22 November 2024, Friday
KSFE Galaxy Chits Banner 2

വിത്തും കൈക്കോട്ടും കൊണ്ടേ എത്താന്‍ വൈകല്ലേ…

കെ എസ് വീണ
April 10, 2022 10:45 am

ഹാരിയാം കണിക്കൊന്ന -
പ്പൂവുമായുഷസ്സിന്റെ
തേരില്‍ വന്നിറങ്ങുന്നു
മേട സംക്രമം വീണ്ടും!

കൊവിഡുയര്‍ത്തിയ വെല്ലുവിളികളെ അതിജീവിച്ചുകൊണ്ട് വീണ്ടും ഒരു വിഷുക്കാലം. മലയാളി മനസ്സുകളില്‍ വിത്തും കൈക്കോട്ടും പാടിയെത്തുന്ന വിഷുപ്പക്ഷിയുടെ ചിറകനക്കങ്ങള്‍… വിഷു നമ്മെ പലതും ഓര്‍മ്മിപ്പിക്കുന്നു. വരണ്ടുണങ്ങിയ നെല്‍പ്പാടങ്ങള്‍,
കാര്‍ഷിക വൃത്തിയില്‍ നിന്നുമുള്ള പിന്‍ നടത്തം, അന്യം നിന്നു പോകുന്ന പോയകാല കാര്‍ഷിക സംസ്‌ക്കാരം, മാറിയ കാലത്തിലെ കാലാവസ്ഥാ വ്യതിയാനങ്ങള്‍,മകരത്തിലെത്തുന്ന മേടച്ചൂട്, കാലം തെറ്റിപ്പൂക്കുന്ന കണിക്കൊന്നകള്‍. എങ്കിലും വിഷു ഒരു പ്രതീക്ഷയാണ്. വരാനിരിക്കുന്ന നല്ല നാളെകളുടെ നാന്ദി കുറിക്കലാണ്. ഗൃഹാതുരമായ ഓര്‍മ്മകളുടെ വാതില്‍ തുറക്കലാണ്. ഉരുകുന്ന വേനലിലും ചിരി തൂകുന്ന കൊന്നപ്പൂക്കള്‍!

‘പൂക്കാതിരിക്കാന്‍
എനിക്കാവതില്ലേ
കണിക്കൊന്നയല്ലേ
വിഷുക്കാലമല്ലേ
പൂക്കാതിരിക്കാന്‍
എനിക്കാവതില്ലേ ’
(ഡോ. കെ അയ്യപ്പപ്പണിക്കര്‍ )

എത്രയെത്ര കൊന്നപ്പൂക്കള്‍ പൂത്തു വിടര്‍ന്നു! അറുതിയിലും വറുതിയിലും വിഷുവിന്റെ വരവറിയിച്ച് കൊന്ന ഇന്നും പൂക്കുന്നു.

‘ഒന്നുമറിയാതെ കണിക്കൊന്ന
പൂത്തു വീണ്ടും
കണ്ണില്‍ നിന്ന് പോയ് മറയാ
പൊന്‍കിനാക്കള്‍ പോലെ ’
(ഒഎന്‍വി)

ഒന്നുമൊന്നുമറിയാതെ പൊന്‍ കിനാക്കള്‍ പോലെ കണിക്കൊന്ന വീണ്ടും വീണ്ടും പൂക്കുന്നു.
കുട്ടിക്കാല വിഷുദിനങ്ങളുടെ മാധുര്യം ഇന്നുമൊട്ടും ചോര്‍ന്നിട്ടില്ല. സ്വര്‍ണ്ണ മഞ്ഞവര്‍ണ്ണത്തില്‍ കുലകുലയായി വിടര്‍ന്നു തൂങ്ങുന്ന കൊന്നപ്പൂക്കള്‍ കണ്ണിലും കരളിലും നവോന്‍മേഷത്തിന്റെയും ആനന്ദത്തിന്റെയും പൂമ്പൊടികള്‍ വിതറും. കാത്തിരിപ്പിന്റെ ദിനങ്ങളാണ് പിന്നീട്. വിഷുക്കണി, വിഷുക്കൈനീട്ടം, വിഷുസ്സദ്യ… ആഘോഷങ്ങള്‍ക്കു മാറ്റുകൂട്ടാന്‍ പടക്കവും കമ്പിത്തിരിയും…വിഷുത്തലേന്ന് രാത്രിയില്‍ തുടങ്ങുന്ന കണിയൊരുക്കങ്ങള്‍.
തേച്ചുമിനുക്കിയ ഓട്ടുരുളിയില്‍ അരിയും നെല്ലും അലക്കിയ മുണ്ടും വാല്‍ക്കണ്ണാടി, കണിവെള്ളരി, കണിക്കൊന്ന, പഴുത്ത അടയ്ക്ക, വെറ്റില, സ്വര്‍ണ്ണം, കണ്‍മഷി, ചാന്ത്, സിന്ദൂരം, മാമ്പഴം, നാരങ്ങ, നാളികേരപ്പാതി, കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്ക്, ശ്രീകൃഷ്ണവിഗ്രഹം…
അതിരാവിലെ ഉണര്‍ത്തി കണ്ണുപൊത്തി കണികാണിക്കുമ്പോള്‍ നിറവിളക്കിന്റെ പ്രകാശത്തില്‍ ധനവും ഫലങ്ങളും ധാന്യങ്ങളും പിന്നെ ചിരി തൂകി നില്‍ക്കുന്ന ശ്രീകൃഷ്ണരൂപവും.

 

‘ഉണ്ണീ ഉറക്കമുണര്‍ന്നോളൂ
കണ്ണു മിഴിക്കാതെ വന്നോളൂ
ശരി, ഇനി കണ്ണു തുറന്നോളൂ
ഇരുകയ്യും കൂപ്പി തൊഴുതോളൂ
കണ്ണു തിരുമ്മി തുറന്നപ്പോള്‍
കണ്ണന്റെ ചിരിയല്ലോ കാണുന്നൂ…”
(സുഗതകുമാരി )

നന്‍മയുടെയും സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും നാളുകളിലേയ്ക്ക് പുലര്‍കാലം അങ്ങനെ കണ്‍തുറന്ന് എത്തുകയായി!
കണികാണല്‍ കഴിയുമ്പോള്‍ കൈ നീട്ടമായി. കിട്ടുന്ന നാണയങ്ങള്‍ കൂട്ടിവച്ച് വീണ്ടുംവീണ്ടും എണ്ണി തിട്ടപ്പെടുത്തി അലമാരയിലോ മേശയ്ക്കുള്ളിലോ സൂക്ഷിച്ചു വയ്ക്കും. കൃത്യ സ്ഥലത്തു തന്നെയുണ്ടെന്ന് ദിവസവും ഉറപ്പുവരുത്തും. വര്‍ഷത്തിലൊരിക്കല്‍ പണക്കാരിയാവുന്ന ഗമയില്‍ കുറച്ചു ദിവസം ഈ കരുതലുണ്ടാവും. അധികം വൈകാതെ വളയും മാലയും റിബണും മിഠായിയുമൊക്കെയായി നാണയങ്ങള്‍ മാറും. മുതിര്‍ന്നവര്‍ ഇളയവര്‍ക്കായിരുന്നു കൈനീട്ടം നല്‍കിയിരുന്നത്. ഇന്നിപ്പോള്‍ പലയിടങ്ങളിലും ഇളയവര്‍ മുതിര്‍ന്നവര്‍ക്കും നല്‍കാറുണ്ട്.
വൈലോപ്പിള്ളിയുടെ വരികള്‍ യാഥാര്‍ത്ഥ്യത്തിന്റെ നേര്‍ക്കാഴ്ചയാവുന്നു,

‘ഏതു ധൂസര സങ്കല്‍പ്പത്തില്‍
വളര്‍ന്നാലും
ഏതു യന്ത്രവല്‍കൃത
ലോകത്തില്‍ പുലര്‍ന്നാലും
മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിന്‍
വെളിച്ചവും മണവും മമതയും
ഇത്തിരി കൊന്നപ്പൂവും! ’

എവിടെ മലയാളിയുണ്ടോ അവിടെയുണ്ട് വിഷുവും ഓണവും. കാലമെത്ര മാറിമറിഞ്ഞാലും മലയാണ്‍മയുടെ ലാവണ്യം മലയാളി മനസ്സുകളില്‍ എന്നെന്നുമുണ്ടാവും. ഗ്രാമത്തിന്റെ വെളിച്ചവും മണവും മമതയും ഇത്തിരി കൊന്നപ്പൂവും എക്കാലവും ഹൃദയത്തില്‍ സൂക്ഷിക്കാന്‍ നമുക്കു കഴിയട്ടെ.
വിഷുസ്മരണകളുണര്‍ത്തുന്ന എത്രയോ കവിതകളും പാട്ടുകളും നമുക്ക് സ്വന്തമായുണ്ട്. ഈ കവിതകളിലൂടെയും പാട്ടുകളിലൂടെയുമാവും വരും തലമുറകള്‍ വിഷുവിനെ അറിയാന്‍ പോകുന്നത്.

 

‘കണികാണുംനേരം
കമലനേത്രന്റെ
നിറമോലും മഞ്ഞത്തുകില്‍
ചാര്‍ത്തി. ’
‘ചെത്തി മന്ദാരം തുളസി പിച്ചക
മാലകള്‍ ചാര്‍ത്തി
ഗുരുവായൂരപ്പാ നിന്നെ
കണികാണേണം… ’

വയലാറിന്റെ ഭക്തിസാന്ദ്രമായ വരികളിലുണരുന്നത് ഗൃഹാതുരതയുടെ ഓര്‍മ്മകളാണ്.

‘വിഷുക്കണിപ്പൂത്താലം
പൂമുഖത്തൊരുക്കുവാന്‍
വിളക്കെടുത്തണയുന്ന
പുലര്‍കാലമേ… ’

വിഷു സ്മരണകള്‍ ഉണര്‍ത്തുന്ന പി കെ ഗോപിയുടെ ഭാവസാന്ദ്രമായ വരികള്‍.
വരികളില്‍ ചിരിയുടെ വളകിലുക്കവുമായി മധു ആലപ്പുഴ.

‘വിഷുപ്പക്ഷി ചിലച്ചു… നാണിച്ചു
ചിലച്ചു…
വസന്തം ചിരിച്ചു
കളിയാക്കി ചിരിച്ചു… ’

അദ്ദേഹത്തിന്റെ തന്നെ പ്രണയാര്‍ദ്രമായ വരികള്‍…

‘മേടമാസപ്പുലരി കായലില്‍
ആടിയും
കതിരാടിയും നിന്‍
നീലനയന ഭാവമായി.... ’

ഇങ്ങനെ എത്രയെത്ര വിഷുപ്പാട്ടുകള്‍!
വിഷു എന്നാല്‍ തുല്യമായത് എന്നര്‍ത്ഥം. പകലിനെയും രാവിനെയും തുല്യമായി പകുക്കുന്ന വിഷുദിനം ഏവരുടെയും ഉള്ളില്‍ സമഭാവനയുടെ വിത്തുകള്‍ വിതയ്ക്കുമ്പോള്‍ ആഘോഷം എന്നതിനപ്പുറം വിഷു ഒരു സംസ്‌ക്കാരമായി ഉയരുന്നു.
ഏപ്രില്‍ ഏറ്റവും ക്രൂരമായ മാസമാണെന്ന് ടി എസ് ഏലിയറ്റ് പറഞ്ഞുവെങ്കിലും സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും പ്രത്യാശയുടെയും സന്തോഷമാസമായി ഏപ്രില്‍ അനുഭവപ്പെടാത്തതായി ആരുണ്ട്?
വിഷുവും റമദാന്‍ നോയമ്പാരംഭവും ഈസ്റ്ററിന് മുന്‍പുള്ള വിശുദ്ധവാരവും ഏപ്രില്‍ വിശേഷങ്ങളാണ്. വിഷുവിനും നോയമ്പുതുറക്കലിനും ഈസ്റ്ററിനും അയല്‍പക്ക സൗഹൃദങ്ങള്‍ ഒന്നിച്ചു ചേരുമ്പോള്‍ പങ്കുവയ്ക്കലിന്റെയും മതസൗഹാര്‍ദ്ദത്തിന്റെയും കൈകോര്‍ക്കലുകള്‍ ഉണ്ടായി. ഇന്നിപ്പോള്‍ ഈ കൂടിച്ചേരലുകളൊക്കെ അപൂര്‍വ്വമായി മാത്രമേ കാണാന്‍ സാധിക്കൂ.
പഴയകാല വിഷുദിനങ്ങള്‍ക്ക് സ്വകാര്യതയുടെ ലാളിത്യം ഉണ്ടായിരുന്നു. കണിയൊരുക്കവും കണികാണലും കൈനീട്ടവും സദ്യയും ഇന്ന് വീടിന് വെളിയിലേയ്‌ക്കെത്തി. ആഘോഷങ്ങളും ആശംസകളും സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞുകവിയുന്നു.
വിഷു കേവലം ഒരാഘോഷമായി മാറുന്ന വര്‍ത്തമാനകാല യാഥാര്‍ത്ഥ്യം നമ്മെ ആശങ്കാകുലരാക്കുന്നു. മുല്ലനേഴിയുടെ വരികള്‍ ഒരേ സമയം ഭയപ്പെടുത്തുന്നു. വേദനിപ്പിക്കുന്നു.

”കരിഞ്ഞ നെല്‍പ്പാടങ്ങള്‍,
കര്‍ഷകര്‍, വിതുമ്പുന്ന
പൊലിഞ്ഞ സ്വപ്നങ്ങള്‍
ഈ നാടാകെ
-ത്തിളക്കുമ്പോള്‍
എങ്ങനെ ആഘോഷിക്കും
വിഷു നാം നമ്മെത്തന്നെ
ചങ്ങലക്കിടുന്നോരീ
ഭ്രാന്താശുപത്രിക്കുള്ളില്‍...”

എന്നിരുന്നാലും വിഷു മലയാളിയെ സംബന്ധിച്ച് മധുരമുള്ള ഒരോര്‍മ്മയാണ്. സുന്ദര പ്രതീക്ഷയാണ്. കവിയ്‌ക്കൊപ്പം നമുക്കും പാടാം…
”ചക്കയ്ക്കുപ്പുണ്ടോ
പാടും
ചങ്ങാലിപ്പക്ഷീ
വിത്തും കൈക്കോട്ടും
കൊണ്ടേ എത്താന്‍
വൈകല്ലേ…”

 

TOP NEWS

November 22, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.