22 April 2024, Monday

Related news

March 16, 2024
March 15, 2024
March 4, 2024
March 1, 2024
February 16, 2024
February 15, 2024
February 12, 2024
February 6, 2024
November 13, 2023
August 28, 2023

നെല്ലിന്റെ പണം 15 ദിവസത്തിനകം കർഷകന് ലഭ്യമാക്കും: മന്ത്രി ജി ആർ അനിൽ

Janayugom Webdesk
ആലപ്പുഴ
March 4, 2024 10:19 pm

നെല്ല് സംഭരിച്ച് പതിനഞ്ചു ദിവസത്തിനകം പണം കർഷകന് ലഭിക്കുന്ന സംവിധാനം സർക്കാർ തയ്യാറാക്കിയിട്ടുണ്ടെന്നും അതിന്റെ നടപടിക്രമങ്ങൾ പരമാവധി ലഘൂകരിക്കാനുള്ള കാര്യങ്ങൾ ചെയ്തു വരുന്നതായും ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. ചിത്തിര കായലിലെ പുഞ്ച കൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം. 475 ഏക്കറിലാണ് കൃഷി ചെയ്തത്. ഉമ ഇനം നെൽ വിത്താണ് വിതച്ചത്.
കർഷകരുടെ ആവലാതികളും ആശങ്കകളും എന്തെന്നറിഞ്ഞു പരിഹരിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. കർഷകർ ഉല്പാദിപ്പിക്കുന്ന നെല്ല് സംഭരിക്കാനും അതിന്റെ പണം കൃത്യമായി കൊടുക്കാനും പല ഘട്ടങ്ങളിലായി ഉണ്ടായിട്ടുള്ള തടസങ്ങൾ അപ്പപ്പോൾ ഇടപെട്ട് നീക്കാൻ സർക്കാർ ശ്രമിച്ചിട്ടുണ്ട്. ഈ കൊയ്ത്തുകാലത്തും വരാനിരിക്കുന്ന കൊ‌യ്ത്തിലും പ്രയാസങ്ങൾ നീക്കി മുന്നോട്ടു പോകുകയാണ് ലക്ഷ്യം.

കഴിഞ്ഞ ഒന്നാം വിളയുമായി ബന്ധപ്പെട്ട് കേരളത്തിൽ സംഭരിച്ച നെല്ലിൽ ആലപ്പുഴ ജില്ലയിൽ 33 ലക്ഷം രൂപ മാത്രമാണ് കൊടുത്തു തീർക്കാനുള്ളത്. അവകാശി മരണപ്പെട്ടത്, മതിയായ രേഖകൾ ഇല്ലാത്തത് തുടങ്ങി ചില സാങ്കേതിക തടസങ്ങൾ കാരണം പിആർഎസ് വായ്പയിലേക്ക് എത്താൻ കഴിയാതെ വന്നവർക്ക് മാത്രമാണ് ഇനി പണം ലഭിക്കാനുള്ളത്. അവർക്ക് സപ്ലൈകോ നേരിട്ട് പണം കൊടുത്ത് ഒരാഴ്ചയ്ക്കകം അവരുടെ പ്രശ്നവും പരിഹരിക്കുമെന്ന് മന്ത്രി പറഞ്ഞു. 

തൊട്ടടുത്ത സംസ്ഥാനങ്ങളിലെ സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ന്യായവിലയ്ക്ക് അരി വാങ്ങി സപ്ലൈകോ വഴി കെ റൈസ് എന്ന പേരിൽ മാർക്കറ്റിലെത്തിക്കാനുള്ള ശ്രമം നടക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി. താമസിയാതെ ഇത് യാഥാർത്ഥ്യമാകും. സപ്ലൈകോ വഴി എല്ലാ കാർഡ് ഉടമകൾക്കും പത്ത് കിലോ വീതമുള്ള രണ്ട് പായ്ക്കറ്റ് അരി വാങ്ങുന്നതിനുള്ള സൗകര്യം നിലവിൽ ഉണ്ടായിരുന്നു. കേന്ദ്ര നിലപാടുകൾ മൂലം എഫ‌്സിഐയിൽ നിന്ന് അരി വേഗത്തിലെടുക്കാനാവാത്ത സാഹചര്യം ഇന്നുണ്ട്. ഇതിന് ബദൽ സംവിധാനമൊരുക്കുന്ന നടപടികൾ സർക്കാർ സ്വീകരിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ തോമസ് കെ തോമസ് എംഎൽഎ, ജില്ല കളക്ടർ ജോൺ വി സാമുവൽ, കൈനകരി പഞ്ചായത്ത് പ്രസിഡന്റ് എം സി പ്രസാദ്, പാടശേഖരസമിതി പ്രസിഡന്റ് ജോസഫ് ചാക്കോ, സെക്രട്ടറി വി മോഹൻദാസ്, പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസർ എസ് അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു. 

Eng­lish Sum­ma­ry: Pad­dy mon­ey to be made avail­able to farmer with­in 15 days: Min­is­ter GR Anil

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.