സംസ്ഥാനത്തിന് ലഭിച്ചിരുന്ന മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചത് കേന്ദ്രം ഉടന്‍ പുനഃസ്ഥാപിക്കണമെന്ന് സംസ്ഥാന ഭക്ഷ്യ പൊതുവിതരണ-ഉപഭോക്തൃകാര്യമന്ത്രി ജി ആര്‍ അനില്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കേന്ദ്ര പെട്രോളിയം പ്രകൃതി വാതക സഹമന്ത്രി രാമേശ്വര്‍ തെലിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഈ ആവശ്യം മുന്നോട്ടു വച്ചത്.
പ്രശ്‌ന പരിഹാരത്തിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ഇന്നു രാവിലെ വിളിച്ചു ചേര്‍ക്കാന്‍ നിര്‍ദേശം നല്‍കിയതായി ജി ആര്‍ അനില്‍ കേരളാ ഹൗസില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്ര ഭക്ഷ്യ പൊതുവിതരണ സഹമന്ത്രി സ്വാധ്വി നിരഞ്ജന്‍ ജ്യോതി, കേന്ദ്ര ഉപഭോക്തൃകാര്യ സഹമന്ത്രി അശ്വനി കുമാര്‍ ചൗബെ എന്നിവരുമായും മന്ത്രി കൂടിക്കാഴ്ച നടത്തി.
മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചതും വില വര്‍ധിപ്പിച്ചതും സംസ്ഥാനത്തു സൃഷ്ടിച്ച പ്രതിസന്ധി കേന്ദ്ര ഭക്ഷ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ജി ആര്‍ അനില്‍ വിശദീകരിച്ചു. കേരളത്തിലെ സാധാരണ മത്സ്യത്തൊഴിലാളികള്‍ ചെറിയ മത്സ്യബന്ധന ബോട്ടുകളില്‍ മണ്ണെണ്ണയാണ് ഇന്ധനമായി ഉപയോഗിക്കുന്നത്. നിലവില്‍ കേന്ദ്രം നല്‍കുന്ന ക്വാട്ടകൊണ്ട് അവര്‍ക്ക് 5–6 ദിവസം മാത്രമേ തികയൂ. ഇതിനു പുറമെ കേരളത്തിലെ കാലാവസ്ഥമൂലം ആദിവാസി മേഖലകളില്‍ ഉള്‍പ്പെടെ മഴയത്ത് ഭക്ഷണം പാചകം ചെയ്യാന്‍ മണ്ണെണ്ണയാണ് ഉപയോഗിക്കുന്നത്. ഇക്കാര്യങ്ങള്‍ പരിഗണിച്ച് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ബോട്ടില്‍ ഇന്ധനത്തിനായി 20 ദിവസമെങ്കിലും ഉപയോഗിക്കാന്‍ പാകത്തിന് മണ്ണെണ്ണ കേന്ദ്രം ലഭ്യമാക്കണമെന്ന ആവശ്യമാണ് മന്ത്രി മുന്നോട്ടുവച്ചത്.
ഭക്ഷ്യ ധാന്യങ്ങള്‍ സൂക്ഷിക്കുന്നതിന് ശാസ്ത്രീയ ഗോഡൗണുകള്‍ നിര്‍മ്മിക്കുന്നതിന് ആവശ്യമായ സഹായം ഘട്ടം ഘട്ടമായി നല്‍കുന്ന കാര്യം പരിശോധിക്കാമെന്ന് കേന്ദ്ര ഭക്ഷ്യ സഹമന്ത്രി നിരഞ്ജന്‍ ജ്യോതി ഉറപ്പു നല്‍കി. തല്‍ക്കാലം 20 ഗോഡൗണുകള്‍ നിര്‍മ്മിക്കുന്നതു സംബന്ധിച്ച പ്രോപ്പോസല്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചു. പൊതു വിതരണത്തിനായി എഫ്‌സിഐയില്‍ നിന്നും നിലവില്‍ നല്‍കിവരുന്ന സോനാ മസൂരി അരിയ്ക്ക് പകരം ആന്ധ്രാപ്രദേശ്-തെലങ്കാന മേഖലയില്‍ നിന്നുള്ള ജയ, സുരേഖ അരി നല്‍കുന്നതിനുള്ള നിര്‍ദേശം എഫ്‌സിഐ അധികാരികള്‍ക്ക് നല്‍കാമെന്ന് മന്ത്രി വ്യക്തമാക്കി. കൂടാതെ റേഷന്‍ വിഹിതമായി 50 ശതമാനം പച്ചരിയും 50 ശതമാനം പുഴുക്കലരിയും നല്‍കുന്ന കാര്യം ഗൗരവമായി പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. 2021 ഏപ്രില്‍ മുതല്‍ 2021 ഡിസംബര്‍ വരെ സപ്ലൈകോയ്ക്ക് പ്രൊവിഷണല്‍ ഫുഡ് സബ്‌സിഡി 390 കോടി രൂപ അനുവദിക്കുന്ന കാര്യം അനുഭാവപൂര്‍വ്വം പരിശോധിച്ച് നടപടി സ്വീകരിക്കാമെന്നും മന്ത്രി പറഞ്ഞു.
English Summary: Kerosene quota: Minister GR Anil meets Union Ministers
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.