26 December 2024, Thursday
KSFE Galaxy Chits Banner 2

ഫറോക്ക് പ്രദേശത്തെ ആദ്യത്തെ ഓട്ടുകമ്പനി ഓർമ്മയായി മാറുന്നു

എം എ ബഷീർ
ഫറോക്ക്
May 4, 2022 9:19 pm

ഒരു കാലത്ത് ഓടു വ്യവസായത്തിന്റെ ഈറ്റില്ലമെന്ന നിലയിൽ പ്രസിദ്ധമായിരുന്നു ഫറോക്ക്. ഈ പ്രദേശത്തെ ആദ്യത്തെ ഓട്ടുകമ്പനിയായ കലിക്കറ്റ് ടൈൽസ് ഓർമ്മയായി മാറുന്നു. 15 ഓളം ഓട്ടുകമ്പനികൾ പ്രവർത്തിച്ചിരുന്ന സ്ഥലമാണിത്. ഈ പ്രദേശത്തെ പ്രധാന തൊഴിൽ മേഖല കൂടിയായിരുന്നു ഓട്ടുകമ്പനികൾ.
1878ൽ കോയമ്പത്തൂർ സ്വദേശികളായ രണ്ടു ചെട്ട്യാർമാരാണ് കലിക്കറ്റ് ടൈൽ കമ്പനി ആരംഭിച്ചത്. പിന്നീട് 1925ൽ ബാംഗ്ലൂർ സ്വദേശിയായ നടരാജമുതലിയാർ, പി എസ് നായർ എന്നിവർ കമ്പനി വിലയ്ക്കു വാങ്ങി. അവസാനം കമ്പനി നടത്തിയിരുന്നത് പ്രമുഖ വ്യവസായിയായിരുന്ന എംഎ മുഹമ്മദാണ്. 1981 ലാണ് ഇപ്പോഴത്തെ മാനേജ്മെന്റ് കമ്പനി ഏറ്റെടുത്തത്.
എട്ടു പ്രസ്സുകളും രണ്ടു ചൂളകളുമുള്ള കമ്പനിയിൽ 60 ലക്ഷം ഓടുകൾ വരെ നിർമ്മിച്ചിരുന്നു. ഏറ്റവും മികച്ച കമ്പനിയായി ഒരു കാലത്തിത് അറിയപ്പെട്ടു. 300 ഓളം തൊഴിലാളികൾ ഇവിടെ പ്രവർത്തിച്ചിരുന്നു. ക്വീൻസ് എന്ന ബ്രാൻഡിലാണ് ഓടുൾപ്പെടെ ആറോളം ഉത്പ്പന്നങ്ങൾ ഇവിടെ നിർമ്മിച്ചിരുന്നത്. കാലം മാറിയപ്പോൾ സ്ഥിതിഗതികൾ മാറി മറിഞ്ഞു. കളിമണ്ണു കിട്ടാതായി. വിദേശ ഓടുകളുടെ ലഭ്യത മറ്റൊരു വെല്ലുവിളിയായി. ക്രമേണ
എട്ടു പ്രസ്സുകളിൽ ആറെണ്ണത്തിന്റെ പ്രവർത്തനം നിലച്ചു. ചൂളകളിൽ ഒന്നു മാത്രമായി പ്രവർത്തനം. പ്രതിസന്ധി ഗുരുതരമായപ്പോൾ 2019 ഡിസംബറിൽ കമ്പനി പൂട്ടാൻ മാനേജ്മെന്റ് തീരുമാനിച്ചു. പിന്നീട് തൊളിലാളികളുടെ ആനുകൂല്യങ്ങൾ കൊടുത്തു തീർത്ത് കമ്പനി പൊളിച്ചുമാറ്റാൻ തുടങ്ങി. കമ്പനിയുടെ മരം, കട്ട, യന്ത്രസാമഗ്രികൾ എന്നിവയെല്ലാം പൊളിച്ചു വിറ്റുകൊണ്ടിരിക്കുകയാണ്. 2021 ഫെബ്രുവരിയിൽ തുടങ്ങിയ പൊളിക്കൽ ഈ വർഷാവസാനത്തോടെ അവസാനിക്കും. അതോടെ ചാലിയാർ തീരത്ത് ഏഴ് ഏക്കറോളം സ്ഥലത്തു സ്ഥിതി ചെയ്തിതിരുന്ന ഫറോക്ക് പ്രദേശത്തെ ആദ്യത്തെ ഓട്ടുകമ്പനി ഒരോർമ്മ മാത്രമാകും.
ആകാശത്തിലുയർന്നു നിൽക്കുന്ന രണ്ടു പുകക്കുഴലുകൾ പിന്നെയും അവശേഷിക്കും. കമ്പനിയിൽ ജോലി ചെയ്തിരുന്ന തൊഴിലാളികളുടെ ഉജ്ജ്വലമായ സമര കഥകൾ ഈ അന്തരീക്ഷത്തിൽ ഇനിയുമേറെ നാൾ നിൽക്കും.

Eng­lish Sum­ma­ry: The first floor tile com­pa­ny in the Farook demolishes

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.