കേരളം കണ്ടിട്ടുള്ളതില്‍ ഏറ്റവും ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരിയായിരുന്നു ടി വി തോമസ് എന്ന് സിപിഐ സംസ്ഥാന അസി. സെക്രട്ടറി കെ പ്രകാശ്ബാബു പറഞ്ഞു. എംഎന്‍, ടി വി, അച്യുതമേനോന്‍ എന്നീ ത്രിമൂര്‍ത്തികളാണ് കേരള വികസനത്തിന് അടിത്തറ പാകിയത്. വ്യവസായ വകുപ്പ് മന്ത്രിയായിരുന്ന കാലഘട്ടത്തില്‍ ടി വി തോമസ് നടപ്പിലാക്കിയ പല പദ്ധതികളും കേരളത്തിന്റെ സമഗ്ര വികസനത്തിന് കാരണമായി. ഇലക്ട്രോണിക് മേഖലയിലുള്ള വ്യവസായമാണ് കേരളത്തിന് വേണ്ടതെന്ന് തിരിച്ചറിഞ്ഞ ടി വി കെല്‍ട്രോണിന് തുടക്കം കുറിച്ചു. വിദേശരാജ്യങ്ങളില്‍ നിന്ന് നിക്ഷേപസമാഹരണം നടത്തി കേരളത്തിലെ വ്യവസായത്തെ ശക്തിപ്പെടുത്തി. കിഴക്കന്‍ യൂറോപ്പിലും ജപ്പാനിലും സന്ദര്‍ശനം നടത്തി അവിടങ്ങളിലുള്ള പല പ്രമുഖ കമ്പനികളെയും കേരളത്തിലേയ്ക്ക് കൊണ്ടുവന്ന് വ്യവസായം ആരംഭിച്ചു. അങ്ങനെ പതിനായിരക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നല്‍കി മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃക സൃഷ്ടിച്ചുവെന്നും കെ പ്രകാശ് ബാബു പറഞ്ഞു. കൊല്ലം സിറ്റി കമ്മിറ്റി സംഘടിപ്പിച്ച ടി വി തോമസ് ദിനാചരണത്തോടനുബന്ധിച്ച് അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു പ്രകാശ്ബാബു.
മാര്‍ക്സിയൻ പ്രത്യയശാസ്ത്രത്തെ എന്നും മുറുകെപ്പിടിച്ച തൊഴിലാളി നേതാവായിരുന്നു ടി വി. ഗണേശ് ബീഡി കമ്പനി അടച്ചിട്ടുകൊണ്ട് മുതലാളി തൊഴിലാളികളെ വെല്ലുവിളിച്ചപ്പോള്‍ പൊതുമേഖലയില്‍ ദിനേശ്ബീഡി കമ്പനി രൂപീകരിച്ച് തൊഴിലാളികളോടൊപ്പം നിന്ന് മാതൃകയായി. ഫാക്ടറികള്‍ അടച്ചിട്ടുകൊണ്ട് കശുഅണ്ടി മുതലാളിമാര്‍ തൊഴിലാളികളെ വെല്ലുവിളിച്ചപ്പോള്‍ പൊതുമേഖലയില്‍ കാഷ്യൂ കോര്‍പ്പറേഷന്‍ രൂപീകരിച്ചുകൊണ്ട് തൊഴിലാളികള്‍ക്കൊപ്പം നിന്ന മികച്ച ഭരണാധികാരിയായിരുന്നു ടി വി തോമസ് എന്നും അദ്ദേഹം അനുസ്മരിച്ചു.
തൊഴിലാളികളെ ദ്രോഹിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെ ശക്തമായ സമരം ഉയര്‍ന്നുവരേണ്ടതുണ്ടെന്ന് പ്രകാശ്ബാബു പറഞ്ഞു. സ്വാതന്ത്ര്യാനന്തര ഭാരതം കണ്ട ഏറ്റവും വലിയ സമരമായിരുന്നു ഒരു വര്‍ഷക്കാലം നീണ്ടുനിന്ന കര്‍ഷകസമരം. ശക്തമായ ഈ പ്രക്ഷോഭത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ മോഡി സര്‍ക്കാരിന് കഴിഞ്ഞില്ല എന്നത് നമുക്ക് ആവേശം തരുന്നുണ്ട്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ ലേബര്‍ കോഡ് നിയമങ്ങള്‍ക്കെതിരെ കര്‍ഷക തൊഴിലാളികള്‍ നടത്തിയതുപോലെയുള്ള ഒരു ജനകീയ മുന്നേറ്റം നടത്താന്‍ ട്രേഡ് യൂണിയനുകള്‍ക്ക് കഴിഞ്ഞില്ല. കേവലം സൂചനാപണിമുടക്കുകളല്ല ഇത്തരം കിരാത നിയമങ്ങള്‍ക്കെതിരെ വേണ്ടത്. അതിശക്തമായ സമരമുഖം തന്നെ ഇതിനെതിരെ തുറക്കേണ്ടതാണെന്നും പ്രകാശ് ബാബു അഭിപ്രായപ്പെട്ടു.
ജില്ലാ സഹകരണബാങ്ക് മിനി ആഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ സിപിഐ സംസ്ഥാന കൗണ്‍സിലംഗം ആര്‍ വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരന്‍, ജില്ലാ എക്സി. അംഗം പി ഉണ്ണികൃഷ്ണപിള്ള എന്നിവര്‍ പങ്കെടുത്തു. സിറ്റി കമ്മിറ്റി സെക്രട്ടറി അഡ്വ. എ രാജീവ് സ്വാഗതവും സി പി പ്രദീപ് നന്ദിയും പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.