റീസര്‍വേ സംബന്ധിച്ച പരാതികളുടെ ബാഹുല്യത്തിന് കാരണം കാലഹരണപ്പെട്ട നിയമങ്ങളാണെന്നും കേരളത്തില്‍ സമ്പൂര്‍ണ ഡിജിറ്റല്‍ റീ സര്‍വേ ആരംഭിക്കുന്നതിന് മുന്‍പായി സര്‍വേ അതിരടയാള നിയമത്തില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തുമെന്നും റവന്യു മന്ത്രി കെ രാജന് നിയമസഭയെ അറിയിച്ചു. റീസര്‍വേ കഴിയുമ്പോള്‍ ഉണ്ടാകാനിടയുള്ള വിസ്തീര്‍ണ വ്യത്യാസം ഉള്‍പ്പെടെയുള്ള പരാതികള്‍ പരിഹരിക്കുന്നതിന് ആവശ്യമെങ്കില്‍ പുതിയ നിയമ നിര്‍മ്മാണമുള്‍പ്പെടെ ആലോചനയിലുണ്ടെന്നും മന്ത്രി അറിയിച്ചു.
റീസർവേ നടന്ന സ്ഥലങ്ങളിൽ ഭൂമിയുമായി ബന്ധപ്പെട്ട് 1,19,446 കേസുകൾ നിലവിലുണ്ട്. ഇതിൽ 61,943 കേസുകൾ അതിർത്തി നിർണയവുമായി ബന്ധപ്പെട്ടതും 36,834 കേസുകൾ വിസ്തീർണവുമായി ബന്ധപ്പെട്ടതുമാണ്. അവസാന സെറ്റിൽമെന്റ് നടന്നത് ബ്രീട്ടീഷുകാരുടെ കാലത്താണ്. റീസർവേയുമായി ബന്ധപ്പെട്ട് സർവേ സഭകൾ സംഘടിപ്പിക്കും. സർവേ ജീവനക്കാരുടെ കുറവിന് പരിഹാരമായി 1500 ഓളം സർവേയർമാരെയും 3200 ഹെൽപ്പർമാരെയും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖാന്തിരം താല്‍ക്കാലിക അടിസ്ഥാനത്തിൽ നിയമിക്കും. നാല് വർഷത്തിനുള്ളിൽ ഡിജിറ്റൽ റീസർവേ പൂർത്തിയാക്കും. ഡിജിറ്റൽ സർവേ പൂർത്തിയാക്കുന്നതിലൂടെ സർവേ, റവന്യു, രജിസ്ട്രേഷൻ എന്നീ വകുപ്പുകളിലെ ഭൂസംബന്ധമായ സേവനങ്ങൾ ഒരു പോർട്ടലിന് കീഴിൽ കൊണ്ട് വരുന്നതിനും സർവേ റെക്കോഡുകൾ കാലഹരണപ്പെടാതെ ഡിജിറ്റലായി പരിപാലിക്കാനും കഴിയും. കൂടാതെ മാപ്പ് അധിഷ്ഠിത പോക്കുവരവ് സംവിധാനം നടപ്പിലാക്കുന്നതിനും ഇതിലൂടെ സാധ്യമാകുമെന്ന് ഒ ആര് കേളു, മുരളി പെരുനെല്ലി, എ പ്രഭാകരന്, കാനത്തില്‍ ജമീല എന്നിവരുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി അറിയിച്ചു.
പരമ്പരാഗത രീതിയിലുള്ള സര്‍വേയില്‍ ധാരാളം റീസര്‍വേ പരാതികള്‍ ഉണ്ടായിരുന്നത് നിയമത്തിലെ പോരായ്മകളാണെന്നും പൊതുജന പങ്കാളിത്തത്തോടെ നടക്കുന്ന ഡിജിറ്റല്‍ റീസര്‍വേ കേരള ചരിത്രത്തില്‍ അടയാളപ്പെടുത്താവുന്ന ഒരു ചുവടുവെപ്പായിരിക്കുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. 1966 ല്‍ ആരംഭിച്ച റീസര്‍വേയിലൂടെ നാളിതു വരെ 911 വില്ലേജുകളാണ് റീസര്‍വേ ചെയ്യാനായതെന്നും അതില്‍ തന്നെ 89 വില്ലേജുകള്‍ മാത്രമാണ് ഡിജിറ്റലായി സര്‍വേ ചെയ്തതെന്നും ജി എസ് ജയലാൽ, സി കെ ആശ, മുഹമ്മദ് മുഹ്സിൻ, വാഴൂർ സോമൻ എന്നിവരുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.