23 December 2024, Monday
KSFE Galaxy Chits Banner 2

കള്ളനെ താക്കോല്‍ ഏല്പിക്കുന്ന യുജിസി

Janayugom Webdesk
March 8, 2022 5:00 am

കള്ളനെ താക്കോല്‍ ഏല്പിക്കുന്ന യുജിസി ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല (ജെഎന്‍യു) യുടെ വൈസ് ചാന്‍സലറായിരുന്ന എം ജഗദേഷ് കുമാര്‍ യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷൻ (യുജിസി) അധ്യഷനായി ചുമതലയേറ്റതിനു ശേഷം നടത്തിയ പ്രസ്താവന രാജ്യത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഉണ്ടാകുവാന്‍ പോകുന്ന മാറ്റങ്ങളെക്കുറിച്ച് ചില സൂചനകള്‍ നല്കിയിരുന്നു. 2020ലെ യുജിസി (പൊതു — വിദൂര വിദ്യാഭ്യാസ പദ്ധതികളും ഓണ്‍ലൈന്‍ പഠനവും) നിയമത്തില്‍ ഭേദഗതി വരുത്തുമെന്ന് വ്യക്തമാക്കിയ അദ്ദേഹം ഓണ്‍ലൈന്‍ അധിഷ്ഠിത വിദ്യാഭ്യാസ രീതിക്ക് പ്രാമുഖ്യം നല്കുന്നതിനെക്കുറിച്ചാണ് സംസാരിച്ചത്. സ്വകാര്യ കോളജുകള്‍ക്കും വിദ്യാഭ്യാസ കമ്പനികള്‍ക്കും കൂടുതല്‍ അവസരം നല്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവനയുടെ കാതല്‍. അതുകൊണ്ടുതന്നെ ഉന്നത വിദ്യാഭ്യാസം കൂടുതലായി വാണിജ്യവല്ക്കരിക്കപ്പെടുമെന്ന് ഇതേ കോളത്തില്‍ വിമര്‍ശനമുന്നയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ശനിയാഴ്ച പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍ തേടി പ്രസിദ്ധീകരിച്ചിരിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ ഉന്നത വിദ്യാഭ്യാസം കച്ചവടവും ഗുണമേന്മയില്ലാത്തതുമാക്കി മാറ്റുന്നതിനുള്ള കാര്യങ്ങളാണ് മുന്നോട്ടുവച്ചിരിക്കുന്നത്. 2030നെ ലക്ഷ്യമാക്കിയുള്ളതാണ് മാര്‍ഗനിര്‍ദേശം. മാര്‍ച്ച് 20 വരെ ഇതുസംബന്ധിച്ച അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാവുന്നതാണ്. ഓണ്‍ലൈന്‍ സംവിധാനം സ്വകാര്യ — സ്വയംഭരണ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കു കൂടി വ്യാപിപ്പിക്കുമെന്നായിരുന്നു നേരത്തേ ജഗദേഷ് കുമാര്‍ അറിയിച്ചിരുന്നത്. 900 സ്വകാര്യ — സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അംഗീകാരം നല്കുമെന്നും അദ്ദേഹം പറയുകയുണ്ടായി. ഇത്തരം സ്ഥാപനങ്ങളിലെ പഠനത്തിന് 75 ശതമാനം ഹാജര്‍ നിര്‍ബന്ധമല്ല, ഫീസ് സംബന്ധിച്ച് നിബന്ധനകളുമില്ല. ഇവയൊക്കെ വിദ്യാഭ്യാസക്കച്ചവടം വ്യാപകവും ഊര്‍ജ്ജിതവുമാക്കുന്നതിന് ഇടയാക്കുന്നതാണെന്നും ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നുമുള്ള ആശങ്ക ഇതിനകം ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്. എന്നിട്ടും കൂടുതല്‍ കച്ചവടസാധ്യതകളാണ് യുജിസി മാര്‍ഗനിര്‍ദേശങ്ങളില്‍ മുന്നോട്ടുവയ്ക്കുന്നത്. അ തിലെ ഏറ്റവും പിന്തിരിപ്പനും ദുരുപദിഷ്ടവുമായ നിര്‍ദേശം സ്വയംഭരണ കോളജുകള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ സ്വന്തമായി നല്കുന്നതിന് അനുമതി നല്കുക എന്നുള്ളതാണ്. സ്വയംഭരണ- സ്വകാര്യ കോളജുകളില്‍ പലതിനെക്കുറിച്ചും ഇതിനകംതന്നെ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെക്കുറിച്ചും സംശയങ്ങള്‍ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ഈയൊരു സാഹചര്യത്തില്‍ ഇത്തരം സ്ഥാപനങ്ങളെക്കുറിച്ച് ജാഗരൂകരായിരിക്കണമെന്ന് യുജിസി തന്നെ നേരത്തെ മുന്നറിയിപ്പ് നല്കിയിരുന്നതാണ്.


ഇതുകൂടി വായിക്കാം; ജെഎന്‍യുവില്‍ നിന്ന് യുജിസിയിലേക്കുള്ള ദൂരം


എന്നിട്ടും പുതിയ മാര്‍ഗനിര്‍ദേശങ്ങളില്‍ അവയ്ക്ക് സ്വന്തമായി സര്‍ട്ടിഫിക്കറ്റ് നല്കുന്നതിന് അനുമതി നല്കുന്നു എന്നത് പണപ്പെട്ടിയുടെ താക്കോല്‍ കള്ളനെ ഏല്പിക്കുന്നതിന് തുല്യമാണ്. വിവിധ സര്‍വകലാശാലകളുമായി അഫിലിയേറ്റ് ചെയ്താണ് ഇപ്പോള്‍ സ്വയംഭരണ കോളജകളും സ്വകാര്യ കോളജുകളും പ്രവര്‍ത്തിക്കുന്നത്. തങ്ങളുടെ അംഗീകാരത്തോടെ നടത്തുന്ന കോഴ്സുകള്‍ക്ക് പരീക്ഷ നടത്തുന്നതും സര്‍ട്ടിഫിക്കറ്റുകള്‍ നല്കുന്നതും സര്‍വകലാശാലകളുടെ ചുമതലയിലാണ്. ഇനിമുതല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്കുകയെന്നത് ഈ കോളജുകളുടെ ചുമതലയാക്കുമെന്നാണ് മാര്‍ഗനിര്‍ദേശത്തിലുള്ളത്. ഇത് വ്യാപകമായ വിദ്യാഭ്യാസ കച്ചവടത്തിന് ഇടയാക്കുമെന്നതില്‍ സംശയത്തിനിടയില്ല. വ്യാജ കോഴ്സുകള്‍ നടത്തുകയും സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിക്കുകയും ചെയ്യുന്ന കള്ളനാണയങ്ങള്‍ വിദ്യാഭ്യാസമേഖലയില്‍ നിരവധി പ്രവര്‍ത്തിക്കുന്നുണ്ട് എന്നിരിക്കേ അവര്‍ക്ക് നിയമപരമായ അനുമതി നല്കുന്നതിനാണ് ഇടയാക്കുക. ഇതിനുപുറമേ പ്രത്യേക വിഷയങ്ങള്‍ പഠിപ്പിക്കുന്ന കോളജുകള്‍ നിര്‍ത്തലാക്കണമെന്ന നിര്‍ദേശവുമുണ്ട്. മെഡിക്കല്‍, എന്‍ജിനീയറിങ്, മാനേജ്മെന്റ് തുടങ്ങിയ കുറച്ച് വിഷയങ്ങള്‍ക്ക് മാത്രമേ ഇപ്പോള്‍ പ്രത്യേക കോളജുകളുള്ളൂ. പ്രത്യേക പരിഗണനയും ശ്രദ്ധയും നല്കി പഠിപ്പിക്കേണ്ടവയാണ് ഈ വിഷയങ്ങള്‍ എന്നതിനാലാണ് അത്. അതിനൊപ്പം മറ്റെല്ലാ വിഷയങ്ങളും പഠിപ്പിക്കുന്ന കോളജുകളായി അവ മാറുന്നത് ആ പരിഗണനയും ശ്രദ്ധയും നഷ്ടപ്പെടുന്നതിനു കാരണമായേക്കാവുന്നതാണ്. ഉന്നത വിദ്യാഭ്യാസത്തെ ഒരു കുടക്കീഴില്‍ കൊണ്ടുവരണമെന്ന ആശയം നല്ലതാണെങ്കിലും ചില പ്രത്യേക വിഷയങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഇളവ് നല്കുന്നതാണ് ഉചിതം. അവയുടെ നിലവാരം നിലനിര്‍ത്തേണ്ടതുണ്ട് എന്നതുതന്നെ കാരണം. ഇരട്ട ബിരുദം നേടുന്നതിന് ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങളുമുണ്ട്. ഇത്തരത്തില്‍ ഉന്നത വിദ്യാഭ്യാസരംഗത്തെ കച്ചവടത്തിനെ പ്രോത്സാഹിപ്പിക്കുകയും ഗുണനിലവാരത്തെ ബാധിക്കുകയും ചെയ്യുന്നവയാണ് യുജിസിയുടെ മാര്‍ഗനിര്‍ദേശങ്ങളില്‍ പലതും. ഇപ്പോള്‍തന്നെ പരീക്ഷാതട്ടിപ്പുകളും വ്യാജ സര്‍ട്ടിഫിക്കറ്റുകളും സംബന്ധിച്ച വാര്‍ത്തകള്‍ നിരവധിയാണ്. വന്‍ പ്രചരണത്തിന്റെ അടിസ്ഥാനത്തില്‍ ആളുകളെ ആകര്‍ഷിച്ച് നടത്തുന്ന തട്ടിപ്പുകളും കേള്‍ക്കുന്നുണ്ട്. അങ്ങനെയൊരു സാഹചര്യമുള്ളപ്പോള്‍ സ്വയംഭരണ കോളജുകള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ സ്വന്തമായി നല്കുവാന്‍ അനുവദിക്കുക എന്നത് വന്‍ കച്ചവടത്തിന് കൂട്ടുനില്ക്കുക കൂടിയാണ്. കൂടാതെ ഇപ്പോള്‍തന്നെ പാര്‍ശ്വവല്കൃത വിഭാഗങ്ങളായി കഴിയുന്ന കുടുംബങ്ങളിലെ കുട്ടികളുടെ ഉന്നതവിദ്യാഭ്യാസം അപ്രാപ്യമാക്കുന്നതിനും കാരണമായേക്കാവുന്നതാണ്. കാലാനുസൃതവും ആഗോള നിലവാരത്തിലുള്ളതുമായ വിദ്യാഭ്യാസ പരിഷ്കരണമെന്ന പേരില്‍ മുന്നോട്ടുവയ്ക്കുന്ന ഇത്തരം നിര്‍ദേശങ്ങള്‍ അംഗീകരിക്കാനാകാത്തതാണ്.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.