മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ മേല്‍നോട്ട സമിതിക്ക് അണക്കെട്ടിന്റെ സുരക്ഷ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പ്രവര്‍ത്തന മേല്‍നോട്ടം തുടരാമെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, എ എസ് ഓക, സി ടി രവികുമാര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഈ ഉത്തരവു പുറപ്പെടുവിച്ചത്. നിലവിലെ സാഹചര്യത്തില്‍ അണക്കെട്ടിന്റെ സുരക്ഷയ്ക്കാണ് ഏറെ പ്രാധാന്യം നല്‍കേണ്ടതെന്ന് പരമോന്നത കോടതി അഭിപ്രായപ്പെട്ടു.
126 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട് സംബന്ധിച്ച് കേരളവും തമിഴ്‌നാടും തമ്മില്‍ തര്‍ക്കം ഉണ്ടായതിനെ തുടര്‍ന്നാണ് 2014ല്‍ സുപ്രീം കോടതി മേല്‍നോട്ട സമിതിയെ നിയോഗിച്ചത്. അണക്കെട്ട് സുരക്ഷാ നിയമ പ്രകാരം ദേശീയ അണക്കെട്ട് സുരക്ഷാ അതോറിറ്റി നിലവില്‍ വരുംവരെ നിലവിലുള്ള മേല്‍നോട്ട സമിതിക്ക് പ്രവര്‍ത്തനം തുടരാം.
നിലവില്‍ സമിതിയുടെ പ്രവര്‍ത്തനം തൃപ്തികരമാണെന്നാണ് ബെഞ്ച് വിലയിരുത്തിയത്. സമിതി കൂടുതല്‍ വിപുലീകരിക്കുന്നതിന്റെയും ശക്തമാക്കുന്നതിന്റെയും ഭാഗമായി കേരളത്തിനും തമിഴ്‌നാടിനും ഓരോ വിദഗ്ധരെക്കൂടി സമിതിയില്‍ ഉള്‍പ്പെടുത്താനും കോടതി അനുമതി നല്‍കി. അണക്കെട്ടുമായി ബന്ധപ്പെട്ട സകല കാര്യങ്ങളുടെയും ചുമതല മേല്‍നോട്ട സമിതിക്കാണെന്നും ഉത്തരവിലുണ്ട്.
സമിതിയുടെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ കേരളത്തിനും തമിഴ്‌നാടിനും ബാധ്യതയുണ്ട്. കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ പാലിക്കുന്നു എന്നത് ഉറപ്പുവരുത്താനുള്ള ചുമതല ഇരു സംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാര്‍ക്കാണ്. ഇതില്‍ വീഴ്ചവരുത്തിയാല്‍ കോടതി അലക്ഷ്യമായി പരിഗണിച്ച് തുടര്‍ നടപടി സ്വീകരിക്കും. അണക്കെട്ടുമായി ബന്ധപ്പെട്ട് പ്രദേശവാസികളായ ജനങ്ങള്‍ പരാതി നല്‍കിയാല്‍ അക്കാര്യം സമിതി സമയ ബന്ധിതമായി പരിശോധിച്ച് ഉചിതമായ തീരുമാനം എടുക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. അണക്കെട്ട് സുരക്ഷാ അതോറിറ്റി എത്രയും വേഗം രൂപീകരിക്കണം. ഇടക്കാല ഉത്തരവു മാത്രമാണിത്. ഇനി എന്തെങ്കിലും തര്‍ക്കങ്ങള്‍ ഉണ്ടായാല്‍ കോടതിയെ സമീപിക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങള്‍ക്കുണ്ടെന്നും ഉത്തരവില്‍ പറയുന്നു.
English summaary:Supreme Court extends jurisdiction of Mullaperiyar Oversight Committee
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.