എഐസിസിയുടേയും, കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍റെയും വിലക്ക് ലംഘിച്ച് സിപിഐഎം പാര്‍ട്ടി സമ്മേളനത്തോട് അനുബന്ധിച്ച സെമിനാറില്‍ പങ്കെടുത്തതിനോട് എഐസിസി കെ വി തോമസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ഒരാഴ്ചക്കുള്ളില്‍ മറുപടി നല്‍കണമെന്നാണ് കെ വി തോമസിനോട് എ കെ ആന്റണിയുടെ നേതൃത്വത്തിലുള്ള അച്ചടക്ക സമതി നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഈ മറുപടിയില്‍ എ കെ ആന്റണി ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കള്‍ സിപിഐഎം നേതാക്കളുമായി പുലര്‍ത്തിയ സൗഹൃദങ്ങളും കെ വി തോമസ് ചൂണ്ടിക്കാട്ടും.
മുമ്പ് എ കെ ആന്റണി നടത്തിയ പ്രസംഗം മറുപടിയില്‍ കെ വി തോമസ് പരാമര്‍ശിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. എ കെ ആന്റണി പ്രതിരോധ മന്ത്രിയായിരുന്ന കാലത്താണ് സിപിഐഎം നേതാക്കളെ പുകഴ്ത്തിയത്. തിരുവനന്തപുരത്ത് ബ്രഹ്‌മോസ് ഉദ്ഘാടന വേളയിലായിരുന്നു സംഭവം. വിഎസ് അച്യുതാനന്ദനെയും വ്യവസായമന്ത്രിയായിരുന്ന എളമരം കരീമിനെയുമാണ് അദ്ദേഹം പുകഴ്ത്തിയത്. വികസനകാര്യത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടിയെയാണ് അദ്ദേഹം പുകഴ്ത്തിയത്. ആ വേദിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വ്യവയാസ മന്ത്രിയുമായിരുന്ന പി കെ കുഞ്ഞാലിക്കുട്ടിയും സന്നിഹിതരായിരുന്നു.
പദ്ധതിയെ പാര്‍ട്ടി വ്യത്യാസം മാറ്റിനിര്‍ത്തി വിഎസ് പിന്തുണച്ചുവെന്നും വ്യവസായമന്ത്രിയായിരുന്ന എളമരം കരീമിന്റെ സഹകരണത്തെക്കുറിച്ച് പറയാന്‍ വാക്കുകളില്ലെന്നുമായിരുന്നു എ കെ ആന്റണിയുടെ പ്രതികരണം. സിപിഐഎം സെമിനാറില്‍ പങ്കെടുത്ത് സിപിഎം നേതാക്കളെ പുകഴ്ത്തി എന്ന വിമര്‍ശനത്തിനാകും കെ വി തോമസ് ഇത്തരത്തിലൊരു മറുപടി നല്‍കുക. ആലപ്പുഴയില്‍ നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച യോഗത്തില്‍ അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല പങ്കെടുത്തതും മറുപടിയില്‍ കെ വി തോമസ് വിശദീകരിക്കും.ഇതിനിടയില്‍ കെ വി തോമസിനെ പിന്തുണച്ച് എല്‍ദോസ് കുന്നപ്പിള്ളി രംഗത്തെത്തി. കെ വി തോമസിനെതിരെ നടപടിയെടുക്കരുത്.
കോണ്‍ഗ്രസിന്റെ ആശയങ്ങള്‍ മറ്റ് പാര്‍ട്ടി സമ്മേളനങ്ങളില്‍ പറയുന്നതിനെ വിലക്കാതിരിക്കുന്നതാണ് ഉചിതമായ തീരുമാനം. ഇത്തരത്തില്‍ അണികളെ പുറത്താക്കിയാല്‍ പാര്‍ട്ടിയില്‍ കഴിവുള്ള ആളുകള്‍ വേണ്ടെയെന്നും എല്‍ദോസ് കുന്നപ്പള്ളി പ്രതികരിച്ചു.എന്നാല്‍ താന്‍ അച്ചടക്ക നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് കെ വി തോമസിന്റെ നിലപാട്. നോട്ടീസിന് ഉടന്‍ തന്നെ മറുപടി നല്‍കുമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
തനിക്കെതിരെ എന്ത് നടപടിയെടുത്താലും താനത് അംഗീകരിക്കുമെന്നും കോണ്‍ഗ്രസിന്റെ പാരമ്പര്യത്തില്‍ തന്നെ തുടരുമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം തന്നെ വിശദീകരിച്ചു. 2008 മുതലുള്ള കാര്യങ്ങള്‍ താന്‍ മറുപടിയില്‍ വിശദീകരിക്കുമെന്ന് പറഞ്ഞ അദ്ദേഹം സുധാകരന്‍ നല്‍കിയ പരാതി പരിശോധിക്കട്ടേയെന്നും ആവര്‍ത്തിച്ചു. അച്ചടക്ക സമിതി എന്ത് തീരുമാനം എടുത്താലും അംഗീകരിക്കാന്‍ താന്‍ തയ്യാറാണെന്നും ഇതിനകം വ്യക്തമാക്കിയിട്ടുണ്ട് ഒരാഴ്ചക്കകം നോട്ടീസിന് മറുപടി നല്‍കണമെന്ന് എഐസിസി അച്ചടക്ക സമിതി നല്‍കിയ നോട്ടീസില്‍ വ്യക്തമാക്കിയത്. മൂന്ന് മണിക്കൂറോളം നീണ്ടു നില്‍ക്കുന്ന യോഗത്തിന് ശേഷമാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ അച്ചടക്ക സമിതി തീരുമാനിച്ചത്.
മറുപടി ലഭിച്ച യോഗം സമിതി സോണിയ ഗാന്ധിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. തുടര്‍ന്നാകും തീരുമാനം. സിപിഐഎം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന സെമിനാറില്‍ പങ്കെടുക്കാനായി കോണ്‍ഗ്രസ് നേതൃത്വത്തോട് ഇടഞ്ഞ് നില്‍ക്കുന്ന ശശി തരൂരിനെയും കെ വി തോമസിനെയും ക്ഷണിച്ചിരുന്നു. എന്നാല്‍ എഐസിസി നേതൃത്വവുമായി ആലോചിച്ച ശേഷം ശശി തരൂര്‍ പരിപാടിയില്‍ നിന്ന്പിന്മാറി. വിവാദമാക്കാതെ വിഷയത്തെ കൈകാര്യം ചെയ്യാമായിരുന്നുവെന്നും ചില കേന്ദ്രങ്ങള്‍ വിഷയം വിവാദമാക്കി മാറ്റിയെന്നും പ്രസ്താവനയില്‍ ശശി തരൂര്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആണ് വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് എന്നായിരുന്നു ശശി തരൂരിന്റെയും കെ വി തോമസിന്റെയും ആദ്യത്തെ നിലപാട്. എന്നാല്‍ ദേശിയ നേതൃത്വം എതിര്‍ നിലപാട് സ്വീകരിക്കുകയായിരുന്നു.
കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലക്കിനെ മറികടന്ന് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്താല്‍ ശശി തരൂരിനെതിരെ നടപടി സ്വീകരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ വ്യക്തമാക്കിയിരുന്നു. കെ വി തോമസിന് രാജ്യസഭാ സീറ്റ് കൂടി നിഷേധിച്ചതോടെ നേതൃത്വവുമായി ഇടച്ചിലിലാണ് അദ്ദേഹം. ജി 23 അംഗമായ തരൂര്‍ ദേശീയ നേതൃത്വത്തവുമായി ഉടക്കിലാണ്. സില്‍വര്‍ലൈനില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് കടുത്ത സമരം നടത്തുമ്പോള്‍ സിപിഎം പരിപാടിയില്‍ പാര്‍ട്ടി നേതാക്കള്‍ പോകുന്നത് ശരിയല്ല എന്നതായിരുന്നു കെപിസിസിയുടെ വിശദീകരണം.
കെ.സുധാകരന്‍ ഇക്കാര്യത്തില്‍ കര്‍ശന നിലപാടാണ് സ്വീകരിച്ചത്. താന്‍ ഒരു ഗ്രൂപ്പിന്റെയും ഭാഗമല്ലാത്തതുകൊണ്ടാണ് തനിക്കെതിരെ ഇത്തരത്തില്‍ നടപടി ഉയരുന്നത്. അല്ലായിരുന്നുവെങ്കില്‍ തന്നെ ആരും തന്നെ തൊടില്ലായിരുന്നു.
കോണ്‍ഗ്രസില്‍ തനിക്കെതിരെ വളഞ്ഞിട്ടു ആക്രമണം നടക്കുകയാണെന്നും താനെന്ത് തെറ്റ് ചെയ്തതിന്റെ പേരിലാണ് തന്നെ ക്രൂശിക്കുന്നതെന്നും കെ വി തോമസ് ചോദിക്കുന്നു. താന്‍ ഗ്രൂപ്പില്‍ നിന്നു മാറിയതാണ് പ്രശ്നം. തന്നെക്കാള്‍ കൂടുതല്‍ സ്ഥാനമാനങ്ങള്‍ വഹിച്ചവര്‍ പാര്‍ട്ടിയില്‍ ഇല്ലെയെന്നും കെ വി തോമസ് വിമര്‍ശിച്ചു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ സോണിയ ഗാന്ധിയോട് സീറ്റ് ആവശ്യപ്പെട്ടെന്നും എന്നാല്‍ സീറ്റ് നിഷേധിക്കുകയായിരുന്നുവെന്നും കെ വി തോമസ് വിശദീകരിച്ചിരുന്നു.
English Summary:Kevithomas points out friendships before Congress High Command; Forget Anthony’s old sermons
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.