സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പരിശോധന കർശനമാക്കുമെന്ന് ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. ലീഗൽ മെട്രോളജി വകുപ്പിനായി കെഎസ്എഫ്ഡിസി നിർമ്മിച്ച പരസ്യചിത്രങ്ങളുടെ പ്രദർശനോദ്ഘാടനവും വകുപ്പിന്റെ ഇ‑ഓഫീസ് സംവിധാനത്തിന്റെ ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ഭക്ഷ്യവസ്തുക്കളിലെ മായം കണ്ടെത്തൽ ശോചനീയമായ രീതിയിൽ പ്രവർത്തിക്കുന്ന കടകൾ അടപ്പിക്കൽ എന്നിവയിൽ യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി. സർക്കാർ സേവനങ്ങൾ സാധാരണ ജനങ്ങളിലേക്ക് അനായാസം എത്തിക്കുന്നതിനും ഉപഭോക്തൃ സംരക്ഷണം ഉറപ്പാക്കുന്നതിനുമായി ലീഗൽ മെട്രോളജി വകുപ്പിൽ വലിയ പരിഷ്‌കാരങ്ങളാണ് നടക്കുന്നത്.
പായ്ക്കറ്റ് ഉല്പന്നങ്ങൾ, ഗ്യാസ് സിലിണ്ടർ, ഇന്ധന പമ്പുകൾ, സ്വർണക്കടകൾ തുടങ്ങി ഉല്പന്നങ്ങളുമായി ബന്ധപ്പെട്ടു നടക്കുന്ന കബളിപ്പിക്കലുകൾ അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കെഎസ്എഫ്ഡിസിയുടെ സഹായത്തോടെ പരസ്യചിത്രങ്ങൾ തയ്യാറാക്കിയിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.
വകുപ്പിനെ കടലാസ് രഹിത ഓഫീസാക്കി മാറ്റുക എന്ന ഉദ്ദേശത്തോടെയാണ് ഇ‑ഓഫീസ് സംവിധാനം നടപ്പിലാക്കുന്നത്. സിവിൽ സപ്ലൈസ് വകുപ്പിന്റെ 101 ഓഫീസുകളിലും ഇതിനോടകം ഇ- സേവനങ്ങൾ ഏർപ്പെടുത്തി കഴിഞ്ഞു. സമാനമായ രീതിയിൽ ലീഗൽ മെട്രോളജി വകുപ്പിനെ ആധുനികവത്കരിക്കാനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ഭക്ഷ്യസുരക്ഷ വകുപ്പിന്റെ നിയമങ്ങളെ മറികടന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ചിലർ പ്രവർത്തിക്കുന്നതായും ഇത്തരക്കാരെ തുറന്നു കാണിക്കാനുള്ള ഉത്തരവാദിത്തം സമൂഹത്തിനുണ്ടെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. ലീഗൽ മെട്രോളജി കൺട്രോളർ കെ ടി വർഗീസ് പണിക്കർ, അഡീഷണൽ സെക്രട്ടറി അബ്ദുൾ മജീദ് കക്കോട്ടിൽ എന്നിവർ സംസാരിച്ചു.
English summary;Inspection by the Food Safety Department; Minister GR Anil says there will be no compromise against violators
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.