ങളാണ് യൂറോപ്പിലേക്ക് പലായനം ചെയ്തത്. തുര്‍ക്കി വഴിയുള്ള പലായനത്തിനിടെ ഒരമ്മ തന്റെ കുഞ്ഞിനെ മാറത്തടക്കിപിടിച്ചു തീരമണയുമ്പോള്‍ മൂത്തകുട്ടിയായ അലന്‍ കുര്‍ദിയെന്ന പിഞ്ചു ബാലന്‍ തിരയില്‍പ്പെട്ടു ദാരുണാന്ത്യമായി. നാലു വയസുള്ള ആ ഓമനത്തിടമ്പിന്റെ നഴ്സറി യൂണിഫോം അണിഞ്ഞ ശവശരീരം തിരകള്‍ക്കരികിലെ മണല്‍തിട്ടയില്‍ മുഖം പൂഴ്ത്തിക്കിടക്കുന്ന ചിത്രം പകര്‍ത്തിയത് നിലോഫര്‍ഡെനിം. യുദ്ധം പലായനത്തിന്റെയും മൃത്യുവിന്റെയും അടയാളമാണെന്ന് ഓര്‍മ്മിപ്പിക്കുന്ന ആ ചിത്രവും നമ്മെ പഠിപ്പിച്ചില്ല. അതാണ് വൈക്കം മുഹമ്മദ് ബഷീര്‍ പറഞ്ഞത്; ‘ലോകത്ത് യുദ്ധം ഇല്ലാതാവണമെങ്കില്‍ സ്ത്രീപുരുഷന്മാര്‍ക്ക് ജാതിമതഭേദമന്യേ വരട്ടുചൊറി വരണം. ചൊറിയുന്നിടത്ത് മാന്തുന്നതിനെക്കാള്‍ സമാധാനപൂര്‍ണമായ ഒരാനന്ദവും ലോകത്ത് വേറെയില്ല!’.


ഇതുകൂടി വായിക്കൂ: ഇനിയൊരു യുദ്ധം വേണ്ട


‘അരും ചാക്കാലയും പെരും ചിരിയും’ എന്നൊരു ചൊല്ല് തെക്കന്‍ തിരുവിതാംകൂറിലുണ്ട്. യുദ്ധത്തില്‍ ആയിരങ്ങള്‍ വെന്തെരിയുമ്പോള്‍ ഗംഗേശാനന്ദ എന്ന ഒരു സ്വാമി വാര്‍ത്താസമ്മേളനം നടത്തുന്നു. തന്റെ ലിംഗം മുറിച്ച് പട്ടിക്കിട്ടുകൊടുത്ത സംഭവത്തെക്കുറിച്ച് സിബിഐ തന്നെ അന്വേഷിക്കണമെന്ന്. സ്ഥിരമായി ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ചുകൊണ്ടിരുന്ന സ്വാമി ഗംഗേശാനന്ദയെന്ന ഇപ്പോഴത്തെ അലിംഗേശാനന്ദ മലര്‍ന്നു കിടപ്പായിരുന്നു. ഇണയെ പ്രതീക്ഷിച്ചു കിടന്ന സ്വാമി തെല്ലൊന്നു മയങ്ങിപ്പോയി. പെണ്‍കുട്ടി വന്ന് ലിംഗം മുറിച്ചെടുത്ത് കണ്ണമ്മൂല റോഡിലെ പട്ടിക്കെറിഞ്ഞുകൊടുത്തു. ഇഷ്ടഭോജ്യം കിട്ടിയ സന്തോഷത്തോടെ പട്ടി മുങ്ങിയപ്പോള്‍ സ്വാമി അലിംഗേശാനന്ദ പൊങ്ങിയത് ആശുപത്രിയില്‍; മുറിവുണങ്ങിയപ്പോള്‍ ദേ വരുന്നു സ്വാമിജിയുടെ പത്രസമ്മേളനം. കേസില്‍ ഡിജിപി ബി സന്ധ്യയുടെ പങ്കും അന്വേഷിക്കണമത്രേ. ഇത്തരം ആസാമികളും വേണ്ടേ വല്ലപ്പോഴും നമ്മെയൊന്നു ചിരിപ്പിക്കാന്‍.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ എത്ര നല്ല മനുഷ്യന്‍. അദ്ദേഹം ഇത്രയും കാലം സഞ്ചരിച്ചത് തന്റെ പത്നിക്ക് അനുവദിച്ച കാറിലാണത്രേ. അപ്പോള്‍ ഗവര്‍ണര്‍ക്കു മാത്രമല്ല ‘ഗവര്‍ണി‘ക്കും സര്‍ക്കാര്‍ വാഹനമുണ്ടെന്ന് ഇപ്പോഴല്ലേ അറിയുന്നത്. എന്തായാലും കൃപാവലംബനകാരിയായ ഭാര്യയുടെ കൃപാകടാക്ഷത്തില്‍ കാര്‍ സഞ്ചാരം നടത്തിയ ഗവര്‍ണറുടെ ദുരിതത്തിന് സര്‍ക്കാര്‍ പരിഹാരം കണ്ടിരിക്കുന്നു. ഇതാ പിടിച്ചോ എന്നു പറഞ്ഞ് ഒരു കോടിയോളം രൂപ വിലവരുന്ന കാര്‍ വാങ്ങാന്‍ ഉത്തരവുമായി. ഇനി ഗവര്‍ണര്‍ പറയാന്‍ പോകുന്നത് തനിക്ക് ഒരു വിമാനം വേണമെന്നായിരിക്കും. പണ്ട് ഒരു പരസ്യമുണ്ടായിരുന്നു. വൈദ്യകുല വാചസ്പതി പണ്ഡിറ്റ് ദുര്‍ഗാദത്ത ശര്‍മ്മ സമയനിഷ്ഠ പാലിക്കാന്‍ വിമാനത്തിലാണ് സഞ്ചരിക്കുന്നതെന്ന്. സമയനിഷ്ഠ പാലിക്കാന്‍ സര്‍ക്കാരിന്റെ ഹെലികോപ്റ്ററും പോര, വിമാനം തന്നെ വേണമെന്ന ആവശ്യത്തിന് ഗവര്‍ണര്‍ ഉടന്‍തന്നെ കത്തെഴുതും. ഗവര്‍ണറല്ലേ സര്‍ക്കാരിനു വഴങ്ങുകയല്ലേ ഗതിയുള്ളൂ!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.