23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

October 3, 2022
October 2, 2022
October 1, 2022
June 21, 2022
June 10, 2022
April 19, 2022
April 17, 2022
April 12, 2022
April 7, 2022
April 5, 2022

പ്രധാനമന്ത്രിയായ ശേഷം മോഡിയുടെ അഭിപ്രായം മാറിയോ: ഇന്ധനവിലയില്‍ വിമര്‍ശിച്ച് കോടിയേരി

Janayugom Webdesk
March 23, 2022 10:38 am

ഇന്ധനവില വര്‍ധനവില്‍ കേന്ദ്രസര്‍ക്കാരിനെയും കോണ്‍ഗ്രസിനെയും രൂക്ഷമായി വിമര്‍ശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ലോകമെങ്ങുമുള്ള രാജ്യങ്ങള്‍ അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വിലയ്ക്കനുസരിച്ച് നാട്ടിലെ ഇന്ധനവില നിശ്ചയിക്കുമ്പോള്‍ നമ്മുടെ രാജ്യത്ത് തിരഞ്ഞെടുപ്പുകളെ മാനദണ്ഡമാക്കിയാണ് ഇന്ധനവില വര്‍ധിപ്പിക്കുന്നതെന്ന് കോടിയേരി സമൂഹമാധ്യമത്തില്‍ കുറിച്ചു.

2011ല്‍ ഇന്ധനവിലവര്‍ധനവിന്റെ പേരില്‍ അന്നത്തെ കേന്ദ്രസര്‍ക്കാരിനെ കടന്നാക്രമിച്ച നരേന്ദ്ര മോഡിക്ക് പ്രധാനമന്ത്രിയായ ശേഷം അഭിപ്രായം മാറിയോ എന്നു കോടിയേരി ചോദിച്ചു.ബിജെപി സര്‍ക്കാര്‍ രാജ്യത്തെ ജനങ്ങളെ ഈ വിധം പ്രഹരിക്കുന്നതൊന്നും കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പ്രശ്‌നമല്ലെന്നും കോടിയേരി കുറ്റപ്പെടുത്തുന്നു. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറില്‍ പങ്കെടുക്കുന്ന കോണ്‍ഗ്രസ് നേതാക്കളെ വിലക്കാനും കുറ്റിവിമോചന സമരം നടത്തി ജനങ്ങളുടെ മുന്നില്‍ പരിഹാസ്യരാവാനും കാണിക്കുന്ന ശുഷ്‌കാന്തി, ഇന്ധനവില വര്‍ധനവിനെതിരെ പ്രകടിപ്പിക്കാത്തതെന്താണെന്നും കോടിയേരി ചോദിച്ചു

ലോകമെങ്ങുമുള്ള രാജ്യങ്ങൾ അന്താരാഷ്ട്ര വിപണിയിലെ ക്രൂഡോയിൽ വിലയ്ക്കനുസരിച്ചാണ് തങ്ങളുടെ നാട്ടിലെ ഇന്ധനവില നിശ്ചയിക്കുന്നത്. നമ്മുടെ രാജ്യത്ത് അങ്ങനെയല്ല കാണുന്നത്. തെരഞ്ഞെടുപ്പുകളെ മാനദണ്ഡമാക്കിയാണ് ഇന്ധനവില വർധിപ്പിക്കുന്നത്.കഴിഞ്ഞ അഞ്ചു വർഷത്തെ ഇന്ധനവില വർധനവ് നോക്കൂ. 2017 ഡിസംബറിൽ ഗുജറാത്ത്‌ തെരഞ്ഞെടുപ്പുകാലത്ത്‌ എണ്ണവില കൂട്ടിയില്ല. വോട്ടെടുപ്പ്‌ കഴിഞ്ഞയുടൻ വില വർധിപ്പിച്ചു. 2018 മെയിൽ കർണാടക തെരഞ്ഞെടുപ്പ്‌ പ്രചാരണവും വോട്ടെടുപ്പും നടന്ന 19 ദിവസവും വില കൂട്ടിയില്ല. വോട്ടെടുപ്പ്‌ കഴിഞ്ഞയുടൻ പെട്രോളിന്‌ 3.80 രൂപയും ഡീസലിന്‌ 3.38 രൂപയും കൂട്ടി. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ്‌, 2020ലെ ബിഹാർ തെരഞ്ഞെടുപ്പ്‌, 2021ൽ ബംഗാൾ, കേരളം, തമിഴ്‌നാട്‌, അസം, പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പുകൾ എന്നിവ നടന്നപ്പോഴും ഇന്ധനവില കൂടിയില്ല

തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ വില കൂട്ടി. കഴിഞ്ഞ ദിവസങ്ങളിൽ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കാരണം നിർത്തിവെച്ചിരുന്ന ഇന്ധനവില ഇന്നലെയും ഇന്നുമായി കൂട്ടി. രാജ്യാന്തരവിപണിയിലെ എണ്ണവിലയെ ആശ്രയിച്ചാണ്‌ കമ്പനികൾ ഇന്ധനവില നിശ്ചയിക്കുന്നതെങ്കിൽ ഇത്രയുംനാൾ പിടിച്ചുനിൽക്കാൻ കഴിയുന്നത്‌ എങ്ങനെയെന്ന ചോദ്യത്തിന്‌ കേന്ദ്ര സർക്കാരിന് ഉത്തരമില്ല. ഗുജറാത്ത്‌ മുഖ്യമന്ത്രിയായിരിക്കെ 2011ൽ നരേന്ദ്ര മോഡി ഉയർന്ന ഇന്ധനവിലയുടെ പേരിൽ അന്നത്തെ കേന്ദ്രസർക്കാരിനെ കടന്നാക്രമിച്ചിരുന്നു

നൂറുകണക്കിനു കോടി രൂപയുടെ അധികഭാരം ഗുജറാത്ത്‌ ജനതയ്‌ക്കുമേൽ യുപിഎ സർക്കാർ അടിച്ചേൽപ്പിക്കുകയാണെന്ന്‌ മോദി ആരോപിച്ചു. പ്രധാനമന്ത്രിയായശേഷം മോഡിയുടെ ഈ അഭിപ്രായം മാറിയോ എന്നും കോടിയേരി ചോദിക്കുന്നു ഇന്ധനവില വർധനവിന്റെ കാര്യത്തിൽ പാർലമെന്റിലും സർക്കാരിന്‌ മൗനമാണ്‌.

ദരിദ്രർക്ക്‌ കക്കൂസ്‌ നിർമിച്ചുനൽകാനാണ്‌ ഇന്ധനനികുതി കൂട്ടുന്നതെന്ന്‌ കേന്ദ്രമന്ത്രിമാർ മുമ്പ്‌ അവകാശപ്പെട്ടിരുന്നു. കോർപറേറ്റുകൾക്ക്‌ ലക്ഷക്കണക്കിനു കോടി രൂപയുടെ നികുതിയിളവ്‌ നൽകുന്ന സർക്കാരിന്റെ ക്രൂരവിനോദം എന്ന നിലയിൽ മാത്രമേ ഇത്തരം വാദങ്ങളെ കാണാനാകൂ എന്നും കോടിയേരി പറഞ്ഞു. 

Eng­lish Summary:Has Mod­i’s opin­ion changed after becom­ing the Prime Min­is­ter: Kodiy­eri crit­i­cizes fuel prices

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.