17 November 2024, Sunday
KSFE Galaxy Chits Banner 2

സമ്പൂര്‍ണ ശുചിത്വം ലക്ഷ്യമിട്ട് കൊല്ലം കോര്‍പ്പറേഷന്‍ ബഡ്ജറ്റ്

Janayugom Webdesk
കൊല്ലം
March 26, 2022 9:43 pm

കൊല്ലം നഗരത്തെ സമ്പൂര്‍ണ ശുചിത്വനഗരമാക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തിലേയ്ക്കുള്ള അതിതീവ്ര പദ്ധതികള്‍ അടങ്ങുന്ന നഗരസഭാ ബജറ്റ് ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു ഇന്നലെ കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിച്ചു. 1292.81 കോടി രൂപ വരവും 1193.41 കോടി രൂപ ചെലവും 99.4 കോടി രൂപ മിച്ചവും പ്രതീക്ഷിക്കുന്നു.
കുരീപ്പുഴയിലെ 70 വര്‍ഷത്തെ മാലിന്യകൂമ്പാരം ബയോമൈനിംഗ് നടത്തിക്കൊണ്ടിരിക്കുന്നുവെന്ന് ബജറ്റ് പ്രസംഗത്തില്‍ ഡെപ്യൂട്ടി മേയര്‍ പറഞ്ഞു. ഏകദേശം 60 ശതമാനം മാലിന്യകൂമ്പാരം നീക്കിക്കഴിഞ്ഞു. 11 കോടി രൂപ മുടക്കി നടത്തുന്ന ഇന്ത്യയിലെ തന്നെ ആദ്യസംരംഭമായിട്ടാണ് ഇതിനെ കേന്ദ്രസര്‍ക്കാരിന്റെ നീതി ആയോഗ് വിശേഷിപ്പിച്ചിരിക്കുന്നതെന്നും ഡെപ്യൂട്ടി മേയര്‍ ചൂണ്ടിക്കാട്ടി. സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ പ്രവര്‍ത്തനം അതിവേഗം പൂര്‍ത്തിയാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതിനായി 31.92 കോടി രൂപ നീക്കിവച്ചിട്ടുണ്ട്.
നഗരത്തിന്റെ പാരമ്പര്യവും പ്രൗഢിയും വീണ്ടെടുക്കാനുള്ള പ്രവർത്തനങ്ങളോടെയാണ് ബജറ്റ് വിഭാവനം ചെയ്തതെന്ന് ഡെപ്യൂട്ടി മേയർ പറഞ്ഞു. വീടുകളിലെയും വ്യാപാരസ്ഥാപനങ്ങളിലെയും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഹരിതകര്‍മ്മസേനാംഗങ്ങള്‍ വാതില്‍പ്പടി ശേഖരിച്ച് ഇനം തിരിച്ച് ക്ലീന്‍ കേരള കമ്പനിക്ക് നല്‍കി നാടിനെ ദുരിതപൂര്‍ണമാക്കുന്ന അവസ്ഥയ്ക്ക് പരിഹാരം കാണാന്‍ കഴിഞ്ഞു. 55 ഡിവിഷനുകളിലും ഹരിതകര്‍മ്മ സേനാംഗങ്ങളുടെ പ്രവര്‍ത്തനം പ്രശംസാര്‍ഹമായ രീതിയില്‍ നടന്നുവരുന്നു.
കഴിഞ്ഞ ബജറ്റില്‍ ആയിരം പേര്‍ക്ക് വീട് നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കോവിഡ് മഹാമാരി കാലത്തും 543 വീടുകള്‍ പൂര്‍ത്തീകരിച്ചു. 429 എണ്ണം എഗ്രിമെന്റ് വച്ചു. വീണ്ടും ലൈഫില്‍ ഉള്‍പ്പെടുത്തി 792 പേര്‍ക്ക് അംഗീകാരത്തിനായി സര്‍ക്കാരിന്റെ പരിഗണനയിലേയ്ക്ക് അയച്ചിട്ടുണ്ട്. ഈ പ്രവര്‍ത്തനത്തില്‍ മറ്റ് കോര്‍പ്പറേഷനുകളേക്കാള്‍ ഏറെ മുന്നിലാണ് കൊല്ലം.
കോവിഡ് മഹാമാരിയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായിരുന്നുവെന്ന് ആമുഖ പ്രസംഗത്തില്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് പറഞ്ഞു. കോവിഡ് ബാധിതര്‍ക്കും അവരുടെ കുടുംബത്തിനും ദിനംപ്രതി 10,000 ഭക്ഷണപ്പൊതി മൂന്ന് നേരവും നല്‍കി മാതൃകാപരമായ പ്രവര്‍ത്തനം നടത്താന്‍ സാധിച്ചു.
കോവിഡ് രോഗികള്‍ക്ക് വാഹനസൗകര്യം ഒരുക്കുന്നതിനും വാക്സിന്‍ വിതരണം ചെയ്യുന്നതിലും കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കൗണ്‍സിലിന് കഴിഞ്ഞുവെന്നും മേയര്‍ പറഞ്ഞു.

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.