രണ്ടാം എൽഡിഎഫ് സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി ജനപ്രതിനിധികളും മാധ്യമപ്രവർത്തകരും തമ്മിൽ നടന്ന സൗഹൃദ ഫുട്ബോൾ മത്സരത്തിൽ മാധ്യമപ്രവർത്തകർക്ക് ജയം. മന്ത്രിമാരായ എ കെ ശശീന്ദ്രനും അഹമ്മദ് ദേവർകോവിലും ഉൾപ്പെടെയുള്ളവർ ആവേശപൂർവ്വം പോരാടിയെങ്കിലും രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക് മാധ്യമപ്രവർത്തകരുടെ ടീം ജയിച്ചു. ഏപ്രിൽ 19 മുതൽ 26 വരെ കോഴിക്കോട് ബീച്ചിൽ നടക്കുന്ന പ്രദർശന — വിപണന മേളയുടെ പ്രചരണാർത്ഥമാണ് മത്സരം സംഘടിപ്പിച്ചത്.
ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ കാലിക്കറ്റ് പ്രസ് ക്ലബിന്റെ സഹകരണത്തോടെ നടന്ന സൗഹൃദ ഫുട്ബോൾ മത്സരം മന്ത്രി എ കെ ശശീന്ദ്രൻ കിക്കോഫ് ചെയ്തു. വാശിയേറിയ മത്സരത്തിനാണ് കാരപ്പറമ്പിലെ ടർഫ് സാക്ഷ്യം വഹിച്ചത്.
മാധ്യമ പ്രവർത്തകരുടെ ടീമിന് വേണ്ടി രാഹുൽ രണ്ട് ഗോളും ദിപിൻ, നിസാർ, സുധിൻ എന്നിവർ ഓരോ ഗോൾ വീതവും നേടി. സച്ചിൻ ദേവ് എം എൽ എ, വസീഫ് എന്നിവർ ജനപ്രതിനിധികളുടെ ടീമിന് വേണ്ടി ഗോൾ നേടി.
മന്ത്രി എ കെ ശശീന്ദ്രൻ ക്യാപ്റ്റനായ ജനപ്രതിനിധികളുടെ ടീമിൽ മന്ത്രി അഹമ്മദ് ദേവർ കോവിൽ, എം എൽ എമാരായ പി ടി എ റഹിം, തോട്ടത്തിൽ രവീന്ദ്രൻ, പി സച്ചിൻ ദേവ്, കൗൺസിലർമാരായ സി എം ജംഷീർ, വരുൺ ഭാസ്കർ, ജില്ലാ പഞ്ചായത്ത് അംഗം പി ഗവാസ് ആർ ഷാജി, വി വസീഫ്, എ കെ അബ്ദുൾ ഹക്കീം തുടങ്ങിയവരാണ് കളിച്ചത്.
കമാൽ വരദൂർ ( ചന്ദ്രിക ) ക്യാപ്റ്റനായ ടീമിൽ മാധ്യമപ്രവർത്തകർക്കായി സുധിൻ ടി കെ (ജനയുഗം), അരുൺ എ ആർ സി (കേരള കൗമുദി), രാഹുൽ കെ വി (മാതൃഭൂമി), ദിപിൻ വി (മീഡിയ വൺ ), വിപുൽനാഥ് (ഇ ന്യൂസ് ), നിസാർ കൂമണ്ണ (സുപ്രഭാതം), അബു ഹാഷിം (മനോരമ), ബൈജു കൊടുവള്ളി, എം ടി വിധു രാജ് ( മലയാള മനോരമ), സോനു (സമയം ), ഫിറോസ് ഖാൻ (മാധ്യമം), എന്നിവർ കളത്തിലിറങ്ങി. കാനത്തിൽ ജമീല എംഎൽഎ, ജില്ലാ കളക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഡി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ ദീപ തുടങ്ങിയവർ സന്നിഹിതരായി.
English summary; Friendly Football Match;Journalists win the competition
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.