28 September 2024, Saturday
KSFE Galaxy Chits Banner 2

പള്ളിപ്പെരുമ

പി ആർ റിസിയ
April 17, 2022 5:00 am

സമാനതകളില്ലാത്ത വിസ്മയങ്ങൾ ബാക്കിവച്ച് മത മൈത്രിയുടെ സംഗമസ്ഥാനത്തേക്ക് ചരിത്രം വിളിക്കുന്നു. ജാതിയുടെയും മതത്തിന്റെയുമെല്ലാം പേരിൽ രാജ്യത്ത് കലഹങ്ങൾ പെരുകുമ്പോൾ അധികമാർക്കും അറിയാത്ത കഥകളും ചരിത്രവും ഒളിഞ്ഞിരിക്കുന്നുണ്ട് കൊടുങ്ങലൂരിന് സമീപം സ്ഥിതിചെയ്യുന്ന ചേരമാൻ ജുമാ മസ്ജിദിൽ. ബുദ്ധവിഹാരത്തിൽ നിന്നും രൂപംകൊണ്ട ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളിയായ ഈ തീർത്ഥാടന കേന്ദ്രത്തിലേക്ക് ഒഴുകിയെത്തുന്ന ജനസഞ്ചയത്തിന്റെ മനസ്സിൽ ജാതിയുടെയും മതത്തിന്റെയും വേലികെട്ടുകളുമില്ല. ഹിന്ദുവെന്നോ മുസ്ലിമെന്നോ ക്രിസ്ത്യാനിയെന്നോ അതിർവരമ്പുകളില്ലാതെ നിരവധിപേരാണ് ഇവിടെ എത്തുന്നത്.

എഡി 629ല്‍ നിർമിച്ചതായി കരുതുന്ന ഈ മസ്ജിദാണ് അറേബ്യൻ ഉപദ്വീപിന് പുറത്ത് സ്ഥാപിച്ച ആദ്യ പള്ളി. കൂടാതെ ലോകത്ത് രണ്ടാമത് ജുമാ നടന്നതും ചേരമാൻ ജുമാ മസ്ജിദിന്റെ പ്രസക്തി കടൽ കടത്തുന്നു. പാരമ്പര്യം കൊണ്ടും നിർമാണം കൊണ്ടുമെല്ലാം ചരിത്രം അടയാളപ്പെടുത്തിയ ഈ മുസ്ലീം തീർഥാടന കേന്ദ്രത്തിന് സവിശേഷതകളും ഏറെയുണ്ട്. ഹിന്ദുമതത്തിൽ നിന്നും മുസ്ലീം മതത്തിലേക്ക് ആകൃഷ്ടനായി വന്ന രാജാവിന്റെ പേരിൽ അറിയപ്പെടുന്ന ഏക ദേവാലയവുമാണിത്.

കാഴ്ചയിൽ ഒരു ഹിന്ദു ക്ഷേത്രത്തിനോട് സാദൃശ്യം തോന്നുന്ന ചേരമാൻ പള്ളിക്ക് പറയാനുള്ളത് ആരെയും വിസ്മയിപ്പിക്കുന്ന കഥകളുമാണ്. വ്യത്യസ്തമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും പള്ളിയെ വേറിട്ട് നിർത്തുന്നു.

കേരളീയ വാസ്തുവിദ്യയിലുയർന്ന നിർമാണ ശൈലി

തനതു കേരളീയ വാസ്തു ശില്പകലയിലുള്ള ചേരമാൻ ജുമാ മസ്ജിദിന്റെ നിർമാണ ശൈലിയും വ്യത്യസ്തമാണ്. അക്കാലത്തെ ഒരു ബുദ്ധവിഹാരമാണ് പള്ളിയായി മാറിയതെന്നും പറയപ്പെടുന്നു. പള്ളിയുടെ ആദ്യ രൂപം ഒരു ക്ഷേത്രത്തിന്റെ മാതൃകയിലായിരുന്നു എന്ന കാര്യത്തിൽ സംശയമൊന്നുമില്ല. പല തവണ പുനർ നിർമാണത്തിനും പള്ളി വിധേയമായിട്ടുണ്ട്. 1341ൽ മുസരിസ് പട്ടണത്തിലുണ്ടായ വെള്ളപ്പൊക്കത്തിൽ പള്ളിക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചു. പിന്നീട് 1974,1994,2001 വർഷങ്ങളിലും പള്ളി പുനർനിർമിച്ചു. പഴയ ക്ഷേത്രക്കുളങ്ങളോട് സാദൃശ്യമുള്ള ഒരു കുളം ഇന്നും ഇവിടെ സംരക്ഷിക്കപ്പെടുന്നുണ്ട്. എന്നാൽ ഏഴാം നൂറ്റാണ്ടിലാണ് പള്ളി നിർമിക്കപ്പെട്ടത് എന്ന വാദത്തോട് പല ചരിത്രകാരൻമാർക്കും വിയോജിപ്പുണ്ട്. പള്ളിയുടെ നിർമാണ രീതി 11,12 നൂറ്റാണ്ടുകളിലേതിനോട് സാമ്യമുണ്ട് എന്നാണ് ഇവരുടെ വാദം. പുനർ നിർമാണങ്ങളിൽ പള്ളിയുടെ തനതായ രൂപത്തിന് മാറ്റം വന്നിട്ടുണ്ടെങ്കിലും കേരളത്തനിമ അത്രയധികം ചോർന്നിട്ടില്ല. തടിയിൽ തീർത്ത ഉത്തരവും ആയിരത്തോളം വർഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന കൊത്തു പണികളോടെയുള്ള ഈട്ടിത്തടിയിൽ തീർത്ത പ്രസംഗപീഠവും, മക്കയിൽ നിന്ന് കൊണ്ടുവന്നതെന്ന് കരുതപ്പെടുന്ന മാർബിൾ കഷ്ണവും ഒക്കെ ഇപ്പോഴും ഇവിടെ സംരക്ഷിക്കപ്പെടുന്നു.

വ്യക്തതയില്ലാത്ത വാദങ്ങൾ തുടർക്കഥ

ചേരമാൻ പെരുമാളിനെ പറ്റിയും പള്ളിയെ പറ്റിയും ചരിത്രകാരന്മാർക്കിടയിൽ വാദങ്ങൾ തുടർക്കഥയാകുന്നു. ചേരമാൻ പെരുമാളെന്ന ഹിന്ദു രാജാവിന്റെ പേര് ഒരു മുസ്ലീം ദേവാലയത്തിന് എങ്ങനെ ലഭിച്ചു എന്നത് സംബന്ധിച്ച് വാദങ്ങൾ നിരവധിയുണ്ട്. ഇതിനെക്കുറിച്ച് നിരവധി കഥകൾ പ്രചാരത്തിലുണ്ടെങ്കിലും ഒന്നിനും വ്യക്തമായ അടിത്തറയില്ല. അവസാനത്തെ ചേരരാജാവായിരുന്ന ചേരമാൻ പെരുമാൾ ഇസ്ലാം മതത്തിന്റെ ആശയസംഹിതകളോട് താൽപര്യം തോന്നി ഇസ്ലാംമതം സ്വീകരിച്ച് മക്കയിലേക്ക് പോയെന്നാണ് ചില ചരിത്രകാരന്മാർ പറയുന്നത്. പിന്നീട് ഇവിടേക്ക് തിരിച്ചു വരുന്ന വഴി അറേബ്യയിൽ വെച്ചുതന്നെ മരണപ്പെട്ടു. മരണത്തിനു മുൻപ് കുറേ കുറിപ്പുകൾ അദ്ദേഹം തന്റെ കൂടെയുണ്ടായിരുന്ന യോഗിയായ മാലിക് ഇബ്നു ദിനാറിന് കൈമാറുകയും രാജാവിന്റെ ആഗ്രഹപ്രകാരം അദ്ദേഹം കേരളത്തിലെത്തുകയും ചെയ്തു. ആ കത്ത് ഉപയോഗിച്ച് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ മുസ്ലീം മത പ്രചരണത്തിനായി ദേവാലയങ്ങൾ അദ്ദേഹം സ്ഥാപിക്കുകയുണ്ടായി. അങ്ങനെയാണ് ഭാരതത്തിലെ തന്നെ ആദ്യത്തെ മുസ്ലീം ദേവാലയമായ ചേരമാൻ പള്ളി സ്ഥാപിക്കപ്പെട്ടത് എന്നും പറയപ്പെടുന്നു. എന്നാൽ ചേരമാൻ പെരുമാൾ ബുദ്ധമതമാണ് അന്നു സ്വീകരിച്ചതെന്നും അദ്ദേഹം മക്കയിലേക്ക് പോയിട്ടില്ല എന്നും വാദമുണ്ട്. മാലിക് ഇബ്ദു ദിനാറുമായി ബന്ധമുള്ള ഒരു ചേരരാജാവ് ഉണ്ടായിരുന്നുവെന്നും ആ രാജാവ് ഇസ്ലാം മതം സ്വീകരിച്ചിരിക്കാം എന്ന കാര്യത്തിലും ചരിത്രകാരൻമാർക്ക് തർക്കമില്ല. ചേരമാൻ പെരുമാളും പള്ളി വാണ പെരുമാളും ഒരാളാണെന്നും ഒരേ കാലഘട്ടത്തിൽ ജീവിച്ചിരുന്നവരാണെന്നും ചരിത്രകാരൻമാർക്കിടയിൽ തർക്കം നിലനിൽക്കുന്നുണ്ട്.

നിലവിളക്ക് കൊളുത്തുന്ന മുസ്ലീം ദേവാലയം

നിലവിളക്ക് കൊളുത്തുന്ന മുസ്ലീം ദേവാലയം എന്ന അപൂർവ്വതയും ചേരമാൻ മസ്ജിദിന് സ്വന്തം. ആദ്യകാലങ്ങളിൽ വെളിച്ചത്തിനായാണത്രേ ഇവിടെ വിളക്ക് കൊളുത്തിയിരുന്നത്. വെങ്കലത്തിൽ തീർത്ത മനോഹരമായ നിലവിളക്കിൽ തിരി തെളിയിക്കുന്നത് വൈദ്യുതി എത്തിയതിനു ശേഷവും തുടർന്നിരുന്നു. നിലവിൽ വിളക്ക് കൊളുത്താറില്ലെങ്കിലും ഒരു ചരിത്ര സ്മാരകമായി വിളക്കിനെ സംരക്ഷിച്ചു വരുന്നു. ജാതിമത ഭേദമില്ലാതെ ഇവിടെ എത്തുന്ന വിശ്വാസികൾ വിളക്കിലേക്ക് എണ്ണ നേർച്ചയായി നൽകാറുണ്ട്. ഇതിൽനിന്നും ലഭിക്കുന്ന എണ്ണ ഔഷധമായി വീടുകളിൽ സൂക്ഷിക്കുന്നവരും കുറവല്ല.

ചേരമാൻ പള്ളിയുടെ നിർമാണ ഘടനയെ മുൻനിർത്തി പല ചരിത്രകാരൻമാരും ഇതിനെ ഒരു ബുദ്ധ വിഹാരത്തോടാണ് ചേർത്തു നിർത്തുന്നത്. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കാവ്യത്തിലും ബുദ്ധവിഹാരമായാണ് പരാമർശിച്ചിരിക്കുന്നത്. മാലിക് ഇബ്നു ദിനാർ കേരളത്തിലെത്തിയപ്പോൾ തകർന്നുകൊണ്ടിരുന്ന ഒരു ബുദ്ധവിഹാരം വാങ്ങി അതിനെ ഇസ്ലാം ദേവാലയമാക്കിയതാണെന്നും കഥയുണ്ട്. മാലിക് ഇബ്നു ദിനാറിന്റെ നേതൃത്വത്തിൽ പതിനൊന്നോളം പള്ളികൾ കേരളത്തിൽ സ്ഥാപിക്കപ്പെട്ടിട്ടുണ്ടെന്നാണ് വിശ്വാസം.

കലാ, സാംസ്കാരിക സംഗമത്തിന് പൊതു ഇടവും ഒരുങ്ങും

പുനർനിർമാണത്തിന് ശേഷം പള്ളിയിൽ പൊതുഇടവും ഒരുങ്ങും. സർവ്വ മതസ്ഥർക്കും സംഗമിക്കാവുന്ന പൊതുഇടം ഭൂഗർഭ പള്ളിയിലേക്കിറങ്ങുന്ന റാമ്പിനോടു ചേർന്നാണ് ഒരുക്കുക. 150 പേർക്കോളം ഇരിക്കാവുന്ന ഓപ്പൺ സ്റ്റേജ് കൊടുങ്ങലൂരിന്റെ സാമൂഹ്യ, സാംസ്കാരിക, മതനിരപേക്ഷ പ്രവർത്തനങ്ങൾക്ക് വേദിയാകും. ജാതി മതഭേദമന്യേ എല്ലാ സാംസ്കാരിക സംഘടനകൾക്കും ഇവിടെ അനുമതിയുണ്ടാകും. ഡൽഹിയിൽ നടന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചേരമാൻ ജുമാ മസ്ജിദ് സമ്മേളനം സംഘടിപ്പിക്കുകയും സമരത്തിൽ പങ്കെടുക്കുന്നവർക്കായി ആയിരക്കണക്കിന് പുതപ്പുകൾ ശേഖരിച്ച് അയക്കുകയും ചെയ്തിരുന്നു. മലബാർ ലഹളയെ സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രത്തിൽ നിന്നൊഴിവാക്കാൻ കേന്ദ്ര സർക്കാർ ശ്രമിച്ചപ്പോൾ അതിനെതിരെയും മഹല്ല് കമ്മറ്റി പ്രതിഷേധമുയർത്തി. പുത്തുമലയിൽ പ്രകൃതി ദുരന്തങ്ങളിൽപെട്ടവർക്കും സഹായം നൽകി മാതൃകകാട്ടി. മഹാപ്രളയം നാടിനെ ഗ്രസിച്ചപ്പോൾ ജുമാമസ്ജിദ് ദുരിതാശ്വാസ ക്യാമ്പായി മാറി. അന്ന് നടത്തിയ പ്രവർത്തനങ്ങൾ നിരവധി പുരസ്കാരങ്ങളും മഹല്ല് കമ്മറ്റിക്ക് നേടിക്കൊടുത്തു. പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട വയനാട് സ്വദേശി വസന്തകുമാറിന്റെ കുടുംബത്തിന് സഹായം നൽകുകയും കുട്ടികളുടെ വിദ്യാഭ്യാസ ചിലവേറ്റെടുക്കുകയും ചെയ്തു.

പ്രൗഢി വീണ്ടെടുക്കാൻ പുനർനിർമാണം

ചേരമാൻ ജുമാ മസ്ജിദിന്റെ പ്രൗഢി വീണ്ടെടുക്കാനുള്ള പുനർ നിർമാണവും ചേരമാൻ ജുമാ മസ്ജിദ് ഭൂഗർഭ പള്ളിയാക്കി മാറ്റുന്നതിന്റെ ജോലികളും ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. മുസിരിസ് പൈതൃക പദ്ധതിയുടെ അവിഭാജ്യ ഘടകമായ മസ്ജിദിൽ 1974 ന് ശേഷം കൂട്ടിച്ചേർത്തിട്ടുള്ള ഭാഗങ്ങൾ നീക്കംചെയ്യും. കൂടാതെ പഴയ പള്ളിയുടെ നഷ്ടപ്പെട്ട ഭാഗങ്ങൾ പുന: സ്ഥാപിക്കുക, നമസ്കാര സൗകര്യം വർധിപ്പിക്കുക തുടങ്ങിയവയാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്. ഇതിനായി ഭൂമിക്കടിയിൽ വിശാലമായ സൗകര്യം ഏർപ്പെടുത്തും. 25 കോടി രൂപ ചെലവിൽ രണ്ടു നിലകളിലായാണ് പള്ളി നിർമിക്കുന്നത്. ഭൂഗർഭ പള്ളിയിൽ 2000 പേർക്കും മുകൾ ഭാഗത്തായി 2000 പേർക്കും നമസ്കാര സൗകര്യം ഒരുക്കും. പഴയ പള്ളിയുടെ നഷ്ടപ്പെട്ട ഭാഗങ്ങളുടെ കൂട്ടി ചേർക്കലിനു 1.18 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. ആറ് മാസത്തിനകം പണി പൂർത്തിയാക്കി പഴയപള്ളി പ്രാർഥനയ്ക്കായി തുറന്നു നൽകാനാകുമെന്നാണ് പ്രതീക്ഷയെന്നു അഡ്മിനിസ്ട്രേറ്റർ ഇ ബി ഫൈസൽ പറഞ്ഞു.

പള്ളിയുടെ പൗരാണിക തനിമ തിരിച്ചു കൊണ്ടുവരണമെന്ന ചരിത്രപരമായ തീരുമാനം 2011 ൽ കൂടിയ മഹല്ല് പൊതുയോഗമാണ് എടുത്തത്. നിർമാണ പ്രവർത്തനങ്ങൾക്കുള്ള വിവിധ വകുപ്പുകളുടെ അനുമതികൾക്കും കെട്ടിട നിർമാണം ആസൂത്രണം ചെയ്യുന്നതിനും ദീർഘകാലം വേണ്ടി വന്നു. പൈതൃക മസ്ജിദിന്റെ മേൽക്കൂരയുടെ കൊത്തു പണികൾ ഏറെക്കുറെ പൂർത്തിയായി. തെക്ക് ഭാഗത്തെ ഭൂഗർഭ മസ്ജിദിന്റെ നിർമാണവും കഴിഞ്ഞു. ആധുനിക സൗകര്യത്തോടെ നാലായിരത്തോളം പേർക്ക് ഒരേ സമയം പ്രാർഥനയ്ക്ക് സൗകര്യം ഒരുക്കുമ്പോൾ ഇന്ത്യയിലെ ആദ്യത്തെ വിശാലവും, അതി വിപുലവുമായ പ്രഥമ ഭൂഗർഭ മസ്ജിദായി ചേരമാൻ ജുമാമസ്ജിദ് മാറും. ഭൂഗർഭ മസ്ജിദിന്റെ നിർമാണം അതി മനോഹരമായ കേരള വാസ്തുശിൽപ മാതൃകയിലുമാണ്. മസ്ജിദിന്റെ അകത്തളങ്ങൾ ശീതീകരിച്ചും വിസ്മയ കാഴ്ചയൊരുക്കുന്ന ദീപാലങ്കാരവും സുരക്ഷ സംവിധാനത്തിന്റെ ഭാഗമായി വിവിധ ഭാഗങ്ങളിൽ സിസിടിവി. ക്യാമറകൾ സ്ഥാപിക്കും. 2005 ൽ രാഷ്ട്രപതി എ പി ജെ അബ്ദുൽ കലാം മസ്ജിദ് സന്ദർശിച്ചതോടെ രാജ്യത്തിനകത്തും പുറത്തും വൻ ശ്രദ്ധനേടിയിരുന്നു. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ചേരമാൻ മസ്ജിദിൽ നിത്യവും നിരവധി സന്ദർശകരാണെത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.