കേരള പുലയർ മഹാസഭ (കെപിഎംഎസ് ) 51-ാം സംസ്ഥാന സമ്മേളനം കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളിലെ പി കെ ചാത്തന്‍മാസ്റ്റര്‍ നഗറില്‍ കെപിഎംഎസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. പുതിയ കാലത്തെ വികസന പ്രവര്‍ത്തനങ്ങള്‍ ദുര്‍ബലവിഭാഗങ്ങളുടെ ക്ഷേമത്തിന് ഉതകുന്നുണ്ടോയെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനായി നടപ്പിലാക്കുന്ന പദ്ധതികള്‍ പോലും ദരിദ്രരുടെ ഉന്നമനത്തിന് ഉതകുന്നില്ലെന്നതാണ് അവസ്ഥ. ദുർബലരെ ദരിദ്രരാക്കുന്ന പദ്ധതികൾ പുന: പരിശോധിക്കണം. തൊഴിലിന്റെ വിപണന മൂല്യവുമായി താരതമ്യം ചെയ്താൽ തൊഴിലുറപ്പ് പോലെയുള്ള പദ്ധതികൾക്ക് ലഭിക്കുന്നത് പരിമിതമായ വേതനമാണ്. ജീവിത ചെലവുകൾ കഴിച്ചാൽ ഇത്തരം ആളുകൾക്ക് ആസ്തി ഉണ്ടാക്കാൻ കഴിയുന്നില്ല എന്ന് മാത്രമല്ല അവരുടെ അധ്വാനം മറ്റുള്ളവർക്ക് ആസ്തി ഉണ്ടാക്കുവാൻ വിനിയോഗിക്കുകയും ചെയ്യുന്നു. ഇത്തരം വിവേചനങ്ങൾ നിലനിൽക്കുമ്പോൾതന്നെ വിജ്ഞാനത്തിന്റെയും വികസനത്തിന്റെയും അടിസ്ഥാനത്തിലുള്ള പുതിയ സമ്പദ്ഘടനയിലേക്ക് നാട് മാറുന്ന കാലത്ത് ദുർബലരുടെ ക്ഷേമം ഉറപ്പു വരുത്തുന്നതിനുള്ള ഉത്തരവാദിത്വം സംഘടനയ്ക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രസിഡന്റ് എല്‍ രമേശന്‍ അധ്യക്ഷത വഹിച്ചു. ബിന്ദു ഷിബു ആചാര്യ സ്മരണയും ബിജു ഗോവിന്ദ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ബൈജു കലാശാല വരവ്ചെലവ് കണക്കും അവതരിപ്പിച്ചു. കെപിഎംഎസ് ഓര്‍ഗനൈസിംഗ് സെക്രട്ടറി സാബു കരിശ്ശേരി ഭാവിപരിപാടി രേഖ അവതരിപ്പിച്ചു. വൈസ് പ്രസിഡന്റുമാരായ അഡ്വ. എ സനീഷ് കുമാര്‍, സുജ സതീഷ്, അസി. സെക്രട്ടറിമാരായ വി ശ്രീധരന്‍, അനില്‍ ബഞ്ചമിന്‍പാറ, വരണാധികാരി അഡ്വ. ആര്‍ അജയഘോഷ്, തുറവൂര്‍ സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു. കെപിഎംഎസ് വര്‍ക്കിംഗ് പ്രസിഡന്റ് പി ജനാര്‍ദ്ദനന്‍ സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തി. കെപിഎംഎസ് വൈസ് പ്രസിഡന്റ് പി വി ബാബു സ്വാഗതവും അസി. സെക്രട്ടറി പ്രശോഭ് ഞാവേലി നന്ദിയും പറഞ്ഞു. വിവിധ ജില്ലകളിൽ നിന്നുമായി തിരഞ്ഞെടുക്കപ്പെട്ട 586 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുത്തത്.
ഭൂമിക്കുവേണ്ടി നടക്കുന്ന സമരങ്ങൾ ഏകോപിപ്പിച്ച് ഭൂപരിഷ്കരണത്തിന്റെ തുടർച്ചയ്ക്ക് വേണ്ടിയും, എയ്ഡഡ് വിദ്യാഭ്യാസമേഖലയിലെ സർക്കാർ ശമ്പളം നൽകുന്ന അദ്ധ്യാപക — അനദ്ധ്യാപക നിയമനങ്ങളിൽ സംവരണത്തിനായി നിയമനിർമ്മാണം ആവശ്യപ്പെട്ടും കേരളത്തിൽ ശക്തമായ പ്രക്ഷോഭം നടത്തുവാൻ സംസ്ഥാന സമ്മേളനം തീരുമാനിച്ചു. 2022 ഓഗസ്റ്റിൽ അവകാശ പ്രഖ്യാപന കൺവെൻഷനും നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ പ്രക്ഷോഭവും നടത്തും. പ്രക്ഷോഭത്തിന്റെ രൂപവും ഭാവവും അവകാശപ്രഖ്യാപന കൺവെൻഷനിൽ തീരുമാനിക്കും. ആശയവ്യക്തതയും ഐക്യവും സാധ്യമാക്കുന്നതിനുവേണ്ടിയും, പഠനത്തിനും പരിഹാര നിർദ്ദേശങ്ങൾക്കുമായി അക്കാദമിക് രംഗത്തും, മാധ്യമ സാമൂഹ്യ മേഖലയിലെ പ്രതിബദ്ധതയും പ്രാവീണ്യമുള്ളവരെയും ഉൾപ്പെടുത്തി ഉപസമിതി രൂപീകരിക്കുന്നതിനും സമ്മേളനം തീരുമാനിച്ചു.
കെപിഎംഎസ് സംസ്ഥാന ഭാരവാഹികളായി എൽ രമേശൻ (പ്രിസിഡന്റ്), പുന്നല ശ്രീകുമാർ (ജനറൽ സെക്രട്ടറി), ബൈജു കലാശാല (ഖജാൻജി), തുറവൂർ സുരേഷ് (വർക്കിങ്ങ് പ്രസിഡന്റ്), സാബു കരിശേരി (സംഘടനാ സെക്രട്ടറി), അഡ്വ. എ സനീഷ് കുമാർ, പി വി ബാബു, സുജ സതീഷ് (വൈസ് പ്രസിഡന്റുമാർ), വി ശ്രീധരൻ, പ്രശോഭ് ഞാവേലി, അനിൽ ബഞ്ചമിൻ പാറ (അസി. സെക്രട്ടറിമാർ) എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.
കെ പി എം എസിന്റെ ഒരു വർഷക്കാലം നീണ്ടു നിന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മലബാർ സംഗമം ശനിയാഴ്ച കോഴിക്കോട് കടപ്പുറത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. റവന്യൂ മന്ത്രി കെ രാജൻ, മേയർ ഡോ: ബീന ഫിലിപ്പ് തുടങ്ങിയവർ സംസാരിച്ചു.
English Summary: KPMS State Conference
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.