25 November 2024, Monday
KSFE Galaxy Chits Banner 2

Related news

November 23, 2024
November 22, 2024
November 22, 2024
November 20, 2024
November 18, 2024
November 8, 2024
October 22, 2024
October 21, 2024
October 20, 2024
October 17, 2024

ലൗ ജിഹാദ്; ജോര്‍ജ്ജ് എം തോമസിനെ തള്ളി ഡിവൈഎഫ്ഐയും സിപിഐഎമ്മും

Janayugom Webdesk
കോഴിക്കോട്
April 13, 2022 5:43 pm

കോടഞ്ചേരിയിൽ ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയും സിപിഐ എം ലോക്കല്‍ കമ്മിറ്റി അംഗവുമായ എം എസ് ഷെജിനും ജോയ്സന മേരി ജോസഫും തമ്മിലുള്ള വിവാഹം ലൗ ജിഹാദാണെന്ന തരത്തില്‍ മുൻ എംഎൽഎ ജോർജ് എം തോമസ് നടത്തിയ പ്രസ്താവനയില്‍ വ്യാപക പ്രതിഷേധം. മുസ്ലിം സമുദായക്കാരനായ യുവാവ് ക്രിസ്ത്യൻ യുവതിയെ വിവാഹം ചെയ്തതിന് പിന്നാലെ ഉയർന്നുവന്ന ലൗ ജിഹാദ് ആരോപണങ്ങളിൽ പ്രതികരിച്ച് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ രംഗത്തെത്തി.

മിശ്രവിവാഹത്തിൽ അസ്വാഭാവികതയില്ലെന്നും വിഷയം പാർട്ടിയെ ബാധിക്കുന്നതല്ലെന്നും വിവാഹം പരസ്പര സമ്മതത്തോടെയാണെന്ന് അവർ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ വിവാദങ്ങളുടെ ആവശ്യമില്ല. ജോർജ് എം തോമസ് ചില പരാമർശങ്ങൾ നടത്തിയത് ശ്രദ്ധയിൽപ്പെട്ടു. ജോർജ് എം തോമസിന് പിശക് പറ്റിയതാണ്. അദ്ദേഹം പറഞ്ഞത് നാക്കുപിഴയായി കണക്കാക്കിയാൽ മതി. പിശക് ജോർജിന് ബോധ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അത് പാർട്ടിയെ അത് അറിയിച്ചിട്ടുണ്ടെന്നും മോഹനൻ പറഞ്ഞു.

ഷെജിനും പങ്കാളിക്കും പിന്തുണയുമായി ഡിവൈഎഫ്ഐയും രംഗത്തെത്തി. വിവാദം അനാവശ്യവും നിർഭാഗ്യകരവുമാണെന്നും പ്രായപൂർത്തിയായ രണ്ടുപേരുടെ വിവാഹമെന്നത് തീർത്തും അവരുടെ മാത്രം സ്വകാര്യമായ വിഷയമാണെന്ന് ഡിവൈഎഫ്ഐ പ്രസ്താവനയിൽ പറഞ്ഞു. ‘ജാതി-മത‑സാമ്പത്തിക‑ലിംഗ ഭേദമില്ലാതെ പരസ്പരം പ്രണയിക്കുകയും ഒന്നിച്ചു ജീവിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നവർക്ക് പിന്തുണ നൽകുക എന്നതാണ് ഡിവൈഎഫ്ഐയുടെ പ്രഖ്യാപിത നിലപാട്.
മതേതര വിവാഹങ്ങൾ പ്രോത്സാഹിപ്പിക്കാൻ സെക്കുലർ മാട്രിമോണി വെബ്സൈറ്റ് തുടങ്ങുകയും മതേതര വിവാഹങ്ങൾക്ക് പിന്തുണ നൽകുകയും ചെയ്ത പ്രസ്ഥാനമാണ് ഡിവൈഎഫ്ഐ. മതേതര വിവാഹ ജീവിതത്തിന്റെ വലിയ മാതൃകകൾ കാട്ടിത്തന്ന അനേകം നേതാക്കൾ ഡിവൈഎഫ്ഐക്ക് കേരളത്തിൽ തന്നെയുണ്ട്’. പ്രസ്താവനയിൽ പറഞ്ഞു.

കേരളത്തിന്റെ മതനിരപേക്ഷ സാംസ്കാരിക പൈതൃകത്തിൽ വിള്ളൽ വീഴ്ത്താൻ സ്ഥാപിത ശക്തികൾ മനഃപൂർവം കെട്ടി ചമച്ച അജണ്ടയാണ് ലൗ ജിഹാദ് എന്ന പ്രയോഗമെന്നും ലൗ ജിഹാദ് കേരളത്തിൽ ഇല്ല എന്നുള്ള കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ കണക്കുകൾ നിരത്തി നിയമസഭയിലും പൊതുമധ്യത്തിലും ആവർത്തിച്ചു വ്യക്തമാക്കിയ കാര്യമാണെന്നും പ്രസ്താവനയിൽ പറയുന്നു. കലയിലും രാഷ്ട്രീയത്തിലും ജീവിതത്തിന്റെ സമസ്ത മേഖലയിലും മതതീവ്രവാദം പിടിമുറുക്കാൻ ശ്രമിക്കുന്ന വർത്തമാന കാലത്ത് ഷെജിനും ജോയ്സ്നയും മത നിരപേക്ഷ വൈവാഹിക ജീവിതത്തിന് ഉദാഹരണവും പുരോഗമനബോധം സൂക്ഷിക്കുന്ന യുവതയ്ക്ക് മാതൃകയാണെന്നും ഇരുവർക്കും എല്ലാവിധ പിന്തുണയും നൽകുമെന്നും ഡിവൈഎഫ്ഐ അറിയിച്ചു.

ഇസ്ലാമോഫോബിയയെ രാഷ്ട്രീയ തന്ത്രമാക്കുന്ന ലൗ ജിഹാദ് സംഘപരിവാർ നിർമിതിയാണെന്ന് ഇടതുസഹയാത്രികന്‍ കെ ടി കുഞ്ഞിക്കണ്ണൻ വ്യക്തമാക്കി. ‘വ്യത്യസ്ത മതസമൂഹങ്ങളിൽപ്പെട്ടവർ തമ്മിലുള്ള വിവാഹങ്ങളെ പ്രശ്നവത്ക്കരിച്ച് സമൂഹത്തിൽ വർഗീയ ധ്രുവീകരണമുണ്ടാക്കുന്നവരാണ് ലൗ ജിഹാദിന്റെ നിർമാതാക്കൾ. വിവാഹം പങ്കാളികളുടെ വ്യക്തിപരമായ കാര്യമാണെന്നും അതിന് മതവും ജാതിയുമൊന്നും തടസ്സമായി കൂടെന്നുമാണ് ഒരാധുനിക ജനാധിപത്യ സമൂഹം കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോടഞ്ചേരിയിൽ ഡിവൈഎഫ്ഐ നേതാവിന്റെ മിശ്ര വിവാഹത്തെ തുടർന്നുണ്ടായ വിവാദത്തിൽ പുരോഹിതൻമാരെ വിമർശിച്ച് കെ ടി ജലീല്‍ എംഎല്‍എയും രംഗത്തെത്തി. ലൗ ജിഹാദ് അസംബന്ധം, മൈത്രിയുടെ വാഹകരായിരുന്ന പുരോഹിതൻമാർക്കിത് എന്തുപറ്റിയെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. നാട്ടിലെ ആവേശ കമ്മിറ്റിക്കാർ പറയുന്നത് കേട്ട് മുൻപിൻ നോക്കാതെ എടുത്തുചാടി ഏറ്റെടുത്ത് സമൂഹത്തിൽ കുഴപ്പമുണ്ടാക്കാൻ ആരുശ്രമിച്ചാലും അത്യന്തം ദൗർഭാഗ്യകരമാണ്.
പ്രായപൂർത്തിയായ സ്ത്രീക്കും പുരുഷനും സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാൻ ഇന്ത്യൻ ഭരണഘടന അനുവാദം നൽകുന്നുണ്ട്. എട്ടും പൊട്ടും തിരിയാത്ത പെൺകുട്ടിയല്ല ജോയ്സ്ന. ഷെജിൻ ജോയ്സ്നയെ അവരുടെ സമ്മതമില്ലാതെ തട്ടിക്കൊണ്ടു പോയതായിരുന്നെങ്കിൽ പോലീസ് സ്റ്റേഷൻ മാർച്ചിന് പ്രസക്തി ഉണ്ടായേനെ എന്നും കെ ടി ജലീൽ പറഞ്ഞു.

കേരളത്തിൽ ലൗ ജിഹാദ് ഉണ്ടെന്നുള്ള കാര്യം യാഥാർത്ഥ്യമാണെന്നായിരുന്നു സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജോർജ് എം തോമസ് ആരോപിച്ചിരുന്നത്. ഷെജിന്റെയും ജോയ്സനയുടെയും വിവാഹത്തിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും അടക്കമുള്ള സംഘടനകൾ ഉന്നത വിദ്യാഭ്യാസം നേടിയ വിദ്യാർത്ഥിനികളെ ലൗ ജിഹാദിൽ കുടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഷെജിന് ഇത്തരമൊരു പ്രണയമുണ്ടെങ്കിൽ പാർട്ടിയോട് അറിയിക്കണമായിരുന്നെന്നും അടുത്ത സഖാക്കളോടോ പാർട്ടി ഘടകത്തിലോ സംഘടനയിലോ ആരുമായും ഇതേക്കുറിച്ച് സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ക്രൈസ്തവ സമുദായം വലിയ തോതിൽ പാർട്ടിയുമായി അടുക്കുന്ന സമയമാണ്. ഈ ഘട്ടത്തിൽ ഇത്തരമൊരു നീക്കം പാർട്ടിക്ക് വലിയ തിരിച്ചടിയാണ് പ്രദേശത്ത് ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ തങ്ങളുടെ വിവാഹം ലൗ ജിഹാദ് അല്ലെന്ന് ഷെജിനും ജോയ്സനയും വ്യക്തമാക്കി. വിവാഹവുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. ഇക്കാര്യത്തിൽ സമുദായ സംഘടനകൾ അനാവശ്യ വിവാദമുണ്ടാക്കുന്നുവെന്നും പല സംഘടനകളിൽ നിന്നും തങ്ങൾക്ക് ഭീഷണിയുണ്ടെന്നും ഇരുവരും ഒരു ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.

വ്യക്തിപരമായ കാര്യമായതിനാലാണ് പാർട്ടിയെ അറിയിക്കാതിരുന്നതെന്നും ഇതിൽ തനിക്ക് വീഴ്ച പറ്റിയെന്നും ഷെജിൻ കൂട്ടിച്ചേർത്തു. പ്രണയിക്കുന്ന ആൾക്കൊപ്പം ജീവിക്കാൻ തീരുമാനിച്ചതാണെന്നും തെറ്റിദ്ധാരണകളുടെ പുറത്താണ് തങ്ങൾക്കെതിരെ വർഗീയ പ്രചരണമുണ്ടായതെന്നും ജോയ്സ്ന മേരി ജോസഫ് പറഞ്ഞു. ജോയ്സ്ന മതവിശ്വാസിയാണെന്നും അത് എല്ലാ കാലവും അവരുടെ വ്യക്തിപരമായ കാര്യമാണെന്നും പാർട്ടി പ്രാദേശിക ഘടകവും ഡിവൈഎഫ്ഐയും തങ്ങളെ പിന്തുണച്ചിരുന്നുവെന്നും ഷെജിൻ വ്യക്തമാക്കി. വിവാഹത്തിന്റെ പേരിൽ മുസ്ലിമായി മാറാൻ പ്രേരിപ്പിക്കുകയോ, മറ്റൊരു മതം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയോ ഉണ്ടായില്ല. സ്വന്തം ഇഷ്ടപ്രകാരം ഷെജിനൊപ്പം ഇറങ്ങുകയായിരുന്നുവെന്നും ജോയ്സ്ന പറഞ്ഞു. വ്യക്തിഹത്യ നടത്തിയത് കാസ പോലുള്ള സംഘടനകളാണെന്നും ഇവര്‍ വ്യക്തമാക്കി.

ഇതിനിടെ ലൗ ജിഹാദുണ്ടെന്ന തരത്തിലുള്ള സിപിഐ എം നേതാവിന്റെ പരാമര്‍ശം അപലപനീയമാണെന്ന് മസ്ലിംലീഗ് നേതൃത്വം വ്യക്തമാക്കി. സിപിഐഎം കേരളത്തിൽ മതധ്രുവീകരണത്തിന് ശ്രമിക്കുന്നുവെന്നാണ് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി എം എ സലാം നടത്തിയ വാർത്താ സമ്മേളനത്തില്‍ ആരോപിച്ചത്. കഴിഞ്ഞ സെപ്തംബർ മുതൽ നടക്കുന്ന താഴെ തട്ടിലുള്ള സമ്മേളനങ്ങൾ ലൗ ജിഹാദ് വിഷയം ചർച്ച ചെയ്തിട്ടുണ്ടെന്നും പാർട്ടി രേഖകളിൽ ഉണ്ടെന്നുമുള്ള പരാമർശത്തിൽ സിപിഐഎം മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിപിഐഎം നേതാക്കളായ എ എ റഹീമോ മുഹമ്മദ് റിയാസോ വിവാഹം കഴിച്ചപ്പോൾ ജോർജ് എം തോമസ് ഒന്നും പറഞ്ഞിട്ടില്ലെന്നും ഇപ്പോൾ ഇങ്ങനെ ഒരു തോന്നൽ അദ്ദേഹത്തിനുണ്ടാവാനുള്ള കാരണം എന്താണെന്ന് മനസിലാവുന്നില്ലെന്നും സലാം പറഞ്ഞു.

ലൗ ജിഹാദ് ഉണ്ടെന്ന് പരസ്യമായി സമ്മതിച്ച ജോർജ്ജ് എം തോമസിനെ ഭീഷണിപ്പെടുത്തി മാറ്റിപ്പറയിപ്പിച്ച സിപിഎം തീവ്രവാദികൾക്ക് മുമ്പിൽ മുട്ടിലിഴയുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു. ലൗ ജിഹാദും നാർക്കോട്ടിക്ക് ജിഹാദും യാഥാര്‍ത്ഥ്യമാണെന്നും ക്രിസ്ത്യൻ സമൂഹത്തിന്റെ ആശങ്കകൾ പങ്കുവെക്കാൻ ബിജെപിയുണ്ടാകുമെന്നും സുരേന്ദ്രന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

ഇതിനിടെ തനിക്ക് സംഭവിച്ചത് നാക്കുപിഴയാണെന്നും തന്റെ വാക്കുകളെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും ജോർജ് എം തോമസും വ്യക്തമാക്കി. ലൗ ജിഹാദില്ല, ഒരു സമുദായത്തെ വ്രണപ്പെടുത്തുന്ന സ്വഭാവമാണ് കണ്ടത്. താൻ പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നു. വിഷയം പാർട്ടി സെക്രട്ടറിയെ അപ്പോൾത്തന്നെ അറിയിച്ചിരുന്നു. ഇഎംഎസിനുപോലും നാക്കുപിഴ പറ്റിയിട്ടുണ്ട്. ‘ഇന്നലെ ഒരു ചാനലിൽ ഞാൻ അങ്ങനെ പറഞ്ഞതായിട്ടാണ് വാർത്ത പ്രസിദ്ധീകരിക്കപ്പെട്ടത്.

എന്നാൽ ലൗ ജിഹാദ് എന്ന് പറയുന്ന പദം ഞങ്ങളുടെതല്ല, ആർഎസ്എസ് ഉണ്ടാക്കിയിട്ടുള്ള വിഷയമാണ്. കേരളത്തിൽ അങ്ങനെ പ്രതിഭാസം നിലനിൽക്കുന്നില്ല എന്ന് സർക്കാരും മുഖ്യമന്ത്രി പിണറായി വിജയനും എൻഐഎ അന്വേഷണ ഏജൻസിയുമെല്ലാം വ്യക്തമാക്കിയതാണ്. അതിനപ്പുറം താൻ എന്ത് പറയാനാണെന്നും അദ്ദേഹം ചോദിച്ചു. തെറ്റിദ്ധാരണയ്ക്ക് ഇടവരുത്തുന്ന വിധത്തിൽ ആ കാര്യം അവതരിപ്പിക്കേണ്ടിയിരുന്നില്ലെന്ന് പിന്നീട് തോന്നിയിരുന്നു. അത് ഉണ്ടാക്കിയിട്ടുള്ള വിവാദം ചില്ലറയല്ല.
കേരളത്തിൽ ലവ് ജിഹാദ് ഉണ്ടെന്ന് പാർട്ടി നേതാവ് പറഞ്ഞു എന്നുള്ള നിലയിൽ കാര്യങ്ങൾ വന്നപ്പോൾ അത് സമൂഹത്തിൽ ആകെ വലിയ വിമർശനത്തിനും ഇടവന്നിട്ടുണ്ട്. തന്നെ നേരിട്ടും ഒരുപാട് പേർ വിളിച്ചു. ഇന്ത്യക്ക് പുറത്ത് കുവൈറ്റില്‍ നിന്നും യുഎഇയിൽ നിന്നും അമേരിക്കയിൽ നിന്ന് വരെ ആളുകൾ വിളിച്ചിരുന്നുവെന്നും ജോർജ് എം തോമസ് പറഞ്ഞു.

Eng­lish summary;Love Jihad; DYFI and CPI (M) reject George M Thomas

You may also like this video;

TOP NEWS

November 25, 2024
November 25, 2024
November 25, 2024
November 25, 2024
November 25, 2024
November 25, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.