23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 23, 2024
December 22, 2024
December 22, 2024
December 21, 2024
December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024

സതീശന്റെ പ്രതിപക്ഷ നേതൃപദവിക്കു ഭീഷണി; വിരട്ടി വരുതിയിലാക്കാന്‍ അണിയറതന്ത്രം

കെ രംഗനാഥ്
തിരുവനന്തപുരം
March 3, 2022 10:00 pm

കെപിസിസി പ്രസിഡന്റുമായും എ, ഐ ഗ്രൂപ്പുകളുമായും ഇടഞ്ഞുനില്ക്കുന്ന വി ഡി സതീശനെ പ്രതിപക്ഷ നേതാവിന്റെ പദവിയില്‍ നിന്നു തെറിപ്പിക്കാനുള്ള അണിയറ നീക്കങ്ങള്‍ കടുക്കുന്നു. വിരട്ടി വരുതിയിലാക്കാനുള്ള പ്രസിഡന്റ് കെ സുധാകരന്റെ നീക്കത്തില്‍ സതീശന്‍ നിലപാട് മയപ്പെടുത്തുമെന്നാണ് സൂചന.
കഴിഞ്ഞ നാലു ദിവസത്തിനുള്ളിലുണ്ടായ സംഘടനാ സംഘട്ടനങ്ങളുടെ കൊടുങ്കാറ്റില്‍ ചൊവ്വാഴ്ച മുതല്‍ ആരംഭിക്കാനിരുന്ന അംഗത്വ വിതരണ ക്യാമ്പയിനും കടപുഴകി. ഹൈക്കമാന്‍ഡ് ഗ്രൂപ്പ് എന്നറിയപ്പെട്ടിരുന്ന സുധാകരന്‍, സതീശന്‍, കെ സി വേണുഗോപാല്‍ എന്നിവരടങ്ങുന്ന ത്രിമൂര്‍ത്തി സംഘത്തില്‍ നിന്ന് പുറത്തുചാടിയ സുധാകരന്‍ എ, ഐ ഗ്രൂപ്പുകളുമായി സമരസപ്പെട്ടതോടെയാരംഭിച്ച സംസ്ഥാന നേതൃത്വ പുനഃസംഘടനയും അവതാളത്തിലാക്കി. പുനഃസംഘടനയ്ക്കും കോണ്‍ഗ്രസിലെ അംഗത്വ വിതരണത്തിനും അനുകൂലമായി മുന്‍ പിസിസി പ്രസിഡന്റായ കെ മുരളീധരന്‍ ഇന്നലെ രമേശ് ചെന്നിത്തലയ്ക്കു പിന്തുണ പ്രഖ്യാപിച്ചതും ശ്രദ്ധേയമായി. 

സുധാകരന്‍ ത്രിമൂര്‍ത്തി ഗ്രൂപ്പ് വിട്ടതോടെ അവശിഷ്ട ഗ്രൂപ്പ് ശക്തിപ്പെടുത്താന്‍ സതീശനും എഐസിസി സംഘടനാകാര്യ ജനറല്‍ സെക്രട്ടറിയായ കെ സി വേണുഗോപാലും ചേര്‍ന്ന് ഗ്രൂപ്പുകളെ പിളര്‍ത്തി തങ്ങളോടൊപ്പം നിര്‍ത്താന്‍ ആരംഭിച്ച യജ്ഞം തുടക്കത്തില്‍ത്തന്നെ സുധാകരന്‍ തകര്‍ക്കുകയായിരുന്നു. കന്റോണ്‍മെന്റ് ഹൗസില്‍ സതീശന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തവരില്‍ നിന്നും സതീശന്റെ അടര്‍ത്തിയെടുക്കല്‍ തന്ത്രം വ്യക്തമായിരുന്നു. ഐ ഗ്രൂപ്പില്‍ രമേശ് ചെന്നിത്തലയുടെ വലംകൈയും ഗ്രൂപ്പിലെ രണ്ടാമനുമായിരുന്ന മുന്‍ മന്ത്രി വി എസ് ശിവകുമാര്‍, മുന്‍ എംഎല്‍എമാരും ഗ്രൂപ്പ് നേതാക്കളുമായ എം എ വാഹിദ്, വര്‍ക്കല കഹാര്‍, ‘ജന്മനാ’ എ ഗ്രൂപ്പുകാരായ തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവി, മുന്‍ എംഎല്‍എയായ കെ എസ് ശബരീനാഥ് തുടങ്ങിയവരെ സതീശന്‍ രഹസ്യമായി വിളിച്ചുകൂട്ടിയത് ഈ ഗ്രൂപ്പുകളെ പിളര്‍ത്താനുള്ള തന്ത്രത്തിന്റെ ഭാഗമായിരുന്നുവെന്നാണ് ആരോപണം. സതീശന്റെ ഈ യോഗത്തെക്കുറിച്ച് രഹസ്യ വിവരം ലഭിച്ച സുധാകരന്‍ കെപിസിസി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണനേയും തന്റെ പി എയേയും അയച്ച് കന്റോണ്‍മെന്റ് ഹൗസ് റെയിഡ് ചെയ്തതും യോഗത്തില്‍ പങ്കെടുത്തവര്‍ പലവഴിക്ക് പലായനം ചെയ്തതുമെല്ലാം സൃഷ്ടിച്ച വാര്‍ത്താ ഭൂകമ്പം സതീശന് വലിയ നാണക്കേടായി. ഇതിനു തൊട്ടുപിന്നാലെ വേണുഗോപാലിനെക്കൊണ്ട് ഹൈക്കമാന്‍ഡില്‍ സമ്മര്‍ദ്ദം ചെലുത്തി പുനഃസംഘടന നിര്‍ത്തിവയ്പിച്ചത് സുധാകരനേറ്റ പ്രഹരമായി. 

ഇതേത്തുടര്‍ന്നാണ് പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്നും വി ഡി സതീശനെ പുറത്താക്കി തിരിച്ചടിക്കാനുള്ള തന്ത്രങ്ങള്‍ അണിയറയില്‍ കൊഴുക്കുന്നത്. പ്രതിപക്ഷ നേതാവെന്ന സ്ഥാനത്തിരുന്ന് ഗ്രൂപ്പുകളിച്ചാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് അഞ്ചോളം കോണ്‍ഗ്രസ് എംഎല്‍എമാര്‍ സതീശന് മുന്നറിയിപ്പ് നല്കിയതായും സൂചനയുണ്ട്. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിച്ച് സതീശനെതിരെ അവിശ്വാസ പ്രമേയം പാസാക്കേണ്ടിവരുമെന്ന് രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ അറിയിച്ചുവെന്ന വാര്‍ത്തകളുമുണ്ട്. പുനഃസംഘടനയ്ക്കെതിരെ കടുത്ത ഭാഷയില്‍ തുടക്കത്തില്‍ ആഞ്ഞടിച്ച സതീശന്‍ ഇന്നലെ സുധാകരനുമായി സംസാരിച്ചശേഷം പുനഃസംഘടനയ്ക്ക് അനുകൂലമായ നിലപാടെടുത്തത് പ്രതിപക്ഷ നേതൃസ്ഥാനം തെറിപ്പിക്കാനുള്ള സുധാകരന്റെ തന്ത്രം വിജയം കാണുന്നുവെന്നതിന്റെ തെളിവുമാകുന്നു. ‘തൊമ്മന്‍ അയയുമ്പോള്‍ ചാണ്ടി മുറുകുമെന്നു’ പറയുന്നതുപോലെ സതീശന്‍ അയയുമ്പോള്‍ വേണുഗോപാല്‍ എന്തു നീക്കമാണ് നടത്താന്‍ പോകുന്നതെന്ന് വരും നാളുകളില്‍ രാഷ്ട്രീയ കേരളത്തിന് കാത്തിരുന്നു കാണാം. 

Eng­lish Summary:v d Satheesan lead­er­ship in congress
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.