കോവിഡിന് ശേഷം രാജ്യം പൂര്‍വസ്ഥിതിയിലേക്ക്. വിവിധ സംസ്ഥാനങ്ങള്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഇനി മുതല്‍ ആള്‍ക്കൂട്ടങ്ങള്‍ക്ക് നിയന്ത്രണമില്ല. സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങള്‍ 100 ശതമാനം ഹാജര്‍ നിലയില്‍ പ്രവര്‍ത്തിക്കാം. വിവാഹ മരണാനന്തര ചടങ്ങുകള്‍ക്കുള്ള നിയന്ത്രണങ്ങളും ഒഴിവാക്കും.
മാസ്കും സാനിറ്റൈസറും സാമൂഹിക അകലവും മാത്രമായിരിക്കും ഇനി കോവിഡ് നിയന്ത്രണങ്ങളായി പല സംസ്ഥാനങ്ങളിലും അവശേഷിക്കുന്നത്. മഹാരാഷ്ട്ര, തെലങ്കാന അടക്കമുള്ള സംസ്ഥാനങ്ങള്‍ മാസ്ക് വ്യക്തികളുടെ ഇഷ്ടാനുസരണം ധരിക്കാമെന്നും അറിയിച്ചിട്ടുണ്ട്.
ഡല്‍ഹിയിലും പശ്ചിമ ബംഗാളിലും പൊതുഇടങ്ങളില്‍ മാസ്ക് ധരിച്ചില്ലെങ്കില്‍ ഇനി മുതല്‍ പിഴ ഈടാക്കില്ല. നാഗാലാന്‍ഡ് എല്ലാ കോവിഡ് നിയന്ത്രണങ്ങളും പിന്‍വലിച്ചു.
വാക്സിനേഷന്‍ വേഗത്തിലാക്കി പ്രതിരോധം കൈവരിക്കാനുള്ള ആരോഗ്യമന്ത്രാലയത്തിന്റെ ഇടപെടല്‍ ഫലം കണ്ടതോടെയാണ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചത്. രാജ്യത്ത് ഇന്നലെ 1335 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. പോസിറ്റിവിറ്റി നിരക്ക് 0.22 ആയി താഴ്ന്നിട്ടുണ്ട്. 13,672 സജീവ രോഗികളാണ് രാജ്യത്തുള്ളത്. അതേസമയം മാസ്കും സാനിറ്റൈസറും സാമൂഹിക അകലവും തുടരണമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം. കേസുകള്‍ കൂടുന്ന സ്ഥലങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്.
രാജ്യത്ത് തന്നെ മാസ്ക് ഒഴിവാക്കുന്നതില്‍ വിദഗ്ധര്‍ക്കിടയില്‍ രണ്ട് അഭിപ്രായം നിലനില്‍ക്കുന്നുണ്ട്. ലോകരാജ്യങ്ങളില്‍ ഇസ്രയേല്‍ അടക്കം മാസ്ക് നീക്കിയ രാജ്യങ്ങള്‍ പിന്നീട് കോവിഡ് നിയന്ത്രണങ്ങളിലേക്ക് തിരിച്ചെത്തി. യുഎഇ, ഫ്രാന്‍സ്, സ്പെയിന്‍, ഇറ്റലി, യുഎസ് എന്നീ രാജ്യങ്ങളിലാണ് നിലവില്‍ മാസ്ക് നിര്‍ബന്ധമല്ലാതെ തുടരുന്നത്. യുകെയിലെ ചില മേഖലകളിലും മാസ്ക് ധരിക്കേണ്ടതില്ല.
രാജ്യത്തെ മികച്ച വാക്സിനേഷന്റെ ഫലമായി ഒമിക്രോൺ തരംഗത്തെ ഇന്ത്യ ഫലപ്രദമായി കൈകാര്യം ചെയ്തതായി ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പാര്‍ലമെന്റില്‍ പറഞ്ഞു. ഐസിഎംആര്‍ അടക്കമുള്ള ഗവേഷണസ്ഥാപനങ്ങള്‍ കോവിഡ് പ്രതിരോധത്തില്‍ രാജ്യത്തെ നയിക്കുകയും വാക്‌സിന്‍ ഗവേഷണങ്ങളെ സഹായിക്കുകയും തദ്ദേശീയ വാക്‌സിൻ കണ്ടെത്തുന്നതിലേക്കെത്തിക്കുകയും ചെയ്തതായി മാണ്ഡവ്യ ലോക്‌സഭയിൽ പറഞ്ഞു.
ന്യൂഡൽഹി: കോവിഡ് മുൻകരുതലുകൾ ഉപേക്ഷിക്കാനുള്ള സമയം ഇതുവരെ ആയിട്ടില്ലെന്ന് ഐസിഎംആർ ( ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് )-എൻഐവി ഡയറക്ടർ ഡോ. പ്രിയ എബ്രഹാം.
കോവിഡ് പ്രതിരോധത്തില്‍ മാസ്ക് നിര്‍ണായകമായ പങ്ക് വഹിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകൾ കുറഞ്ഞുനില്‍ക്കുന്നത് ആശ്വാസകരമാണ്. എങ്കിലും തിരക്കേറിയ സ്ഥലങ്ങളിലും ആള്‍ക്കൂട്ടങ്ങളിലും മാസ്ക് ധരിക്കണമെന്നും കോവിഡിനെതിരെ ഇനിയും ജാഗ്രത പുലർത്തേണ്ടത് അനിവാര്യമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
English Summary: More states free from covid restrictions: Country back to normal
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.