മാര്‍ച്ച് 11ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ കേരള ബജറ്റവതരിപ്പിച്ചപ്പോള്‍ അതില്‍ എന്തെങ്കിലും അത്ഭുതം ആരും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. എന്നാല്‍ ഒരു കാര്യം ഉറപ്പായിരുന്നു, ജനങ്ങള്‍ക്കും കേരളത്തിനും ഗുണകരമാകുന്ന കുറച്ചു കാര്യങ്ങളെങ്കിലും അതില്‍ ഉണ്ടാകും എന്നത്. ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ബജറ്റവതരിപ്പിക്കുമ്പോള്‍ രാജ്യത്ത് സാധാരണ ജനങ്ങള്‍ക്കും തൊഴിലാളികള്‍ക്കും വലിയ ആശങ്കയുണ്ടായിരുന്നു. ജനങ്ങളുടെ ആശങ്ക ശരിയായിരുന്നു എന്ന് ബജറ്റ് തെളിയിക്കുകയും ചെയ്തു. ഇവിടെ കാര്യങ്ങള്‍ വ്യക്തമാണ്. നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ചത് സംഘപരിവാറിന്റെയും ബിജെപിയുടെയും ബജറ്റായിരുന്നു. ബാലഗോപാല്‍ അവതരിപ്പിച്ചത് എല്‍ഡിഎഫിന്റെ ബജറ്റായിരുന്നു. ഓരോ ബജറ്റിനും ഓരോ സമീപനമായിരുന്നു. പ്രഖ്യാപനങ്ങളുടെ ഘോഷയാത്രയായിരുന്നു കേന്ദ്ര ബജറ്റില്‍. 25 വര്‍ഷം കൊണ്ട് രാജ്യം കൈവരിക്കാന്‍ പോകുന്ന നേട്ടത്തിന്റെ വലിയ ചിത്രം ബജറ്റില്‍ വരച്ചുവച്ചു. ജിഡിപി വളര്‍ച്ച 9.20 ശതമാനം ആയി ഉയരും. 80 ലക്ഷം പേര്‍ക്ക് വീട് നല്കും. 60 ലക്ഷം കുടുംബങ്ങളില്‍ ശുദ്ധജലം എത്തിക്കും. 400 ട്രെയിനുകള്‍ പുതുതായി ഓടും. 2014 മുതലുള്ള മോഡിയുടെ വാഗ്ദാനങ്ങള്‍ക്ക് എന്തു സംഭവിച്ചു എന്ന് പരിശോധിച്ചാല്‍, പൊള്ളത്തരം ആര്‍ക്കും മനസിലാകും. എന്നാല്‍ ബിജെപി സര്‍ക്കാര്‍ പറയുന്നത് പ്രവര്‍ത്തിക്കുകയും അതില്‍ വിജയിക്കുകയും ചെയ്യുന്ന കുറച്ചു കാര്യങ്ങള്‍ ഉണ്ട് എന്ന കാര്യം അംഗീകരിക്കണം. കോര്‍പറേറ്റുകള്‍ക്ക് ആനുകൂല്യം നല്കുന്നതില്‍ അവര്‍ക്ക് നല്ല ജാഗ്രതയാണ്. കോര്‍പറേറ്റ് നികുതി 30 ശതമാനത്തില്‍ നിന്ന് 22 ശതമാനമായി കുറച്ച് 1.45 ലക്ഷം കോടി രൂപ അവര്‍ക്ക് നേട്ടമുണ്ടാക്കിക്കൊടുത്തു. കോര്‍പറേറ്റുകള്‍ ദേശസാല്കൃത ബാങ്കുകളില്‍ നിന്നെടുത്ത 8.75 ലക്ഷം കോടി രൂപ എഴുതിത്തള്ളാന്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചു. റിസര്‍വ് ബാങ്കിന്റെ ലാഭവിഹിതം പൂര്‍ണമായി ഊറ്റിയെടുക്കാന്‍ ആവശ്യമായതെല്ലാം ചെയ്തു. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍വരെ തെറിച്ചുപോയി. ഒരു ലിറ്റര്‍ പെട്രോളില്‍ നിന്ന് 33 രൂപയും ഡീസലില്‍ നിന്ന് 32 രൂപയും ടാക്സിനത്തില്‍ കേന്ദ്ര സര്‍ക്കാരിന് കിട്ടാന്‍ നടപടി സ്വീകരിച്ചു എന്നു മാത്രമല്ല, അതിന്റെ ആനുപാതിക വിഹിതം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കിട്ടാതിരിക്കാന്‍ അതിന് അഡീഷണല്‍ എക്സൈസ് ഡ്യൂട്ടി എന്ന് പേര് മാറ്റാന്‍ ജാഗ്രത കാട്ടുകയും ചെയ്തു. പൊതുമേഖലാ സ്ഥാപനങ്ങള്‍ കോര്‍പറേറ്റുകള്‍ക്ക് കിട്ടുന്ന വിലയ്ക്ക് കൈമാറാന്‍ നല്ല മിടുക്കുകാട്ടി. ഇതിനൊക്കെ പുറമെ, സംസ്ഥാനങ്ങള്‍ ജിഡിപിയുടെ മൂന്ന് ശതമാനത്തില്‍ കൂടുതല്‍ വായ്പ എടുക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍, ജിഡിപിയുടെ 6.9 ശതമാനം വായ്പ കേന്ദ്രത്തിന് എടുക്കാന്‍ ആവശ്യമായ തന്ത്രങ്ങള്‍ മെനയുകയും ചെയ്തു. ഇവിടെ ശ്രദ്ധിക്കാവുന്ന കാര്യം കുറുക്കുവഴിയിലൂടെയും എളുപ്പത്തിലും പണം കണ്ടെത്തുന്ന വഴികള്‍ മാത്രമേ ബിജെപി സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളു എന്നതാണ്. സമ്പന്നര്‍ക്ക് ദോഷകരമാകുന്ന എന്തെങ്കിലും ഒരു കാര്യം കേന്ദ്ര സര്‍ക്കാര്‍ ഇന്നുവരെ ചെയ്തിട്ടില്ല. പക്ഷെ ഒന്നു ചെയ്തു. രാജ്യത്തിനും ജനങ്ങള്‍ക്കും ദ്രോഹകരമാകുന്ന വിധത്തില്‍ കേന്ദ്ര ഖജനാവിലെത്തിയ പണത്തിന്റെ 20–22 ശതമാനം തുക, ജനങ്ങള്‍ക്ക് ചില ആനുകൂല്യങ്ങളായി മടക്കി നല്കി. അതിന് വലിയ പ്രചാരണം നല്കി. കോര്‍പറേറ്റ് മാധ്യമങ്ങളെ ഒപ്പം നിര്‍ത്തി. 2022–23 ലെ കേന്ദ്ര ബജറ്റില്‍ ചെയ്തതെന്താണ്? തൊഴിലുറപ്പു പദ്ധതി, കാര്‍ഷിക മേഖല, വിദ്യാഭ്യാസം, ഗ്രാമവികസനം, പട്ടികജാതി-പട്ടികവര്‍ഗ വികസനം, വനിതകളുടെ സുരക്ഷ, ഭക്ഷ്യ സബ്സിഡി, വളം സബ്സിഡി തുടങ്ങിയവയുടെയെല്ലാം വിഹിതം മുന്‍ വര്‍ഷത്തേതിനേക്കാള്‍ കുറച്ചു. 22.84 ലക്ഷം കോടി രൂപ വരവും 39.45 ലക്ഷം കോടി രൂപ ചെലവും 16.61 ലക്ഷം കോടി രൂപ കമ്മിയും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ കടം 100 ലക്ഷം കോടി രൂപ കടന്നിരിക്കുന്നു. 8.22 ലക്ഷം കോടി രൂപ പലിശ കൊടുക്കാന്‍ വേണ്ടി മാത്രം ചെലവിടണം. കേരളം നേരിടുന്ന ഏറ്റവും വലിയ വിഷയവും സാമ്പത്തിക പ്രതിസന്ധിയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. 2001ല്‍ 25,764 കോടിയായിരുന്ന പൊതു കടം ഇപ്പോള്‍ 3,32,277 കോടി രൂപയായി കുതിച്ചുയര്‍ന്നിരിക്കുന്നു. മുതലും പലിശയും കൂടി തിരിച്ചടയ്ക്കാന്‍ പ്രതിവര്‍ഷം 64,000 കോടി രൂപവേണം. ആകെ ചെലവിന്റെ 32 ശതമാനം ആണിത്. എന്തുകൊണ്ടാണ് കേരളത്തിന്റെ കടം കുതിച്ചുയരുന്നത്? 2016 ലെ നോട്ടുനിരോധനം കേരളത്തിന്റെ സമ്പദ്ഘടനയെ പ്രതികൂലമായി ബാധിച്ചു. 2017ല്‍ ജിഎസ്‌ടി പരിഷ്കാരം ഒരു ഗൃഹപാഠവും കൂടാതെ കേന്ദ്രം നടപ്പിലാക്കി. അതുവരെ ഓരോ വര്‍ഷവും വില്പന നികുതിയിലും തുടര്‍ന്ന് വാറ്റിലും 18–20 ശതമാനം വര്‍ധനവുണ്ടാകുമായിരുന്നു.
ജിഎസ്‌ടി വന്നപ്പോള്‍ അത് 11 ശതമാനം ആയി കുറഞ്ഞു. (14 ശതമാനം വര്‍ധനവ് കണക്കാക്കിയുള്ള ഇതിന്റെ നഷ്ടപരിഹാരം ഈ ജൂണില്‍ അവസാനിക്കുകയാണ്). 2018, 2019 വര്‍ഷങ്ങളിലെ വെള്ളപ്പൊക്ക ദുരന്തങ്ങള്‍ സര്‍ക്കാരിന്റെ ബാധ്യത ഉയര്‍ത്തി. 2020, 2021 വര്‍ഷങ്ങള്‍ കോവിഡ് കാലമായിരുന്നു. വരുമാനം കുത്തനെ കുറഞ്ഞു. ചെലവ് കുതിച്ചുയര്‍ന്നു. പുതിയ സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകാനാണ് സാധ്യത. കേന്ദ്ര വിഹിതം നിശ്ചയിക്കുമ്പോള്‍ ജനസംഖ്യാനുപാതികമായി കേരളത്തിന് 2.77 ശതമാനം കിട്ടണം. എന്നാല്‍ കേന്ദ്രം വകയിരുത്തിയിരിക്കുന്നത് 1.92 ശതമാനം മാത്രമാണ്. ഒരു വര്‍ഷം 9000 കോടി രൂപയുടെ നഷ്ടമാണ് ഇതുമൂലം ഉണ്ടാകുന്നത്. ജിഎസ്‌ടി നഷ്ടപരിഹാരം അവസാനിക്കുന്നതിലൂടെ ഒരു വര്‍ഷം 12,000 ത്തില്‍ അധികം കോടി രൂപയുടെ വരുമാനം ഇല്ലാതാകും. കമ്മി നികത്തുന്നതിനുള്ള സഹായം കിട്ടാതാകുമ്പോള്‍ 4000 കോടി രൂപ കുറയും. വായ്പ പരിധി അഞ്ച് ശതമാനമായി ഉയര്‍ത്തണമെന്ന ആവശ്യം അംഗീകരിച്ചിട്ടില്ല. അങ്ങനെ ആകെ വരുമാനത്തില്‍ 25,000 ല്‍ അധികം കോടി രൂപയുടെ കുറവ് പുതിയ വര്‍ഷം ഉണ്ടാകും. ഈ വീര്‍പ്പുമുട്ടലില്‍ നിന്നു തയാറാക്കിയ ബജറ്റില്‍ പോലും ജനങ്ങള്‍ക്ക് ഗുണകരമായ ഒട്ടേറെ പ്രഖ്യാപനങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നതാണ് സവിശേഷമായ സംഗതി. നവകേരളം സൃഷ്ടിക്കുക എന്നത് വലിയ ലക്ഷ്യമായി അവതരിപ്പിച്ചിട്ടുണ്ട്. 25 വര്‍ഷം മുന്നില്‍ കണ്ടാണ് പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. ഉന്നത വിദ്യാഭ്യാസത്തിന് വലിയ പരിഗണനയാണ് ലഭിച്ചിരിക്കുന്നത്. വിജ്ഞാന സമ്പദ്ഘടനയിലൂടെ കേരളം മുന്നോട്ടു പോകുമെന്നാണ് കണക്കു കൂട്ടല്‍. ദാരിദ്ര്യത്തില്‍ കഴിയുന്നവരെ കണ്ടെത്തി, അതില്‍ നിന്ന് മോചിപ്പിക്കുന്നതിന് 100 കോടി ചെലവഴിക്കും. ഇനിയും വീടില്ലാത്തവര്‍ക്ക് വീട് വച്ചുനല്കാന്‍ 1871 കോടിയാണ് വകയിരുത്തിയിട്ടുള്ളത്. 602 കോടിയുടെ അധിക സാമ്പത്തിക സമാഹരണത്തിനുള്ള നിര്‍ദേശങ്ങളും ബജറ്റിലുണ്ട്. പുതിയ സാമ്പത്തിക വര്‍ഷം പ്രതീക്ഷിക്കുന്ന റവന്യു വരുമാനം 1,34,097 കോടിയും റവന്യു ചെലവ് 1,34,065 കോടിയും ആണ്. ഇതുപ്രകാരം റവന്യു കമ്മി 22,968 കോടിയാണ്. ബജറ്റില്‍ പറയുന്ന റവന്യു കമ്മി ഇതാണെങ്കിലും അടുത്ത സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ ഇത് 35,000 കോടി കടക്കുവാനാണ് സാധ്യത. മൊത്തം വരവില്‍ 36,818 കോടി ജിഎസ്‌ടിയിലൂടെയും 24,964 കോടി വാറ്റ്, സെയില്‍ ടാക്സ് എന്നിവയിലൂടെയും 4,687 കോടി സ്റ്റാമ്പ്, രജിസ്ട്രേഷന്‍ എന്നിവയിലൂടെയും 2,655 കോടി എക്സൈസിലൂടെയും 4,138 കോടി വാഹന നികുതിയിലൂടെയും 11,769 കോടി നികുതി ഇതര വരുമാനത്തിലൂടെയും ലഭിക്കുന്നതാണ്. കേന്ദ്ര നികുതി വിഹിതമായി 17,720 കോടിയും കേന്ദ്ര ഗ്രാന്റ് ഇനത്തില്‍ 30,509 കോടിയും ലഭിക്കും. അതേസമയം ചെലവിനത്തില്‍ ശമ്പളത്തിന് 42,079 കോടിയും പെന്‍ഷന് 26,834 കോടിയും പലിശയ്ക്ക് 25,965 കോടിയും മാറ്റിവച്ചിരിക്കുന്നു. ഈ മൂന്ന് കാര്യങ്ങള്‍ക്ക് മാത്രമായി 94,000 കോടി ചെലവിടേണ്ടിവരുന്നു എന്നതാണ് സമ്പദ്ഘടനയെ ദുര്‍ബലമാക്കുന്ന പ്രധാന സംഗതി. രണ്ടു ബജറ്റുകള്‍ പുലര്‍ത്തുന്ന സമീപനം വിലയിരുത്തുമ്പോള്‍ തെളിയുന്ന ചിത്രം വ്യക്തമാണ്. പാവപ്പെട്ടവര്‍ക്ക്, ഇടത്തരക്കാര്‍ക്ക്, കര്‍ഷകര്‍ക്ക്, തൊഴിലാളികള്‍ക്ക്, വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാം കേരള ബജറ്റ് താങ്ങും തണലുമായി മാറുന്നു. കേന്ദ്ര ബജറ്റ് ഈ വിഭാഗത്തെ അവഗണിക്കുന്നു എന്നു മാത്രമല്ല, മുന്‍വര്‍ഷം നല്കിയ പരിഗണനപോലും ഇല്ലാതാക്കുകയും ചെയ്തിരിക്കുന്നു. രാജ്യത്തെ സമ്പത്തുല്പാദനം വര്‍ധിക്കുമ്പോള്‍ അതിന്റെ നേട്ടം രാജ്യത്തെ ഭൂരിപക്ഷ ജനതയില്‍ കൂടി എത്തിക്കുക എന്ന കര്‍മ്മാണ് ബജറ്റ് നിര്‍വഹിക്കേണ്ടത്. ലോകത്തെ നിരവധി രാജ്യങ്ങള്‍ ഈ വഴിയിലാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ നേര്‍ വിപരീത ദിശയിലാണ് ബജറ്റുകള്‍ സഞ്ചരിക്കുന്നത്. അതുകൊണ്ടാണ് 84 ശതമാനം കുടുംബങ്ങളുടെ വരുമാനത്തില്‍ കോവിഡ് കാലത്ത് വന്‍കുറവുണ്ടായപ്പോള്‍, ഒരു ശതമാനത്തിന് താഴെ വരുന്ന കോര്‍പറേറ്റുകളുടെ വരുമാനത്തില്‍ 46 ശതമാനമാണ് വര്‍ധനവുണ്ടായത്. ഈ രീതിയിലുള്ള ബജറ്റുകളാണ് കേന്ദ്രത്തില്‍ തുടര്‍ന്നും അവതരിപ്പിക്കപ്പെടുന്നതെങ്കില്‍, 25 വര്‍ഷം കഴിഞ്ഞാലും രാജ്യത്തിന്റെ സ്ഥിതിയില്‍ ഒരു മാറ്റവും ഉണ്ടാവില്ല. ലോകത്ത് ഏറ്റവും കൂടുതല്‍ പട്ടിണിക്കാരുള്ള രാജ്യമായി, ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ നേരത്തെ മരിക്കുന്നവരുടെ രാജ്യമായി ഇന്ത്യ തുടരും. ഈ സാഹചര്യത്തിലാണ് കേരള ബജറ്റ് ദിശാബോധവും ആശ്വാസവും കരുണയും ഉള്ളതായി വിലയിരുത്തപ്പെടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.