23 September 2024, Monday
KSFE Galaxy Chits Banner 2

Related news

September 20, 2024
September 20, 2024
September 19, 2024
September 18, 2024
September 17, 2024
September 17, 2024
September 13, 2024
September 11, 2024
September 11, 2024
September 10, 2024

കോണ്‍ഗ്രസ് പുനസംഘടന ചര്‍ച്ചകള്‍;എങ്ങും മഞ്ഞുരുകുന്നില്ല, ഗ്രൂപ്പുകളിയും, ചേരിമാറ്റവും തകൃതിയായി നടക്കുന്നു

പുളിക്കല്‍ സനില്‍രാഘവന്‍
തിരുവനന്തപുരം
March 5, 2022 12:29 pm

മാസങ്ങള്‍നീണ്ട മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ കോണ്‍ഗ്രസ് പുനസംഘടന വാതില്‍ക്കല്‍ എത്തിനില്‍ക്കേ ഭാരവാഹി പട്ടികയെ ചൊല്ലി എം പിമാർ ഹൈക്കമാന്റിന് പരാതി നൽകിയതോടെയായിരുന്നു പുനഃസംഘടന അനിശ്ചിതത്ത്വിലായി

ഇതിനിടയിൽ ഗ്രൂപ്പ് സമവാക്യങ്ങൾ മാറി മറിയുകയും ചെയ്തത് പ്രതിസന്ധിക്ക് ആക്കം കൂട്ടി. പ്രശ്ന പരിഹാരത്തിന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വിഡി സതീശനും കെ പി സി സി അധ്യക്ഷൻ കെ സുധാകരനും ചർച്ച നടത്തിയിരുന്നു. എന്നാല്‍ മഞ്ഞുരുകിയില്ല. സംസ്ഥാനത്ത് കോണ്‍ഗ്രസില്‍ സ്വാധീനം ഉറപ്പിക്കാന്‍ വേണ്ടി എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ. സി വേണുഗോപാല്‍ തന്‍റേതായ ഒരു ഗ്രൂപ്പ് വളര്‍ത്താന്‍ ശ്രമിക്കുന്നു

വേണുഗോപാലിനു വേണ്ട പിന്തുണ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും നല്‍കുന്നു. ഇതോടെ കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ ചെന്നിത്തലയുമായി അടുത്തു. പുനഃസംഘടന പട്ടികയെ ചൊല്ലി ചില എം പിമാർ പരാതി ഉന്നയിച്ചിട്ടുണ്ടെന്ന് എ ഐ സി സി സംസ്ഥാന നേതൃത്വത്തെ അറിയിച്ചതോടെയാണ് പാർട്ടിയിൽ ഇപ്പോഴത്തെ പ്രതിസന്ധിയ്ക്ക് വഴിയൊരുങ്ങിയത്. ഇതിനിടെ അത്തരത്തിൽ പരാതികൾ ഉയർന്നിട്ടുണ്ടെങ്കിൽ അത് പരിഹരിച്ച് മുന്നോട്ട് പോകണമെന്ന നിലപാട് വി ഡി സതീശനും കൈക്കൊണ്ടു

എന്നാൽ സതീശന്റെ നിലപാട് അധ്യക്ഷനെ ചൊടിപ്പിക്കുകയായിരുന്നു. കെ സി വേണുഗോപാലും വി ഡി സതീശനും ചേർന്ന് പാർട്ടിയിൽ പുതിയ ചേരി ഉണ്ടാക്കാനുള്ള ശ്രമം നടത്തുന്നുവെന്ന സംശയമാണ് സുധാകര പക്ഷം ഇതോടെ ഉയർത്തിയത്. എന്നാൽ മാസങ്ങളെടുത്ത് ചർച്ച ചെയ്ത് തയ്യാറാക്കിയ പട്ടികയിൽ നിന്നും പിന്നോട്ട് പോകാൻ സാധിക്കില്ലെന്നും സമ്മർദ്ദം തുടർന്നാൽ പദവി ഒഴിയുമെന്നതുൾപ്പെടെയുള്ള മുന്നറിയിപ്പായിരുന്നു സുധാകരൻ നൽകിയത്. പ്രതിസന്ധി രൂക്ഷമായതോടെയാണ് കഴിഞ്ഞ ദിവസം എറണാകുളത്ത് വെച്ച് വി ഡി സതീശനും കെ സുധകാരനും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്

ഏകദേശം നാല് മണിക്കൂറോളം ചർച്ച നീണ്ടു. നേതാക്കളുടെ താത്പര്യം സംരക്ഷിക്കുന്നതിനല്ല മറിച്ച് പാർട്ടിയിൽ ഉയർന്ന പരാതികൾ പരിഹരിച്ച് മുന്നോട്ട് പോകണമെന്നത് മാത്രമായിരുന്നു തന്റെ ആവശ്യം എന്ന് കൂടിക്കാഴ്ചയിൽ വി ഡി സതീശൻ വ്യക്തമാക്കി. ആരേയും പട്ടികയിൽ തിരുകി കയറ്റണമെന്ന താത്പര്യവും തനിക്ക് ഇല്ലെന്നും സതീശൻ പറഞ്ഞു. അതേസമയം കെ പി സി സി അധ്യക്ഷനോട് പരാതികൾ അറിയിക്കാതെ എം പിമാർ നേരിട്ട് ഹൈക്കമാന്റിനെ സമീപിച്ചതിലെ തന്റെ അതൃപ്തികൾ സുധാകരനും കൂടക്കാഴ്ചയിൽ പങ്കുവെച്ചു. ചർച്ചയുടെ അടിസ്ഥാനത്തിൽ ഉടൻ തന്നെ ഡി സി സി ഭാരവാഹികളുടേയും ബ്ലോക്ക് പ്രസിഡന്റുമാരുടേയും അന്തിമ പട്ടിക തയ്യാറാക്കണം എന്ന നിലപാടിലേക്ക് നേതാക്കൾ എത്തിയെന്നാണ് റിപ്പോർട്ട്. ചർച്ചയിൽ പട്ടികയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിൽ എതിർപ്പില്ലെന്ന് സുധാകരൻ അറിയിച്ചിട്ടുണ്ട്.ഭാരവാഹികളുടെ എണ്ണം വർധിപ്പിക്കാമെന്നും നേതാക്കൾ സമ്മതിച്ചു.വലിയ ജില്ലകളിൽ ഡി സി സി ഭാരവാഹികളായി 25 പേരെ നിശ്ചയിക്കാനാണ് കൂടിക്കാഴ്ചയിൽ ധാരണ ആയിരിക്കുന്നത്.

മാത്രമല്ല നിർവ്വാഹക സമിതിയിലേക്ക് 26 പേരേയും ചെറിയ ജില്ലകളിൽ ഡി സി സി ഭാരവാഹികളായി 15 പേരേയും നിർവ്വാഹക സമിതിയിലേക്ക് 16 പേരേയും നിയമിക്കാനാണ് ധാരണ. മൂന്ന് ജില്ലകളിലെ പട്ടിക സംബന്ധിച്ച് ഇരു നേതാക്കളും തമ്മിൽ ധാരണയിലെത്തിയിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. ബാക്കിയുള്ള ജില്ലകൾ സംബന്ധിച്ച് കൂടുതൽ ചർച്ച നടത്തും. മുതിർന്ന നേതാക്കളുമായും പരാതി ഉന്നയിച്ചവരുമായും കൂടുതൽ ചർച്ച നടത്തിയ ശേഷമാകും അന്തിമ രൂപം തയ്യാറാക്കുക. പട്ടികയ്ക്ക് ഹൈക്കമാന്റിന്റെ അംഗീകാരം കൂടി ലഭിക്കേണ്ടതുണ്ട്.

ഇതിനിടെ തിങ്കളാഴ്ച വീണ്ടും സുധാകരനും വി ഡി സതീശനും തമ്മിൽ കൂടിക്കാഴ്ച നടത്തും. നടപടികൾ പൂർത്തിയാക്കി അടുത്ത ദിവസത്തോടെ ഭാരവാഹി പട്ടിക പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.ഇതിനിടെ മുരളീധനും,രമേശ് ചെന്നിത്തലയും തൃശൂരില്‍ ചര്‍ച്ചനടത്തി. എന്നാല്‍ എ’ ഗ്രൂപ്പും രമേശ് ചെന്നിത്തലയുമായുള്ള സഹകരണത്തില്‍ കരുതലോടെ നീങ്ങാനാണ് കെ മുരളീധരന്‍ എംപിയുടെ ഉദ്ദേശം. പാര്‍ട്ടിയിലെ തന്‍റെ അടുപ്പക്കാരോടാണ് രമേശുമായുള്ള സഹകരണത്തില്‍ ആവേശം വേണ്ടതില്ലെന്ന് മുരളീധരന്‍ നിര്‍ദേശം നല്‍കിയതായി പറയപ്പെടുന്നു. മാത്രമല്ല, കടുത്ത ഗ്രൂപ്പ് പ്രവര്‍ത്തനം ഇനി വേണ്ടതില്ലെന്ന നിലപാടിലാണ് അദ്ദേഹം

. ഏതെങ്കിലും ഗ്രൂപ്പിന്‍റെ ഭാഗമായാല്‍ അത് പാര്‍ട്ടിയിലും പൊതുസമൂഹത്തിലുമുള്ള തന്‍റെ ജനകീയതയ്ക്ക് പ്രതികൂലമായി ബാധിച്ചേക്കുമെന്ന ഭയവും മുരളീധരനുണ്ട്.ഡിസിസി-ബ്ലോക്ക് കമ്മിറ്റി പുനസംഘടനയുമായി ബന്ധപ്പെട്ട് പാര്‍ട്ടിയിലുണ്ടായ തര്‍ക്കത്തിനിടെയാണ് രമേശ് ചെന്നിത്തല കെ മുരളീധരനുമായി ചര്‍ച്ച നടത്തിയതും ഒന്നിച്ചു നീങ്ങാന്‍ ധാരണയായതും.മുരളീധരന് പാര്‍ട്ടിയില്‍ തടയിടുന്നത് കെസി വേണുഗോപാലാണെന്നാണ് ചെന്നിത്തല മുരളീധരനെ ധരിപ്പിച്ചത്. മുരളീധരനും വേണുഗോപാലുമായി ഏറെക്കാലമായി അത്ര അടുപ്പത്തിലല്ല

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ആ അതൃപ്തി പ്രകടമായിരുന്നു.ഇരുവര്‍ക്കുമിടയിലെ ഈ അസംതൃപ്തി മുതലെടുക്കുകയായിരുന്നു രമേശ് ചെന്നിത്തലയുടെയും ഐ ഗ്രൂപ്പിന്‍റെയും നീക്കം.കെസി വേണുഗോപാല്‍, വിഡി സതീശന്‍ ടീമിനൊപ്പം നിന്നാല്‍ മുരളീധരന് പാര്‍ട്ടിയില്‍ പരിഗണന കിട്ടില്ലെന്നാണ് ‘ഐ’ ഗ്രൂപ്പ് ഉപദേശം. അതില്‍ മുരളീധരന്‍ അല്പം വീഴുകയും ചെയ്തു

എന്നാല്‍ കടുത്ത ഗ്രൂപ്പ് പ്രവര്‍ത്തനത്തിന് ഇറങ്ങിയാല്‍ അത് സ്വന്തം ജനപ്രീതിയെ ബാധിക്കുമോയെന്ന ആശങ്ക മുരളീധരനുണ്ട്. മാത്രമല്ല, തെരഞ്ഞെടുപ്പില്‍ നേതൃനിരയിലേയ്ക്ക് പരിഗണിക്കാനിടയുള്ള പേരുകളിലൊന്നാണ് മുരളിയുടേത്. ആ സാധ്യതകള്‍ രമേശിനുവേണ്ടി ഇല്ലാതാക്കേണ്ടതില്ലെന്നാണ് മുരളിയുടെ നിലപാട്. ഇതിനിടയില്‍ എ ഗ്രൂപ്പിലെ ബന്നി ബഹനാന്‍ ഉള്‍പ്പെടെയുള്ളവര്‍ കെ.സി വേണുഗോപാല്‍-വി.ഡി സതീശന്‍ ഗ്രൂപ്പുമായി അടുക്കാനുള്ള ശ്രമത്തിലുമാണ്

Eng­lish Sum­ma­ry: Con­gress reor­ga­ni­za­tion talks;Nowhere is the ice melt­ing, and group games and slums are rampant

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.